ഒരു കൂടല്ലൂർ വീരഗാഥ – 2

വാസുവിന്റെ പൂർവ്വകഥ

ഫ്ലാഷ്‌ ബാക്ക്‌-

1933ലാണ്‌ അമ്മാളുക്കുട്ടി നാലാമത്തെ മകനെ പ്രസവിച്ചത്‌. മൂന്നാൺമക്കൾക്കുശേഷം നാലാം പേറ്‌ പെണ്ണാവണമെന്ന്‌ അമ്മാളു ആഗ്രഹിച്ചുകാണും.

നിന്റെ ഓർമ്മയ്‌ക്ക്‌ എന്ന കഥയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്‌.

-ഞ്ഞങ്ങൾ നാലാൺമക്കളാണ്‌. സഹോദരിമാർ ആരുമില്ല. പാറുവമ്മയുടെ അഭിപ്രായത്തിൽ അതാണ്‌ അമ്മയുടെ ഏറ്റവും വലിയ സുകൃതം… ഒരു പെൺകുട്ടി ഉണ്ടാവാൻ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാൺമക്കൾക്കു ശേഷം അമ്മ ഗർഭിണിയായപ്പോൾ കണിയാർ പറഞ്ഞു. ഇത്‌ പെൺകുട്ടി തന്നെ. എല്ലാവർക്കും സന്തോഷമായി. ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളുമില്ല. പക്ഷേ, പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട്‌ ഒരു ചാവാളിച്ചെറുക്കൻ ഭൂജാതനായി. വിനയപൂർവ്വം അറിയിച്ചുകൊള്ളട്ടെ… ആ നിർഭാഗ്യവാൻ ഞാനാണ്‌. ഒരു മകളുടെ സ്ഥാനത്ത്‌ വന്നുപിറന്നതുകൊണ്ടായിരിക്കാം അമ്മയുടെ വക ധാരാളം അടി വന്നു ചേരാറുണ്ട്‌. ഏട്ടന്മാരും ഇടക്കെല്ലാം ദ്രോഹിക്കും. തനിച്ചിരിക്കുമ്പോൾ എന്റെ ദുരവസ്ഥയെപ്പറ്റി ഞാനോർത്തുപോവും.

ജീവിതത്തിൽ നിന്ന്‌ ചീന്തിയെടുത്ത ഒരു പഴയതാളാണ്‌ ഈ കഥയെന്ന്‌ എം.ടി. ഇതിൽ എഴുതിയിട്ടുണ്ട്‌. കുടുക്കുകൾ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയിൽകുടുക്കി നിർത്തിയാണ്‌ വാസു എന്ന കഥാപാത്രം നടക്കുന്നത്‌. പത്തോ പതിനൊന്നോ വയസാണവന്‌. അമ്മാളു അമ്മയുടെ മകൻ വാസു വല്ലാത്ത വികൃതിയും വല്യേ വാശിക്കാരനുമായിരുന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കും. ഒടുവിൽ കരച്ചിൽ നിർത്താൻ ഒരു വഴി കണ്ടുപിടിച്ചു. വാസുവിന്റെ കൈപിടിച്ച്‌ ബാലേട്ടൻ പുഴയിൽ ചെന്നിരിക്കും. പുഴകണ്ട്‌ അവൻ ശാന്തനാകും. പിന്നെ വാശിയോ ശാഠ്യമോ ഒന്നും ഉണ്ടാവില്ല. പുഴയിലെ ഓളങ്ങൾ നോക്കി ഏറെ നേരം അവനിരിയ്‌ക്കും. പിന്നെ തിരിച്ചുപോരും. പലപ്പോഴും ഇതായിരുന്നു പതിവ്‌.

മൂന്നാം വയസിലാണ്‌ വാസുവിനെ എഴുത്തിനിരുത്തിത്‌. കോപ്പൻ മാഷ്‌ നടത്തിയിരുന്ന സ്വകാര്യ വിദ്യാലയത്തിലാണ്‌ ആദ്യാക്ഷരങ്ങൾ പഠിച്ചത്‌. അവിടെ മൂന്ന്‌ ക്ലാസാണ്‌ ആകെ ഉണ്ടായിരുന്നത്‌. രണ്ടുവർഷം കൊണ്ട്‌ മൂന്നാംക്ലാസു വരെയുള്ള പാഠങ്ങൾ പഠിച്ചു.

അഞ്ചാം വയസിൽ മലമക്കാവ്‌ എലിമെന്ററി സ്‌കൂളിൽ ചേർത്തു. ഏഴാം വയസിൽ അഞ്ചാം തരം വരെയുള്ള എല്ലാ പാഠങ്ങളും പഠിച്ചു തീർത്തു. അവന്‌ അസാമാന്യ ബുദ്ധിയായിരുന്നു. എട്ടാം വയസിൽ കുമരനെല്ലൂർ ഹൈസ്‌ക്കൂളിൽ ഫസ്‌റ്റ്‌ഫോമിൽ ചേർന്നു. 14-​‍ാം വയസിൽ എസ്‌.എസ്‌.എൽ.സി പാസ്സായി. മിടുക്കനായ വിദ്യാർത്ഥി എന്ന പരിഗണനയിൽ എല്ലാ വർഷവും സ്‌റ്റൈപെന്റും കിട്ടിയിരുന്നു. പ്രൈമറിക്ലാസിൽ ഡബിൾ പ്രമോഷനും ഫസ്‌റ്റ്‌ഫോം തൊട്ട്‌ സ്‌റ്റൈപ്പന്റും നേടിയ വാസുവിന്‌ രണ്ടുവർഷം ഉഴപ്പി നടക്കേണ്ടിവന്നു.

14-​‍ാം വയസിൽ എസ്‌.എസ്‌.എൽ.സി പാസായെങ്കിലും കോളേജിൽ ചേരാൻ 16 തികയണമായിരുന്നു. ഇക്കാലത്താണ്‌ സാഹിത്യകൃതികളുമായി വാസു സഹവാസത്തിലായത്‌. അതിനു മുമ്പുതന്നെ ഏട്ടന്മാരുടെ കഥകളും കവിതകളും അച്ചടിച്ചുവന്നിരുന്നതും വാസുവിനെ പ്രചോദിപ്പിച്ചു കാണണം.

അഞ്ച്‌ നാഴിക ദൂരെയാണ്‌ വായനശാല. ആനക്കര ഗോവിന്ദാകൃഷ്ണാലയം വായനശാലയിൽ ധാരാളം ഗ്രന്ഥശേഖരമുണ്ടായിരുന്നു. എല്ലാ ആനുകാലികങ്ങളും അവിടെ എത്തിയിരുന്നു. ഉച്ചയൂണു കഴിഞ്ഞാൽ ഒരു നടത്തമാണ്‌. സന്ധ്യവരെ അവിടെ കൂടും. ഇക്കാലത്താണ്‌ അച്ഛൻ സമ്പാദ്യവുമായി സിലോണിൽ നിന്ന്‌ വന്നതും തെക്കെപ്പാട്ട്‌ തറവാട്‌ വിലക്കെടുത്തതും.

എഴുത്തിന്റെ വഴിയിലൂടെ

1947ലാണ്‌ തുടക്കം. ആദ്യമെഴുതിയത്‌ ലേഖനമായിരുന്നു. രത്നവ്യവസായത്തെപ്പറ്റിയാണ്‌ എഴുതിയിരുന്നത്‌. മദ്രാസിൽ നിന്ന്‌ പ്രസിദ്ധപ്പെടുത്തിയിരുന്ന ചിത്രകേരളം മാസികയിലാരുന്നു വിഷുക്കൈനീട്ടം എന്ന ആദ്യകഥ അച്ചടിച്ചുവന്നത്‌. ബാലേട്ടനാണ്‌ ഈ കഥയ്‌ക്ക്‌ ഇല്യുസ്‌ട്രേഷൻ വരച്ചത്‌.

പതിനാറ്‌ തികഞ്ഞപ്പോൾ പാലക്കാട്‌ വിക്ടോറിയയിൽ ചേർന്ന്‌ പഠിക്കുന്ന സമയത്താണ്‌ രക്തം പുരണ്ട മൺതരികൾ എന്ന പ്രഥമ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്‌. ഇതിനു മുൻകൈ എടുത്തത്‌ സഹപാഠികളായിരുന്നു. പിന്നീട്‌ മാതൃഭൂമി നടത്തിയ ലോകകഥാ മത്സരത്തിൽ വളർത്തുമൃഗങ്ങൾ എന്ന കഥ മലയാള വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

കേന്ദ്രബിന്ദു

കഥകളിലേക്കു കടക്കാം. നിരവധി കഥകളിൽ വാസു തന്നെയാണ്‌ കേന്ദ്രബിന്ദു. ബാല്യകാലം ചിത്രീകരിക്കുന്ന കഥകളിൽ കാല്പനികത തുളുമ്പി നിൽക്കുന്നു. അദ്ദേഹം കഥ പറയുന്നില്ല. കഥ അനുഭവിപ്പിക്കുകയാണ്‌. ഹൃദയത്തോടാണ്‌ കഥ സംവദിക്കുന്നത്‌. കഥാപാത്രങ്ങൾ നിലവിളിക്കുകയല്ല. തേങ്ങിക്കരയുകയാണ്‌. ഇത്‌ ഒരു നീറുന്ന നൊമ്പരമായി മനസിൽ തങ്ങിനിൽക്കും.

തെറ്റും തിരുത്തും, പടക്കം, നിന്റെ ഓർമ്മയ്‌ക്ക്‌ എന്നീ കഥകളിൽ കഥാനായകൻ വാസുതന്നെയാണ്‌. നീലക്കടലാസിലെ വേണുവിനെയും നുറുങ്ങുന്ന ശൃംഖലകളിലെ ശേഖരനെയും ഒരു പിറന്നാളിന്റെ ഓർമ്മയിലെ കുഞ്ഞികൃഷ്ണനേയും ഓപ്പോളിലെ അപ്പുവിനെയും കണ്ടെടുത്തത്‌ പൂർവ്വബോധത്തിന്റെ സ്മരണയിൽ നിന്നാവാതെ തരമില്ലല്ലോ.

ഇരുട്ടിന്റെ ആത്മാവ്‌

അകത്തും നിന്നും ഒരു കോലാഹലം ഉമ്മറത്തേക്ക്‌ നീങ്ങിവരികയാണ്‌. ഭ്രാന്തൻ! ഭ്രാന്തൻ! വേലായുധൻ പിന്നെ നിന്നില്ല. ചുണ്ടുകൾ നനച്ചപ്പോൾ ഉപ്പുചുവച്ചു. നെറ്റിയിൽ നിന്ന്‌ ഒലിച്ചിറങ്ങിയ ചോരയാണ്‌. കാലിലെ ചങ്ങലക്കഷ്ണവും വലിച്ചുകൊണ്ട്‌ വേലായുധൻ പടിയിറങ്ങി. ശരീരം തളർന്നുവീഴാറായിരുന്നു. എങ്കിലും ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻ ഓടി.

ഓടിവരുന്നത്‌ ഇരുട്ടിന്റെ ആത്മാവിലെ വേലായുധനാണ്‌. വാസുവിന്‌ അന്ന്‌ ഏഴോ എട്ടോ ആണ്‌ പ്രായം. അന്നാണ്‌ വാസു വേലായുധനെ കണ്ടത്‌. ഭ്രാന്തൻ വേലായുധൻ വീട്ടിൽക്കയറിവന്ന രംഗം എം.ടിയുടെ മനസിൽ ഇപ്പോഴുമുണ്ട്‌.

വടക്കേവീട്ടിൽ നിന്ന്‌ രക്ഷപ്പെട്ടാണ്‌ അവൻ വന്നത്‌. കോലായിലേക്ക്‌ അവൻ കയറി. നിലവിളക്കിന്റെ വെളിച്ചത്തിൽ വേലായുധനെ കണ്ടു. മാൾവേടത്തി എനിക്കിത്തിരി ചോറ്‌ തരൂ. അവൻ അമ്മയോട്‌ പറഞ്ഞു.

കുഞ്ഞുനാളിൽ കണ്ട വേലായുധൻ ഇരുട്ടിന്റെ ആത്മാവിൽ അനശ്വരനായത്‌ എത്രയോ വർഷങ്ങൾക്കുശേഷമാണ്‌. അതെഴുതുമ്പോൾ എം.ടിക്ക്‌ ഇരുപത്‌ വയസ്സ്‌ കഴിഞ്ഞു കാണും. ഒരു വ്യാഴവട്ടക്കാലം മനസ്സിൽ ജീവിച്ചതിനുശേഷമാണ്‌ വേലായുധൻ ഇരുട്ടിന്റെ ആത്മാവിലെ അനശ്വര കഥാപാത്രമായത്‌ എന്നോർക്കുമ്പോൾ എം.ടിയുടെ തപസ്യയുടെ ആഴം കാണാനാകും.

വെള്ളിനാണയം

എം.ടി ബി.എസ്‌.സിക്ക്‌ പഠിക്കുകയാണ്‌. അക്കാലത്താണ്‌ അമ്മക്ക്‌ ക്യാൻസർ പിടിപെട്ടത്‌. അമ്മയെ ചികിത്സിക്കാൻ മദ്രാസിലേക്ക്‌ കൊണ്ടുപോവുകയാണെന്ന്‌ വാസുവിന്‌ വിവരം കിട്ടി. വീട്ടിലെത്താൻ വാസുവിന്റെ മനസു തുടിച്ചു. പക്ഷേ, പരീക്ഷയുടെ വാൾമുനയാണ്‌ ശിരസിൽ. അമ്മയെ തീവണ്ടിയിലാണ്‌ കൊണ്ടുപോകുന്നത്‌. വിവരമറിഞ്ഞ്‌ വാസു ഒലവക്കോട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ ഓടി.

തീവണ്ടിയിൽ അമ്മയുണ്ടായിരുന്നു. മകൻ അമ്മയെ കണ്ടു. അമ്മ മകന്റെ ശിരസിൽ തലോടി. അത്‌ അമ്മയുടെ അവസാനത്തെ അനുഗ്രഹമായിരുന്നുവെന്ന്‌ കരുതിയില്ല. വണ്ടി ചൂളംവിളിച്ച്‌ നീങ്ങാൻ തുടങ്ങും മുമ്പ്‌ അമ്മ കോന്തല അഴിച്ച്‌ ഒരു വെള്ളിനാണയമെടുത്തു. മകന്റെ കരംകവർന്ന്‌ ഉള്ളംകയ്യിൽ അത്‌ വച്ചുകൊടുത്തു. അതിൽ അമ്മയുടെ സ്നേഹം മുഴുവനും ഉണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വിടചൊല്ലിയപ്പോൾ അതൊടുക്കത്തെ കൂടിക്കാഴ്‌ചയാകുമെന്നും കരുതിയില്ല.

ആ വെള്ളിനാണയമാണ്‌ സർവ്വ ഐശ്വര്യങ്ങളുടേയും ഉറവിടമെന്ന്‌ പറയാം. അതിനുശേഷം എം.ടിക്ക്‌ പണവും പ്രശസ്തിയും പെരുകിക്കൊണ്ടിരുന്നു.

അമ്പത്തഞ്ചാം വയസിൽ അമ്മ മരണപ്പെടുമ്പോൾ വാസു ബി.എസ്‌.സി പരീക്ഷ എഴുതുകയായിരുന്നു. അമ്മ മരിച്ചവിവരം വാസുവിനെ അറിയിച്ചില്ല. പരീക്ഷയ്‌ക്ക്‌ വിഘ്‌നം വരാതിരിക്കാൻ വേണ്ടിയാണ്‌ അറിയിക്കാതിരുന്നത്‌. പരീക്ഷ തീർന്നതും വാസുവിനെ വീട്ടിലേയ്‌ക്ക്‌ വിളിച്ചുകൊണ്ടുവന്നു.

വാസു ബി.എസ്‌.സി പാസ്സായി. പാലക്കാട്‌ എം.വി.ട്യൂട്ടോറിയലിൽ എം.ടി വാധ്യാരായി ചേർന്നു. നല്ല വാഗ്മിയായിരുന്നതിനാൽ വിദ്യാർത്ഥികൾക്കെല്ലാം എം.ടിയെ വളരെ ഇഷ്ടമായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ കളമൊന്നു മാറ്റിച്ചവിട്ടാൻ എം.ടിക്ക്‌ മോഹമുണ്ടായി. അതിനെ തുടർന്ന്‌ ഗ്രാമസേവകനായി തീരാനുള്ള പരിശീലനത്തിന്‌ തളിപ്പറമ്പിലേക്ക്‌ പോയി.

തളിപ്പറമ്പ്‌

ഗ്രാമസേവകനാകാനുള്ള പരിശീലനക്കളരിയിലാണ്‌ എം.ടി. ഇക്കാലം വളരെ ഹ്രസ്വമായിരുന്നു. ഇവിടെ രസകരമായ ഒരു സംഭവമുണ്ടായി.

എം.ടി പണ്ടുമുതൽക്കേ ബീഡിവലിക്കമ്പക്കാരനാണ്‌. ഇന്നും ചുണ്ടിൽ എരിയുന്ന ബീഡി കാണാം. ഒന്നിൽ നിന്ന്‌ മറ്റൊന്നു കത്തിച്ചു വലിക്കുന്ന കാലം. വലിയോടു വലി, മുറിയിൽ പുകമയം. പ്രിൻസിപ്പാളിന്റെ കണ്ണിൽപ്പെടാൻ അധികം വൈകിയില്ല. ബീഡിവലിക്കാരനെ ഉടനെ പിടികൂടി. പ്രിൻസിപ്പാൾ കടുത്ത ഗാന്ധിയനാണ്‌. പോരത്തതിന്‌ പുകവലി വിരുദ്ധനും!

പിന്നത്തെ കഥ പറയാനുണ്ടോ? ഗ്രാമസേവകൻ ആവാനുള്ള യുവാവ്‌ ബീഡിസേവകനായി മാറുന്നത്‌ പ്രിൻസിപ്പാൾക്ക്‌ പൊറുക്കാൻ കഴിഞ്ഞില്ല. കയ്യോടെ പിടികൂടി ശാസിച്ചു നോക്കി. വീണ്ടും നോട്ടപ്പുള്ളിയാക്കി. വീണ്ടും ശാസിച്ചു. പക്ഷേ വാസുവിന്റെ ബീഡി എരിഞ്ഞുകൊണ്ടിരുന്നു. മുറിയാകെ പുക നിറഞ്ഞുകൊണ്ടിരുന്നു. ബീഡിവലി അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. അതുപേക്ഷിച്ച്‌ ഉദ്യോഗം വേണ്ടെന്ന്‌ വാസു കരുതി. ഒരു മാസം കൊണ്ട്‌ പരിശീലനം മതിയാക്കി വാസു മുങ്ങി! പിന്നെ പൊങ്ങിയത്‌ പഴയ ലാവണത്തിൽ തന്നെ. എം.ടി ട്യൂട്ടോറിയലിൽ വീണ്ടും തിരിച്ചെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക്‌ അതൊരു ഉത്സവമായിരുന്നു.

പത്രാധിപർ

ട്യൂട്ടോറിയലിൽ വാധ്യാരായിരുന്ന കാലം. മാതൃഭൂമിയിൽ ഒരു പരസ്യം കണ്ടു. സബ്‌ എഡിറ്ററെ ആവശ്യമുണ്ട്‌. അപേക്ഷ അയച്ചു വൈകാതെ നിയമനം കിട്ടി. എൻ.വി. കൃഷ്ണവാര്യരുടെ കൂടെയായിരുന്നു എം.ടിയുടെ പ്രവർത്തനം.

പന്ത്രണ്ട്‌വർഷം സബ്‌ എഡിറ്ററായി പ്രവർത്തിച്ചതിനുശേഷം മുഖ്യ പത്രാധിപരായി. ഇക്കാലത്താണ്‌ നിർമ്മാല്യം എന്ന സിനിമ സംവിധാനം ചെയ്തത്‌. അതിനു മുമ്പു തന്നെ മുറപ്പെണ്ണ്‌, നഗരമേ നന്ദിയും തിരശീലയിൽ എത്തിയിരുന്നു. ഇതിനിടയിൽ മാണിക്യക്കല്ല്‌ (ബാലനോവൽ) നാലുകെട്ട്‌, അസുരവിത്ത്‌, ഇരുട്ടിന്റെ ആത്മാവ്‌ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി പ്രശസ്തിയുടെ ഗോപുരനടയിൽ എത്തിക്കഴിഞ്ഞിരുന്നു.

രണ്ടാമൂഴം

1980-82 കാലം ശരിക്കും ഒരു രണ്ടാമൂഴക്കാരനായി പുനർജ്ജനിച്ച കാലമാണിത്‌. ഗുരുതരമായ കരൾരോഗം പിടിപെട്ട്‌ മരണത്തിന്റെ വക്കിലെത്തി. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നുവന്ന മരണദൂതൻ രണ്ടാമൂഴം നൽകി അനുഗ്രഹിച്ച്‌ പിന്മാറി. ഇക്കാലത്താണ്‌ രണ്ടാമൂഴം, ആൾക്കൂട്ടത്തിൽ തനിയെ എന്നിവ രചിച്ചത്‌.

കോഴിക്കോട്‌ സിതാരയിൽ താമസിക്കുന്ന എം.ടിയ്‌ക്ക്‌ ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്‌. മൂത്തവൾ സിത്താര അമേരിക്കയിലാണ്‌. രണ്ടാമത്തെ മകൾ അശ്വതി. സഹധർമ്മിണി സരസ്വതി കലാമണ്ഡലം നൃത്താധ്യാപികയായിരുന്നു. ഇപ്പോൾ നൃത്തവിദ്യാലയം നടത്തിവരുന്നു.

എം.ടി. യുടെ അമ്മ മരിച്ച്‌ പത്തുവർഷം കഴിഞ്ഞപ്പോൾ ക്യാൻസർ മൂലം അച്ഛനും മരിച്ചു.

ആത്മകഥ

എം.ടിയുടെ എല്ലാ കഥകളും കൂട്ടിവെച്ചാൽ അദ്ദേഹത്തിന്റെ ആത്മകഥയായി. ഇക്കാര്യം എം.ടി തന്നെ പറഞ്ഞിട്ടുണ്ട്‌ -എന്റെ ദുഃഖങ്ങളും ആഹ്ലാദങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും എന്നെ കീഴടക്കുമ്പോൾ എനിക്കു എഴുതണം, എഴുതാതെ വയ്യ. എഴുതിയിട്ടില്ലെങ്കിൽ എന്നോട്‌ കാട്ടിയ നെറികേടായി ഏതോ അജ്ഞാതശബ്ദം എവിടെയിരുന്നോ അപലപിക്കുന്നത്‌ നിശ്ശബ്ദമായി ഞാൻ കേൾക്കുന്നു.

എം.ടി കേൾക്കുന്ന അജ്ഞാതശബ്ദം തീർച്ചയായും കൂടല്ലൂരിന്റെതാണ്‌. ഇവിടുത്തെ മനുഷ്യരുടെ കണ്ണീരും പുഞ്ചിരിയും അദ്ദേഹം കാണുന്നു. നിളയുടെ തെളിനീരും ഉൾപ്പുളകവും എം.ടി അറിയുന്നു. അതുകൊണ്ട്‌ എം.ടിയ്‌ക്ക്‌ എഴുതാതെ വയ്യ.

അസംതൃപ്തമായ ആത്മാവിന്‌ വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭനിമിഷങ്ങൾക്കുവേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതുന്ന എം.ടിയ്‌ക്ക്‌, ആ സ്വാതന്ത്ര്യമാണ്‌ അസ്തിത്വമായിട്ടുള്ളത്‌. അതില്ലെങ്കിൽ എം.ടി കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാവുമായിരുന്നു.

ഈ സ്വാതന്ത്ര്യവും അസ്തിത്വവും എം.ടിയ്‌ക്ക്‌ നൽകിയത്‌ കൂടല്ലൂരാണ്‌. എം.ടി കൂടല്ലൂരിനോട്‌ കടപ്പെട്ടിരിക്കുന്നതുപോലെ മലയാള സാഹിത്യവും കൂടല്ലൂരിനോട്‌ കടപ്പെട്ടിരിക്കുന്നു.

Generated from archived content: essay1_june19_07.html Author: tvm_ali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here