ഇത് കലികാലം…?
എങ്ങനെയെങ്കിലും പുതുമ സൃഷ്‌ടിക്കുവാൻ ഇറങ്ങി പുറപ്പെട്ടവരുടെ നടുവിൽ ശുദ്ധ സംഗീതത്തിനും നാടൻ കലകൾക്കും പ്രസക്‌തി നഷ്‌ടപ്പെട്ടിരിക്കുന്നു. പരിഷ്‌കൃത സമൂഹം കാപട്യത്തിന്റെ മുഖംമൂടി ധരിച്ച്് നൃത്തം ചവിട്ടുമ്പോൾ അതിനെതിരെ രോഷം കൊളേളണ്ട മാധ്യമ സമൂഹവും വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. മൃഗയാ വിനോദങ്ങളിലൂടെ ദൃശ്യ മാധ്യമരംഗത്ത് നിന്ന് കോടികൾ സ്വന്തമാക്കാമെന്ന് നമ്മുടെ ചാനൽ തമ്പ്രാക്കന്മാർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
ഈയടുത്ത കാലം വരെ നമ്മുടെ സമയം കണ്ണുനീർ സീരിയലുകൾക്കായി നാം പങ്കിട്ടു കൊടുത്തു. ഗ്ലിസറിന്റെ സഹായം കൂടാതെ തന്നെ കരയുവാൻ വീട്ടമ്മമാരെ പ്രാപ്‌തരാക്കിയ ഈ കണ്ണീർ സീരിയലുകളുടെ പ്രൈം ടൈം ഇപ്പോൾ കവർന്നെടുത്തിരിക്കുന്നത് റിയാലിറ്റി ഷോകളാണ്. കേരളത്തിലെ മൊബൈൽ കമ്പനികളും ബിൽഡേഴ്‌സും മാുഖ്യ പ്രായോജകരായ റിയാലിറ്റി ഷോകളിലൂടെ ചൂഷണത്തിന്റെ നഗ്‌നമായ മുഖം അനാവരണം ചെയ്യപ്പെടുന്നു.
എസ്.എം.എസ്സുകാർക്ക് അമിത ചാർജ് ഈടാക്കി നാട്ടിലെ കുത്തക മൊബൈൽ കമ്പനികളുമായി ചേർന്ന് ചാനലുകൾ പ്രേക്ഷകരെ കൊളളയടിക്കുന്നു. ഒരു വ്യക്തിക്ക് തന്റെ മൊബൈലിലൂടെ എത്ര സന്ദേശങ്ങൾ വേണമെങ്കിലും അയക്കാം. കൂട്ടുകാരോടെല്ലാം എസ്.എം.എസ് അയക്കാൻ പറഞ്ഞിട്ടില്ലേ എന്ന ചോദ്യം ഇടയ്‌ക്കിടെ ഓർമപ്പെടുത്തുന്ന വിധി കർത്താക്കൾ ഇതിന് പ്രത്യേക കമ്മീഷൻ പറ്റുന്നുവെന്നത് അണിയറ രഹസ്യം.
വിജയിയെ തീരുമാനിച്ചതിന് ശേഷവും ഈ എസ്.എം.എസ്. പ്രയോഗം തുടരുന്നുണ്ട്. ഒരു സന്ദേശത്തിന് നാലു രൂപ വീതം ഈടാക്കുന്ന മൊബൈൽ കമ്പനി ഒരു റിയാലിറ്റി ഷോ പൂർത്തിയാവുന്നതോടെ കോടികൾ സമ്പാദിക്കുന്നു. സ്വന്തമാക്കിയ കൊളളമുതലിന്റെ പാതി ചാനൽ അക്കൗണ്ടിൽ വരുന്നതോടെ സാമ്പത്തിക തട്ടിപ്പിന്റെ ഒന്നാം റൗണ്ട് പൂർത്തിയാവുകയായി.
ഒത്തുവന്നാൽ ഫ്ലാറ്റും കാറും കൈനിറയെ സമ്മാനങ്ങളും സ്വന്തമാക്കുവാനായി ഈ രംഗത്ത് ഒരു കൈ നോക്കുവാൻ ഇറങ്ങിത്തിരിച്ച ആയിരങ്ങൾക്ക് നഷ്‌ടപ്പെടുന്നത് തങ്ങളുടെ സമ്പത്ത് മാത്രമല്ല, ജീവിതം തന്നെയാണ്. റിയാലിറ്റി ചൂതാട്ടത്തിൽ വിജയശ്രീലാളിതനായി പുറത്ത് വരുന്ന സൂപ്പർ സ്‌റ്റാറിനെ വാനോളം പുകഴ്‌ത്തുന്നവർ എലിമിനേഷൻ റൗണ്ടിൽ വെച്ച് പുറന്തളളപ്പെടുന്ന നിർഭാഗ്യവാൻമാരെ കുറിച്ച് ഓർക്കുന്നുപോലുമില്ല. ഉളളതെല്ലാം വിറ്റുപെറുക്കിയും ബാങ്കുകളിൽനിന്നു കടമെടുത്തും കൊളളപ്പലിശയ്‌ക്ക് തിരിമറി നടത്തിയും വില കൂടിയ കോസ്‌റ്റ്യൂംസും ഗുരുവിനേയും സ്വന്തമാക്കി ഒടുവിൽ അവസാന റൗണ്ടിൽ പരാജിതരായി പുറത്ത് പോവുമ്പോൾ ഇവർക്ക് നഷ്‌ടമാവുന്നത് സാമ്പത്തിക നഷ്‌ടം മാത്രമല്ല മാനഹാനി കൂടിയാണ്. മത്സരത്തിന്റെ അവസാന നിമിഷം വരെ പരീക്ഷണത്തിന്റെ കുന്തമുനയിൽ നിർത്തി ഈ കുരുന്നുകളെ അരുംകൊല ചെയ്യുന്നവരുടെ പേരിൽ കൊലപാതക ശ്രമത്തിന് കേസ്സെടുക്കേണ്ടതുണ്ട്. എസ്.എം.എസ്. വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് ബഹുവർണ്ണത്തിലുളള പോസ്‌റ്റർ അടിക്കുവാനും നോട്ടീസ് വിതരണം ചെയ്യുവാനും പണം വേണം. പ്രചരണം കൊഴുപ്പിക്കുവാനായി കുറേ ‘അടിപൊളി’ കൂട്ടുകാരെ പണം കൊടുത്ത് സമ്പാദിച്ചേ പറ്റൂ. ഇതിനൊക്കെ പുറമെ ലക്ഷ്വറി ഹോട്ടലിലെ താമസവും ഭക്ഷണവും യാത്രാ ചെലവുമൊക്കെ സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ വേണം.
പ്രേക്ഷകരുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ മുഖ്യ പ്രായോജകർ സമ്മാനിക്കുന്ന ഉപഹാരങ്ങളല്ലാതെ ചാനലുകളിൽ നിന്നും ഒരു നയാപൈസ പോലും കൈപറ്റാൻ നിവൃത്തിയില്ലാത്ത മത്സരാർത്ഥികൾ ഫൈനൽ റൗണ്ടിലെത്തുന്നതോടെ കുത്തുപാളയെടുത്തിരിക്കും.
റിയാലിറ്റി ഷോകളുടെ വേദിയിൽ ചില കുട്ടികളോട് വിധി കർത്താവിന്റെ ചോദ്യമിങ്ങനെ…
‘പ്രേമത്തിന്റെ സുഖമറിയുമോ…? ഈ പ്രണയരംഗ ഗാനം ആലപിക്കുമ്പോൾ ഏത് കാമുകിയെയാണ് ഓർമ വരുന്നത്..’
ഇണയോടൊപ്പം അലിഞ്ഞ് ചേർന്ന് ആടിത്തിമിർത്ത ഡൂയിറ്റ് റൗണ്ടിന്റെ അവസാനത്തിൽ മത്സാർത്ഥിയോട് ജൂറിയുടെ കുറ്റപ്പെടുത്തലുകൾ ഇങ്ങനെ..
‘രണ്ടുപേരുമുളള കെമിസ്‌ട്രി ശരിയായിട്ടില്ല. പരസ്‌പരം തൊട്ടുരുമ്മി അഭിനയിക്കുവാൻ ഒരു ഭയമുളളത് പോലെ. മുൻപരിചയം കിട്ടിയിട്ടില്ല അല്ലേ.’ പിന്നെ ഒരു കള്ളച്ചിരി. തുടർന്ന് ക്ഷണിക്കപ്പെട്ട ‘മാന്യ’ സദസ്സിന്റെ ഒരേ താളത്തിലുളള കയ്യടി.
എസ്.എം.എസ്. വോട്ടിന് അഭ്യർത്ഥിക്കുന്ന മത്സരാർത്ഥികൾ എത്ര വിനയാന്വിതരാണ്. യാചനയുടെ മറ്റൊരു മുഖമാണ് നാമിവിടെ ദർശിക്കുന്നത്. മിക്ക ചാനലുകളും വളരെ പ്രമുഖരായ വിധികർത്താക്കളെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. മത്സരാർത്ഥികളെ സ്വന്തം കുടുംബാംഗങ്ങളെ പോലെ സ്‌നേഹിക്കുകയും അവർക്കായി കൈനിറയെ സമ്മാനങ്ങൾ നൽകുകയും അവരുടെ കലാജീവിതത്തിന് ശോഭനമായ ഭാവി ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ദീതി ഇവരിൽ നിന്നെല്ലാം ഏറെ ഉയരത്തിലാണ്. എന്നാൽ കണ്ണുനീർ സീരിയലിനെപോലും പിന്നിലാക്കുന്ന ഇവരുടെ സെന്റിമെന്റൽ ഭാവം എലിമിനേഷൻ റൗണ്ടിൽ നിന്നും പുറത്ത് പോവുന്നവരെ മാത്രമല്ല പ്രേക്ഷകരേയും കരയിപ്പിക്കുന്നു. സ്വന്തം അമ്മയുടെ മരണവാർത്ത കേട്ടാൽ പോലും ഒരു തുളളി കണ്ണുനീർ പൊഴിക്കാത്തവർ വാണി എന്ന യുവഗായിക പുറത്തായപ്പോൾ തേങ്ങിക്കരയുന്നുണ്ടായിരുന്നു. വിധികർത്താക്കളും അവതാരകയും മത്സരിച്ച് കരയിപ്പിച്ച് വിടുന്ന ഇത്തരത്തിലുളള വാണിമാരിൽ ആരെങ്കിലും അപമാനഭാരത്താൽ ആത്മഹത്യ ചെയ്യുന്നതോടെ തിരശ്ശീല വീഴും നമ്മുടെ റിയാലിറ്റി കച്ചവടം.
റിയാലിറ്റി ഷോയിൽ ഇല്ലാത്തത് റിയാലിറ്റി തന്നെയാണ്. മത്സരാർത്ഥികളെ കൊണ്ട് സൃഷ്‌ടിച്ചെടുക്കുന്ന ഭാവനാ ലോകമല്ല മറിച്ച് അവരിലെ കഴിവുകൾ കണ്ടെത്താനുളള റിയൽ ശ്രമങ്ങളാണ് റിയാലിറ്റി ഷോകളിൽ സംഭവിക്കേണ്ടത്. ബിഗ് ബ്രദർ, കോൻ ബനേഗാ ക്രോർപതി എന്നീ ഹിന്ദി പരിപാടികളെ അനുകരിച്ച് കൊണ്ട് മലയാള ചാനലുകളിൽ തുടക്കമിട്ട റിയാലിറ്റി ഷോകൾ, ഐഡിയ സ്‌റ്റാർ, ഗന്ധർവ്വ സംഗീതം, സ്‌റ്റാർവാർ, ലിറ്റിൽ സ്‌റ്റാർ, വനിതാ രത്‌നം, സൂപ്പർ സ്‌റ്റാർ ഗ്ലോബൽ, ബെസ്‌റ്റ് സിറ്റിസൺ ജേർണലിസം എന്നിങ്ങനെ വ്യത്യസ്‌തമായ പേരുകളിൽ മെഗാസീരിയലുകളായി തുടരുക തന്നെയാണ്. വിജയകരമെന്ന് തെളിയിക്കപ്പെടുന്ന ഫോർമുലകൾ അതേപടി അനുകരിക്കുവാൻ ആർക്കും അറുപ്പില്ലാതായിരിക്കുന്നു. പിടിച്ചു നിൽക്കുവാൻ സ്വന്തമായി സർഗശേഷിയില്ലാത്ത ചാനലുകൾ ജനക്കൂട്ടസദസ്സിൽ നിന്നും പ്രേക്ഷക സമൂഹത്തെ തട്ടിയെടുക്കുവാൻ എന്തെങ്കിലും പുതുമകൾ വേണമെന്ന കണ്ടെത്തലാണ് റിയാലിറ്റി ഷോകളുടെ അധിനിവേശത്തിന് വഴിയൊരുക്കിയത്. ആട്, തേക്ക്, മാഞ്ചിയം സ്‌റ്റൈലിലുളള ഈ വാണിജ്യരീതി ഇനിയും പല ചാനലുകളും പരീക്ഷിക്കുവാൻ പോവുകയാണ്. മൗലികത നഷ്‌ടപ്പെട്ട, ശുദ്ധ സംഗീതത്തെ പടിയടച്ച് പിണ്ഡം വെച്ച റിയാലിറ്റി ഷോകളുടെ ഏറ്റവും വലിയ ദുരന്തം അതിന്റെ പ്രേക്ഷക സാന്നിദ്ധ്യം തന്നെയാണ്. ശാസ്‌ത്രീയ സംഗീതത്തിലോ നൃത്തത്തിലോ യാതൊരു അറിവുമില്ലാത്ത ഏറെ ആസ്വാദന നിലവാരം കുറഞ്ഞ പ്രേക്ഷകർ ശാസ്‌ത്രീയ സംഗീതത്തെ പറ്റിയും നാട്യങ്ങളെക്കുറിച്ചും എസ്.എം.എസ് സന്ദേശങ്ങളിലൂടെ വിധിയെഴുത്ത് നടത്തുന്നത് വലിയ ദുരന്തം തന്നെയാണ്. ചില ഷോകളിൽ പ്രത്യക്ഷപ്പെടുന്ന ‘സെലിബ്രിറ്റി’ ഗസ്‌റ്റുകൾ എഴുന്നളളിക്കുന്ന വിധിപ്രഖ്യാപനങ്ങൾ കേട്ട് യഥാർത്ഥ ജൂറിഅംഗങ്ങൾ തന്നെ തല കുനിച്ചിരിക്കുന്ന രംഗം ഏറെ പരിതാപകരമാണ്. മത്സരാർത്ഥിയുടെ ജാതിയും സൗന്ദര്യവും കുടുംബ പശ്ചാത്തലവും സെന്റിമെന്റൽ സൃഷ്‌ടിക്കുവാനുളള കഴിവുമെല്ലാം മത്സരഫലത്തെ സ്വാധീനിക്കുന്നത് കൊണ്ട് തന്നെ റിയാലിറ്റി ഷോ അതിന്റെ റിയലിസത്തിൽനിന്നും ഏറെ അകലെയാണ്. സ്‌പോൺസറും ചാനലും തീരുമാനിച്ചുറപ്പിച്ച ഗ്ലോബലൈസേഷൻ കെണിയിൽ അകപ്പെട്ട ഇരകൾ മാത്രമാണ് ഈ പ്രേക്ഷക സമൂഹം. സമൂഹത്തിലെ കൊളളരുതായ്‌മകളോടും അനീതിയോടും പൊരുതുവാൻ തയ്യാറാവേണ്ട ഒരു സമൂഹത്തെ വിഡ്‌ഢിപ്പെട്ടിയ്‌ക്കുമുന്നിൽ നിഷ്‌ക്രിയരായി തളച്ചിടുവാൻ വഴിയൊരുക്കുന്ന ഉദാരവത്‌ക്കരണത്തിന്റെ ഈ വാണിജ്യ തന്ത്രത്തിന് നേരെ ജാഗ്രത പാലിക്കുക.
Generated from archived content: eassay1_aug23_08.html Author: ubaid_edavanna