സിനിമാക്കാരെ സംബന്ധിച്ച് വിഷുവും ഓണവും ക്രിസ്‌തുമസ്സുമൊക്കെ പലപ്പോഴും ആഘോഷിക്കേണ്ടി വരാറില്ല. തിരക്കുകളിൽ ഓർക്കുവാൻപോലും കഴിയാറില്ല എന്നതാണ് കാരണം.
എങ്കിലും ഈ ദിനങ്ങളുടെ ഓർമ്മകൾ ഏറെ സന്തോഷവും നഷ്‌ടബോധവും ഉണർത്തുന്നതാണ്. ബാല്യകാലത്തിലേക്ക് മനസ്സറിയാതെ യാത്രചെയ്‌തു പോകുന്നു. അന്നൊക്കെ സംക്രാന്തിദിവസം പറമ്പിലെ ചവറുകളെല്ലാം അടിച്ചുകൂട്ടി തീയിടുന്നത്, പിന്നെ പടക്കങ്ങൾ പൊട്ടിക്കുന്നതും, വിഷുദിനത്തിൽ കൈനീട്ടം വാങ്ങുന്നതും, കണികാണുന്നതും ഒന്നും അങ്ങിനെ മറക്കാൻ കഴിയുന്നില്ല. അന്നത്തെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ. ഇന്നത്തെ കുട്ടികൾക്ക് വിഷുവെന്തെന്നോ കണിക്കൊന്ന എന്തെന്നോ അറിയില്ല. ഒരവധിക്കാലം കൂടി കിട്ടുന്നില്ല. ഇപ്പോൾ അവധിക്കാലത്തും ടൈംടേബിൾ വച്ച് കുട്ടികളെ പലതും തല്ലി പഠിപ്പിക്കുകയല്ലേ.
അതുകൊണ്ട് ഈ വിഷുവിന് എനിക്ക് ഒന്നേ പറയാനൊളളു. ഈ അവധിക്കാലത്ത് അച്ഛനമ്മമാർ കുട്ടികളെ സ്വതന്ത്രരായി വിടുക. അവർ മതിമറന്ന് കളിക്കട്ടെ. പടക്കം പൊട്ടിക്കട്ടെ, വിഷുക്കണിയൊരുക്കട്ടെ. എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും വിഷു ആശംസകൾ.
Generated from archived content: vishu_tvchandran.html Author: tv_chandran