ക്രൂരമാം പകലിന്റെ കൊടുംചതിയിൽ
പൂപ്പലുപിടിച്ച പട്ടുമെത്തയിൽ
നിന്റെ സനാതന സ്‌നേഹത്തിനാത്മ ബലി.
പർവ്വതമുകുളമായ മുലകളിലും
തെച്ചിപ്പഴച്ചുണ്ടിലും
എന്റെ പരാക്രമം നിറഞ്ഞ
പൽചക്രത്തിൻ തേരോട്ടം.
ഹാ…എത്ര വിശുദ്ധമായിരുന്നു
കുയിലുകൾ കൂകുന്ന കുഗ്രാമത്തിലെ
പേരാലുപോലെ വിടർന്ന നിന്നരക്കെട്ട്.
ഒരറ്റനിമിഷത്തെ പെരുമീൻ ചാട്ടത്തിൽ
വെട്ടിയിട്ട അഭിമാനത്തിൻ പഴ്‌ത്തടിപോലെ
അന്നത് തുണ്ടം തുണ്ടമായി.
എന്നിട്ടും നീ ദേഷ്യപ്പെട്ടില്ല.
പൊട്ടിത്തെറിച്ചില്ല.
സത്രഭിത്തിയിലെ അശ്ലീല ചിത്രത്തിനു
അടിക്കുറിപ്പെഴുതാൻ
ശുദ്ധസാഹിത്യത്തിലെ നരച്ചവരികൾ
ഞാൻ കടമെടുക്കുന്നത്
നീ വെറുതെ നോക്കി കിടക്കുന്നു.
പുറത്ത് പുണ്ണുപിടിച്ച തെരുവിൽ
നൂറുകോടിയും കവിഞ്ഞ സങ്കരജനപഥം
വലിയൊരു മലിന നദിയായി
ബഹളം വച്ചൊഴുകുന്നത്
നീ ഭീതിയൊടെ കേട്ടിരുന്നു.
പിന്നെ നാം നിമിത്തങ്ങളുടെ നിധിപേടകം
ഹൃദയത്തിൽ രഹസ്യമായി സൂക്ഷിച്ച്
എനിക്കു നീയും നിനക്കു ഞാനുമെന്ന
അദ്വൈത ഭാവത്തിൽ
നേരത്തെയുദിച്ച നിലാവിനെ സാക്ഷിയാക്കി
സന്ധ്യയുടെ അന്തഃരാളഘട്ടത്തിൽ പോയ്‌മറഞ്ഞു.
………………………………………………………….
ഓർമ്മകളുടെ വിരലുകുടിക്കുന്ന
പിഞ്ചുമനസ്‌ക്കരായി നാമിപ്പോൾ
ഏതോ വേലിയേറ്റത്തിൻ ചേറ്റുമലരികളിൽപെട്ട്
വീണ്ടുമൊരുമിക്കാൻ വെറുതെ ശ്രമിക്കുന്നു.
മരവിക്കുന്ന ശൂന്യതയുടെ മടുപ്പിൽ നിന്നും
രക്ഷപ്പെടാൻ നോക്കുന്നു.
Generated from archived content: poem2_april23_11.html Author: tr_george