ഞാൻ പരോളിലിറങ്ങിയപ്പോൾ കണ്ടത്‌

കുടുംബത്തിന്റെയാഴങ്ങളിൽ നിന്നും പൊന്തി

മറയുന്ന മത്സ്യങ്ങളെപ്പോലെ സൗഹൃദം

തടങ്കലിലാണ്‌; ഞാൻ കരയില്ലാതെയും

ചീറിയടുക്കുന്ന ട്രെയിനുകൾക്കടിയിലെ

നീണ്ട സ്വപ്‌ന പാളങ്ങളിൽ ജീവിതം

തടങ്കലിലാണ്‌; ഞാൻ സിഗ്‌നലില്ലാതെയും

കിണറിന്റെ ഗർഭമെടുക്കാൻ കഴിയാത്ത

തൊട്ടിയെപ്പോലെ മേഘം നോക്കി ദാഹം

തടങ്കലിലാണ്‌; ഞാൻ കയറില്ലാതെയും

ആചാരങ്ങളുടെ ബന്ധുബലത്തിലകറ്റി-

നിർത്തിയ അധഃകൃതനെപ്പോലെ ജാതി

തടങ്കലിലാണ്‌; ഞാൻ മതമില്ലാതെയും

ഉത്തരവാദിത്വത്തിന്റെ കട്ടളയ്‌ക്ക്‌ പിന്നിലെ

പുകച്ചുരുളിനുളളിൽ ജനിത്വർ

തടങ്കലിലാണ്‌; ഞാൻ കതകില്ലാതെയും

പുതുമയുടെ പെരുമഴയിൽ കിളിർത്ത

സിദ്ധാന്തം ചൊറിതണമായപ്പോൾ കയ്യുകൾ

തടങ്കലിലാണ്‌; ഞാൻ കവിയായും

സർവ്വേക്കല്ലിനെ സാക്ഷിയാക്കി വേലി-

വരിഞ്ഞ വീടിനൊപ്പമെൻഗ്രാമം

തടങ്കലിലാണ്‌; ഞാൻ ഇവിടെയും.

Generated from archived content: poem1_oct24_08.html Author: ullas_eruva

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here