ജനപഥത്തിൽ ഉയരേണ്ട ശബ്‌ദം

പാശ്ചാത്യ പൗരസ്‌ത്യ വിമർശനചിന്തകളെ പാകത്തിൽ ചേർത്തരച്ച്‌ തന്റേതുമാത്രമായ പുതിയൊരു രസം ജനിപ്പിക്കാൻ തോമസ്‌ മാത്യുവിനെപ്പോലുളള, കെല്‌പുളള വിമർശകർ നമുക്കേറെയില്ല. മാരാരും ഉനാമുനോയും പകർന്നുവച്ചത്‌ അതേപടി എടുത്ത്‌ തന്റെ മുഴക്കോലാക്കാനും ഈ കാലവിമർശകന്‌ മടിയാണ്‌.

രണ്ടാം ഭാഗം നാടകത്തെക്കുറിച്ചാണ്‌. കേരളീയ നാടകകൃത്തുക്കൾ ഇമ്പൊസിഷ്യൻ എഴുതി പഠിക്കേണ്ട ലേഖനങ്ങളാണ്‌ മൂന്നെണ്ണവും.

നോവൽ ഭാഗത്തേക്കു വരുമ്പോൾ മലയാളത്തിലെ നാല്‌ പ്രകൃഷ്‌ട കൃതികളാണ്‌ വിമർശനവിധേയമാവുന്നത്‌. വിജയന്റെ തലമുറകൾ, സി.രാധാകൃഷ്‌ണന്റെ കരൾ പിളരും കാലം, എം.ടിയുടെ രണ്ടാമൂഴം, പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ. ഈ നാല്‌ പ്രബന്ധങ്ങളും ഉന്നതമായ ആസ്വാദനത്തിന്റെ അക്കൗണ്ടിൽ വരവുവയ്‌ക്കേണ്ടതാണ്‌. ഇതിൽ “മനുഷ്യത്വത്തിന്റെ വെളിച്ചത്തിന്‌ ഒരു കാവൽക്കാരൻ” എന്നതാകട്ടെ കരൾ പിളരും കാലത്തിന്‌ എഴുതിയ അവതാരികയുമാണ്‌. രാധാകൃഷ്‌ണന്റെ നോവലുകളെ വൈജ്ഞാനികബോധവും ചരിത്രസാന്നിദ്ധ്യവുംകൊണ്ട്‌ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു എന്നതിന്റെ സരളാഖ്യാനമാണ്‌ ഈ അവതാരിക.

പെരുമ്പടവത്തിന്റെ ഏറെ പുകൾപെറ്റ ‘ഒരു സങ്കീർത്തനം പോലെ’ വിശകലനം ചെയ്യുമ്പോഴും തന്റെ വാക്കൊതുക്കവും ദർശനഗരിമയും തോമസ്‌ മാത്യു പ്രകടിപ്പിക്കുന്നുണ്ട്‌.

നാലാം ഭാഗം വിമർശനത്തിന്റെതാണ്‌. അതിലും നാല്‌ ലേഖനങ്ങൾ. സ്വന്തം തട്ടകത്തിരുന്ന്‌ വിമർശകധർമ്മത്തെ കാതിലോതിത്തന്ന ഒരു കാരണവരെ തോമസ്‌ മാത്യുവിൽ കാണാം. ഈ ലേഖനങ്ങളിലൊരിടത്ത്‌-സ്രഷ്‌ടാവിന്റെ സ്വാതന്ത്ര്യവും സൃഷ്‌ടിയുടെ സദാചാരവും എം.ഗോവിന്ദന്റെ കലാസിദ്ധാന്തത്തെ തോമസ്‌ മാത്യു ഉദ്ധരിക്കുന്നുണ്ട്‌. വിശ്വകർമ്മാവും മായാസുരനും. രണ്ടുപേരും കലാകാരൻമാർ. പക്ഷേ, രണ്ടുപക്ഷത്ത്‌ നില്‌ക്കുന്നവർ. ഒന്ന്‌ കലയുടെ നീതിപക്ഷത്ത്‌, അഥവാ സൗന്ദര്യപക്ഷത്ത്‌. മറ്റൊന്ന്‌ അനീതിയുടെ പക്ഷത്ത്‌, അഥവാ മായക്കാഴ്‌ചയുടെ കാപട്യപക്ഷത്ത്‌. ഇതേ സിദ്ധാന്തംവച്ച്‌ ഈ പുസ്‌തകത്തെയും വിലയിരുത്തുമ്പോൾ പ്രൊഫ. എം.തോമസ്‌ മാത്യു കലാവിമർശനത്തിന്റെ വിശ്വകർമ്മാവാകുകയാണ്‌.

മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്‌ദം, എം. തോമസ്‌ മാത്യു, ഡി.സി ബുക്‌സ്‌, വില – 85 രൂപ.

Generated from archived content: book1_may26.html Author: tn_prakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here