സ്‌നേഹസതീർത്ഥ്യന്റെ കല്ല്യാണക്കുറിമാനം
കൈയ്യിലെടുത്തു ഞാനോർത്തു പോയി
കാലമിതേറെക്കഴിഞ്ഞു പോയിട്ടുണ്ട്
നാട്ടിലയിൽ കല്ല്യാണസദ്യയുണ്ടിട്ട്
ചിലന്തിവലയിൽക്കുടുങ്ങിയ കൊതുകൊരു
കണ്ണിയെക്കൂട്ടി ബന്ധിക്കും പോലെ വരനും
കുഴിയിൽ പതിച്ച കാട്ടാന രക്ഷയ്‌ക്ക് ഗളം
നീട്ടിയണിയും താലിക്കുരുക്കുമായ് വധുവും
നിശബ്‌ദ നിദ്രമാം സ്‌ഫോടകശാലയിലേക്കു
കാൽവെച്ചുകേറും ശുഭമുഹൂർത്തത്തിൽ
പ്രാർത്ഥിച്ചു കുമ്പിട്ടൾത്താരയിൽ, നേർന്നു ഞാൻ
നന്മകൾ മംഗള സദ്‌ദിനങ്ങൾക്കായി.
കാലപ്പഴക്കത്തിൽത്തേഞ്ഞ നാണയത്തുട്ടിൻ
ഇരുണ്ട മുഖമോർത്തെടുക്കുന്ന സൗഹൃദം,
നീട്ടിയ കരങ്ങളിൽ ഞെരിഞ്ഞു കുമിഞ്ഞിത-
ങ്ങാവിയിലാറിയ വെയിലിൻ നിരാശകൾ!
വലയിൽക്കുരുങ്ങാതൊഴിഞ്ഞു പോകും പരൽ-
മീനുകൾപ്പോൽ മുഖം വെട്ടിച്ചും ശങ്കിച്ചും
പഴയ ചില പരിചയം തിരക്കിലൊഴുകിപ്പോകെ,
വെയിലിന്റെ കാഠിന്യമേറാൻ കഴിയാതെ,
ബന്ധുക്കൾ തണൽ തേടി മാറിയെന്നിൽനിന്നും
കൗമാരകാലത്തു വധുവായ്‌ക്കൊതിച്ച മുഖം
നിറം മങ്ങിയുടവേറ്റ പുടവയ്‌ക്കുളളിൽ
ധ്യാനിച്ചു ദൂരത്തൊതുങ്ങിനിന്നീടുന്നു,
ആ സുഗന്ധത്തിന്നാഹ്ലാദമെരിഞ്ഞിന്നു
ചന്ദനത്തിരിയിലെ ചാരമായ് ശേഷിച്ചെന്നിൽ
ഇടതൂർന്നിലച്ചില്ലക്കുളളിലിരുന്നെത്തി-
നോക്കിയ ചിന്തയാമെൻമനക്കനികളെ
തോട്ടിയിട്ടടർത്ത കൈകളിൽത്തൂങ്ങിക്കൊണ്ടു
തിരക്കിൻ വിടവിലൂടെ,ക്കിനിഞ്ഞതാം രക്‌ത-
ക്കറയുമുതിർത്തൂട്ടുപുരയിൽ നിരത്തിയ-
യിലയ്‌ക്കുമുന്നിലെന്നെയിരുത്തിയാരോ പിന്നെ,
കത്തും വയറിന്റെ നെറുകയിലേക്കു ഞാൻ
തൊടുകറി തോണ്ടിയെൻ നാവിൽച്ചാർത്തിടവേ,
കണ്ടുഞ്ഞാനരികത്തിരുന്ന കരിവാളിച്ചു
മെലിഞ്ഞു പരവശയായുളെളാരമ്മയെ
അവർതന്നിലയിലേയ്‌ക്കിട്ടതാംമൊരിച്ച-
രണ്ടിറച്ചിക്കഷ്‌ണങ്ങളാരാരും കാണാതെ,
സാരിത്തലപ്പിലൊളിപ്പിച്ചുവെയ്‌ക്കവെ,
കണ്ടു, പേടിച്ചു തൂമിഴികൊണ്ടുപൊതിയുന്ന
മറ്റാരും കാണാത്തുളുമ്പുന്നന്തരംഗം.
ഈർപ്പമേറും കുളുർത്ത തഴപ്പായുടെ ചുരുൾ
അഴിയുംപോലെയോർമ്മകൾ പിറകോട്ടു നിവരവെ.
ഓർമ്മിച്ചുപോയി ഞാനെന്നമ്മതന്നെയും.
പണ്ടിതുപോലെയെന്റമ്മ കല്ല്യാണംകൂടി
മടങ്ങിവരുമ്പോഴൊക്കരുതുമാക്ട്ടിൽ
ഹൽവയോബിസ്‌ക്കറ്റോ മിക്‌സ്‌ചറോ ഞങ്ങൾക്കായ്.
അതിലെഴും സ്വാദിന്റെ രസമൂർന്നുകണ്ണുകൾ,
നിറയരുതല്ലോയിവിടെയീ വേളയിൽ!
പെട്ടെന്നൊരാരവം കേട്ടെഴുന്നേറ്റുടൻ
തിരയടിച്ചാൾക്കൂട്ടമെത്തിയെൻ നെഞ്ചോളം
കലവറയ്‌ക്കുളളിൽ ഗ്യാസ് പൊട്ടുന്നൊച്ചയ്‌ക്കൊപ്പം
തെന്നി ഞെരുങ്ങി ബന്ധുമിത്രങ്ങൾ വീഴ്‌വു,
ചിതറിയ ചോറിനുമിലയ്‌ക്കുമിടയിലൂടെ
ജീവൻ പിടിച്ചങ്ങോടുമ്പോഴെൻ കണ്ണുകൾ
ഉടക്കിയിടികൊണ്ടുവീണുരുളുമ്പോഴുമാ
തെറിച്ചുപോയരണ്ടിറച്ചിക്കഷണങ്ങൾ
പരതിത്തിരയുമാ,വിവശയാമമ്മയെ.
Generated from archived content: poem1_may17_08.html Author: ullas_eruva