യാത്രാവിവരണം

നിലാവുള്ള രാത്രിയില്‍ അച്ഛന്റെ സൈക്കിളിന്റെ പിന്‍സീറ്റിലിരുന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തില്‍ ആയിരുന്നു. ആദ്യമായി സഹപാഠികളോടൊപ്പം ഒരു ഉല്ലാസയാത്ര പോകുകയാണ്. കേരളത്തിന്‌ പുറത്തുള്ള ഒരു സ്ഥലത്തേക്ക്. അച്ഛനേയും അമ്മേയെയും അനിയനേയും പിരിഞ്ഞു ഇതുവരെ എവിടെയും പോയിട്ടില്ല എങ്കിലും പുതിയ യാത്രയുടെയും കാണാന്‍ പോകുന്ന കാഴ്ച്ചകകളെക്കുറിച്ചുള്ള ചിന്തകള്‍ എന്റെ സന്തോഷം പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരുന്നു.

സ്കൂള്‍ ഗേറ്റിനുള്ളില്‍ കുട്ടികളും രക്ഷിതാക്കളും കൂട്ടം കൂടി നില്പ്പു ണ്ട്. ബസ്‌ ഇതുവരെ എത്തിയിട്ടില്ല. എല്ലാവരും കളര്‍ ഡ്രെസാണ് അണിഞ്ഞിരിക്കുന്നത്. യൂണിഫോമിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ഒരു മോചനം. എല്ലാവരുടെയു തോളത്ത് ബാഗുണ്ട്. ഒന്നുരണ്ടു കുട്ടികള്‍ ബ്രീഫ് കേസാണ് കൊണ്ടുവന്നിരിക്കുന്നത്. അദ്ധ്യാപകര്‍ ഒരു നോട്ട്ബുക്കില്‍ എല്ലാവരുടെയും പേരും ഫീസ്‌ അടച്ചതിന്റെ കണക്കും എഴുതി തിട്ടപ്പെടുത്തുകയാണ്. ഒന്‍പതു മണിക്കാണ് ബസ്‌ വന്നത്. ചുവപ്പും പച്ചയും കലര്‍ന്ന പെയിന്റ് അടിച്ച ബസ്സ്‌ കാണാന്‍ നല്ല ഭംഗിയുള്ളതായിരുന്നു. ആദ്യം പെണ്‍കുട്ടികളെയാണ് ബസ്സില്‍ കയറ്റിയത്. പിന്നീട് ആണ്‍കുട്ടികള്‍. ഡോറിനോടെ ചേര്‍ന്ന സീറ്റില്‍ അദ്ധ്യാപകര്‍ ഇരുവരും ഇരുന്നു. ബസ്സ് പുറപ്പെട്ടപ്പോള്‍ ഒന്‍പതര മണി കഴിഞ്ഞു.എന്റെ സമീപം ഇരുന്നത് ജോസ്‌ തോമസ്‌ ആയിരുന്നു. വില കൂടിയ ഏതോ പെര്‍ഫ്യൂം അവന്റെ ഉടുപ്പില്‍ സ്പ്രേ ചെയ്തിരുന്നു. അവന്‍ ബസ്‌ പുറപ്പെട്ട ഉടനെ ഉറക്കത്തിലായി. നേര്‍ത്ത തണുപ്പുള്ള ആ രാത്രിയില്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നാട്ടു ഞാനിരുന്നു. ഉറങ്ങാതെ രാത്രി മുഴുവന്‍ വഴിയോരകാഴ്ച്ചകളില്‍ ലയിചിരിക്കണം എന്നായിരുന്നു ആഗ്രഹം എങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി. പുലര്ച്ചേ സാറന്മാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തുമ്പോള്‍ വണ്ടി തമിഴ്നാട്ടിലെ ഏതോ ഹോട്ടലിനു മുന്‍പില്‍ നില്ക്കുയായിരുന്നു. കുളിച്ചു ഫ്രഷ്‌ ആവാന്‍ ഒരു മണിക്കൂര്‍ സമയം ആണ് അനുവദിച്ചത്. ഡോര്‍മട്ടറിയുടെ കക്കൂസും കുളിമുറിയും ഉപയോഗിച്ചത് ഊഴമനുസരിച്ച് തന്നെയായിരുന്നു. എന്നിട്ടും പ്രഭാതഭക്ഷണം കഴിച്ചു ബസ്സില്‍ കയറുമ്പോള്‍ അര മണിക്കൂര്‍ ‍വൈകിയിരുന്നു. പച്ച വിരിപ്പണിഞ്ഞ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഊട്ടിയിലെ തണുപ്പിലൂടെ ഒരു പ്രഭാത യാത്ര. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ആ സ്ഥലത്തിന്റെ പ്രത്യേകതകളെപറ്റി അദ്ധ്യാപകര്‍ പറഞ്ഞുതരുന്നുണ്ടായിരുന്നു. സാമുവല്‍ സാറിന്റെ മകന്‍ ആന്റണിയുടെ കൈയ്യില്‍ ഒരു ക്യാമറാ ഉണ്ടായിരുന്നു. ഊട്ടിയുടെ സുന്ദരമായ പ്രകൃതിഭംഗി അവന്‍ ക്യാമറായില്‍ പകര്ത്തുന്നത് ഞാന്‍ തെല്ല് അസൂയയോടെയാണ് നോക്കി നിന്നത്.

“വായിച്ചിടത്തോളം എങ്ങനെയുണ്ട്?’

ഞാന്‍ എഴുതിയ യാത്രാവിവരണം വായിച്ചുകൊണ്ടിരുന്ന ശ്യാം ദേവ്‌ മുഖമുയര്ത്തി എന്നെ നോക്കി. അവന്റെ മുഖം സന്തോഷത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു

“മാര്‍വലസ്. അതിമനോഹരം. ഞങ്ങളുടെ കൂടെ ടൂര്‍ വരാതിരുന്ന നീ എങ്ങനെ ഇത്ര മനോഹരമായി ഇതെഴുതി. ഞാന്‍ ടൂറിനേക്കുറിച് നിന്നോട് വിവരിച്ചതിലും കൂടുതല്‍ നീ ഭാവനയില്‍ നിന്ന് ഉണ്ടാക്കി. നേരിട്ട് കാണുന്ന അനുഭൂതി. നിനക്ക് നല്ല ഒരു കഥാകാരനാവാന്‍ കഴിയും.”

അവന്റെ അഭിനന്ദന വാക്കുകള്‍ കേട്ട് എനിക്ക് നല്ല സന്തോഷം തോന്നി. ഞാന്‍ കുത്തിക്കുറിച്ചത് ഒന്നും വായിച്ചു ആരും നല്ല അഭിപ്രായം പറയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായാണ് ഒരാള്‍…..എന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.

“ഞാന്‍ ഇത് സാറിന്റെ കൈയ്യില്‍ കൊടുത്തോട്ടെ. അവധി കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും ടൂര്‍ പോയതിനെക്കുറിച്ച് ഒരു വിവരണം എഴുതി കൊണ്ടുവരണമെന്ന് സാമുവല്‍ സാറ് പറഞ്ഞിട്ടുണ്ട്.”

”നീ ഇത് എത്രവട്ടം ചോദിച്ചതാണ്. നീ സാറിന്റെ കൈയ്യില്‍ കൊടുത്തോളൂ. സമ്മാനം കിട്ടിയാല്‍ വാങ്ങിക്കോളൂ. നീ ഇനി എന്നാണു സ്കൂളില്‍ വരുന്നത്. ചിക്കന്പോക്സ് മാറി കുളിച്ചിട്ടല്ലേ വരൂ. അതിനു മുന്‍പ് യുവജനോത്സവം ഉണ്ടാവും. രണ്ടു ദിവസത്തെ കലാപരിപാടികള്‍ കാണും. നീ ആ സമയത്ത് വന്നാല്‍ കഥാരചനയില്‍ പങ്കെടുക്കാം.”

“നോക്കട്ടെ, അസുഖം ഭേദമായാല്‍ ഞാന്‍ വരും.”

“നേരം വൈകി. ഞാനിറങ്ങട്ടെ.”

കടലാസ് ചുരുള്‍ ബുക്കിനുള്ളില്‍ ഒളിപ്പിച്ച് അവന്‍ പുറത്തേക്ക് നടന്നു.

* * * * * * *

യുവജനോത്സവത്തിന്റെ അവസാന ദിവസം. നടക്കുന്നത് സമ്മാനദാനച്ചടങ്ങുകള്‍ ആണ്.. സാമുവേല്‍ സാറാണ് അനൗണ്‍സ് ചെയ്യുന്നത്. മുഖത്തും ദേഹത്തും നിറയെയുള്ള ചിക്കന്പോക്സിന്റെ അവശേഷിപ്പുകളായ കറുത്ത വൃത്തികെട്ട പാടുകള്‍ എന്നില്‍ അപകര്‍ഷതാബോധം ഉണ്ടാക്കി. ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിന്നില്‍ ഞാന്‍ ഒതുങ്ങിക്കൂടിനിന്ന് പരിപാടികള്‍ കാണാന്‍ ശ്രമിച്ചു.

ഓരോ ഐറ്റത്തിനും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കിട്ടിയവര്‍ക്കു സമ്മാനം ഉണ്ടായിരുന്നു. അവസാനം ഗ്രൂപ്പ്‌ അടിസ്ഥാനമാക്കിയുള്ള ഐറ്റങ്ങളുടെ ഊഴമായി. നാടകത്തിനും ഗ്രൂപ്പ്‌ ഡാന്‍സിനും സമ്മാനം പ്രഖ്യാപിച്ചു. ലിസ്റ്റിന്റെ അവസാനമെത്തി.

“ഇനി ഒരു പ്രത്യേകസമ്മാനമാണ് ഞാന്‍ പ്രഖ്യാപിക്കുന്നത്. ഇത് ഒരു മത്സര ഇനം ആയിരുന്നില്ല. പക്ഷെ കുറെ കുട്ടികള്‍ പങ്കെടുത്ത ഒരു സംഭവം എന്ന് പറയാം. ഇത്തവണ വിനോദയാത്ര കഴിഞ്ഞു മടങ്ങിയപ്പോള്‍ പങ്കെടുത്ത കുട്ടികളോട് ഒരു യാത്രാവിവരണം എഴുതി കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. പുതിയ സ്ഥലങ്ങള്‍, ഭാഷ, ജനങ്ങള്‍, അവരുടെ ജീവിത രീതികള്‍, ഭക്ഷണശീലങ്ങള്‍ മുതലായവയെക്കുറിച്ചു കുട്ടികള്‍ എങ്ങിനെ വിലയിരുത്തുന്നു, എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്ന് മനസ്സിലാക്കുവാന്‍ വേണ്ടി വിജയന്‍ സാറിന്റെ മനസ്സില്‍ തെളിഞ്ഞ ഒരു ആശയം ആയിരുന്നു അത്. മുപ്പതു കുട്ടികള്‍ അവരുടെ രചനകള്‍ തന്നതില്‍ ശ്യാം ദേവ് തന്ന രചന വളരെ മികച്ചുനില്ക്കുന്നു.” ശ്യാം ദേവിനെ അഭിനന്ദിക്കുവാന്‍ സ്റ്റാഫ്‌ റൂമില്‍ വിളിച്ചപ്പോള്‍ ആണ് ആ സത്യം അറിഞ്ഞത്. മികച്ച രചനയായി ഞങ്ങള്‍ തിരഞ്ഞെടുത്തതു യഥാര്‍ത്ഥത്തില്‍ ശ്യാം ദേവ് എഴുതിയതല്ല എന്ന്. ടൂര്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞ ശ്യാമിന്റെ സഹപാഠി വിനയനാണ് ആ യാത്രാവിവരണം എഴുതിയത്. ശ്യാം പറഞ്ഞുകൊടുത്ത സംഭവങ്ങള്‍ തന്റെതായ ഭാഷയില്‍ വളരെ വര്‍ണാഭമായി ചിത്രീകരിക്കുവാന്‍ ആ കുട്ടിക്ക് സാധിച്ചിരിക്കുന്നു. “പുതിയ സ്ഥലങ്ങള്‍, ഭാഷ, ജനങ്ങള്‍, അവരുടെ ജീവിത രീതികള്‍, ഭക്ഷണശീലങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, കൃഷി മുതലായവയെക്കുറിച്ചുകൂടി വിനയന്‍ നല്ല വിശദമായി പ്രദിപാദിച്ചിരിക്കുന്നു. സര്‍വോപരി എടുത്തുപറയേണ്ട വസ്തുത ശ്യാമിന്റെ ദാനശീലമാണ്. വീട്ടില്‍ നിന്ന് ഷോപ്പിങ്ങിന് നല്കി യ പണം അധികവും പട്ടിണിക്കാര്‍ക്ക് ദാനം നല്‍കാന്‍ കാണിച്ച മനസ്സ് പ്രശംസനീയമാണ്. അശരണരും ആലംബഹീനരുമായ പട്ടിണിപ്പാവങ്ങളെ സഹായിക്കുക നമ്മുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണന്നു ഈ പ്രവര്ത്തി നമ്മെ ഉദ്ബോധിപ്പിക്കുന്നു അതുകൊണ്ട് പ്രത്യേക പുരസ്കാരം വിനയനും, ശ്യാം ദേവിനും കൂടി നല്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അര്‍ഹതപ്പെടാത്ത സമ്മാനം നിരസിച്ചു യഥാര്‍ത്ഥ പ്രതിഭയെ നമുക്ക് കാട്ടിത്തന്ന ശ്യാമിന് പ്രത്യേക അഭിനന്ദനങ്ങള്‍.”

ആരവങ്ങള്‍ക്കിടയിലൂടെ ഞാന്‍ വേദിയിലേക്ക് നടന്നു. ഹെഡ്‌മാസ്റ്റര്‍ സമ്മാനവും സര്ട്ടിഫിക്കറ്റും നല്കി യപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു. നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ ശ്യാം ദേവിന്റെ കൈ പിടിച്ചുകൊണ്ട്‌ ഞാന്‍ ഓഡിറ്റോറിയത്തിന്റെ പുറത്തേക്കു നടന്നു.

Generated from archived content: story1_july18_14.html Author: udayaprabhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English