കൂടല്ലൂർ ഗ്രാമം

കൂടല്ലൂർ ഗ്രാമം

നിളയിൽ തൂതപ്പുഴ കൂടുന്നിടം.

ഇത്‌ എം.ടിയുടെ ഗ്രാമമാണ്‌. മലയാളസാഹിത്യത്തിൽ കൂടല്ലൂരിനെ അനശ്വരമാക്കിയ കഥാകാരന്റെ പൂർവ്വകഥ തേടിയാണ്‌ കൂടല്ലൂരെത്തിയത്‌.

കൂടല്ലൂരിനെ ലോകമറിയുന്നത്‌ എം.ടിയിലൂടെയാണ്‌. എം.ടിയെ വിശ്വസാഹിത്യകാരനാക്കിയത്‌ കൂടല്ലൂരുമാണ്‌! മലയാള സാഹിത്യത്തിലും സിനിമയിലും നിത്യവിസ്മയമായി നിറഞ്ഞുനിൽക്കുന്ന എം.ടി, കഥാപ്രപഞ്ചത്തിലെ ശൂന്യതകൾ പൂരിപ്പിച്ച സാഹിത്യകാരനാണ്‌.

പുഴകൾ പരിണയിച്ച്‌ ഒന്നിക്കുന്ന കൂടല്ലൂരിൽ, എത്ര പെറുക്കിയാലും തീരാത്തത്രയും കഥകൾ മറഞ്ഞുകിടക്കുന്നുണ്ട്‌. വേലായുധനും, ഗോവിന്ദൻകുട്ടിയും, കോന്തുണ്ണി അമ്മാമയും, മീനാക്ഷിയേടത്തിയും എല്ലാം കൂടല്ലൂരിന്റെതാണെന്ന്‌ എം.ടി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

എം.ടിക്ക്‌ തന്റെ കഥകളെക്കാൾ പ്രിയപ്പെട്ടതായിരുന്നു കഥകളുടെ കഥകൾ! ഒരുമൂല്യ നിധിപോലെ അദ്ദേഹം അവയെല്ലാം മനസ്സിൽ സൂക്ഷിക്കുന്നു.

വേരുകൾ പറിച്ചു മാറ്റാനാവാത്തവിധം അഭേദ്യമാംവിധമാണ്‌ എം.ടിക്ക്‌ കൂടല്ലൂരെന്ന ചെറിയ ഗ്രാമത്തോടുള്ള ബന്ധം. വ്യത്യസ്തമായ ഭൂതലങ്ങൾ തേടി പലപ്പോഴും അദ്ദേഹം അലയാറുണ്ടെങ്കിലും വീണ്ടും വന്നെത്തുന്നത്‌ കൂടല്ലൂരിൽ തന്നെയാണ്‌. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അദ്ദേഹം ഇഷ്ടപ്പെടുന്നത്‌ തന്റെ പ്രിയപ്പെട്ട നിളാനദിയെയാണ്‌!

കൂട്ടക്കടവ്‌

എടവം കഴിഞ്ഞാലും ചടുലമാവാത്ത പുഴ! ഇടതടവില്ലാതെ മണൽ നിറച്ച്‌ പുഴ നീന്തിക്കയറുന്ന ലോറികളുടെ നീണ്ടനിര കാണാം. കടവിൽ, തോണിയും തോണിക്കാരനുമില്ല. ഓളവും തീരവും തമ്മിൽ സമരസപ്പെടുന്നില്ല. ചൂളമിട്ട്‌ കടന്നുപോകുന്ന പടിഞ്ഞാറൻകാറ്റിൽ മമ്മത്‌ക്കയുടെ കെസ്സ്‌പാട്ടിനുവേണ്ടി കാതോർത്തു. കടവുപുരയും മമ്മത്‌ക്കയും ഇല്ലാത്ത കൂട്ടക്കടവ്‌!

അണച്ചുകെട്ടിയ തോണി ഓളപ്പാളികളിൽ കുണുങ്ങിനിൽക്കുന്നതും സങ്കല്പിച്ച്‌ ഏറെനേരം നിന്നു. വേദനയുടെ മന്ദഹാസം പോലെ.

നേർത്ത പകൽ വെളിച്ചം. മാനവികതയുടെ മഹാനദികൾ മനസ്സിൽ സൂക്ഷിച്ച ബാപ്പുട്ടിയെ ഇവിടെ കണ്ടെത്താനാവുമോ? പാതിരാവും പകൽവെളിച്ചവും ഇണചേരുന്ന മണൽമെത്തയിൽ കൂർത്ത ഇലകളുള്ള പുല്ലുകളാണ്‌ തഴയ്‌ക്കുന്നത്‌.

അശ്വതി

ആദ്യനക്ഷത്രത്തിന്റെ ഐശ്വര്യം തങ്ങിനിൽക്കുന്ന വീട്‌. അശ്വതിയിലിരുന്നാൽ പുഴ കാണാം. പുഴയിൽ ഓളങ്ങളിളകുന്നതും കാണാം. 20 വർഷം മുമ്പ്‌ ബാലേട്ടന്റെ പറമ്പിൽ നിന്ന്‌ മുപ്പതുസെന്റ്‌ നിലം വാങ്ങിയാണ്‌ അശ്വതി പണിതത്‌. തൊട്ടടുത്തു തന്നെ എം.ടി.ബി നായർ എന്ന ബാലേട്ടന്റെ മക്കൾ താമസിക്കുന്നു.

തിരക്ക്‌ പിടിച്ച നഗരജീവിതത്തിൽ നിന്ന്‌ മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾ ഊരിയെടുത്ത്‌, എം.ടി അശ്വതിയിൽ കൂടണയാനെത്തും. ഇവിടെ വരാതായാൽ എം.ടിക്ക്‌ വീർപ്പുമുട്ടലനുഭവപ്പെടും. നിളയിൽ നീരാടിത്തിമിർത്ത കുട്ടിക്കാലം ഒരു വേണുഗാനം പോലെ എം.ടിയുടെ മനസിലുണ്ട്‌. ഇപ്പോഴും ആ പതിവ്‌ തെറ്റിക്കുന്നില്ല.

ഈ പുഴയും, ഈ കടവും, ഈ ഗ്രാമവും എല്ലാം എം.ടിയുടെ കഥകളുടെ ഭൂമികയാണ്‌. ഓരോ എഴുത്തുകാരനും സ്വന്തമായി ഇത്തിരി കൃഷിഭൂമിയുണ്ട്‌. എഴുതുവാനുള്ള മെറ്റീരിയൽസ്‌ അവിടെ നിന്നാണ്‌ ലഭിക്കുന്നത്‌. അതിനോടയാൾ വല്ലാത്തൊരു വൈകാരികബന്ധം പ്രകടിപ്പിക്കുന്നു എന്ന്‌ എം.ടി പ്രസ്താവിക്കുമ്പോൾ, തന്റെ പൂർവ്വബോധത്തിൽ കിടക്കുന്ന കൃഷിഭൂമി കൂടല്ലൂരാണെന്ന്‌ അടിവരയിട്ടുറപ്പിക്കുകയാണല്ലോ!

തൃത്താല – കുമ്പിടിറോഡ്‌

കൂട്ടക്കടവിൽ നിന്നല്പദൂരം തെക്കോട്ട്‌ നടന്നാൽ നിരത്തിനോട്‌ ചേർന്ന്‌ പാടം കാണാം. പാടം മുറിച്ചു കടന്നാൽ താന്നിക്കുന്നിന്റെ താഴ്‌വാരത്തെത്താം. ഇവിടെയാണ്‌ എം.ടിയുടെ തറവാട്‌. കൂടല്ലൂരിന്റെ എല്ലുറപ്പുള്ള താന്നിക്കുന്നും, നട്ടെല്ലായ നാലുകെട്ടും. മാടത്ത്‌ തെക്കേപ്പാട്ട്‌ തറവാട്‌. കൂടല്ലൂരിന്റെ ഇതിഹാസങ്ങൾ ലോകത്തിന്‌ കാഴ്‌ചവെച്ച കാഥികന്റെ പണിപ്പുര!

പണ്ട്‌ പടിപ്പുര ഉണ്ടായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിലത്‌ വീണുപോയി. പടവുകൾ കയറിച്ചെന്നപ്പോൾ താന്നിക്കുന്നിന്റെ ശിരസ്സിൽ മുടിയഴിച്ചാടുന്ന കാറ്റിന്റെ ഊറ്റമറിഞ്ഞു.

പഴയ പാരമ്പര്യത്തിന്റെ ജീവസുറ്റ സ്മരണപോലെ തറവാട്‌ ഉയർന്നുനിൽക്കുന്നു. നാലുകെട്ടും അസുരവിത്തും കുട്ട്യേടത്തിയും ഓപ്പോളുമെല്ലാം ഇരുട്ടിന്റെ ആത്മാവ്‌ കീറി പുറത്തുചാടുന്നതു പോലെ തോന്നി.

സർപ്പക്കാവും, കേരാദിഫലവൃക്ഷങ്ങളും നിറഞ്ഞ കാനനഭംഗിയിൽ പ്രകൃതിയുടെ നിറച്ചാർത്ത്‌ പോലെ തറവാട്‌.

പണ്ട്‌ നാലുകെട്ടായിരുന്നു. അൽപ്പസ്വൽപ്പം രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പഴമയുടെ ഗന്ധം തങ്ങിനിൽക്കുന്നുണ്ട്‌.

ഫ്ലാഷ്‌ബാക്ക്‌.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം. വലിയൊരു തറവാട്ടിലെ ക്ഷീണിത താവഴിക്കാരായിരുന്നു തെക്കേപ്പാട്ടുകാർ. ഇവിടെ നാരായണി അമ്മയും നാലുമക്കളും. (രണ്ടാണും രണ്ടു പെണ്ണും)

നാരായണി അമ്മയുടെ മൂത്തമകളാണ്‌ അമ്മാളുക്കുട്ടി. അവൾക്ക്‌ വിവാഹപ്രായവുമായി. മനസ്സിൽ സ്വപ്നങ്ങൾ പൂത്തു നിൽക്കുന്ന കാലമാണ്‌. താന്നിക്കുന്നിലും, താഴ്‌വാരത്തും പുഴയിലും പാടവരമ്പിലും ഒരു പൂത്തുമ്പിയെപ്പോലെ അമ്മാളു പാറിനടന്നു.

ഒരു ദിവസം അമ്മാളു അപരിചിതനായ ഒരു യുവാവിനെ കാണാനിടയായി. ആഗതനെ കുറിച്ചറിയുവാൻ ആകാംക്ഷ വളർന്നു.

ആഗതൻ പുന്നയൂർകുളത്തുകാരനാണ്‌. പേര്‌ നാരായണൻ നായർ. പുന്നയൂർക്കുളത്തുകാരനായ തെണ്ടിയത്ത്‌ വീട്ടിൽ നാരായണൻ നായർ, മാടത്തു തെക്കേപ്പാട്ട്‌ വീട്ടിലെ അമ്മാളുവുമായി ലോഹ്യത്തിലാവാൻ അധികനാൾ വേണ്ടിവന്നില്ല.

അയാൾ മെട്രിക്കുലേഷൻ പാസായി വെറുതെ നടക്കുകയാണ്‌. അയാൾക്ക്‌ കൂടല്ലൂരിൽ ഒരു സതീർത്ഥ്യനുണ്ട്‌. പാറക്കുളങ്ങര ഗോവിന്ദമേനോൻ. (പിന്നീട്‌ ഗോവിന്ദമേനോൻ സുപ്രീംകോടതി ജഡ്‌ജിയായി വിരമിച്ചു.)

ഉപരിപഠനത്തിന്‌ മദ്രാസിൽ പോകണമെന്നായിരുന്നു നാരായണൻ നായർ ആഗ്രഹിച്ചിരുന്നത്‌. അക്കാര്യത്തെക്കുറിച്ച്‌ ആലോചിക്കാനാണ്‌ അയാൾ കൂടല്ലൂർ വന്നത്‌. എന്നാൽ ഒരു നിയോഗം പോലെ അയാൾ കൂടല്ലൂരിൽ തങ്ങി. പള്ളിമഞ്ഞാലിൽ കുഞ്ഞുമുഹമ്മദ്‌ സാഹിബ്ബിന്റെ മക്കളെയും മറ്റും പഠിപ്പിക്കാൻ നിയുക്തനാവുകയും ചെയ്തു. അക്കാലത്താണ്‌ നാരായണൻ നായർ അമ്മാളുവിനെ പരിണയിച്ചത്‌.

പുതുക്കാട്‌ പാലപ്പിള്ളി എസ്‌റ്റേറ്റ്‌

കൂടല്ലൂരിൽ നിന്ന്‌ സുമാർ 70 കി.മീ ദൂരം കാണും പുതുക്കാട്ടേക്ക്‌.

നാരായണൻനായർ പുതുക്കാട്‌ പാലപ്പിള്ളി എസ്‌റ്റേറ്റിൽ ക്ലാർക്കായി ചേർന്നു. ഇക്കാലത്താണ്‌ അമ്മാളു സാഹസികയാത്രയ്‌ക്ക്‌ തുടക്കം കുറിച്ചത്‌.

അമ്മാളു പുലരും മുമ്പ്‌ കൂടല്ലൂരിൽ നിന്ന്‌ പുറപ്പെടും. 70 കി.മീ. നടക്കണം. വാഹനങ്ങളൊന്നും ഇല്ല. നടന്നേ പറ്റൂ. തൃശൂർ വഴി നടന്ന്‌ പാലപ്പള്ളി എസ്‌റ്റേറ്റിൽ എത്തുമ്പോൾ രാത്രിയാകും. കൂടെ ആങ്ങളപ്പയ്യനുണ്ടാകും. ഇത്രയും ദൂരം നടന്നുചെന്നാണ്‌ അമ്മാളു ഭർതൃസന്നിധിയിൽ എത്തിയിരുന്നത്‌. ഇന്ന്‌ അത്‌ ആലോചിക്കാൻ പോലുമാവാത്ത കാര്യമാണ്‌.

പുന്നയൂർകുളത്ത്‌ ഭർതൃഗൃഹത്തിൽ അമ്മാളു അധികനാൾ നിന്നിട്ടില്ല. നാരായണൻനായർക്ക്‌ അത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല.

അമ്മാളു ഗർഭിണിയായിരിക്കെയാണ്‌ നാരായണൻനായർ സിലോണിലേയ്‌ക്ക്‌ പോയത്‌. അവിടെ തലശ്ശേരിക്കാരനായ ടി.പി കുഞ്ഞുമൂസ്സയുടെ കമ്പനിയിൽ മാനേജരായി ചേർന്നു.

അതിനിടയിൽ അമ്മാളു പ്രസവിച്ചു. ഗോവിന്ദൻ. സീമന്തപുത്രനെ ലാളിച്ച്‌ വർഷമൊന്നു തള്ളിനീക്കിയ അമ്മാളുവിന്‌ ഒരു ദിവസം ഭർത്താവിന്റെ സന്ദേശം കിട്ടി. കുഞ്ഞിനേയും എടുത്ത്‌ ഉടനെ പുറപ്പെടണമെന്നായിരുന്നു സന്ദേശം. നാരായണൻ നായർ ധനുഷ്‌ക്കോടി മണ്ഡപം ക്യാമ്പിൽ കാത്തുനിൽക്കാമെന്നും അറിയിച്ചിരുന്നു.

സാഹസികത അമ്മാളുവിന്റെ കൂടപ്പിറപ്പാണല്ലോ. പുതുക്കാട്ടേക്ക്‌ നടന്നുപോയ അനുഭവമുണ്ട്‌. വരുന്നതുവരട്ടെ എന്ന്‌ നിനച്ച്‌ അമ്മാളു പുറപ്പെട്ടു. പൈതലിനെ തോളിലിട്ട്‌ 16കാരനായ ആങ്ങളപ്പയ്യനെ കൂട്ടിയാണ്‌ യാത്ര. അപാരധൈര്യം കണ്ട്‌ നാട്ടുകാർ അത്ഭുതം കൂറി. അന്ന്‌ തീവണ്ടിയാത്ര ആലോചിക്കുമ്പോൾ തന്നെ കിടിലംകൊള്ളണം. യാത്രക്കാരെ കവർച്ച ചെയ്യുന്ന കൊള്ളക്കാരുടെ കാലമാണെന്നോർക്കണം ഏതായാലും അതൊരു സാഹസിക യാത്രയായിരുന്നു.

ധനുഷ്‌ക്കോടി മണ്ഡപം ക്യാമ്പിൽ വെച്ചാണ്‌ നാരായണൻനായർ പ്രഥമപുത്രനെ കാണുന്നത്‌.

സിലോൺ

ഭർത്താവിനൊപ്പം അമ്മാളു സിലോണിൽ കുടുംബജീവിതം ആരംഭിച്ചു. ഗോവിന്ദനെ തമിഴ്‌ സ്‌കൂളിൽ ചേർത്തു. കൂടല്ലൂരിൽ ജനിച്ചുവളർന്ന അമ്മാളുവിന്‌ സിലോൺ ജീവിതവും തമിഴ്‌പേച്ചും സഹിക്കാനാവുമായിരുന്നില്ല. മകന്റെ തമിഴ്‌പേച്ച്‌ കേട്ട്‌ അമ്മാളു ഭയന്നു. ഇക്കാലത്ത്‌ ഗോവിന്ദന്‌ അഞ്ചുവയസായപ്പോൾ അമ്മാളു ബാലനെ പ്രസവിച്ചു.

കൂടല്ലൂരും താന്നിക്കുന്നും പുഴയും പാടവും ഇടവഴിയുമെല്ലാം അമ്മാളുവിന്റെ മനസിൽ പച്ചപിടിച്ചിരുന്നു. തന്റെ പൊന്നോമനമക്കൾ തമിഴന്മാരായി വളരുകയാണെന്ന വിചാരം ആ അമ്മയെ വല്ലാതെ വേദനിപ്പിച്ചു.

1928ൽ രണ്ടുമക്കളേയും കൂട്ടി അവർ സിലോൺ വിട്ടു. മക്കളെ മലയാളികളാക്കി വളർത്താനുള്ള ഉൾക്കടമായ അഭിനിവേശം ഇല്ലായിരുന്നുവെങ്കിൽ മലയാളസാഹിത്യം എത്രമേൽ ദരിദ്രമാകുമായിരുന്നു? തന്റെ സുഖവും സന്തോഷവും മാത്രം ഇച്ഛിച്ചിരുന്നുവെങ്കിൽ അമ്മാളു സിലോണിൽ തന്നെ തങ്ങുമായിരുന്നുവല്ലോ! അങ്ങിനെ സംഭവിച്ചിരുന്നുവെങ്കിൽ കൂടല്ലൂരും, തെക്കേപ്പാട്ട്‌ തറവാടും എം.ടിയുമെല്ലാം അറിയപ്പെടാത്ത ഏതോ ഗ്രഹത്തിലകപ്പെടുമായിരുന്നു.

വീണ്ടും കൂടല്ലൂരിൽ

താന്നിക്കുന്നിന്റെ ചരിവിലുള്ള ഒരു മൺകുടിലിലാണ്‌ അമ്മയും മക്കളും താമസിച്ചത്‌. സുഭിക്ഷമായ സിലോൺ ജീവിതത്തിൽ നിന്ന്‌ വിരുദ്ധമായിരുന്നു കാര്യങ്ങളുടെ കിടപ്പ്‌. ചാക്കരിക്കഞ്ഞി കുടിച്ചാണ്‌ കുട്ടികൾ വളർന്നത്‌. വളരെ ദാരിദ്ര്യം നിറഞ്ഞ കാലഘട്ടമാണ്‌ പിന്നിട്ടത്‌. എങ്കിലും ഗോവിന്ദനെ വീട്ടിലിരുത്തി മലയാളം പഠിപ്പിക്കാൻ കിഴക്കേപ്പാട്ട്‌ ശങ്കരൻനായരെ നിയോഗിച്ചു.

ഒരുവർഷം കൊണ്ട്‌ ഗോവിന്ദൻ മലയാളം നന്നായി പഠിച്ചു. തുടർന്ന്‌ ആറ്‌ നാഴിക ദൂരെയുള്ള കുമരനെല്ലൂർ ഹൈസ്‌കൂളിൽ ഫസ്‌റ്റ്‌ ഫോമിൽ ഗോവിന്ദനെ ചേർത്തു. മലമക്കാവ്‌ ഡിസ്‌ട്രിക്ട്‌ ബോഡ്‌ എലിമെന്ററി സ്‌കൂളിൽ ബാലനേയും ചേർത്തു.

സിലോണിൽ നിന്ന്‌ നാരായണൻനായർ അയക്കുന്ന തുക കൊണ്ടാണ്‌ നാളുന്തിയിരുന്നത്‌. വീട്ടിൽ ഏഴുപേരുണ്ടായിരുന്നു. അമ്മാളു, ഗോവിന്ദൻ, ബാലൻ, അമ്മാളുവിന്റെ അച്ഛനും അമ്മയും, രണ്ടനിയന്മാരും പിന്നെ ആശ്രിതർ വേറെയും! വളരെ അരിഷ്‌ടിച്ചു കഴിഞ്ഞുപോന്ന അക്കാലഘട്ടം. എം.ടിയുടെ ജനനത്തിനും മുമ്പായിരുന്നു. പിന്നീടാണ്‌ അഞ്ചുവയസിന്റെ അകലമിട്ട്‌ നാരായണനും വാസുവും ജനിച്ചത്‌.

തെക്കെപ്പാട്ട്‌ തറവാട്ടിലെ പൂമുഖം

വാസു കൂടല്ലൂരിൽ വന്നാൽ തറവാട്ടിൽ വരും. ഇവിടുന്നാണ്‌ ഊണുകഴിക്കുക പതിവ്‌. ചിലപ്പോൾ അശ്വതിയിലേക്ക്‌ ഊണ്‌ കൊടുത്തുവിടും.

മൂത്ത ജ്യേഷ്‌ഠൻ ഗോവിന്ദൻമാഷ്‌ അടിയുറച്ച ഗാന്ധിയനായിരുന്നു.

1967ൽ സംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ചത്‌ ഗോവിന്ദൻമാഷ്‌ക്കായിരുന്നു. എസ്‌.എസ്‌.എൽ.സിയിലും ബി.എയിലും റാങ്ക്‌ നേടിയിട്ടുണ്ട്‌. മദ്രാസും, ആന്ധ്രയും, മലബാറും ഉൾപ്പെടുന്ന പഴയ മദിരാശി സംസ്ഥാനത്തിൽ പി.എസ്‌.സി പരീക്ഷയിലും അദ്ദേഹം റാങ്ക്‌ നേടിയിട്ടുണ്ട്‌.

1943ൽ മദിരാശി സെക്രട്ടറിയേറ്റിൽ യു.ഡി ക്ലാർക്കായി ജോലി ലഭിച്ചതാണ്‌. പക്ഷേ, നിർഭാഗ്യം കൊണ്ടത്‌ നഷ്ടപ്പെട്ടു. ഗോവിന്ദൻ കോൺഗ്രസ്സ്‌ പ്രവർത്തകനാണെന്ന്‌ സി.ഐ.ഡി റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നാണ്‌ ജോലി നഷ്ടപ്പെട്ടത്‌.

ചീഫ്‌ സെക്രട്ടറിയുടെ പദവിവരെ എത്തേണ്ടതായിരുന്നു- ജോലിയിലുണ്ടായിരുന്നെങ്കിൽ! പിന്നീട്‌ മദ്രാസിൽ ബാച്ച്‌ലർ ഓഫ്‌ ടീച്ചിംഗ്‌ ചേർന്നു. തുടർന്ന്‌ മലബാർ ഡിസ്‌ട്രിക്ട്‌ ബോർഡിന്റെ കീഴിലുള്ള നിരവധി ഹൈസ്‌കൂളുകളിൽ അധ്യാപകവൃത്തി ചെയ്തു.

ഒടുവിൽ കുമരനെല്ലൂർ ഹൈസ്‌കൂളിൽ നിന്നാണ്‌ അടുത്തൂൺ പറ്റിയത്‌. ഭാര്യയും അഞ്ചുമക്കളുമുണ്ട്‌. തെക്കെപ്പാട്ടിലെ കാരണവരായി ഗോവിന്ദൻമാഷ്‌ പൂർവ്വസ്മൃതികൾ അയവിറക്കി ഏറെക്കാലം ജീവിച്ചു.

പത്തായപ്പുര

തറവാടിനോട്‌ ചേർന്ന്‌ തെക്കുഭാഗത്താണ്‌ എം.ടി.എൻ നായർ എന്ന നാരായണൻനായർ താമസിച്ചിരുന്നത്‌. പഴയ പത്തായപ്പുരയുടെ സ്ഥാനത്താണിത്‌ പണിതിട്ടുള്ളത്‌. എം.ടി.എൻ നായർ എം.ടിയുടെ നേരെ മൂത്ത ജേഷ്‌ഠനാണ്‌. ആദ്യകാലത്ത്‌ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്‌. നിരവധി കഥകളും രചിച്ചിട്ടുണ്ട്‌. 1945ലാണ്‌ കവിതകൾ എഴുതാൻ തുടങ്ങിയത്‌. യോഗക്ഷേമം, ജയകേരളം, മംഗളോദയം, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ്‌ കഥകൾ വന്നിട്ടുള്ളത്‌.

31വർഷം റെയിൽവേയിൽ ജോലിചെയ്തു. ഒടുവിൽ കമേഷ്യൽ കൺട്രോളർ പദവിയിൽ നിന്നാണ്‌ വിരമിച്ചത്‌. ഇപ്പോൾ അന്യഭാഷാ ഗ്രന്ഥങ്ങൾ വിവർത്തനം നടത്തി പാലക്കാട്‌ താമസിക്കുന്നു.

കവാബാത്തയുടെ ഹിമഭൂമി, സാർത്രെയുടെ എറോസ്‌റ്റ്‌ റാറ്റസ്‌, ജെ. കൃഷ്ണമൂർത്തിയുടെ അറിഞ്ഞതിൽ നിന്നുള്ള മോചനം, ജീവിതത്തിന്റെ ദാർശനികത, കാഫ്‌ക്കയുടെ മെറ്റമോർഫസിസ്‌, ലോകകഥ, തുടങ്ങിയവയാണ്‌ മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രന്ഥങ്ങൾ.

ഉദ്യോഗസ്ഥരായ രണ്ട്‌ പെൺമക്കളുണ്ട്‌.

ബാലേട്ടൻ

പുഴക്കഭിമുഖമാണ്‌ എം.ടി.ബി നായരുടെ വീട്‌. പുന്നയൂർക്കുളത്ത്‌ നിന്ന്‌ അച്ഛന്റെ ഓഹരിവിറ്റു കിട്ടിയ തുക കൊണ്ട്‌ ഒരേക്രനിലം വാങ്ങിയാണ്‌ വീട്‌ പണിതത്‌. ഇതിൽ നിന്നാണ്‌ അശ്വതി പണിയാൻ മുപ്പത്‌ സെന്റ്‌ സ്ഥലം നൽകിയത്‌.

എം.ടി.ബി നായർ എന്ന ബാലേട്ടന്‌ ജോലി മടുത്തു. പിന്നീട്‌ കോഴിക്കോട്‌ നിന്ന്‌ പ്രസിദ്ധപ്പെടുത്തിയിരുന്ന ദിനപ്രഭയിൽ രണ്ടുവർഷം സബ്‌ എഡിറ്ററായി പ്രവർത്തിച്ചു. അന്ന്‌ തിക്കൊടിയനും കൂടെയുണ്ടായിരുന്നു. രണ്ടുവർഷം കഴിഞ്ഞതും പത്രം നിന്നു.

1950ൽ തൃശ്ശൂർ എക്സ്‌പ്രസ്സിൽ ആറ്‌ മാസത്തോളം സബ്‌ എഡിറ്ററായി. എ.പി.പി നമ്പ്യാർ അവധിയെടുത്ത കാലത്താണിത്‌.

ജേർണ്ണലിസം കൊണ്ട്‌ ജീവിക്കാനാവില്ലെന്ന്‌ ബോധ്യപ്പെട്ടപ്പോൾ ഒരു ബ്രിട്ടീഷ്‌ കമ്പനിയിൽ സെയിൽസ്‌ വിഭാഗത്തിൽ പ്രവേശിച്ചു. 32 വർഷം പ്രസ്തുത കമ്പനിയെ സേവിച്ചു. ഇക്കാലത്ത്‌ കേരളത്തിനും പുറത്തും സഞ്ചരിച്ചു.

ആദ്യകാലത്ത്‌ ധാരാളം കഥകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. ഫോട്ടോഗ്രാഫിയിലാണ്‌ കൂടുതൽ കമ്പം. എം.ടി.ബി നായരുടെ രണ്ട്‌ സീരിയലുകൾ ദൂരദർശൻ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്‌.

എം.ടി.ബി നായർക്ക്‌ നാലു പെൺമക്കളും രണ്ട്‌ ആൺമക്കളുമുണ്ട്‌. മകൻ മധു തെക്കേപ്പാട്ട്‌ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്‌. ബാലേട്ടൻ മരണപ്പെട്ട ശേഷം ഇവിടെ സന്ദർശകരുടെ ബാഹുല്യം കണ്ടിട്ടില്ല.

(തുടരും….)

Generated from archived content: koodallur1.html Author: tvm_ali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here