അവസാന കാലത്ത് അദ്ദേഹം തിരുവനന്തപുരത്തേയ്‌ക്ക് താമസം മാറ്റിയിരുന്നു. അപ്പോഴും അദ്ദേഹം രോഗഗ്രസ്‌തനായിരുന്നു. എപ്പോൾ വേണമെങ്കിലും മരിക്കാം. അലോപ്പൊതിമരുന്നുകളാണ് അദ്ദേഹം കഴിച്ചിരുന്നത്. അപ്പോൾ, അദ്ദേഹത്തിന്റെ അടുത്ത ചില സുഹൃത്തുക്കളുടെ പ്രേരണയാൽ, ഹോമിയോപ്പൊതിചികിത്സ
നന്നായിരിക്കുമെന്ന് പറഞ്ഞു. കോട്ടയത്തെ പട്ടേൽ എന്ന ഹോമിയോപ്പൊതി ഡോക്‌ടറെ അവർ വീട്ടിലേത്തിക്കാമെന്ന് പറഞ്ഞു. കോട്ടയത്തുനിന്ന്, ഡോ.പട്ടേൽ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധിച്ചു. പരിശോധനകഴിഞ്ഞിട്ട്, പട്ടേൽ ഒരു നിർദ്ദേശം വച്ചു. “ ചികിത്സിക്കാം. പക്ഷെ ഞാൻ പറയുന്നതു പോലെ ചെയ്യുകയാണെങ്കിൽ മാത്രം”
“എന്താണത്?” എം.കെ..കെ. ചോദിച്ചു.
“നിങ്ങൾ പുകവലി, എന്നന്നത്തേക്കുമായി നിറുത്തണം. എങ്കിൽ ഞാൻ ചികിത്സിക്കാം.” പട്ടേൽ പറഞ്ഞതുകേട്ട് എം.കെ.കെ. ഒരു നിമിഷം നിശ്ശബ്‌ദനായി. കാരണം അപ്പോഴും അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു എരിയുന്ന സിഗററ്റ് ഉണ്ടായിരുന്നു.
“ശരി എങ്കിൽ, ഇതാ നിർത്തുന്നു”. അദ്ദേഹം വലിച്ചിരുന്ന സിഗരറ്റ്, ദൂരെയെറിഞ്ഞു. പട്ടേൽ ചികിത്സയും തുടങ്ങി. ഒന്നോർക്കണം. എം.കെ.കെ.നായർ വർഷങ്ങളായി പുകവലിച്ചിരുന്ന ആളാണ്. പക്ഷെ, ഡോക്‌ടർ പട്ടേലിനോട് വാക്കു പറഞ്ഞശേഷം, അദ്ദേഹം പുകവലിച്ചിട്ടില്ലായെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഡോക്‌ടർ പട്ടേലിന്റെ ചികിത്സകൊണ്ട്, രോഗം മാറിയില്ല. പക്ഷെ, വേദനക്ക് ശമനം ഉണ്ടായി. ശരീരത്തിന്റെ സ്‌ഥിതിയും ഒക്കെ മെച്ചപ്പെട്ടു. ഇത്തരം വിവരങ്ങൾ ഞാനറിഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ എപ്പോഴും കാണുകയും, എല്ലാക്കാലത്തും. എം.കെ.കെ.യോട് കൂറുപുലർത്തുകയും ചെയ്‌തിട്ടുള്ള ഫാക്‌ടിലെ ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ച, ശ്രീ റ്റി.ആർ.എസ്. മേനോൻ പറഞ്ഞിട്ടാണ്. (ശ്രീ. റ്റി.ആർ.എസ്. മേനോൻ ഇന്ന്, അറിയപ്പെടുന്ന മാനേജ്‌മെന്റ് പരിശീലകനാണ്). മരിക്കുന്നതിനു ആറുമാസം മുൻപ്, എം.കെ.കെ. ഒരു ദിവസം റ്റി.ആർ.എസ്. മേനോനോട് പറഞ്ഞു. “ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു.” ഏറെ താമസിയാതെ അദ്ദേഹം അന്തരിച്ചു.
എം.കെ.കെ. നായർ മരിച്ച ദിവസം ഫാക്‌ട് സ്‌കൂളുകളിലെ ആധ്യാപകർ അവധി വേണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. മാനേജ്‌മെന്റ് അവധികൊടുത്തില്ല. അന്ന്, അവധികൊടുക്കാതിരുന്നതിന്റെ കാരണക്കാരൻ ഫാക്‌ടിന്റെ തലപ്പത്തിരുന്ന ഒരു ഉന്നത ഉദ്യോഗസ്‌ഥനാണ്.
മാനേജിംഗ് ഡറയക്‌ടർ ശ്രീ. എൻ.ബി. ചന്ദ്രൻ സ്‌ഥലത്തില്ലായിരുന്നു. താൻ അവധികൊടുക്കാൻ അനുമതി നൽകിയാൽ, എം.ഡി.ക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിലോ എന്നായിരുന്നു ആ ഉന്നത ഉദ്യോഗസ്‌ഥന്റെ ഭയം. തന്നെയുമല്ല മാനേജിംഗ് ഡയറക്‌ടറുടെകസേര അദ്ദേഹം സ്വപ്‌നം കാണുകയും ചെയ്‌തിരുന്നു. നല്ലൊരു ശതമാനം പഴയ അധ്യാപകർ, മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച്, സ്വയം ലീവെടുത്ത് ശവസംസ്‌ക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയി. സ്‌കൂളിന് അവധി നിഷേധിച്ച ഈ ഉദ്യോഗസ്‌ഥൻ ആരെന്നല്ലേ – പേരു പറയുന്നില്ല. ആദ്യത്തെ എക്‌സിക്യൂട്ടീവ് ട്രെയിനി ബാച്ചിൽ, എം.കെ.കെ. തിരഞ്ഞെടുത്തു മൂന്നുപേരിൽ ഒരാൾ.
എം.കെ.കെ.യുടെ മരണത്തിൽ അനുശോചിക്കാൻ, ഫാക്‌ടിലെ എല്ലാ ട്രെയിഡു യൂണിയനുകളുടേയും സംയുക്താഭിമുഖ്യത്തിൽ, ഉദ്യോഗമണ്ഡലിൽ വച്ച്, ഒരു യോഗം ചേർന്നിരുന്നു. അതിൽ എം.കെ.കെ.യുമായി നേരിട്ട് പരിചയമുള്ള ഒട്ടേറെപ്പേർ പങ്കെടുത്തു സംസാരിച്ചു. മുൻ കേരള മുഖ്യമന്ത്രി സി. അച്യുതമേനോൻ, ഡി. ബാബുപോൾ, ഐ.എ.സ്., എസ്.സി.എസ്. മേനോൻ തുടങ്ങിയവർ എം.കെ.കെ.യെ അനുസ്‌മരിച്ചു സംസാരിച്ചു. ഡി. ബാബു പോൾ, അന്നു പറഞ്ഞ ഒരു സംഭവം ഓർമ്മയിൽ നിൽക്കുന്നു. ബാബു പോളിനെ കൊച്ചിൻ പോർട്ട് ട്രസ്‌റ്റിന്റെ ചെയർമാനായി, കേന്ദ്രഗവൺമെന്റ് നിയമിച്ചു. ചാർജെടുക്കുന്നതിനു മുൻപായി അദ്ദേഹം, എം.കെ.കെ.നായരെ, തിരുവനന്തപുരത്തുള്ള വസതിയിൽ പോയി കണ്ടു. യാത്രപറയുമ്പോൾ, എം.കെ.കെ., ബാബുപോളിനോട് പറഞ്ഞു.
“താൻ അവിടെ ചെല്ലുമ്പോൾ ഒരു കാര്യം പ്രത്യേകിച്ച് ഓർമ്മിച്ച് ചെയ്യണം. ഏതെങ്കിലും ജീവനക്കാരൻ ഡ്യൂട്ടിക്ക് ലേറ്റായി വന്നു എന്ന കാരണത്താൽ അവന്റെ ചെവിക്ക് പിടിക്കുന്ന പണിക്ക് പോകരുത്. താൻ മൂന്നുവർഷം കഴിഞ്ഞ്, അവിടുന്ന്, പിരിഞ്ഞു പോരുമ്പോൾ, ആളുകൾ എക്കാലവും തന്നെ ഓർമ്മിക്കാനായി, എന്തെങ്കിലും ചെയ്‌തിരിക്കണം.”
നമ്മുടെ ആളുകൾ അച്ചടക്കത്തിന്റെ പേരിൽ, എന്തൊക്കെ പീഢനമുറകളാണ് ജീവനക്കാരുടെ മേൽ പ്രയോഗിക്കാറ്. എന്നിട്ടവർ ഒരു സുപ്രഭാതത്തിൽ അവിടന്ന് വിടപറയുന്നു. ആരെങ്കിലും അത്തരക്കാരെ ഓർമ്മിക്കാറുണ്ടോ?.
എം.കെ.കെ.നായൽ മരിച്ചിട്ട്, ഇപ്പോൾ 20 വർഷത്തിലേറെയായിരിക്കുന്നു. ഇപ്പോഴും എത്രയോ ഓർമ്മകളാണ്, അദ്ദേഹം മലയാളിക്ക് നിത്യവും സമ്മാനിക്കുന്നത്. കഥകളിയെ ഇന്നത്തെ രൂപത്തിലേക്ക് പരിഷ്‌ക്കരിച്ച വ്യക്തിയെന്ന നിലയിൽ, കേരളത്തിലെ കലാസാഹിത്യ മേഖലക്ക് അദ്ദേഹത്തിന്റെ സംഭാവനകളുടെ പേരിൽ, കേരളത്തിലെ വ്യവസായ ഭൂപടത്തിൽ പുതിയ അദ്ധ്യായങ്ങൾ എഴുതിച്ചേർത്ത വ്യക്തി എന്ന നിലയിൽ അനേകർക്ക് ജീവനമാർഗ്ഗം ഉണ്ടാക്കിക്കൊടുത്ത മഹാനുഭാവൻ എന്ന പേരിൽ ഒക്കെ എം.കെ.കെ. ഇപ്പോഴും ജനമനസ്സുകളിൽ ജീവിക്കുന്നു. അദ്ദേഹം അവസാനമായി, ഫാക്‌ടിൽ വന്നത്, 1984 ലാണ്. ഫാക്‌ട് ലളിത കലാകേന്ദ്രം സംഘടിപ്പിച്ച അഖിലകേരള നാടക മത്സരത്തിന്റെ സമ്മാനദാനം നിർവ്വഹിക്കാൻ. അന്നദ്ദേഹത്തിന്റെ കേസ് തീർന്നിരുന്നില്ല. എങ്കിലും അദ്ദേഹം സന്തോഷവാനായിരുന്നു. നന്നായി സംസാരിച്ചു. താൻ 18 വർഷം മുൻപ് ആരംഭിച്ച ഫാക്‌റ്റ് ലളിത കലാകേന്ദ്രം, ഊർജ്ജസ്വലതയോടെയുള്ള പ്രവർത്തനം കാഴ്‌ചവെയ്‌ക്കുന്നു എന്നറിവ് അദ്ദേഹത്തിന് സന്തോഷകരമായിരുന്നു. ആ സമ്മേളനത്തിന്, വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. എം.കെ.കെയെ കാണാനെത്തിയവരായിരന്നു അവർ. എം.കെ.കെ. നായർ, ഫാക്‌ടിലെ പഴയജീവനക്കാർ എന്നും ആദരവോടെ സ്‌മരിക്കുന്ന ഒരു പേരാണ്.
Generated from archived content: mkknair9.html Author: tm_abraham