വളരെ നാളിനു ശേഷമുള്ള വരവില്‍
കാട്ടുവളയില്‍നിന്ന് പാദസരത്തിലേക്ക് വളര്‍ന്ന
മകളുമായി നഗരത്തിന്റെ വരമ്പിലൂടെ കൈകോര്‍ത്ത്
പൊട്ടും വളയും കമ്മലും തേടിനടന്നു.
കുസൃതി മറയില്‍ വ്യംഗ്യം ആഭാസത്തിലാഴ്ത്തി
നിന്റെ തരക്കാര്‍ എന്റെ കരത്തിനു പകരം
നിനക്ക് കൈ നീട്ടി വീശി നടന്നു.
മോളത് കണ്ടിരുന്നോ എന്തോ ?
ബസ്സ്‌റ്റോപ്പിലും ബേക്കറിയിലും പിടലി തിരിക്കാതെ
പിന്തുടര്‍ന്ന പ്ലേക്കാര്‍ഡു മുഖങ്ങളില്‍ നിന്ന് ഒളിഞ്ഞു
നോട്ടം തള്ളിയിറക്കിയ വാല്‍നക്ഷത്ര കണ്ണുകള്‍
പ്രതിഷേധം എരിച്ച കുന്തം ചുഴറ്റിനോക്കി.
നീ വളര്‍ന്നെന്ന പരസ്യം പതിച്ച പകല്‍
ശ്രദ്ധിക്കാതെ മതി മറന്നു നടന്ന നിന്നെ
കൈ തട്ടിമാറ്റി ശാസിക്കാന്‍ തോന്നി;
‘ഏത് ലോകത്ത് നോക്കിയാ മോളെ നടക്കുന്നേ?’
നട്ടെല്ലും തലക്കനവും തെല്ലും വഴങ്ങിയില്ല.
മകളോട് കൈ വെടിയാനൊട്ടു പറഞ്ഞുമില്ല.
സദാചാരികള്‍ മൂകം ഘരാവോചരിച്ചു പോകെ
സാദരം ഞാനാ ലജ്ജയെ പ്രജ്ഞയില്‍ പ്രതിരോധിച്ചു
അമ്മക്കും മീതെ സുരക്ഷയോടെ സ്വഭിമാനം
വിയര്‍ത്തയെന്‍ കരം ഗ്രഹിച്ചവള്‍ നടന്നു.
കണ്ണിലെ ആളിത്തളര്‍ന്ന ശൗര്യം മറയ്ക്കാന്‍
കറുത്ത ഗാന്ധാരിക്കണ്ണട ഞാനണിഞ്ഞു.
സ്‌കൂള്‍ യൂണിഫോമില്‍ രണ്ടു പൈതങ്ങള്‍ തെരുവില്‍
എല്ലാവരാലുമകന്നെല്ലാവര്‍ക്കുമിടയിലൂടെ
തോളില്‍ കയ്യിട്ട് കല്ലും കൂടും തട്ടി
നടന്നതെത്രയോ സ്വതന്ത്രരായി ഞങ്ങള്‍ക്ക് മുന്നേ.
റോഡില്‍ നിന്നും ഫുട്പാത്തിലേക്കും
കൈവരി കടന്നു മതിലോരത്തേക്കും
ഞങ്ങള്‍ മടങ്ങി മറഞ്ഞു നടന്നു പോയീടവേ
പതുങ്ങി നിന്നിരുട്ട് ദാഹശ്വാസം നള്‍കി.
കൂരിരുട്ടില്‍ മടങ്ങിയൊരുമിച്ചൊരു കൂരയ്ക്കു
കീഴെ കിടന്നു, സദാചാര കാവലില്ലാതെ.
കാട്ടുവളയില്‍നിന്ന് പാദസരത്തിലേക്ക് വളര്‍ന്ന
കാല്‍ ചുരുട്ടിയവള്‍ ഉറങ്ങി സ്വഛന്ദം.
അപ്പോള്‍, കാല് വിലങ്ങ് പൊട്ടിച്ച പകല്‍
പാപ്പാന്റെ കാല് വാരി താഴെയടിച്ചിട്ടും
ചിതറാത്ത ശിരസും പൊളിയാത്ത ദേഹവും കണ്ട്
ചിന്നം വിളിക്കുന്ന ഭ്രമതയിലുറങ്ങാതെ കിടന്നു.
Generated from archived content: poem4_mar6_15.html Author: ullas_eruva
Click this button or press Ctrl+G to toggle between Malayalam and English