ലവ്‌ ഇൻ ജപ്പാൻ

“കൊനിച്ചുവാ…”

തല തറയിൽ തട്ടുമാറുളള നമസ്‌കാരവും താളത്തിലുളള അഭിവാദ്യവും കേട്ടുകൊണ്ടാണു ഉളളിൽ കടന്നത്‌. ഒരു സിംഗപ്പൂർവാസിക്ക്‌ അന്യമായ ഇളം തണുപ്പിൽ നിന്നും കെട്ടിടത്തിനുളളിലെ നേരിയ ചൂടിലേക്കു കടന്നപ്പോൾ അസഹിഷ്‌ണുത തോന്നിയെങ്കിലും മൊട്ടത്തലയൻ ഗൈഡിന്റെ മുറി ഇംഗ്ലീഷിലെ നർമ്മരസം ശ്രദ്ധ മുഴുവൻ ആകർഷിച്ചു.

“ഐ വർക്ക്‌ ഇൻ ഷൂ മേക്കിങ്ങ്‌ കമ്പനി ആൻഡ്‌ വീ ആൾസോ ഹാവ്‌ സ്‌റ്റ്രൈക്‌സ്‌ ആൻഡ്‌ പ്രൊട്ടെസ്‌റ്റ്‌സ്‌ ഹിയർ”

“ആസ്‌ യു മൈറ്റ്‌ നൊ, വി ഓവർ വർക്ക്‌ ഓൺ ദോസ്‌ ഡെയ്‌സ്‌…”

“ബട്ട്‌ വി ഒൺലി മേയ്‌ക്ക്‌ ദ റൈറ്റ്‌ ഒൺസ്‌…”

അപ്രതീക്ഷിതമായാണു ഈ യാത്രയ്‌ക്കു തിരിക്കേണ്ടതായി വന്നത്‌. ആവശ്യക്കാരന്റെ അനൗചിത്യം “ഗൃഹസ്ഥാശ്രമ”ത്തിലെ ആദ്യത്തെ വിഷുവും അതിനെത്തുടർന്നുളള ആഘോഷങ്ങളും തട്ടി നിരപ്പാക്കുമെന്നു സ്വപ്നേപി വിചാരിച്ചതല്ല. “പക്ഷിപ്പനി”യും മറ്റത്യാഹിതങ്ങളും ഒളിച്ചിരിക്കുന്ന ഈയൊരു സമയത്തെ യാത്രയിലെ അപകടങ്ങളും സാമ്പത്തിക നഷ്‌ടങ്ങളുടെ കണക്കുമൊക്കെ നിരത്തിയിട്ടും “യ്യ്‌ഷഭേ കർണപുടേന വേദം പാരായണം” എന്നു പറഞ്ഞതുപോലെ അവയെല്ലാം മേലുദ്യോഗസ്ഥന്റെ ദേഹത്തു തട്ടി തിരിച്ചുവന്നു. അന്യഥാ ചിന്തിതം കാര്യം ദൈവം അന്യത്ര ചിന്തയേൽ എന്നു വിചാരിച്ചാശ്വസിച്ചു.

ഉദയ സൂര്യന്റെ നാട്‌. ജപ്പാനെക്കുറിച്ചുളള സങ്കൽപ്പങ്ങൾ എപ്പോഴും ഒരുപടി മുന്നിലായിരുന്നു. അധ്വാനത്തിന്റെയും വൃത്തിയുടെയും സമയ കൃത്യതയുടെയും കാര്യത്തിൽ അദ്വിതീയർ. മണിക്കൂറിൽ മുന്നൂറ്റമ്പത്‌ കിലോമീറ്ററിൽ ചീറിപ്പായുന്ന ഷിൻ കാൻസെനുകൾ, സ്വയം വൃത്തിയാക്കുന്ന ടോയിലെറ്റുകൾ, സ്വയം പാർക്കു ചെയ്യുന്ന കാറുകൾ….കാറിലായാലും ക്യാമറയിലായാലും ജപ്പാൻ എന്നും ഒരു അത്ഭുതം തന്നെയായിരുന്നു.

ഔദ്യോഗിക കാര്യങ്ങളൊക്കെ ഒരുവിധം തീർത്തു. വാരാന്ത്യത്തിലെ ഒരുദിവസം ജപ്പാനിലെ അതിശയങ്ങൾ കാണാൻ തീരുമാനിച്ചു. ജപ്പാനിലെ മറ്റൊരു സുഹൃത്ത്‌ ഒപ്പം വന്ന്‌ വഴികാട്ടാമെന്നേറ്റപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. കുറച്ച്‌ നേരത്തേതന്നെ ഉച്ചഭക്ഷണമൊക്കെ കഴിച്ച്‌ സുഹൃത്തിനെ കാത്തിരിക്കുമ്പോൾ മനസു നിറയെ ആകാംഷയായിരുന്നു. നിറഞ്ഞ വയറുമായി എയർ കണ്ടീഷന്റെ ഇളം തണുപ്പിൽ ഹോട്ടൽ ലോബിയിലെ പതുപതുത്ത സോഫയിലിരിക്കുമ്പോൾ കണ്ണുകളിൽ ഉറക്കം ഓടിയെത്തുന്നുണ്ടായിരുന്നു.

തമാശകളൊക്കെ കഴിഞ്ഞ്‌ ഗൈഡ്‌ “മാജിക്കൽ റിയാലിറ്റി ക്യൂബി”നെപ്പറ്റിപ്പറയാൻ തുടങ്ങി. വിർച്ച്യുൽ റിയാലിറ്റിയുടെയും സാറ്റലൈറ്റ്‌ ഫോട്ടോ ഗ്രാഫിയുടേയും ടെക്‌നിക്കുകൾ ഉപയോഗിച്ച്‌ ഭൂമിയുടെ ഓരോ കോണും അതാത്‌ സമയം വീക്ഷിക്കാവുന്ന അത്ഭുതക്കണ്ണാടി. മുപ്പത്തിയാറോളം സാറ്റലൈറ്റുകളെയുപയോഗിച്ച്‌ നൂറുകണക്കിനു മില്ല്യൺ ഡോളറുകൾ ചെലവഴിച്ച്‌ ഉണ്ടാക്കിയിരിക്കുന്ന ഇന്ദ്രജാലം. നൂറോളം അമേരിക്കൻ ഡോളറുകൾ മുടക്കണമെന്നാൽക്കൂടി ഇത്രത്തോളമെത്തിയിട്ട്‌ ഇതൊന്നു പരീക്ഷിക്കാതിരിക്കുന്നത്‌ ആഗ്രയിലെത്തിയിട്ട്‌ താജ്‌മഹൽ കാണാതിരിക്കുന്നതുപോലെ, പാരീസിലെത്തിയിട്ട്‌ ഈയ്‌ഫൽ ടവറിൽ കറയാതിരിക്കുന്നതുപോലെയല്ലേ.

ഒരുപാട്‌ നേരം ക്യൂവിൽ നിന്നിട്ടാണു ടിക്കറ്റു കിട്ടിയത്‌. ശീതികരിച്ച ഒരു ചെറിയ മുറിയിലേയ്‌ക്കാണു ആനയിക്കപ്പെട്ടത്‌. നാലുപാടും ചുറ്റിയടയ്‌ക്കപ്പെട്ട്‌, ഒരേ ഒരു വാതിലോടുകൂടിയ ചെറിയ മുറി. മസ്സാജ്‌ ചെയറുപോലെ ആധുനികമായ ഒരു കസേര മാത്രമാണു റൂമിൽ. കസേരയിലിരുത്തുന്നതിനു മുമ്പായി ബഹിരാകാശ യാത്രികർ ധരിക്കുന്ന രീതിയിലുളള ഒരുതരം സ്യൂട്ട്‌ ധരിപ്പിച്ചു. ഹെൽമെറ്റ്‌ പോലുളള കണ്ണാടി ധരിപ്പിക്കുന്നതിനുമുമ്പായി മാജിക്‌ ക്യൂബ്‌ കൺട്രോളുകളെപ്പറ്റിയും നാവിഗേഷൻ രീതികളെപ്പറ്റിയും ചുരുക്കി പറഞ്ഞുതന്നു. ഏതു സമയത്തും ഹെൽപ്പ്‌ ബട്ടനുകൾ ഉപയോഗിച്ച്‌ സഹായം തേടാം.“ ”സുഖയാത്ര“ ആശംസിച്ച്‌ സഹായി യാത്രയായി.

വളരെ അനായാസമായാണു എല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. ഭൂമിയുടെ ഒരു ത്രിമാന ചിത്രമാണു ആദ്യം കണ്ടത്‌. കൈയുടെ ഒരു ചെറിയ ചലനം കൊണ്ട്‌ ഭൂമിയുടെ ഏതു ഭാഗത്തേയ്‌ക്കും എത്താം. ഒരു പ്രത്യേക സ്വിച്ച്‌ അമർത്തിയിട്ട്‌ തലയുടെ മുന്നോട്ടുളള ചലനം കൊണ്ട്‌ ”സൂം“ ചെയ്യാം. മറ്റൊരു സ്വിച്ചിനൊപ്പമുളള തലയുടെ ചലനങ്ങൾ പറക്കുന്ന പ്രതീതിയുണ്ടാക്കും. നടക്കാൻ കാലിന്റെ ചലനങ്ങൾ മതി. ഇനിയും ഒരുപാടൊരുപാട്‌ കാര്യങ്ങൾ വിരൽത്തുമ്പിലൂടെ ചെയ്യാം.

ഒട്ടും സമയം പാഴാക്കാതെ നാട്ടിലേയ്‌ക്കു പോകാൻ തീരുമാനിച്ചു. ഒരു പ്രവാസി ഭാരതീയനു ആദ്യം തോന്നുക നാട്ടിലെ ശുദ്ധവായു ഒന്നാസ്വദിക്കാനല്ലേ? ഏഷ്യ, ഇന്ത്യ, കേരള, തിരുവനന്തപുരം, കിളിമാനൂർ എന്നിങ്ങനെ പലപല തലങ്ങളിലൂടെ നീങ്ങി അവസാനം മാജിക്‌ ക്യൂബിൽ രേഖപ്പെടുത്തിയിട്ടുളള വീട്ടിനടുത്തുളള ഏറ്റവും അടുത്ത പോയിന്റിലെത്തി. അത്ഭുതം! എല്ലാം നേരിൽ കാണുന്നതുപോലെ. മിക്കവാറും എല്ലാ ചുമരുകളിലും ഇലക്ഷൻ പോസ്‌റ്ററുകൾ കാണാം. പരിചയമുളള ഒരുപാടു മുഖങ്ങളും. നേർക്കുനേർ നടന്നുവരുന്ന ഒരു ബാല്യകാല സുഹൃത്തിനോട്‌ സംസാരിക്കാൻ ശ്രമിപ്പോഴാണു ഒരു കാര്യം മനസ്സിലായത്‌. മറ്റൊരാൾ അവിടെനിന്ന്‌ അവരെയെല്ലാം വീക്ഷിക്കുന്നത്‌ അവർ അറിയുന്നില്ല, പരസ്‌പരം സംവദിക്കാനും കഴിയുന്നില്ല. നടന്നുവന്ന സുഹൃത്ത്‌ ദേഹത്തിനുളളിലൂടെ കടന്നു പോയപ്പോൾ മനസ്സിൽ ഒരു കൊളളിയാൻ മിന്നി. ഇങ്ങനെ ഒരു യന്ത്രത്തിലൂടെ സാധിക്കാവുന്ന നന്മകളുടെ ലിസ്‌റ്റിനൊപ്പം ആൾക്കാരുടേയും സമൂഹത്തിന്റേയും സ്വകാര്യതയിലേയ്‌ക്കുളള എത്തിനോട്ടത്തെപ്പറ്റി ആലോചിച്ചപ്പോൾ ഞെട്ടലുണ്ടായി.

വീട്ടിലേക്കു നടന്നുനോക്കാൻ തന്നെ തീരുമാനിച്ചു. പുതിയ റോഡ്‌, പാലങ്ങൾ, കലുങ്കുകൾ എല്ലാം ഒരു വ്യത്യാസവുമില്ലാതെ. രാവിലെ പെയ്‌ത മഴയിലാവണം, വെളളം അവിടവിടെ കെട്ടിക്കിടക്കുന്നു. കൊയ്‌തൊഴിഞ്ഞ പാടങ്ങൾ ഇരുവശവും. പാടത്തിനക്കരെയായി തെങ്ങിൻ തോട്ടങ്ങളും വാഴത്തോപ്പുകളും. അകലെ കുന്നിൻ മുകളിലായി പടർന്നുകിടക്കുന്ന റബ്ബർ മരങ്ങൾക്ക്‌ വലിപ്പം കുറച്ചു കൂടിയോ….എതിരെ വരുന്ന പരിചയക്കാരോടും അയൽവാസികളോടും സംസാരിക്കാനാവുന്നില്ലല്ലോ എന്നായിരുന്നു മനസ്സിൽ.

വീടിനടുത്തെത്തുന്തോറും നെഞ്ചിടിപ്പ്‌ കൂടി വന്നു. പുറത്തെങ്ങും ആരേയും കണ്ടില്ല. പൂമുഖത്തേയ്‌ക്കുളള വാതിൽ തുറന്നിരിക്കുന്നു. അകത്തേയ്‌ക്കു നോക്കിയാൽ ഏറ്റവും അകലെയായി അടുക്കളയ്‌ക്കടുത്തുളള വർക്ക്‌ ഏരിയ കാണാം. അമ്മയല്ലേ അവിടിരിക്കുന്നത്‌? അകലെയായി അടുക്കളയ്‌ക്കടുത്തുളള വർക്ക്‌ ഏരിയ കാണാം. അമ്മയല്ലേ അവിടിരിക്കുന്നത്‌? കൂടെ ‘ഭാരതപര്യടന’ത്തിനു പോയിരിക്കുന്ന വാമഭാഗവും. വല്ലാത്ത സന്തോഷം തോന്നി. അവരുടെ അടുത്തേയ്‌ക്കെത്താൻ ധൃതിയായി. പെട്ടെന്നു തന്നെ വീട്ടിനുളളിലേയ്‌ക്കു കയറാൻ തുടങ്ങി.

മഴയിൽ നനഞ്ഞു കിടന്നിരുന്ന റബർ ചവിട്ടു മെത്ത ആദ്യത്തെ കാൽ വയ്‌പ്പിൽത്തന്നെ തെന്നിമാറി. കൈകൾ ഒരു താങ്ങിനായി പരതി. കാലുകൾ മുന്നിലേയ്‌ക്ക്‌ മുകളിലേയ്‌ക്കുയർന്നപ്പോൾ തല പിന്നിലേയ്‌ക്ക്‌ താഴെയ്‌ക്ക്‌ അതിവേഗം വന്ന്‌ ശക്തിയായി തറയിലേയ്‌ക്കമർന്നു. വേദന…വേദന…അമ്മേ…

പരവതാനിയുടെ നനുനനുപ്പ്‌ മുഖത്തറിയാം. ആരോ കുലുക്കി വിളിക്കുന്നു. ”സർ, ആർ യു ഓക്കേ…?“ ഈ സ്യൂട്ട്‌ ധരിച്ചയാൾ ആരാണു? എന്തിനാണു ചുറ്റും നടന്നു പോകുന്നവർ എന്നെ തുറിച്ചു നോക്കുന്നത്‌? സോഫയിൽ നിന്ന്‌ എങ്ങനെയാണ്‌ ഞാൻ താഴെ വീണത്‌? ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ സ്ഥലകാലബോധം വരുത്തി. തല തടവിക്കൊണ്ട്‌ സോഫയിലേയ്‌ക്കിരുന്നു.

സുസ്‌മേര വദനനായി അതാ വരുന്നു ജാപ്പനീസ്‌ സുഹൃത്ത്‌. പതിവു അഭിവാദങ്ങൾക്ക്‌ ശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി. നമുക്കു ഇന്നൊരു അത്ഭുതലോകത്തു പോകണം, ”മാജിക്കൽ റിയാലിറ്റി ക്യൂബ്‌…“

തല മെല്ലെ തടവി നോക്കി… വേദനയുണ്ടോ… അറിയില്ല.

Generated from archived content: story1_sep29.html Author: ullas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English