ഉണ്ണിക്ക് ഏഴുവയസ്സ് കഴിഞ്ഞിരിക്കുന്നു. എന്റെ മകനാണ്. കണ്ണും കാതുമുറയ്‌ക്കുന്നതിന് മുൻപേ നഗരത്തിലെ ഏറ്റവും നല്ല ഇംഗ്ലീഷ് വിദ്യാലയത്തിൽ അയയ്‌ക്കപ്പെട്ടവനാണെങ്കിലും, അവനെക്കുറിച്ച് എനിക്ക് എന്നും ഉൽക്കണ്‌ഠയാണ്. ഇപ്പോൾ വിശേഷിച്ചും. അവന് ഏഴു വയസ്സ് കഴിഞ്ഞിരിക്കുകയാണല്ലോ. മാത്രമല്ല, ഗ്രീഷ്‌മാരംഭമാണ്. മകരക്കൊയ്‌ത്തും കഴിയാറായിരിക്കുന്നു.
ഒരു പെൺകുഞ്ഞ് കൂടി വേണമെന്ന ഭാര്യയുടെ നിർബന്ധത്തിന് ഞാൻ വഴങ്ങാതിരുന്നതാണ്. മൽസരത്തിന്റെ ഈ കുത്തൊഴുക്കിൽ ഇവനെത്തന്നെ എങ്ങനെ കരകയറ്റുമെന്ന് ആശങ്കപ്പെടുകയാണ് ഞാൻ. പക്ഷേ, അവന്റെ ചില വിചിത്രമായ പെരുമാറ്റങ്ങൾ, സംശയങ്ങൾ, അതും എന്നെ വേട്ടയാടുന്ന വിധത്തിൽ. ഞാൻ പറഞ്ഞില്ലേ, ഇപ്പോൾ വിശേഷിച്ചും. കാരണമതുതന്നെ അവന് ഏഴുവയസ്സ് കഴിഞ്ഞിരിക്കുന്നു. സ്വതവേ എനിക്ക് കുഞ്ഞുങ്ങളെ ഭയമാണ്. അവരുടെ മുഖത്തേയ്‌ക്ക് ഒരു നിമിഷത്തിലധികം ഞാൻ നോക്കാറില്ല. വാസ്‌തവത്തിൽ കുഞ്ഞുങ്ങളെ ആയിരിക്കില്ല ഞാൻ ഭയപ്പെടുന്നത്. എവിടേയുമുണ്ടായേക്കാവുന്ന ദൈവസാന്നിദ്ധ്യത്തെയായിരിക്കണം. പണ്ട്, വർഷങ്ങൾക്കു മുൻപ്, എന്റെ വിവാഹത്തിനും മുൻപ് നടന്ന ഒരു കൂടിക്കാഴ്‌ചയുടെ ഉൾമുറിവുകൾ എന്റെ അബോധത്തിൽ ഉണ്ണിയെക്കുറിച്ചളള ആവലാതികൾ തീവ്രമാക്കുന്നുണ്ടാവണം.
ജോലികിട്ടി അധികനാൾ ആയിരുന്നില്ല. ഏങ്ങിവലിഞ്ഞു നീങ്ങുന്ന ഒരു ബസ്സിലെ കൊടുംതിക്കിലും, വെറുപ്പുണ്ടാക്കുന്ന വിയർപ്പിന്റെ നാറ്റത്തിലും, ഹയർ പർച്ചേസിലൂടെ ഒരു ടൂവീലർ തരപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നിൽക്കുകയാണ് ഞാൻ. ഞാൻ നിൽക്കുന്നതിന് തൊട്ടുമുൻപിലെ സീറ്റിൽ ഇരിക്കുന്ന സ്‌ത്രീകളിൽ ഒരാളുടെ തോളിൽ ഒരു കുഞ്ഞ് തല പുറകോട്ട് ചായ്‌ച്ച് മയങ്ങുകയാണ്. ഇടയ്‌ക്ക് ആ കുഞ്ഞ് കണ്ണുകൾ പതുക്കെയൊന്ന് തുറന്ന് എന്നെ നോക്കി. ഞാൻ വിരണ്ടുപോയി. ഒരു നിമിഷം ഞാൻ എന്നെത്തന്നെ കാണുകയാണ്. പിന്നെ, ബസ്സിൽ നിന്നിറങ്ങുന്നതുവരെ ഞാൻ ആ കുഞ്ഞിന്റെ മുഖത്ത് നോക്കിയതേ ഇല്ല. കോളേജിൽ കത്തിനിന്നകാലത്ത്, എഴുത്തച്ഛനോ, കാഫ്‌കയോപോലും എന്നെ ഇങ്ങനെ അലട്ടിയിട്ടില്ല.
ഉണ്ണിയെക്കുറിച്ചുളള എന്റെ ഉൽക്കണ്‌ഠകൾ ഒരുപക്ഷേ അവൻ ജനിക്കുന്നതിനും മുൻപേ തുടങ്ങിയതായിരിക്കണം. എന്നാൽ എന്റെ ഭാര്യയ്‌ക്കിതൊന്നും മനസ്സിലാവില്ല. എന്റെ വ്യാകുലതകളെ അവൾ ഒരുതരം നിസ്സംഗതയോടെയാണ് കാണുക. അല്ലെങ്കിൽ, എല്ലാമറിയുന്നവളുടെ ഒരു മിസ്‌റ്റിക് പുഞ്ചിരി. എന്തുചെയ്യാം, പ്രശ്‌നങ്ങൾ അതിന്റെ പരകോടിയിലാണിപ്പോൾ.
ഒരു കർക്കിടകവാവിന്റെ അന്നാണ്. വൈകിട്ട് ഞാൻ ജോലികഴിഞ്ഞ് വരുമ്പോൾ, രാവിലെ മുതൽ തകർത്ത് പെയ്‌തിരുന്ന മഴ അല്പമൊന്നു ശമിച്ചിരുന്നു. വീടിന്റെ ഇടുങ്ങിയ മുറ്റത്ത് കെട്ടിനിൽക്കുന്ന മഴവെളളത്തിൽ ധാരാളം കടലാസുതോണികൾ. സമീപത്ത് ഉണ്ണി. എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ അവൻ പറഞ്ഞു. “ടീച്ചറ് കാണാതെ ക്ലാസ്സില് വെച്ച് ഞാനും പ്രീതയും വൈശാഖനും ഒക്കെച്ചേർന്ന് ഉണ്ടാക്കീതാ.” ഞാൻ വേഗത്തിൽ അവനെ മറികടക്കാൻ ശ്രമിച്ചു. പക്ഷേ അടുത്ത ചോദ്യം വന്നു. “ഡാഡീ ഈ ഗാമ വന്നത് ഇതുപോലത്തെ ഷിപ്പിലാണോ?” അന്നുരാത്രി നിറയെ തെച്ചിപ്പൂക്കളുമായി ആയിരം ഗാമമാർക്കെതിരെ തുഴയുന്ന എണ്ണമറ്റ ഉണ്ണികളെ ഞാൻ സ്വപ്‌നം കണ്ടു. ഈ സംഭവത്തിന് ശേഷം അവനെ അവന്റെ ഹോംവർക്കുകളിലേക്ക് പറഞ്ഞയച്ച് ഞാൻ രക്ഷപ്പെടുകയായിരുന്നു പതിവ്. പക്ഷേ, ഇനി…
ഉണ്ണിയ്‌ക്ക് ഏഴുവയസ്സ് തികഞ്ഞ ദിവസം. രാത്രി പന്ത്രണ്ടോടടുത്ത് കാണണം. ഉണ്ണി ഉറങ്ങാൻ കിടന്നിരുന്നു. എം.ടി.വിയിൽ ജാക്‌സൺ തിമിർത്താടുകയാണ്. സ്വൽപ്പനേരത്തിന് ശേഷം അവൾ അലസമായി എഴുന്നേറ്റ് ഉണ്ണിയുടെ മുറിയിലേക്ക് പോയി. ഞാൻ ജാക്‌സണിൽ പൂർണ്ണമായും മുഴുകിയിരിക്കുകയായിരുന്നു.
“ശ്ശൊ! എത്ര വിളിയാ വിളിച്ചേ.” അവൾ എന്റെ ഇരുതോളുകളിലും പിടിച്ചു കുലുക്കുകയാണ്. “ഒന്ന് വന്നേ, ഒരു രസം കാണാം.” എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ അവളെ പിൻതുടർന്നു. ഉണ്ണിയുടെ മുറിയിലേക്ക്. “ഉണ്ണീടെ മൊഖത്തേക്ക് നോക്കിക്കോ” അവൾ. അഞ്ചിതശോഭം പുഞ്ചിരി പെയ്‌തുകൊണ്ട് ഉണ്ണി ഉറങ്ങുകയാണ്. “കണ്ടോ മുത്തശ്ശി കഥ പറഞ്ഞ് കൊടുക്ക്‌ണ്‌ണ്ടാവും ഉണ്ണിക്ക്” അവൾ. ഉടനെ ഉണ്ണി മാറാൻ തുടങ്ങി. അവൻ ഉണർന്നെഴുന്നേറ്റ്, ഇരുകൈകളും പുറകിൽ കുത്തി ഞങ്ങളെ തറച്ച് നോക്കിക്കൊണ്ട് കിടക്കയിൽ ഇരുന്നു. എനിക്ക് നേരിടാൻ ഭയമുളള, എങ്കിലും അത്തരമൊരവസ്ഥയിൽ നേരിടാതിരിക്കാൻ കഴിയാത്ത, ആ നോട്ടം. “തെച്ചിപ്പൂക്കളൊക്കെ മഞ്ഞനെറായിപ്പോയിരിക്ക്‌ണു” ഉണ്ണി പറയുകയാണ്. “പാവം പൂതത്തിന് ഇപ്പോ ആരും താംബൂലം കൊട്‌ക്ക്‌ണ്‌ണ്ടാവില്ല്യാ അല്ലേ?”
“വാട്ട് നോൺസെൻസ്” ഞാൻ എന്റെ മുറിയിലേക്ക് ഓടിക്കയറി. ടി.വിയിൽ ജാക്‌സന്റെ ഇളകിയാട്ടം. റിമോട്ട് കൺട്രോൾ തപ്പിയെടുത്ത് ഞാനയാളെ അവസാനിപ്പിച്ചു. കട്ടിലിന് കുറുകെ മലർന്ന് വീണു. ഈശ്വരാ എന്നൊന്ന് വിളിച്ച് കരയാൻപോലും എനിക്ക് ഭയമാണ്.
എന്റെ വിവാഹത്തിന് വളരെ മുൻപേ അമ്മ മരിച്ചുപോയിരുന്നു. നഗരത്തിലെ ആശുപത്രിയിൽ ജനിച്ച ഉണ്ണി ഗ്രാമത്തിലെ തറവാട്ടിലെത്തിയ ദിവസം രാത്രി ആരേയും ഉറക്കിയിട്ടില്ല. നേരം വെളുക്കുന്നതുവരെ വലിയ കരച്ചിലായിരുന്നു. ഞാൻ വേദനിച്ചു. പക്ഷേ, അപ്പോഴും അവൾ പറഞ്ഞതിതാണ്. “ദാസേട്ടനെന്തിനാ പേടിക്കണെ, ഉണ്ണീനെ കാണാൻ അവന്റെ മുത്തശ്ശി വന്നിരിക്കണതാ. നമ്മടെ ആദ്യത്തെ കുട്ടിയല്ലെ വല്ല്യ സ്‌നേഹായിരിക്കും.”
ഉണ്ണി വീണ്ടും ഉറങ്ങിയപ്പോഴാകണം, അവൾ മുറിയിലേക്ക് കടന്നുവന്നു. എന്റെ അസ്വസ്ഥത അവളെ അറിയിക്കണ്ടെന്ന് കരുതി ഞാൻ മുഖത്തെ വിയർപ്പ് ഒപ്പിയെടുക്കുകയാണ്. അവൾ പതുക്കെ എന്റെ അടുത്ത് വന്ന്, ആ നിഡൂഢമായ പുഞ്ചിരിയോടെ എന്നെ നോക്കി. ഞാൻ മുഖം കൊടുത്തില്ല. “അല്ലെങ്കിലും നാട്ടില് ആളുകള് പറയണേല് കാര്യംണ്ട്. ജോലി കിട്ട്യേപ്പിന്നെ ദാസേട്ടൻ ഏറെ മാറിയിരിക്ക്‌ണൂ. ഈയിടെയായിട്ട് പ്രത്യേകിച്ചും.”
വന്ന് വന്ന് അവളെയും എനിക്ക് പേടിതോന്നിത്തുടങ്ങിയിരുന്നു. അതെ ഉദ്യോഗജീവിതമാരംഭിച്ചതിന് ശേഷം എന്നെ ആദ്യമായി കരയിച്ചതവളാണ്. വിവാഹജീവിതത്തിന്റെ ആദ്യനാളുകളിലാണ്. ഗ്രാമത്തിലെ വീട്ടിൽവച്ച്, ഒരു ദിവസം സന്ധ്യയ്‌ക്ക് ഞാൻ കയറിച്ചെല്ലുമ്പോൾ കസവ് നേര്യതും, ചന്ദനക്കുറിയുമായി അവൾ ഒറ്റത്തിരിയിട്ട നിലവിളക്കിനഭിമുഖമായിരുന്നു നാമം ജപിക്കുന്നു. ഞാൻ പുറകോട്ടിറങ്ങി. തൊടിയിൽ അമ്മയുടെ തലയ്‌ക്കൽ വളർന്ന് നിൽക്കുന്ന തെങ്ങിൽ, കൈത്തണ്ടിൽ മുഖമമർത്തി കരഞ്ഞു.
മഞ്ഞനിറമുളള തെച്ചിപ്പൂക്കൾ സ്വപ്‌നങ്ങളുടെ ഒരു പരമ്പരതന്നെ എനിക്ക് പകർന്ന് തരികയാണ്. ആദ്യദിവസം അമ്മ പിന്നെ മുത്തശ്ശിമാരുടെ നൈരന്തര്യം. വീണ്ടും അമ്മ. ഒടുവിൽ ഇന്നലെ.. നേരും നിലയും വിട്ടുളള സഞ്ചാരങ്ങൾ. കരിമ്പനയുടെ ഏഴുനിലമാളികകൾ. ചിതറിക്കിടക്കുന്ന മുടി, എല്ലിൻകൂട്ടങ്ങൾ.. രാവിലെ എഴുന്നേൽക്കാൻ വൈകിയപ്പോൾ അവൾ ചോദിച്ചു.
“ഇന്നെന്താ ഓഫീസീപ്പോണില്ല്യേ?” ഇന്നവധിയെടുക്കുകയാണെന്ന് ഞാൻ പറഞ്ഞെങ്കിലും അവൾ കാരണം തിരക്കിയില്ല. എഴുന്നേൽക്കാൻ തോന്നിയില്ല. ഒന്നും ചിന്തിക്കാതെ വെറുതെ കിടക്കാൻ ഞാൻ ശ്രമിച്ചുനോക്കി. എങ്കിലും, ഈ ദിവസങ്ങളിലെല്ലാം ഉണ്ണി ഏതേത് സ്വപ്‌നങ്ങളിലൂടെ കടന്ന് പോയിരിക്കാം എന്ന് ഓർക്കുമ്പോൾ…
സ്‌ക്കൂളിലേക്ക് പോകാൻ തയ്യാറായിക്കൊണ്ട് ഉണ്ണി മുറിയിലേക്ക് കടന്നുവന്നു. ഞാനതറിഞ്ഞെങ്കിലും, മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിലേക്ക് നോക്കി കിടന്നതേയുളളൂ. അവൻ കട്ടിലിന് സമീപം വന്ന് നിന്ന് കാണണം. “ഡാഡീ ഇപ്പോ മകരക്കൊയ്‌ത്ത് കഴിയാറായിട്ട്‌ണ്ടാവില്ല്യേ? പൂതം ഇങ്ങോട്ട് വർവോ?” ഞാൻ മിണ്ടുകയോ, മുഖമൊന്ന് തിരിക്കുകയോപോലും ചെയ്‌തില്ല. ഉണ്ണി സാവധാനം മുറിവിട്ട് പോയെന്ന് അകന്നുപോകുന്ന ശബ്‌ദങ്ങളിൽ നിന്നും ഞാൻ തിരിച്ചറിയുകയാണ്.
ദൈവമേ, അമ്മയിൽ തുടങ്ങിയ എന്റെ സ്വപ്‌നങ്ങളുടെ തുടർച്ച. കരിമ്പനയുടെ ഏഴുനിലമാളികകൾക്കും, ചിതറിക്കിടക്കുന്ന മുടിക്കും, എല്ലിൻക്കൂട്ടങ്ങൾക്കും ശേഷം.. രാത്രിയാണ്.. അർദ്ധരാത്രി.. ഞാൻ ഉറക്കത്തിലേക്ക് ആണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്… തുടികൊട്ട്… കുഴൽവിളി… ഓട്ടുചിലമ്പിൻ കലമ്പലുകൾ… ഞാൻ ഉണരുകയാണ്, ഉണ്ണിയുടെ മുറിയിലേക്ക്… അവിടെ, ഉണ്ണിയുടെ മുറിയിൽ… ചിതറിയ എഴുത്താണികൾ, ഓലക്കെട്ടുകൾ, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് റീഡർ, ജി.കെ,… ഞാൻ മുറ്റത്തേയ്‌ക്ക്… അകലങ്ങളിൽ പൊടിച്ചൂട്ടുകളോ… ആകാശങ്ങളിൽ മച്ചിലെ മൂപ്പരോ.. അവൾ വീടിനകത്തേയ്‌ക്ക്… അവളെ ഉണർത്താനായി മുന്നോട്ടായുകയാണ്. പക്ഷേ ഉറക്കത്തിലും ആ മിസ്‌റ്റിക് പുഞ്ചിരിയോടെ അവൾ,… അവൾ എന്തോ പറയുകയാണ്.
“പാപപരിഹാരമാണ്… പാപപരിഹാരം”.
ഒരിക്കൽ ഉണ്ണി എറിഞ്ഞുകളഞ്ഞ എഴുത്താണി അവനെ തിരികെ ഏൽപ്പിച്ച പാപത്തിന്…പറയന്റെ കുന്നിന്റെ അങ്ങേച്ചെരുവിൽ.. ഉണ്ണി.. എന്റെ ഉണ്ണി…
Generated from archived content: story_thechipookkal.html Author: ts_prasad