സഹനത്തിന്റെ ഹിമവാൻ

വള്ളുവനാടിന്റെ വീരയോദ്ധാവായിരുന്നു മോഴിക്കുന്നത്ത്‌ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌. 110 വർഷം മുമ്പ്‌ ജനിക്കുകയും ഇതിഹാസചരിത്രമായി ജീവിക്കുകയും ചെയ്ത പോരാളി പുതിയ തലമുറയ്‌ക്ക്‌ തികച്ചും അന്യനാണ്‌. സ്വാതന്ത്ര്യം തന്നെ പണയപ്പെടുത്തുന്ന ആഗോളീകരണകാലത്ത്‌ സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിക്കുന്നതുപോലും കുറ്റകരമായേക്കാവുന്ന ഒരു സാഹചര്യം വന്നേക്കാം. നാല്‌ പതിറ്റാണ്ടു മുമ്പ്‌ മൺമറഞ്ഞ ആ വീരയോദ്ധാവിനെ അതിനു മുമ്പ്‌ അനുസ്മരിക്കാം.

1072 എടവമാസത്തിൽ (1897) പൂരാടം നാളിലാണ്‌ ആ പോരാളിയുടെ ജനനം.

ചെർപ്ലശ്ശേരിയിലെ മോഴിക്കുന്നത്ത്‌ മനക്കൽ നാരായണൻ സോമയാജിപ്പാട്‌ – സാവിത്രി അടിതിരിപ്പാട്‌ ദമ്പതികളുടെ മകനായി പിറന്ന ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌ സഹനത്തിന്റെ ഹിമവാനായിരുന്നു. ശിശുമർദ്ദനം മൂർധന്യദശയിൽ എത്തിയിരുന്ന കാലത്താണ്‌ ബ്രഹ്‌മദത്തൻ വേദോപനിഷത്തുകൾ പഠിച്ചത്‌.

അന്നത്തെ മർദ്ദനത്തിന്റെ സാമ്പിൾ ഇതാണ്‌. അടികൊണ്ട്‌ വളർന്നാലേ കുട്ടി നന്നാവൂ എന്നാണ്‌ വേദവാക്യം. ഒരുദിവസം തട്ടിൻമുകളിൽ നിന്ന്‌ താഴത്തേക്ക്‌ തള്ളിയിടപ്പെട്ട ആ കുട്ടി, ഒമ്പതാം വയസിൽ അനുഭവിച്ച വേദനകൾ മുതിർന്ന ശേഷവും ഓർമ്മയിൽ കാത്തുസൂക്ഷിച്ചിരുന്നു. ഒരു വികൃതിയും കാണിച്ചില്ലെങ്കിലും ഓത്തു ചൊല്ലിക്കുന്നതിന്റെ ശിക്ഷ സഹിച്ചേ പറ്റൂ. മക്കളെ തല്ലുവാൻ കൈ വരാത്തതുകൊണ്ട്‌ മറ്റുള്ളവരെ തല്ലാൻ ഏൽപിക്കുന്ന രീതിയുണ്ടായിരുന്നു. നിസ്സഹായരായ കുട്ടികൾ മുതിർന്ന ഗുരുക്കന്മാരുടെ പീഡനങ്ങൾക്കിരയാവാൻ വിധിക്കപ്പെട്ടവരാണ്‌.

കുട്ടിക്കാലത്ത്‌ അനുഭവിച്ചുകൊണ്ടിരുന്ന മർദ്ദനത്തിന്റെ തിണ്ണബലമാണ്‌ യൗവനത്തിലെ ക്രൂരപീഡനങ്ങളിൽ ബ്രഹ്‌മദത്തനെ താങ്ങിനിർത്തിയതെന്ന്‌ പറയാം.

1921ൽ മലബാറിൽ നടന്ന രാഷ്‌ട്രീയ പ്രക്ഷോഭമാണ്‌ ഖിലാഫത്ത്‌ ലഹള. ഇത്‌ സാമൂദായിക ലഹളയാണെന്ന്‌ ബ്രിട്ടീഷുകാർപോലും പറഞ്ഞിട്ടില്ല. അതൊരു രാഷ്‌ട്രീയ വിപ്ലവമായിരുന്നു. ആഭ്യന്തര കലാപകാരികളായാണ്‌ അവർ പ്രക്ഷോഭകരെ കണ്ടത്‌. നാസി ഭടന്മാർ രാഷ്‌ട്രീയത്തടവുകാരോട്‌ കാണിച്ച കൊടുംക്രൂരതകളെല്ലാം വെള്ളപ്പട്ടാളം ഇവിടെ ആവർത്തിച്ചിട്ടുണ്ട്‌. ഖിലാഫത്ത്‌ ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഒരു വിഭാഗമാളുകൾ അച്ചടക്കം വെടിഞ്ഞ്‌ നിയന്ത്രണാതീതരായി നീങ്ങി. അതോടെയാണ്‌ അനിഷ്ടകരമായ സംഭവങ്ങൾ നടന്നത്‌.

1921 ആഗസ്‌റ്റ്‌ 19ന്‌ ഏറനാട്ടിൽ ഇറങ്ങിയ വെള്ളപ്പട്ടാളം ക്രമേണ തൂതപ്പുഴ കടന്ന്‌ ചെർപ്ലശ്ശേരിയിലെത്തി. ഖിലാഫത്ത്‌ കലാപകാരികൾ പോലീസ്‌ സ്‌റ്റേഷൻ കൈയേറിയെന്നും, കാക്കത്തോട്‌ പാലം പൊളിച്ചെന്നും സബ്‌ ഇൻസ്‌പെക്ടറെ കൊലപ്പെടുത്തിയെന്നും കിംവദന്തികൾ നാടാകെ പരക്കുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ്‌ ബ്രഹ്‌മദത്തൻ പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ ആവതും ശ്രമിച്ചെങ്കിലും നിഷ്‌ഫലമായി.

കോൺഗ്രസും ഖിലാഫത്ത്‌ പ്രസ്ഥാനവുമാണ്‌ ലഹളക്ക്‌ കാരണക്കാരെന്ന ആരോപണമുയർന്നു. ലഹളയുടെ കുറ്റം മുഴുവൻ നിരപരാധിയായ ബ്രഹ്‌മദത്തന്റെ ശിരസ്സിലായി. പട്ടാളം വീടുവളയുമെന്നും വെടിവെച്ചുകൊല്ലുമെന്നും തൂക്കിലേറ്റുമെന്നും നാട്ടിൽ വാർത്ത പരന്നു. സുഹൃത്തുക്കൾ നാടുവിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒരു തെറ്റും ചെയ്യാത്ത താനെന്തിന്‌ നാടുവിട്ടോടണം എന്നായിരുന്നു ബ്രഹ്‌മദത്തന്റെ ചിന്താഗതി.

എന്നാൽ ഒരുദിവസം രാവിലെ പട്ടാളം ഇല്ലത്തെത്തി. ചിങ്ങം 16നാണ്‌ സംഭവം. കൊല്ലപ്പെട്ടെന്ന്‌ കരുതിയ സബ്‌ ഇൻസ്‌പെക്ടർ മൊയ്‌തീന്റെ നേതൃത്വത്തിലായിരുന്നു പട്ടാളത്തിന്റെ പ്രവേശനം. വസ്‌ത്രം മാറാനോ ഊണ്‌ കഴിക്കാനോ അനുവദിക്കാതെ മുറ്റത്തേക്കിറക്കി. ഒരു പട്ടാളക്കാരൻ രണ്ട്‌ മാറ്‌ നീളമുള്ളൊരു കയറെടുത്തു. മറ്റൊരാൾ കൈകൾ പിന്നോക്കം പിടിച്ചുകെട്ടി. കയറിന്റെ ഒരു തലകൊണ്ട്‌ കഴുത്തിലും വടമിട്ടു. കഴുത്തു കുടുങ്ങി. തൊണ്ട ഞെരുങ്ങി. ശ്വാസം മുട്ടിച്ചു കൊല്ലുമെന്നാണ്‌ കരുതിയത്‌. കഴുത്തിൽ ചാർത്തിയ കയറും പിടിച്ച്‌ പട്ടാളം ബ്രഹ്‌മദത്തനെ പുറത്തേയ്‌ക്ക്‌ ആനയിച്ചു. പടിഞ്ഞാറ്റിയുടെ മുകളിൽ നിന്നിരുന്ന അമ്മമാരും മറ്റു അന്തർജനങ്ങളും പെൺകിടാങ്ങളും കിളിവാതിലിലൂടെ ഈ കാഴ്‌ചകണ്ട്‌ വാവിട്ടലറുന്നത്‌ ബ്രഹ്‌മദത്തൻ കേൾക്കുന്നുണ്ടായിരുന്നു.

പട്ടാളവും പോലീസും തോക്കും കുന്തവുമായി ബ്രഹ്‌മദത്തനെ കച്ചേരിക്കുന്നിലേക്ക്‌ നയിച്ചു. വഴിക്കുവെച്ച്‌ വെടിവെച്ച്‌ കൊന്നുകളയുമെന്ന്‌ അദ്ദേഹം കരുതി. പക്ഷേ ഒറ്റയടിക്ക്‌ കൊല്ലാൻ അവർ തയ്യാറായില്ല.

ഭീഷണിപ്പെടുത്തി സാക്ഷികളെകൊണ്ട്‌ കളവുപറയിപ്പിക്കുന്ന കാര്യത്തിൽ പോലീസ്‌ വിജയിച്ചു. മോഴിക്കുന്നൻ പ്രേരണ ചെലുത്തിയാണ്‌ ലഹള നടത്തിയതെന്ന്‌ സാക്ഷികൾ മൊഴി നൽകി.

തടവുകാരെയെല്ലാം പിന്നോക്കം ബന്ധിപ്പിച്ച്‌ പരസ്പരം കൂട്ടിക്കെട്ടി. കുതിരപ്പട്ടാളം ബന്ദികളെ നിരത്തിലൂടെ അടിച്ചോടിച്ചു. ചെർപ്ലശ്ശേരി തൊട്ട്‌ കാറൽമണ്ണ, ഒറ്റപ്പാലം, വാണിയംകുളം തുടങ്ങിയ സ്ഥലങ്ങളിലൂടെ തടവുകാരെ ചെമ്മരിയാടുകളെപ്പോലെ ഓടിച്ച്‌ ഷൊർണ്ണൂർ സ്‌റ്റേഷനിലെത്തിച്ചു. ഉടുതുണിയും പ്രാണനും പോകുന്ന ഈ പലായനത്തെപ്പറ്റി ബ്രഹ്‌മദത്തൻ ഖിലാഫത്ത്‌ സ്മരണകളിൽ വിവരിച്ചിട്ടുണ്ട്‌. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ്‌ ബ്രഹ്‌മദത്തനും മറ്റു തടവുകാരും അനുഭവിച്ചത്‌.

പിന്നീട്‌ ജയിലുകളിൽ നിന്ന്‌ ജയിലിലേക്കുള്ള നെട്ടോട്ടമായിരുന്നു. പോലീസിന്റെയും ജയിലർമാരുടെയും വാർഡന്മാരുടെയും ക്രൂരമർദ്ദനങ്ങൾ അദ്ദേഹം വിവരിച്ചിട്ടുണ്ട്‌. ഒരു മനുഷ്യന്‌ ഇത്രമാത്രം പീഡനങ്ങൾ അനുഭവിക്കാനാവുമോ എന്ന്‌ ആരും ചിന്തിച്ചുപോകും. കോടതികളിൽ നിന്ന്‌ കോടതികളിലേക്ക്‌ അദ്ദേഹത്തെ ആട്ടിത്തെളിച്ചു.

രാജാവിനോട്‌ യുദ്ധം പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ വഴി തടയാൻ പാലം പൊളിച്ചു, നിയമവിരുദ്ധമായി സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങളാണ്‌ ബ്രഹ്‌മദത്തന്റെ മേൽ ചാർത്തിയിരുന്നത്‌.

പക്ഷേ ഹൈക്കോടതിയുടെ കല്പനപ്രകാരം കോയമ്പത്തൂർ ജയിലിൽ നിന്ന്‌ അദ്ദേഹത്തെ വിട്ടയച്ചു.

ഇല്ലത്തെത്തി അധികം നാൾ കഴിയും മുമ്പ്‌ മറ്റൊരു മാരണം അദ്ദേഹം അനുഭവിച്ചു. സമുദായഭ്രഷ്ടിന്റെ കഠിനപീഡനമായിരുന്നു ആ മാരണം. ഗവർമെണ്ടിനേക്കാൾ ദുഷ്ടതയാണ്‌ സമുദായകാരണവന്മാർ കാണിച്ചത്‌. ഭ്രഷ്ടിന്റെ ഡിഗ്രി കൂടിയതിനാൽ ചെർപ്ലശ്ശേരിയിൽ നിന്ന്‌ അദ്ദേഹം പട്ടാമ്പിയിലേക്ക്‌ താമസം മാറ്റി. ഒരുവർഷം പിന്നിട്ടപ്പോൾ വലിയമ്മ മരണപ്പെട്ടു. പിന്നീട്‌ അമ്മയും. മരണവീട്ടിൽ നിൽക്കാൻ അനുവദിക്കാത്തതുകൊണ്ട്‌ അദ്ദേഹത്തിന്‌ പെട്ടെന്ന്‌ തിരിച്ചുപോരേണ്ടിവന്നിരുന്നു. ഇതിനുശേഷമാണ്‌ അദ്ദേഹം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ചീറിയടിച്ചത്‌. അമ്മയുടെ മരണശേഷം ആചാരങ്ങൾ പാടെ ഉപേക്ഷിച്ചു. പൂണൂൽ ആഭാസമായി തോന്നി. അതോടെ ഭ്രഷ്ടിന്റെ കാഠിന്യവും വർദ്ധിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമാണ്‌ സ്ഥിതിഗതികളിൽ മാറ്റമുണ്ടായത്‌. ജന്മിത്വം തകർന്നതും ഖിലാഫത്തിനുശേഷമാണ്‌. കുടിയാന്മാർ പാട്ടമിച്ചവാരങ്ങൾ കൊടുക്കാതെയായി. ഇതോടെ ജന്മികൾ കടത്തിൽ മുങ്ങി.

1929ലെ വില ഇടിവോടുകൂടി പഴയ ജന്മിമാർ തരിപ്പണമായി. ജന്മിത്വം നശിച്ചതോടെ ഭൗതികബോധം വർദ്ധിച്ചു. ജീവിക്കുവാൻ ആചാരലംഘനം ആവശ്യമായി. ഈ വിധം മാറ്റം വന്നതോടെയാണ്‌ ബ്രഹ്‌മദത്തന്‌ സമുദായത്തിൽ വീണ്ടും സ്ഥാനം ലഭിച്ചത്‌.

1918ലാണ്‌ ബ്രഹ്‌മദത്തൻ സജീവ രാഷ്‌ട്രീയത്തിലറങ്ങിയത്‌. അന്നദ്ദേഹം ചെർപ്ലശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റായിരുന്നു. 1921ലാണ്‌ അറസ്‌റ്റ്‌ നടന്നത്‌.

കുട്ടിക്കാലത്ത്‌ വേദവും ഉപനിഷത്തും പഠിച്ചതിനു പുറമേ ഋഗ്വേദസംഹിതയും ഹൃദിസ്ഥമാക്കിയിരുന്നു. ഭാസകാളിദാസന്മാരുടെ കാവ്യനാടകാദികളിലും അദ്ദേഹം അവഗാഹം നേടി. മഹാകവി വള്ളത്തോളും നാലപ്പാട്ട്‌ നാരായണമേനോനും ആത്മമിത്രങ്ങളായിരുന്നു. കാവ്യാസ്വാദകൻ, നിരൂപകൻ എന്നീ നിലകളിലും മോഴക്കുന്നൻ പ്രശസ്തനാണ്‌.

1932ൽ വള്ളിക്കുന്ന്‌ ഇടശ്ശേരി ഇല്ലത്തെ സാവിത്രിയെ വേളി കഴിച്ചു. ആ ദമ്പതികൾക്ക്‌ ഏഴു മക്കളുണ്ട്‌. നാരായണൻ നമ്പൂതിരി (ഞാങ്ങാട്ടിരി), സാവിത്രി അന്തർജ്ജനം (കുറിച്ചിത്താനം, പാല), പരേതനായ രാജചന്ദ്രൻ, നീലകണ്‌ഠൻ (തൃശ്ശൂർ) നരേന്ദ്രമോഹൻ (മാട്ടായ), ശാന്ത (പാല), ജയദേവൻ (പട്ടാമ്പി) എന്നിവരാണ്‌ മക്കൾ.

ദീർഘകാലം പട്ടാമ്പി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു മോഴിക്കുന്നത്ത്‌ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌ 67-​‍ാം വയസിൽ 1964 ജൂലൈ 26നാണ്‌ അന്തരിച്ചത്‌.

ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു അദ്ദേഹം. സഹനത്തിന്റെ ഹിമവാനായ അദ്ദേഹത്തെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തേണ്ടതുണ്ട്‌. ഇതിനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്മാരകമന്ദിരം പണിയുന്നതിന്‌ അഞ്ച്‌സെന്റ്‌ സ്ഥലംനൽകിയിട്ടുണ്ട്‌. ലൈബ്രറി, കോൺഫറൻസ്‌ ഹാൾ, പാർട്ടി ഓഫീസ്‌ ഉൾപ്പെടെയുള്ള ഒരു കെട്ടിടം നിർമ്മിക്കാൻ നടപടി തുടങ്ങി. ഒരു വീരപോരാളിയെക്കുറിച്ചുള്ള സ്മരണ ഒരു മന്ദിരത്തിൽ ഒതുക്കി നിർത്തേണ്ടതല്ല. സ്വാതന്ത്ര്യാനന്തരം ഭാരതം ആറ്‌ പതിറ്റാണ്ട്‌ പിന്നിടുന്ന വേളയിൽ എങ്കിലും വീരപ്പോരാളികളുടെ ജീവചരിത്രം പാഠപുസ്തകമാക്കിക്കൊണ്ട്‌ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്‌. ആഗോളകരാറുകളുടെ കാണാച്ചങ്ങലകൾ കൊണ്ട്‌ രാജ്യത്തെ കൂച്ചുവിലങ്ങിടുന്ന ഇക്കാലത്ത്‌ ഓർമ്മകൾകൊണ്ട്‌ ഒരു പ്രതിരോധം തീർക്കാൻ തീവ്രശ്രമം ആവശ്യമാണ്‌.

Generated from archived content: essay1_apr26_07.html Author: tvm_ali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English