മൂഴിക്കുളം ശാല 1187മാം ആണ്ടിലെ വട്ടെഴുത്ത് ലിപിയിലുള്ള പുതുവര്‍ഷ മലയാള കലണ്ടര്‍ ഒട്ടേറെ പുതുമകളോടെ പുറത്തിറക്കിയിരിക്കുന്നു. ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള മലയാള മാസങ്ങള്‍ ഉള്‍പ്പെടുന്ന അക്ഷരമലയാളം കലണ്ടര്‍ കൃഷി പഞ്ചാംഗമായ ഞാറ്റുവേല കലണ്ടര്‍, ഓരോ രാശിയിലും സൂര്യന്റെ സഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള സംക്രാന്തി കലണ്ടര്‍, ഇഗ്ലീഷ് ഫൊണറ്റ്ക്സോടുകൂടിയ മലയാള അക്ഷരമാല അടങ്ങുന്ന അമ്മ മലയാളം കലണ്ടര്‍, എന്നിവ ഒരേ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വട്ടെഴുത്തു ലിപികള്‍ക്കു സമാനമായ സാധാരണ അക്കങ്ങളും അടയാളപ്പെടുത്തി കലണ്ടറിനെ സാധാരണക്കാര്‍ക്കുമനസ്സിലാകുന്ന രീതിയില്‍ തയ്യാറാക്കാന്‍ മൂഴിക്കുളം ശാല ശ്രമിച്ചിട്ടുണ്ട്. ഓരോ മലയാളമാസത്തിലും ഉള്‍പ്പെട്ട ഇഗ്ലീഷ് മാസവും തീയതിയും ഇതില്‍ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഓരോ ദിവസത്തെ നക്ഷത്രം, അതിന്റെ നാഴിക, വിനാഴിക, ഓരോ മാസത്തെ പൗര്‍ണ്ണമി, അമാവാസി, വിശേഷദിവസങ്ങള്‍, ശകവര്‍ഷതീയതി, ഹിജ്റാ തീയതി എന്നിവ പ്രത്യേകം രേഖപ്പെടുത്തിവെച്ചിരിക്കുന്നു.
ഒരു ഞാറ്റുവേലക്കാലമായ 13 1/2 ദിവസം പ്രത്യേക ബ്ലോക്കായി തിരിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസത്തേയും കലണ്ടറിന് ഇരുവശങ്ങളിലുമുള്ള കോളങ്ങളില്‍ പരിസ്ഥിതി നാട്ടറിവ് സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നു. മൂഴിക്കുളത്തെക്കുറിച്ച് തമിഴ്ഭക്ത കവി നമ്മാഴ്വാര്‍ 1000 ത്തിലേറെ വര്‍ഷങ്ങക്കു മുന്‍പ് രചിച്ചിട്ടുള്ള 10 പാസുരങ്ങള്‍(ശ്ലോകങ്ങള്‍) മലയാളത്തില്‍ ഈ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ തമിഴില്‍ നിന്നും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിരിക്കുന്നു.
മലയാളഭാഷയെക്കുറിച്ച് ഒരുപാടു ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്ന ഈ കാലയളവില്‍ എല്ലാവര്‍ക്കും അഭിമാനം ജനിപ്പിക്കത്തക്കവിധം ഇത്തരത്തിലൊരു കലണ്ടര്‍ പുറത്തിറക്കി മൂഴിക്കുളം ശാല ശ്രദ്ധേയമായിരിക്കുന്നു. മൂഴിക്കുളം ശാലയ്ക്കുവേണ്ടി കലണ്ടര്‍ തയ്യാറാക്കിയത് ടി.ആര്‍. പ്രേം കുമാര്‍ ആണ്.
Generated from archived content: news1_aug12_11.html Author: tr_premkumar
Click this button or press Ctrl+G to toggle between Malayalam and English