കൂട്ടുകാഴ്‌ചയുടെ കൊളാഷ്‌

എഴുത്തുകാരൻ, വായനക്കാരൻ, സാഹിത്യകൃതി എന്നിവ സ്ഥിതി ചെയ്യേണ്ടുന്ന അക്ഷങ്ങളെയും നിർദ്ദേശാങ്കങ്ങളെയും കുറിച്ചുളള നിലവിലുളള സങ്കല്പങ്ങളെ ഈ നോവൽ ഫലപ്രദമായി അട്ടിമറിക്കുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ സാഹിത്യരചനകളെ സംബന്ധിച്ചു നവീനമായ ബോദ്ധ്യങ്ങളുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു, ഈ കൃതി.

ഭാവനയെ ഏതൊക്കെ സ്ഥലകാലപരിസരങ്ങളിലേക്കു മാറ്റിമാറ്റി സന്നിവേശിപ്പിക്കുമ്പോഴും ഒരു എഴുത്തുകാരന്റെ ഭാഷ അതിന്റെ അടിസ്ഥാനപരമായ സൂക്ഷ്‌മ ജൈവസ്വഭാവത്തെ കൈവിടുന്നില്ല എന്നതിന്‌ നമ്മുടെ മുന്നിൽ എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്‌. ഇങ്ങനെ ആത്യന്തികമായി ഒരു ജൈവഗുണത്തെ പേറുന്ന ഭാഷ ഉപയോഗിച്ച്‌ അയാൾ നടത്തുന്ന ആവിഷ്‌കാരങ്ങൾ ഒറ്റ ജനിതകഘടനയെ വഹിക്കുന്നതായിരിക്കും. എഴുത്തുകാരൻ എന്ന പദം ബഹുവചനത്തിൽ പ്രായോഗികമാവുമ്പോൾ നോവലിലെ ഭാഷ എന്ന ഘടകത്തിനാണ്‌ ഏറ്റവുമധികം സാധ്യതകളെ ഉൾക്കൊളളാനാവുന്നത്‌. ഓരോരുത്തരും ഉപയോഗിക്കുന്ന ഭാഷ അവരവരുടേതായ സുവിശേഷ പദസമ്പത്തിനോടും വ്യാകരണത്തോടും കൂടി അവരവരുടേതുമാത്രമാണെന്ന്‌ പറയാറുണ്ട്‌. പതിമൂന്ന്‌ തരത്തിലുളള മലയാള ഭാഷകളുടെ ഉടമകളായ വിദ്യാർത്ഥികൾ ഒന്നിച്ച്‌ ഒരു നോവലെഴുതുമ്പോൾ ഒരു സങ്കരഭാഷ രൂപംകൊളളുന്നതിനു പകരം സ്വതന്ത്ര അസ്‌തിത്വമുളള ഒരു കൂട്ടം ഭാഷകൾ ആവിഷ്‌കാരത്തിന്റെ ബഹുമുഖമായ സാദ്ധ്യതകൾക്കുവേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുകയാണ്‌ ഈ നോവലിൽ. നാട്ടുഭാഷയുടെ മൊഴിച്ചന്തം, തന്റെതന്നെ ഉളളിലേക്കു സംസാരിക്കാൻ ഒരാളുപയോഗിക്കുന്ന ഭാഷയുടെ സാന്ദ്രത, കച്ചവടത്തിന്റെ വൃത്തികെട്ട വഴക്കങ്ങൾ അലിഞ്ഞുചേർന്നിട്ടുളള ഭാഷ, സീരിയലെഴുത്തുകാരന്റെയും നിരക്ഷരന്റെയും ഭാഷ എന്നിങ്ങനെ ഭാഷയെക്കുറിച്ചുളള ഒരുപാടു പരിചയങ്ങൾ ഈ നോവലിന്റെ ഭാഷാശരീരത്തെ രൂപപ്പെടുത്തിയിരിക്കുന്നു. ഈ കൃതി ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യമൂല്യം ഭാഷയുടെ ഈ അസ്‌തിവാരത്തിലാണ്‌ നിലനില്‌ക്കുന്നത്‌….

(മലയാളം ജൂൺ 25, 2004)

ജീവിതത്തിന്റെ ഉപമ

പതിമൂന്നു വിദ്യാർത്ഥികൾ ചേർന്നു രചിച്ച നോവൽ

കറന്റ്‌ ബുക്‌സ്‌

വില – 45 രൂപ

Generated from archived content: book_aug12.html Author: tp_vinod

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here