ചുവന്ന വസ്ത്രം ധരിച്ച കൂലി പെട്ടിയും ബാഗും ചുവന്നുകൊണ്ട് വേഗം നടന്നു. അയാളോടോപ്പമെത്താന്‍ വിജയലക്ഷ്മി വളരെ ബുദ്ധിമുട്ടി. നെറ്റിയിലൂടെ ഒഴുകിയിറങ്ങിയ വിയര്പ്പു തുള്ളികള്‍ തൂവാലകൊണ്ട് തുടച്ചു. കോട്ടന്‍ സാരിയും ബ്ലൌസും വിയര്‍പ്പില്‍ നനഞ്ഞിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ പതിവിലേറെ തിരക്ക്. കച്ചവടക്കാരുടെയും യാത്രക്കാരുടെയും ശബ്ദകോലാഹലങ്ങള്‍. ഇരിപ്പിടങ്ങളിലെല്ലാം യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരിക്കുന്നു.
അകലെ തീവണ്ടിയുടെ ചൂളംവിളിയുര്‍ന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ഒരിരമ്പലോടെ വണ്ടി പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. ഏ.സി. കോച്ചിന് പുറത്ത് ഒട്ടിച്ച ചാര്‍ട്ടില്‍ പേരുണ്ടായിരുന്നു. വിജയലക്ഷ്മി ഫിമെയില്‍ 38 വയസ്സ്. ബെര്‍ത്ത് നമ്പര്‍ 9.
പെട്ടിയും ബാഗും സീറ്റില്‍ വെച്ച് പോര്ട്ടര്‍ കൂലിയും വാങ്ങി പോയി. ശീതീകരിച്ച കമ്പാര്‍ട്ട് മെന്റിനുള്ളിലെ തണുപ്പ് ആസ്വദിച്ചുകൊണ്ട് വിജയലക്ഷ്മി സീറ്റില്‍ ഇരുന്നു. വളരെ വൃത്തിയും വെടിപ്പുമുള്ള കമ്പാര്‍ട്ട് മെന്റില്‍ തിരക്ക് കുറവായിരുന്നു.
വിജയലക്ഷ്മി വാട്ടര്‍ ബോട്ടില്‍ തുറന്നു അല്പം വെള്ളം എടുത്തുകുടിച്ചു. വാനിറ്റിബാഗില്‍ നിന്നു ടിക്കെറ്റ് എടുത്ത് ഒന്നുകൂടി ഉറപ്പുവരുത്തി. ബെര്‍ത്ത് നമ്പര്‍ 9. മുന്‍പിലുള്ള ബര്‍ത്തിന്റെ ജനലിന് സമീപം ഒരു കുട്ടിയിരുന്നു ചിത്രകഥ വായിക്കുന്നു. സമീപത്തിരിക്കുന്ന ചെറുപ്പക്കാരനെ എവിടെയോ കണ്ട് പരിചയമുള്ളപോലെ തോന്നി.
“പ്രഫസ്സര്‍ വിജയലക്ഷ്മിയല്ലേ?”
ചെറുപ്പക്കാരന്റെ ചോദ്യം കേട്ട് വിജയലക്ഷ്മി തലയുയര്‍ത്തി നോക്കി.
“അതെ”
“ഞാന്‍ ഗോപിനാഥ്. ഡോക്ടര്‍ ഗോപിനാഥ്. മാഡം എവിടേക്കാണ്?”
“ഞാന്‍ ഡല്‍ഹിക്കാണ്. അവിടെ ഒരു സെമിനാറുണ്ട്.?”
” ഞങ്ങളും ഡല്‍ഹിക്കാണ്. ഇത് മകള്‍ ആണ്. വൈഫ് ബാത്ത്റൂമില്‍.”
“അതിരിക്കട്ടെ , എന്നെ എങ്ങിനെ മനസ്സിലായി.?”
“ ഞാനറിയും നരേന്ദ്രന്‍ സാറിനെയും പരിചയമുണ്ട്. നിങ്ങള്‍ വേര്‍പിരിഞ്ഞത് വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്.”
“അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു?” വിജയലക്ഷ്മിയുടെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
“മാഡം അന്ന് ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുകയില്ലായിരുന്നു. എനിക്ക് സംസാരിക്കാന്‍ ഒരു അവസരം കിട്ടിയിരുന്നെങ്കില്‍ ……..കേവലം ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ഒരു കുടുംബം തകരില്ലായിരുന്നു.”
“സോറി മിസ്റ്റര്‍ ഗോപിനാഥ്. എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ തീരെ താല്പര്യം ഇല്ല. അത് ഒരു അടഞ്ഞ അദ്ധ്യായമാണ്. ഒരു പുനര്‍ചിന്തനം നടത്തേണ്ട ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല.”
“പക്ഷെ എനിക്ക് സംസാരിക്കാതെ വയ്യ മാഡം. കാരണം ഞാനതില്‍ ഒരു മുഖ്യ പ്രതിയാണ്.”
“നിങ്ങള്‍ മുഖ്യ പ്രതിയോ ? അതെങ്ങനെ?”
കര്‍ട്ടന്‍ നീക്കിക്കൊണ്ട് കടന്നുവന്ന പെണ്‍കുട്ടിയെ കണ്ട് വിജയലക്ഷ്മി സ്തബ്ധയായി. ഡോണാ അഗസ്റ്റ്യന്‍. കണ്ണില്‍ ഇരുട്ട് നിറഞ്ഞു. തലച്ചോറിനുള്ളില്‍ ഒരു വിസ്ഫോടനം നടന്ന പോലെ. പെരുവിരല്‍ മുതല്‍ ശരീരമാകെ ബാധിച്ച മരവിപ്പില്‍ വിജയലക്ഷ്മി പ്രജ്ഞയറ്റവളെപ്പോലെ ഇരുന്നു.
ഡോണാ അഗസ്റ്റ്യന്‍. നരേന്ദ്രന്റെ കാമുകി. അവരുടെ ദാമ്പത്യജീവിതത്തിലേക്ക് ഒരു കരിനിഴലായി പടര്‍ന്നുകയറിയവള്‍. സുഖത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളില്‍ ഒരു കൊടുംകാറ്റുപോലെ കടന്നുവന്നവള്‍. ഒടുവില്‍ ആ കൊടുംകാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ എല്ലാം കടപുഴകി വീണു. ഒരു പ്രേതഭൂമിപോലെ , യുദ്ധം കഴിഞ്ഞ പടക്കളംപോലെ, ചോരയുടെയും ജഡങ്ങളുടെയും ഗന്ധമാസ്വദിച്ചു മാംസക്കൊതിയോടെ കടന്നുപോയവള്‍. വര്‍ഷങ്ങളോളം നീണ്ടുനിന്ന കണ്ണീരിന്റെയും വേര്‍പാടിന്റെയും ദുഃഖങ്ങള്‍ സമ്മാനിച്ചവള്‍.
“ഡോണ എന്റെ ഭാര്യയാണ്. അനു ഞങ്ങളുടെ മകളാണ്. ഡോണ പ്രസവിച്ച എന്റെ മകള്‍. മാഡം നരേന്ദ്രന്‍ സാറിന്റെ കുട്ടിയാണന്നു തെറ്റിദ്ധരിച്ചത് ഇവളെയാണ്.”
വിജയലക്ഷ്മി ഡോണയുടെയും ഗോപിനാഥിന്റെയും അനുമോളുടെയും മുഖങ്ങളില്‍ മാറിമാറി നോക്കി. തീരെ വിശ്വാസം വരാത്തപോലെ അവര്‍ പകച്ചുനോക്കി. ഗോപിനാഥിന്റെ വാക്കുകള്‍ മനസ്സില്‍ തീ കോരിയിട്ടു.
. “മാഡം എന്നെ വിശ്വസിക്കണം. മാഡം നരേന്ദ്രന്‍ സാറിനെയും ഡോണയെയും തെറ്റിദ്ധരിച്ചതാണ്. അവര്‍ അദ്ധ്യാപക വിദ്യാര്‍ത്ഥിബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഒരു ജേഷ്ഠസഹോദരനെപ്പോലെ, നല്ല സുഹൃത്തിനെപ്പോലെ, ഗുരുവും വഴികാട്ടിയുമായിരുന്നു. പ്രതിസന്ധികളില്‍ താങ്ങും തണലുമായി കൂടെ നിന്നവനായിരുന്നു.”
“എന്നും നല്ലതുമാത്രം ചിന്തിച്ചിരുന്ന അദ്ദേഹത്തിന്റെ മനസ് കാണുവാന്‍ മാഡത്തിനായില്ല. ആ ഹൃദയനൈര്‍മല്യം തിരിച്ചറിഞ്ഞില്ല. പാതികേട്ട വാക്കുകളും സംശയാസ്പദമായ സന്ദര്‍ഭങ്ങളും നിങ്ങളുടെ മനസ്സില്‍ തീ കോരിയിട്ടപ്പോള്‍ അത് ആളിക്കത്തിക്കുവാന്‍ പലരും ശ്രമിച്ചിട്ടുണ്ടാവും. അവരുടെ വാക്കുകള്‍ നിങ്ങള്‍ക്ക് അമൃതമായ് തോന്നിയതില്‍ തെറ്റ് പറയാനാവില്ല. പക്ഷെ, ഈ വൈകിയ വേളയിലെങ്കിലും സത്യം മനസ്സിലാക്കണമെന്നാണ് എന്റെ അപേക്ഷ. അദ്ദേഹം അന്ന് ഡോക്ടറെ കാണുവാന്‍ ഡോണയെ ഉപദേശിച്ചത് ഒരിക്കലും ഒരു അബോര്‍ഷനു വേണ്ടി ആയിരുന്നില്ല. തെറ്റ് ചെയ്തവര്‍ തന്നെ പരിഹാരമുണ്ടാക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ്.”
“ ഒരു ഭീരുവിനെപ്പോലെ പാലായനം ചെയ്ത എന്നെ തേടിപ്പിടിച്ച് വീണ്ടും ഒരു ജീവിതത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. കൈക്കുഞ്ഞുമായി ആത്മഹത്യാ മുനമ്പില്‍ നിന്ന ഡോണയെ അദ്ദേഹം സുരക്ഷിതമായി എന്നെ ഏല്പിച്ചു. ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ അദ്ദേഹവുമുണ്ടായിരുന്നു ഞങ്ങളുടെ കൂടെ. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുത്ത് ഒരു നല്ല ഹോസ്പിറ്റലില്‍ ജോലി സ്ഥിരമാകുന്നതുവരെ, ബന്ധുക്കളുടെയും സ്വന്തക്കാരുടെയും എതിര്‍പ്പിനു മുന്‍പില്‍ ഒരു കോട്ട പോലെ നിന്ന് അദ്ദേഹം ഞങ്ങളെ സംരക്ഷിച്ചു. സ്നേഹത്തിന്റെയും സാന്ത്വനതിന്റെയും പരിലാളനയുടെയും ഓരോ പടവുകള്‍ ഞങ്ങള്‍ കയറുമ്പോള്‍ നിങ്ങളുടെ കുടുംബം തകര്‍ന്നടിഞ്ഞുകഴിഞ്ഞിരുന്നു. നിങ്ങള്‍ വിഭിന്ന ധ്രുവങ്ങളില്‍ എത്തിയിരുന്നു. എല്ലാം വളരെ വൈകിയാണറിഞ്ഞത്. മാഡത്തെ കാണുവാനും തെറ്റിദ്ധാരണകള്‍ തിരുത്തുവാനും ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ വൈകിപ്പോയിരുന്നു. മാഡം വളരെ വളരെ ദൂരെ സ്വയം തീര്‍ത്ത തുരുത്തില്‍ ആരോടും സംസാരിക്കാതെ ബന്ധപ്പെടാതെ ഏകാന്തതയുടെ തടവറയില്‍ …………..”
ഡോക്ടര്‍ ഗോപിനാഥിന്റെ വാക്കുകള്‍ വിജയലക്ഷ്മിയുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. കലങ്ങിയ കണ്ണുകളോടെ മുന്നില്‍ നില്ക്കുന്ന ഡോണ. സംഭ്രമവും കുറ്റബോധവും നിറഞ്ഞ അവളുടെ മുഖം മനസ്സില്‍ കൊളുത്തിവലിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞുപെയ്യുന്ന ഒരു സായംസന്ധ്യയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അദ്ദേഹത്തിന്റെ ഓഫിസ്റൂമില്‍ നിന്ന് ഇറങ്ങിപ്പോയ ഡോണയുടെ മുഖം മാത്രമായിരുന്നു മനസ്സില്‍. രണ്ടാം വര്‍ഷ ഡിഗ്രിവിദ്യാര്‍ത്ഥിനിയായ അവള്‍ അദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കാന്‍ കൂടെക്കൂടെ വീട്ടില്‍ വന്നിരുന്നു. നല്ല പ്രസരിപ്പുള്ള കുട്ടി. വശ്യത നിറഞ്ഞ ചിരിയും തിളങ്ങുന്ന കണ്ണുകളും സമ്പുഷ്ടമായ ശരീരവും മനസ്സില്‍ തങ്ങിനില്ക്കുന്നു. ഏതു കാര്യത്തെപ്പറ്റിയും വ്യക്തമായ അറിവും അഭിപ്രായവും അവള്‍ക്കുണ്ടായിരുന്നു. ഞാന്‍ നിര്‍ദ്ദേശിച്ച പല പുസ്തകങ്ങളും അവള്‍ വര്‍ഷങ്ങള്‍ക്കു മുന്പേ വായിച്ചതാണെന്നറിഞ്ഞപ്പോള്‍ ആശ്ചര്യം തോന്നി. ഒരുതവണ ഓഫിസ് വിട്ടുവരുമ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടു.
“ഇതെത്രയാണ് മാസം?” നരേന്ദ്രന്റെ ശബ്ദം.
“മൂന്ന്…” അത് ഡോണയുടെ ശബ്ദമായിരുന്നു.
“നമുക്ക് ഡോക്ടര്‍ ഗോപിനാഥിനെ കാണണം. എങ്ങിനെയെങ്കിലും കണ്ടേ പറ്റൂ. അതുവരെ കുട്ടി അവിവേകം ഒന്നും കാണിക്കരുത്. ധൈര്യമായിരിക്കണം. എന്തിനും ഞാനുണ്ട് കൂടെ.”
നരേന്ദ്രന്റെ ശബ്ദം കേട്ട് വിജയലക്ഷ്മി സ്തബ്ധയായി. ഭര്‍ത്താവിന്റെ അപഥസഞ്ചാരകഥകള്‍ നേരിട്ട് കേട്ടപ്പോളുണ്ടായ ഞെട്ടല്‍. വിറയ്ക്കുന്ന കാലടികളോടെ വിജയലക്ഷ്മി കിടക്കറയിലേക്ക് നടന്നു. ഇടയ്ക്കു തിരിഞ്ഞുനോക്കിയപ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നരേന്ദ്രന്റെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ഡോണയെക്കണ്ടു. പിന്നിലൂടെ നടന്നുവരുന്ന നരേന്ദ്രന്‍.
“നീയെപ്പോള്‍ വന്നു?”
“കുറെ നേരമായി”
“ഞാന്‍ ആ കുട്ടിയുമായി സംസാരിച്ചിരിക്കുവായിരുന്നു. അവള്‍ ഒരബദ്ധം കാണിച്ചു.”
“ഞാനെല്ലാം കേട്ടു. അബദ്ധം കാണിച്ചത് അവളോ അതോ നിങ്ങളോ?”
“വിജയലക്ഷ്മി……… നീയെന്താണീപ്പറയുന്നത്. നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍.”
”നിങ്ങള്‍ ഹരിശ്ചന്ദ്രനാണന്നാണോ പറയുന്നത്? നിങ്ങള്‍ സംസാരിച്ചത് കുറെയൊക്കെ ഞാനും കേട്ടു. ഇനി എന്നെ കബളിപ്പിക്കാം എന്നു കരുതേണ്ട.”
നരേന്ദ്രന്റെ വാക്കുകള്‍ അവഗണിച്ച് അവള്‍ മുറിയില്‍ കയറി കതക് വലിച്ചടച്ചു. അയാള്‍ കതകില്‍ തട്ടിവിളിച്ചു. പല തവണ തട്ടിവിളിച്ചിട്ടും വിജയലക്ഷ്മി കതക് തുറന്നില്ല. ആ വാതില്‍, അവളുടെ മനസ്സിന്റെ വാതിലുകള്‍ എന്നെന്നേയ്ക്കുമായി അയാളുടെ മുമ്പില്‍ അടക്കപ്പെടുകയായിരുന്നു. നിരപരാധിത്വം തെളിയിക്കപ്പെടുവാനാവാതെ മനസ്സിലെരിയുന്ന നെരിപ്പോടുമായി ഒരു ഭ്രാന്തനെപ്പോലെ അയാള്‍ അലഞ്ഞു. കാല്‍ ചുവട്ടിലെ മണ്ണ് കുത്തിയൊലിച്ച് പോകുമ്പോള്‍ രക്ഷപ്പെടുവാനൊരു അത്താണിതേടി അയാളുടെ മിഴികള്‍ ഇരുട്ടില്‍ പരതി. വെളിച്ചത്തിന്റെ കണികപോലും ഇല്ലാത്ത കനത്ത ഇരുട്ടായിരുന്നു ചുറ്റിലും. ശകാരിക്കുന്നവരും കുറ്റപ്പെടുത്തുന്നവരായിരുന്നു ചുറ്റിലും. ഒരു സ്ത്രീലമ്പടനായി അയാള്‍ ചിത്രീകരിക്കപ്പെട്ടു. സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അയാളെ ഒറ്റപ്പെടുത്തി.
മാസങ്ങള്‍ക്കു ശേഷം കുടുംബക്കോടതിയിലെ വക്കീലിന്റെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ വിജയലക്ഷ്മിക്ക് തെല്ലും പതര്‍ച്ച തോന്നിയില്ല. ബന്ധങ്ങള്‍ ആവുന്ന ബന്ധനങ്ങളില്‍ നിന്നുള്ള മോചനം, ചതിയോടും വഞ്ചനയോടുമുള്ള മധുരമായ പ്രതികാരം മാത്രമായിരുന്നു മനസ്സില്‍.
“മദ്യപാനിയായ ഭര്‍ത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടായിരുന്നോ?”
വക്കീലിന്റെ ചോദ്യം ഒരു അശരീരിപോലെ വീണ്ടും വീണ്ടും മനസ്സാക്ഷിയെ കുത്തിനോവിച്ചുകൊണ്ടിരുന്നു. അതേ എന്ന് പറയുവാന്‍ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരു തവണപോലും അദ്ദേഹം മദ്യപിക്കുന്നത് കണ്ടിട്ടില്ലങ്കിലും കേസിന്റെ വിജയമായിരുന്നു മുഖ്യം. മനപാഠമാക്കിയാതൊന്നും വള്ളിപുള്ളി തെറ്റാതെ പറയുമ്പോള്‍ മനസ്സില്‍ ഇരുട്ട് മാത്രമായിരുന്നു.
പകയുടെ തിമിരം ബാധിച്ച കണ്ണുകളില്‍ അദ്ദേഹത്തിന്റെ മുഖം കണ്ടില്ല. അദ്ദേഹത്തിന്റെ നല്ലവളായ അമ്മയെ കണ്ടില്ല. അനുജത്തിയേയും അനിയന്‍ കുട്ടനെയും അവരുടെ കരഞ്ഞുകലങ്ങിയ കണ്ണുകളും കണ്ടില്ല. നിശ്ചയദാര്‍ഢ്യത്തോടെ കെട്ടിച്ചമച്ച ഉത്തരങ്ങള്‍ പറഞ്ഞപ്പോള്‍ കണ്ഠമിടറിയില്ല, കണ്ണുകള്‍ നിറഞ്ഞില്ല, കൈകള്‍ വിറച്ചില്ല. ഒരു കുറ്റവാളിയെപ്പോലെ ചൂണ്ടിയ വിരലിനുമുന്നില്‍ അദ്ദേഹം പകച്ചുനിന്നു. ആരോപണശരങ്ങളുമായി വക്കീല്‍ കത്തിക്കയറിയപ്പോള്‍ മനസ്സില്‍ ഒരു ആനന്ദത്തിരയിളക്കം ഉണ്ടായി. തടസ്സവാദങ്ങളും പ്രതിബന്ധങ്ങളും മഞ്ഞുപോലുരുകിയൊലിച്ചു. മുള്ളുകള്‍ നിറഞ്ഞ വീഥികളില്‍ ജമന്തിപ്പൂക്കള്‍ വിരിച്ച് പ്രകൃതിപോലും സ്വയം മറന്നുനിന്നു. ആസന്നമായ വിജയത്തിന്റെ ആഘോഷങ്ങളായിരുന്നു മനസ്സുനിറയെ.
“മാഡം ഒന്നും പറഞ്ഞില്ല”
ഡോക്ടര്‍ ഗോപിനാഥിന്റെ വാക്കുകള്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു. വിജയലക്ഷ്മി മുഖമുയര്‍ത്തി നോക്കി. ആ കണ്ണുകളില്‍ നീര്‍മുത്തുകള്‍ തുളുമ്പിനിന്നു. എന്താണ് ഒരു മറുപടി പറയുക. തന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും തെറ്റായിരുന്നുവോ? നരേന്ദ്രന്‍ നിരപരാധിയൊ?
“എനിക്കൊന്ന് കിടക്കണം” ബോട്ടിലില്‍ നിന്ന് അല്പം വെള്ളം എടുത്ത് കുടിച്ചിട്ട് വിജയലക്ഷ്മി ബെര്‍ത്ത് നിവര്‍ത്തിയിട്ട് കിടന്നു. എല്ലാം മറന്ന് ഉറങ്ങണമെന്ന പ്രാര്‍ത്ഥനയോടെ കണ്ണുകളടച്ചു.
പിറ്റേന്നു പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന ഗോപിനാഥ് വിജയലക്ഷ്മിയെ ബെര്‍ത്തില്‍ കണ്ടില്ല. അവരുടെ ബാഗും പെട്ടിയും അവിടെ ഉണ്ടായിരുന്നില്ല. ഗോപിനാഥ് പരിഭ്രാന്തനായി ട്രെയിനിലെ എല്ലാ കമ്പാര്‍ട്ടുമെന്റിലും കയറിയിറങ്ങി തിരഞ്ഞു. പക്ഷെ, വിജയലക്ഷ്മിയെ എവിടെയും കണ്ടെത്താനായില്ല.
ആന്ധ്രയിലെ ഉണങ്ങിവരണ്ട നെല്‍ വയലുകളുടെ മദ്ധ്യത്തിലൂടെ ട്രെയിന്‍ അതിവേഗം ഡല്‍ഹി ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.
Generated from archived content: story_mar15_13.html Author: udayaprabhan