വളളുവനാടൻ ശബ്‌ദ സംസ്‌ക്കാരത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച തായമ്പകയുടെ കുലപതി ആലിപ്പറമ്പ് ശിവരാമപൊതുവാൾ ഓർമ്മയായി. തന്റെ സിദ്ധികളെല്ലാം ദൈവത്തിന്റേത് മാത്രമാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ശിവരാമപൊതുവാൾ എളിമ നിലനിർത്തിപ്പോന്ന കലാകാരനായിരുന്നു. വാദ്യകലാമാധുര്യത്തിന്റെ അവശേഷിക്കുന്ന ഒരു തുളളികൂടി നഷ്‌ടപ്പെട്ട പ്രതീതിയിലാണ് ആസ്വാദകവൃന്ദം. രസകരമായി തായമ്പക അവതരിപ്പിച്ചു പോന്നിരുന്ന പൊതുവാൾ ഒരിക്കൽപോലും പ്രതിഫലത്തിന്റെ പേരിൽ ആരുമായും ഇടഞ്ഞിരുന്നില്ല. അറിഞ്ഞു കൊടുക്കുന്നത് വാങ്ങിപോവുന്ന പതിവ്, ശിവരാമപൊതുവാൾക്കു മാത്രമുണ്ടായിരുന്ന പ്രത്യേകതയായിരുന്നു. ഏതമ്പലത്തിലും മുന്നറിയിപ്പുകൂടാതെ കയറിച്ചെന്ന് അഷ്‌ടപദി അവതരിപ്പിക്കുകയും അദ്ദേഹം പതിവാക്കിയിരുന്നു. ഈയിടെ അന്തരിച്ച തൃത്താല കുഞ്ഞികൃഷ്‌ണപൊതുവാളുടെ സമശീർഷനായിരുന്ന ശിവരാമപൊതുവാൾ കലയിലും ജീവിതത്തിലും ബന്ധുക്കളായിരുന്നു. ചെണ്ടയുടെ ഇടംതലയിലെ ജൈവകണങ്ങളിൽ കയ്യുംകോലും മാറിമാറി വർഷിച്ച് ആസ്വാദകരെ വിസ്‌മയിപ്പിച്ചുപോന്ന ഇദ്ദേഹം മലമൽക്കാവ് ശൈലി പിന്തുടർന്നവരിൽ അവസാനത്തെ കണ്ണിയാണ്. ഒരു അടിസ്ഥാനതാളത്തിൽ നിന്നുകൊണ്ട് മനോധർമ്മങ്ങൾ കൊട്ടിനിറക്കുന്ന കാര്യത്തിൽ ശിവരാമപൊതുവാളിനെ പിന്നിലാക്കാൻ അധികമാർക്കും സാധിച്ചിരുന്നില്ല. താളവാദ്യകലയുടെ മർമ്മമറിഞ്ഞ കരിക്കാട് അപ്പുമാരാരുടെ നിരീക്ഷണത്തിൽ രണ്ട് ഇടക്കവാദനക്കാരാണുളളത്. പല്ലാവൂർ അപ്പുമാരാരും ആലിപ്പറമ്പ് ശിവരാമപൊതുവാളും. തായമ്പകരംഗത്ത് തൃത്താല കേശവപ്പൊതുവാളിനുശേഷം കേരളം കണ്ട പ്രതിഭാധനരിൽ ഓർക്കപ്പെടുന്നത് തൃത്താല കുഞ്ഞികൃഷ്‌ണപ്പൊതുവാളും ആലിപ്പറമ്പ് ശിവരാമപ്പൊതുവാളുമായിരുന്നു. അടുത്തടുത്ത് ഇരുവരും മരണമടഞ്ഞതോടെ വാദ്യകലാരംഗത്ത് നാദമാധുരി തക്കിടക്കാരുടെ പക്കൽ ഭദ്രമാവുമോ എന്ന് ആശങ്ക ഉയർത്തുന്നുണ്ട്. മലമൽക്കാവ് ശൈലിയുടെ അടിസ്ഥാനതത്വം കാലനിർണ്ണയമാണ്. ഇവിടെ എണ്ണങ്ങൾക്കാണ് പ്രാധാന്യം. ചേർച്ച വരാതെ എണ്ണങ്ങൾ പ്രയോഗിച്ച് മേളക്കൊഴുപ്പോടുകൂടി നിലനിർത്തി പ്രയോഗിക്കുക എന്ന മലമൽക്കാവ് ശൈലിയുടെ പ്രത്യേകത പിൻപറ്റാൻ ഇനി അഗ്രഗണ്യരില്ല. അതുകൊണ്ടുതന്നെ വളളുവനാട്ടിലെ വിദ്യ ആസ്വാദകർക്ക് നഷ്‌ടത്തിന്റെ പൂരപ്പറമ്പുകളാണ് മുന്നിലുളളത്. തൃത്താലക്കാരുടെ പ്രിയങ്കരനായ കുഞ്ഞികൃഷ്‌ണപ്പൊതുവാളും ആലിപ്പറമ്പ് ശിവരാമപ്പൊതുവാളും ഓർമ്മയിലേക്ക് മറയുമ്പോൾ നഷ്‌ടപ്പെടുന്നത് വാദ്യമാധുരിയുടെ തേൻതുളളികളാണ്. ദശാബ്‌ദങ്ങൾ കൊട്ടിതീർത്ത ശബ്‌ദസംസ്‌ക്കാരത്തിന്റെ പതാക പറപ്പിക്കാൻ പുതിയ തലമുറ മുന്നിട്ടിറങ്ങുന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്.
Generated from archived content: essay1_sept28_06.html Author: tvm_ali