സാഹിത്യത്തിലെ സെക്‌സോളജിസ്‌റ്റ്‌

സാഹിത്യകൃതികളിലെ ഏറ്റവും പ്രാകൃതമായ ലൈംഗികചിത്രീകരണങ്ങൾ വായിച്ചാസ്വദിക്കാനാഗ്രഹിക്കുന്നവർക്കുവേണ്ടിയുളള സ്ഥിരം പംക്തിയാണ്‌ എം.കൃഷ്‌ണൻനായരുടെ ‘സാഹിത്യവാരഫലം’. കഴിഞ്ഞ മുപ്പത്തഞ്ചുകൊല്ലമായി തുടർച്ചയായി തെറിക്കഥകൾ ഉദ്ധരിച്ചു ചേർക്കുന്നതിൽ അഭിമാനിക്കുന്നുമുണ്ട്‌ അദ്ദേഹം. തന്റെ ട്രേഡ്‌ സീക്രട്ടാണുപോലും അത്‌! ലിറ്റററി ജേർണലിസം എന്ന ഓമനപ്പേരിലാണ്‌, വൃത്തികെട്ട വിഭവങ്ങൾ വിതരണം ചെയ്യുന്നത്‌.

തെറി എഴുതാനായി ഏതുവിധേനയെങ്കിലും ഒരു സന്ദർഭമുണ്ടാക്കും. മേലുദ്യോഗസ്ഥന്മാരെയോ സഹപ്രവർത്തകരെയോ അയൽക്കാരെയോ അതിൽ കഥാപാത്രങ്ങളാക്കും. അവരുടെ കെയ്‌റോഫിൽ അശ്ലീലവർണ്ണന ആരംഭിക്കുകയായി. ഏതെങ്കിലും ഒരു ഇംഗ്ലീഷ്‌ പുസ്‌തകത്തിൽനിന്ന്‌ കുറെ പച്ചത്തെറികൾ മേമ്പൊടിയായി ചേർക്കുകയും ചെയ്യും. പൈങ്കിളിസാഹിത്യത്തെ നിന്ദിക്കുന്ന ജ്യോത്സ്യന്റെ വാരഫലം സൂപ്പർ പൈങ്കിളിയല്ലേ?

മലയാളസാഹിത്യത്തെ പുച്ഛിച്ചുകൊണ്ട്‌ മലർന്നുകിടന്ന്‌ തുപ്പുന്ന കൃഷ്‌ണൻനായർക്ക്‌, പെണ്ണെഴുത്തുകാരുടെ മഞ്ഞസാഹിത്യത്തോട്‌ ആഭിമുഖ്യം തോന്നിത്തുടങ്ങിയിട്ടുണ്ട്‌. അവരിൽ ചിലരുടെ കഥകളെ പൊക്കിപ്പൊക്കി എഴുതിയതു കണ്ടു. മഞ്ഞയുടെയും നീലയുടെയും ഈ ഉപാസകനെ നമുക്ക്‌ പുകഴ്‌ത്താം, വാഴ്‌ത്താം. അനാഗതാർത്തവകളും അനാഗതശ്‌മശ്രുക്കളുമായ (വാരഫലം ഫെയിം) എഴുത്തുകാരോടും പരേതാത്മാക്കളായ എഴുത്തുകാരോടുമാണ്‌ ജ്യോത്സ്യന്‌ തീരാപ്പക. ദേവിനേയും തകഴിയേയും വൈലോപ്പിളളിയെയും അടിക്കടി വലിച്ചുകുടയുന്നുണ്ട്‌. ഉപ്പ്‌റിപീക്‌റിപോക്രികളായ കുട്ടികൾ, സാഹിത്യരചനയിൽ എന്തെങ്കിലും കൈക്കുറ്റപ്പാടുകൾ കാണിച്ചാൽ, അവരെ ഉടനെ കുഴിച്ചുമൂടും കൃഷ്‌ണൻനായർ. കൊല്ലങ്കോട്‌ കോമപ്പന്റെ ചെറുകഥ മോപ്പസാങ്ങിന്റെ ചെറുകഥയുടെ ഏഴയലത്തു വരികയില്ലെന്ന്‌ വിധി പ്രസ്‌താവിക്കുന്നു. കരിക്കട്ടയുമായി അയാൾ കക്കൂസിൽ കയറട്ടെ എന്നു നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്തിനു കോമപ്പൻ, മാരാരേയും സിഎന്നിനേയും ഒളപ്പമണ്ണയേയും അവഹേളിക്കുന്ന ഇദ്ദേഹം, പത്രസ്ഥാപനങ്ങളിൽ ജോലിയുളള എഴുത്തുകാരുടെ കൃതികളെ അഭിനന്ദിച്ചാശീർവദിക്കുകയാണ്‌ പതിവ്‌. എം.ടി മുതൽ ഇ.വി.ശ്രീധരൻവരെ തെളിവാണ്‌. ‘ലോലിത’യുടെയും ‘ചാറ്റർലി പ്രഭ്വിയുടെ കാമുക’ന്റെയും ആരാധകനായ കൃഷ്‌ണൻനായർ മലയാളസാഹിത്യത്തിലെ സെക്‌സോളജിസ്‌റ്റാണെന്നു പറഞ്ഞാൽ അദ്ദേഹം അഭിമാനിക്കുകയേയുളളു.

(കടപ്പാട്‌ ഃ ഉൺമ മാസിക)

Generated from archived content: essay1_may18.html Author: tony_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here