എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

മലയാളികൾക്ക്‌ ഒരു സ്‌ഥിരം സ്വഭാവമുണ്ട്‌. ഊമക്കത്ത്‌ അയക്കൽ. സ്വന്തം സഹപ്രവർത്തകനെതിരെപ്പോലും ഈ ആയുധം പ്രയോഗിക്കുന്നവർ ഒട്ടനവധി ഉണ്ട്‌ ചിലർ, അത്തരം കത്തുകളെ ആശ്രയിച്ച്‌ നടപടികൾ എടുക്കാറുണ്ട്‌. പക്ഷെ, നടപടികൾ എടുത്തുകഴിയുമ്പോഴാണറിയുന്നത്‌, കത്തിൽ പറഞ്ഞിരുന്നത്‌ അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങളായിരുന്നെന്ന്‌. ഫാക്‌ട്‌ മാനേജിംഗ്‌ ഡയറക്‌ടറായിരുന്ന എബ്രഹാം തോമസ്‌ ഒരിക്കൽ തന്റെ മേശപ്പുറത്ത്‌ അട്ടിയായി വച്ചിരിക്കുന്ന കത്തുകൾ കാണിച്ചിട്ട്‌ എന്നോട്‌ അവയെല്ലാം തനിക്ക്‌ ലഭിച്ച ഊമക്കത്തുകളാണെന്നു പറഞ്ഞതോർമ്മിക്കുന്നു. പണ്ട്‌ എസ്‌.ബി. ചന്ദ്രൻ ഫാക്‌ടിൽ നിന്നു പിരിയുന്ന അവസരത്തിൽ, ഒരു പഴയ നേതാവും ഊമക്കത്തുവീരനുമായ ഒരു വ്യക്തി (അദ്ദേഹം ഇന്ന്‌, ഒരു അമൃതാനന്ദമയി ശിഷ്യനായി, സേവനം ചെയ്യുകയാണ്‌!) എന്നോടു സ്വകാര്യമായി പറഞ്ഞതിങ്ങനെയാണ്‌.“ അവന്റെ വാസം ഇനി ജയിലിലായിരിക്കും”. അത്രമാത്രം ഊമക്കത്തുകൾ അദ്ദേഹം കേന്ദ്രമന്ത്രാലയത്തിലേക്കും, സി.ബി.ഐ.യിലേക്കും അയച്ചിട്ടുണ്ട്‌. ഇതൊരു രോഗം പോലെയാണ്‌. നല്ല വിദ്യാഭ്യാസമുള്ളവരും പുറമേ മാന്യന്മാരുമായി കാണപ്പെടുന്ന ആളുകളിലാണ്‌ ഈ പ്രവണതകൂടുതലും കാണപ്പെടുന്നത്‌. ഒരാൾക്ക്‌, അയാളുടെ യോഗ്യതയ്‌ക്കനുസരിച്ചു ലഭിക്കുന്ന പ്രമോഷൻപോലും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഉറക്കം കെടുത്തുന്നു. ഫാക്‌ടിൽ മാത്രമല്ല, കേരളത്തിലെ മിക്ക സ്‌ഥാപനങ്ങളിലും, ഊമക്കത്ത്‌ വ്യവസായം തഴച്ചു വളരുന്നുണ്ട്‌. ഒരിക്കൽ എന്റെ ഡിപ്പാർട്ട്‌മെന്റിലെ ഒരാൾ, കൂടെ ജോലി ചെയ്യുന്ന ആൾക്കെതിരെ എം.ഡി.ക്കയച്ച ഊമക്കത്ത്‌, എനിക്ക്‌ മാർക്ക്‌ ചെയ്‌തുതന്നു. എഴുതിയവ്യക്തി, തന്റെ ഭാര്യയുടെ കൈയക്ഷരത്തിൽ, തെറ്റായ ഇംഗ്ലീഷിലാണ്‌ എഴുതിയിരുന്നത്‌. എഴുതിയ ആളെ അറിയാവുന്നതുകൊണ്ട്‌, എനിക്കു വേണമെങ്കിൽ, മുകളിലേക്ക്‌ നടപടിക്ക്‌ ശുപാർശ ചെയ്യാമായിരുന്നു. പക്ഷെ, അതിനെത്തുടർന്നുണ്ടാകാനിടയുള്ള ഭവിഷ്യത്തുകൾ എന്തായിരിക്കാമെന്നാലോചിച്ചപ്പോൾ, ഞാനത്‌ ആരും കാണാതെ കീറിക്കളഞ്ഞു. ഒരാൾക്ക്‌ ഒരു ജോലികൊടുക്കാൻ എനിക്ക്‌ കഴിയില്ലല്ലോ. ചിലപ്പോൾ ഊമക്കത്തുകൾപോലെ ഊമനോട്ടീസുകളും ഇറങ്ങാറുണ്ട്‌. അത്‌ പലപ്പോഴും വർഗ്ഗീയ വിഷം നിറച്ച നോട്ടീസുകളായിരിക്കും. ചിലപ്പോൾ, അതു മാന്യമായി ജീവിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്‌ഥനേയും അയാളുടെ ഓഫീസിലെ ഒരു വനിത ജീവനക്കാരിയെയും ബന്ധപ്പെടുത്തിയായിരിക്കും. എം.കെ.കെ.യുടെ കാലത്ത്‌, ഇത്തരം ഊമക്കത്തുകളും ഊമനോട്ടീസുകളും സുലഭമായിരുന്നു. എം.കെ.കെ. ഒരു നായർ പക്ഷപാതിയാണെന്നും നായർക്കേ ഫാക്‌ടിൽ പണികൊടുക്കു എന്നും മറ്റുമുള്ള ആരോപണങ്ങൾ കേരളത്തിൽ നിറഞ്ഞുനിന്ന ഒരു കാലഘട്ടമാണത്‌. ഫാക്‌ടിന്റെ ഹൈഡ്രജൻ ഉണ്ടാക്കുന്ന പ്ലാന്റ്‌ ഓയിൽ ഗ്യാസിഫിക്കേഷൻ പ്ലാൻ മൂന്നാംഘട്ടം ഉൽഘാടനം ചെയ്യുന്ന സമയം, ഉദ്‌ഘാടനം നിർവഹിച്ചത്‌, അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ.ആർ. ശങ്കർ. ശങ്കർ തന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ പറഞ്ഞ ഒരു വാചകം, അന്ന്‌ ആ പ്രസംഗം കേട്ട പലരും പറയാറുണ്ട്‌. ശങ്കർപറഞ്ഞു. “ ഇവിടെ ഒരു പ്രത്യേക ജാതിയിൽപ്പെട്ടവർക്കേ തൊഴിൽ കൊടുക്കൂ, എന്നാണ്‌, ഞാൻ മനസ്സിലാക്കിയിട്ടുള്ളത്‌.”

എം.കെ.കെ. ആ വേദിയിലുണ്ടായിരുന്നു. പക്ഷെ, അദ്ദേഹം അതിനു മറുപടി പറഞ്ഞില്ല. മീറ്റിംഗിന്റെ അന്തസ്സ്‌ നശിപ്പിക്കരുതല്ലോ. അക്കാലത്തുതന്നെയാണ്‌, ശ്രീ. അരങ്ങിൽ ശ്രീധരൻ എം.പി., എം.കെ.കെ.യ്‌ക്കെതിരെ ഒരാരോപണം പാർലിമെന്റിൽ ഉന്നയിച്ചത്‌. അതും കേട്ട്‌കേഴ്‌വിയെ വച്ചുള്ള ഒന്നായിരുന്നു. എം.കെ.കെയ്‌ക്ക്‌ അതിനെപ്പറ്റിയുള്ള വിവരങ്ങൾ, നേരത്തെ കിട്ടിയിരുന്നു. ഇവിടെയിറങ്ങുന്ന പ്രധാനപത്രങ്ങളിലൊന്നും ആ വാർത്ത വരാതിരിക്കാനുളള ചരടുവലികൾ അദ്ദേഹം നടത്തിയിരുന്നു. പ്രധാനപത്രങ്ങളൊന്നും തന്നെ, ആ വാർത്ത കൊടുത്തില്ല.

എം.കെ.കെ. ഒരു നായർ പക്ഷപാതിയായിരുന്നില്ലെന്നു പറയാൻ ഒരു സംഭവം മാത്രം ഉദ്ധരിക്കാൻ ഞാനാഗ്രഹിക്കുന്നു. ഫാക്‌ടിൽ എക്‌സിക്യൂട്ടീവ്‌ ട്രെയിനികളെ തിരെഞ്ഞെടുക്കുന്ന പരീക്ഷ വിവിധകേന്ദ്രങ്ങളിൽവച്ചു നടത്തുന്നു. ഒട്ടനവധിപ്പേർ ആ പരീക്ഷഎഴുതി. യോഗ്യത നേടിയവരെ ഇന്റർവ്യൂന്‌ വിളിക്കുന്നു. ഇന്റർവ്യൂ ബോർഡിന്റെ ചെയർമാൻ, ഡോ. കെ.ടി. ചാണ്ടി. ചാണ്ടി അന്ന്‌, ഹിന്ദുസ്‌ഥാൻ സ്‌റ്റീലിന്റെ ചെയർമാനാണ്‌. മൂന്നുപേരെയാണ്‌, ആ ഇന്റർവ്യൂവിൽ തെരഞ്ഞെടുത്തത്‌. മെറിറ്റ്‌ നോക്കി മാത്രം എടുത്ത ആ പട്ടികയിൽ, ജാതി തിരിച്ചുള്ള കണക്കു പറഞ്ഞാൽ, ഒറ്റ നായർപോലും ഉണ്ടായിരുന്നില്ല. ഇനിയും ജാതിതിരിച്ചു പറഞ്ഞാൽ, അതിൽ, ഒരു ഈഴവനും രണ്ട്‌ ക്രിസ്‌ത്യാനികളുമായിരുന്നു ഉണ്ടായിരുന്നത്‌.

Generated from archived content: mkknair8.html Author: tm_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here