മറ്റൊരു കഥാപാത്രത്തെ ഓർമ്മ വരുന്നു. സൈലം ആലുവ. അശ്ലീല മാസികകളിൽ, കഥയെഴുതിയിരുന്ന ഈ കഥാകൃത്തിന്റെ ഒരു നീണ്ടകഥ (അതോ നോവലോ) യിലെ, പ്രധാന കഥാപാത്രം രാസവളം നായരായിരുന്നു. രാസവളം നായരും അതിരസം കുഞ്ഞന്നാമ്മയും തമമിലുള്ള രാസകേളികളായിരുന്നു, ആ നീണ്ട കഥയിലെ പ്രതിപാദ്യം. ചെറുപ്പക്കാരെല്ലാം രഹസ്യമായി വായിച്ചു രസിച്ചിരുന്ന കഥകളായിരുന്നു അവ. പക്ഷെ, സൈലം ആലുവ എന്ന കഥാകൃത്തിന്, എം.കെ.കെ. നായരിൽ നിന്ന് ഒന്നും കിട്ടിയതായി അറിയില്ല. തന്റെ ജീവിതാവസ്‌ഥയിൽ, എന്തെങ്കിലും മാറ്റം വന്നതായി, സൈലം ആലുവായെ കണ്ടിട്ട് തോന്നിയിട്ടില്ല. ആലുവായിലെ അലങ്കാർ ബാറിൽ വച്ച്, കൈലിമുണ്ട് ഉടുത്ത് ഒരാൾ കൗണ്ടറിനു മുൻപിലിരുന്നു മദ്യപിക്കുന്നത്, ചൂണ്ടി്ക്കാട്ടി, എന്റെ സുഹൃത്ത് പറഞ്ഞതോർക്കുന്നു.“ അതാണ്, സൈലം ആലുവ.” സൈലം ആലുവ ഇന്നില്ല. ഇന്നാണ് മരിക്കുന്നതെങ്കിൽ, സംസ്‌ഥാന ബഹുമതിയോടെയുള്ള ശവസംസ്‌ക്കാരത്തിന് അദ്ദേഹം അർഹനായേനെ.
ഫാക്‌ട് ലളിതകലാകേന്ദ്രത്തിന്റെ തുടക്കത്തെപ്പറ്റി മുകളിൽ സൂചിപ്പിച്ചു. അന്ന് ഉദ്‌ഘാടനം ചെയ്‌തത്, അന്നത്തെ സൂപ്പർതാരം സത്യനായിരുന്നു. ( ആ വരവിൽ അദ്ദേഹം തന്റെ ഒരു ബന്ധുവിന്, ഒരു പണി ഫാക്‌ടിൽ തരപ്പെടുത്തി.) കലാപരിപാടിയായി അവതരിപ്പിച്ചത്. കുമാരി ജയലളിതയുടെ നൃത്തമായിരുന്നു. സംശയിക്കണ്ട. പിൽക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായ കുമാരി ജയലളിത തന്നെ. അന്നവർക്ക്, ഡാൻസിനുള്ള പ്രതിഫലാമായി, 25,000&- രൂപ കൊടുത്തതായി ഉള്ള രേഖകൾ കലാകേന്ദ്രം ആഫീസിലുണ്ടായിരുന്നു. 1966 കാലത്തെ തുകയാണ്. അന്നത് വലിയ തുകതന്നെയാണ്. കലാകേന്ദ്രത്തിന്റെ ഉൽഘാടനത്തിൽ നിന്ന് ട്രെയിഡ് യൂണിയൻ നേതൃത്വം പ്രതിഷേധിച്ച്, മാറിനിന്നു. കലാകേന്ദ്രത്തിൽ, ഭാരവാഹികളെ മാനേജിംഗ് ഡയറക്‌ടർ നേരിട്ട് നോമിനേറ്റ് ചെയ്യുന്ന രീതിയോടുള്ള പ്രതിഷേധം. ഏതു കമ്മിറ്റി ഉണ്ടാക്കിയാലും അതിൽ, ട്രേഡ് യൂണിയൻ പ്രതിനിധികൾക്ക് പ്രാതിനിധ്യം വേണം എന്നായിരുന്നു വയ്‌പ്. ജനാധിപത്യ ക്രമത്തിലുള്ള ഒരു സംഘടനയാണെങ്കിൽ, അതിൽ ഇലക്‌ഷൻ വരുമെന്നും രാഷ്‌ട്രീയക്കാർ അതു കയ്യടക്കി നശിപ്പിക്കുമെന്നും എം.കെ.കെ. നായർ, ദീർഘദർശനം ചെയ്‌തത് എത്രയോ ശരിയായിരുന്നുവെന്ന്, കലം തെളിയിച്ചു. ഇന്ന്, 42 വർഷത്തിനുശേഷവും, ഫാക്‌ട് എന്ന സ്‌ഥാപനം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, ഫാക്‌ട് ലളിതകലാകേന്ദ്രം ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു. ഇപ്പോഴും അവർ നിലവാരമുള്ള പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പക്ഷെ, ഒരു കുഴപ്പമുണ്ട്. പരിപാടികൾ കാണാൻ ആളുകളെ കിട്ടുന്നില്ല. 24 വർഷം ഞാൻ ആ സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിച്ച വ്യക്തിയാണ്. പറഞ്ഞുവന്നത്, ലളിതകലാകേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തെപ്പറ്റിയാണ്. വേദിയിൽ, ചലചിത്രതാരം സത്യനുണ്ട്. എം.കെ.കെ.നായരുണ്ട്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായ ജോസഫ് അട്ടിപ്പേറ്റിയുണ്ട്. (ബിഷപ്പ്, ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ വന്നതാണ്. ഒരു സാധാരണ കാഴ്‌ചക്കാരനായി, അദ്ദേഹം പ്രേക്ഷകർക്കിടയിൽ ഇരിക്കുന്നതുകണ്ടു. എം.കെ.കെയാണ്, അദ്ദേഹത്തെ, വേദിയിലേക്ക് ക്ഷണിച്ച് ഉപചരിച്ചത്) മീറ്റിംഗ് തുടങ്ങിയപ്പോൾ ട്രെയിഡു യൂണിയൻ അംഗങ്ങൾ ചിലർ പ്രതിഷേധിച്ചു. മുദ്രവാക്യം വിളിച്ചു. അപ്പോൾ, എം.കെ.കെ. നായർ ദേഷ്യത്തിൽ എണീറ്റ് മൈക്കിനുമുൻപിൽ വന്നു പറഞ്ഞ വാചകം, പഴയകാല ജീവനക്കാർ ഓർമമിക്കാറുണ്ട്.“ ”ബെഗേർസ് ആർ നോട്ട് ചൂസേർസ്“ (Brhhars are not choosers).
ഈ കാലഘട്ടത്തിൽ തന്നെയാണ്, ഫാക്‌ട് വോളിബോളിലും ഫുട്‌ബോളിലും സ്വന്തം ടീമുകളെ പുറത്തിറക്കിയത്. കുറെക്കാലം, ആ ടീമുകൾ, കേരളത്തിലും പുറത്തുമുള്ള നിരവധി ടൂർണ്ണമെന്റുകളിൽ വിജയംകൊയ്‌തു. എം.കെ.കെ. പോയതിനു ശേഷം, പുതിയതായിവന്ന ബി.കെ. ഖന്ന അതെല്ലാം നിർത്തി. കളിക്കാരെല്ലാം ഫാക്‌ട് ജീവനക്കാരായതുകൊണ്ട് പിരിച്ചു വിട്ടില്ല. വിദ്യാഭ്യാസം കുറഞ്ഞവരെ, വെൽഡിംഗു പോലുള്ള ട്രെയിഡുകൾ പഠിക്കാൻ ഫാക്‌ട് ട്രെയിനിംഗ് സ്‌കൂളിലേക്ക് നിയോഗിച്ചു. ഫാക്‌ടിന്റെ ഗ്ലാമർ കണ്ട്, റെയിൽവേയിൽ നിന്നുപോലും ജോലി രാജിവെച്ചു വന്ന പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. പപ്പനെപ്പോലുള്ളവർ, പിരിയുന്നതുവരെ, പ്രമോഷനൊന്നുമില്ലാത്ത ചെറിയ ജോലികളിൽ തളച്ചിടപ്പെട്ടു.
ഇതു തന്നെയാണ് കഥകളിക്കാർക്കും സംഭവിച്ചത്. എം.കെ.കെ.നായർക്കുശേഷം ഫാക്‌ടിലെ കഥകളി ക്ലബ് പൂട്ടി കഥകളിക്കാരെ പിരിച്ചു വിടാതെ, ഫാക്‌ട് സ്‌കൂളുകളിൽ ഫൈനൽ ആർട്‌സ് വിംഗ് എന്നൊന്നുണ്ടാക്കി. ഫാക്‌ട് സ്‌കൂളുകളിലെ കുട്ടികളെ കഥകളി, കഥകളി സംഗീതം, ചെണ്ട എന്നിവ പഠിപ്പിക്കുക. അവരെ നൃത്തം പഠിപ്പിക്കാൻ കലാമണ്ഡലം ചന്ദ്രികയും കലാമണ്ഡലം സുഗന്ധിയും ഉണ്ടായിരുന്നു. കഥകളിക്കാർക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള സമയം, രാവിലെ 9.30 വരേയും വൈകിട്ട്, 3.30 നു ശേഷവുമായിരുന്നു. പഠിക്കാനായി കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നപ്പോൾ, മാനേജ്‌മെന്റ് കഥകളിക്കാരെ മറ്റേതെങ്കിലും ലാവണ്യത്തിലേക്ക് മാറ്റുന്നതിന്, ഒരു കമ്മിറ്റിയെ വച്ചു. കമ്മിറ്റിയുടെ കണ്ടെത്തലനുസരിച്ച്, കഥകളിക്കാരുടെ വിദ്യാഭ്യാസയോഗ്യത കമ്പനിയിലെ പ്യൂൺ തസ്‌തികയ്‌ക്കേ പറ്റു. എം.കെ.കെ.നായർ രോഗഗ്രസ്‌തനായിരുന്ന ഘട്ടത്തിലാണിത്. ആശുപത്രിക്കിടക്കയിൽ നിന്ന് അദ്ദേഹം അന്നത്തെ മാനേജിംഗ് ഡയറക്‌ടറെ വിളിച്ചു സംസാരിച്ചു. അവരെല്ലാം വലിയ കലാകാരന്മാരാണെന്നും, അവരെ അപമാനിക്കരുതെന്നും പറഞ്ഞ പ്രകാരം, മാനേജിഗ് ഡയറക്‌ടർ, നടപടികൾ നിർത്തിവെച്ചു. കഥകളിക്കാർക്ക് ഒരാൾക്കുപോലും വേറെ ഡിപ്പാർട്ടുമെൻുകളിൽ പോയി പണിയെടുക്കേണ്ടിവന്നില്ല. ഫാക്‌ട് ജീവനക്കാരായിത്തന്നെ പെൻഷൻപ്പറ്റി.
കലാമണ്ഡലം ഹൈദരാലിയാണ് എം.കെ.കെ.നായരോട് ഏറ്റവും കൂറുകാണിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു. തന്റെ പ്രസംഗങ്ങളിലും, അഭിമുഖങ്ങളിലും, തനിക്ക് ജീവിതം തന്ന എം.കെ.കെ.നായർ എന്ന മഹാമനുഷ്യനെപ്പറ്റി അദ്ദേഹം എപ്പോഴും ആദരവോടെയേ പറഞ്ഞിട്ടുള്ളു. എം.കെ.കെ. ക്യാൻസർ ബാധിച്ച്, മെഡിക്കൽ ട്രസ്‌റ്റിൽ കിടക്കുമ്പോൾ, ഹൈദരാലി കാണാൻ പോവുകയും അദ്ദേഹത്തെക്കൊണ്ട്, നളചരിതം മൂന്നാം ദിവസത്തിലെ പാട്ട് പല ദിവസവും പാടിപ്പിച്ച് കേൾക്കുകയും ചെയ്‌തിരുന്നു എം.കെ.കെ. ഒരു കഥകളിപ്പാട്ടുകാരൻ എന്ന നിലയിൽ നിന്ന്, ഒരെഴുത്തുകാരൻ എന്ന നിലയിലേക്ക്, കലാമണ്ഡലം ഹൈദരാലി, വളർന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് വിധി, അദ്ദേഹത്തെ അപഹരിച്ചത്.
Generated from archived content: mkknair6.html Author: tm_abraham