എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

ലളിതാകലാ കേന്ദ്രത്തെപ്പറ്റി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. 1966 ലാണ്‌, ഈ സ്‌ഥാപനം ആരംഭിക്കുന്നത്‌. അതിനൊരു കാരണമുണ്ട്‌. അതിനുമുൻപ്‌ ഫാക്‌ടിലെ ജീവനക്കാർക്ക്‌ ഒരു കലാസമിതി എന്നൊരു സംഘടനയുണ്ടായിരുന്നു. കുറെക്കാലം അതുപ്രവർത്തിച്ചു. പിന്നെ, നമ്മുടെ നാട്ടിലെ എല്ലാ സാംസ്‌ക്കാരിക സ്‌ഥാപനത്തിനും സംഭവിക്കുന്ന ദുരന്തം അതിനുണ്ടായി. വ്യക്തികൾ തമ്മിലുള്ള മത്സരവും രാഷ്‌ട്രീയ പാർട്ടികളുടെ ഇടപ്പെടലും കൊണ്ട്‌, ആ സംഘടനയുടെ പ്രവർത്തനം നിലച്ചു. കുറെ നാൾ ജീവനക്കാരുടെ കലാഭിരുചികൾ പ്രകാശിപ്പിക്കാൻ പറ്റിയ ഒരു വേദിയും ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ എം.കെ.കെ. ഫാക്‌ട്‌ ലളിതകലാകേന്ദ്രം ആരംഭിക്കുന്നത്‌. കലാകേന്ദ്രം ഫാക്‌ടിന്റെ ഔദ്യോഗിക സംഘടനയാണ്‌. ഫാക്‌ട്‌ സി.എം.ഡി.യായിരിക്കും കലാകേന്ദ്രത്തിന്റെ സ്‌ഥിരം പ്രസിഡന്റ്‌. ബാക്കിയുള്ള ഭാരവാഹികളെ പ്രസിഡന്റ്‌ നോമിനേറ്റ്‌ ചെയ്യും. ആർക്കുവേണമെങ്കിലും അംഗങ്ങളാകാം. അംഗത്വം ഫീസ്‌ കൊടുത്താൽ മതി. അതു ശമ്പളത്തിൽ നിന്ന്‌ പിടിച്ചു കൊള്ളും. മെമ്പർഷിപ്പ്‌ കിട്ടാൻ തന്നെ ബുദ്ധിമുട്ടായിരുന്ന ഒരു കാലമുണ്ട്‌. 1971ൽ ഞാൻ ഫാക്‌ടിലെത്തുമ്പോൾ, വളരെ ബുദ്ധിമുട്ടിയാണ്‌, കലാകേന്ദ്രത്തിന്റെ ഒരു സ്‌ഥിരം പാസ്‌ സംഘടിപ്പിച്ചത്‌. വളരെ നിലവാരമുള്ള, പ്രതിമാസ പരിപാടികൾ കലാകേന്ദ്രം എല്ലാ മാസവും സംഘടിപ്പിച്ചിരുന്നു. കലാനിലയത്തിന്റെ മൂന്നു നാടകങ്ങൾ ആയിരുന്നു ഒരു വാർഷികത്തിന്‌ അവതരിപ്പിച്ചത്‌. അതുതന്നെ ഒരു കഥയാണ്‌. കലാകേന്ദ്രത്തിന്റെ ഒരു ഭാരവാഹി കലാനിലയം കൃഷ്‌ണൻനായരെ, എറണാകുളത്തുള്ള അവരുടെ സ്‌ഥിരം നാടകവേദിയുടെ ഓഫീസിൽ പോയികാണുന്നു. കലാകേന്ദ്രം മൂന്നുനാടകങ്ങൾക്കും നിങ്ങൾ ആവശ്യപ്പെടുന്ന പ്രതിഫലം നൽകും. കൃഷ്‌ണൻനായർ സമ്മതിച്ചില്ല. ഇപ്പോൾ അവരിരിക്കുന്ന സ്‌ഥലത്തുനിന്ന്‌, എല്ലാ സന്നാഹങ്ങളും പറിച്ചുമാറ്റി ഏലൂരിൽ മൂന്നുദിവസത്തേയ്‌ക്ക്‌ കൊണ്ടുപോയി നാടകം അവതരിപ്പിക്കുന്നത്‌ ലാഭകരമല്ല എന്നു മാത്രമല്ല, നഷ്‌ടവുമാണ്‌. പിറ്റേന്ന്‌ അതേ ഭാരവാഹിതന്നെ (അന്ന്‌, ശ്രീ. റ്റി.ആർ.എസ്‌. മേനോൻ ആണ്‌ സെക്രട്ടറി. അദ്ദേഹം നേരിട്ടുപറഞ്ഞകാര്യമാണ്‌ ഇവിടെ എഴുതുന്നത്‌) എം.കെ.കെ.നായരുടെ, ഇതേ ആവശ്യമടങ്ങുന്ന കത്ത്‌ കൊടുക്കുന്നു. കത്തുവായിച്ച കലാനിലയം കൃഷ്‌ണൻ നായർ പറയുന്നു.“ ഈ വൃക്തി പറഞ്ഞാൽ എനിക്ക്‌ സമ്മതിക്കാതെ വയ്യ സമ്മതിച്ചിതിക്കുന്നു”. ആ നാടകങ്ങൾ അവതരിപ്പിക്കാൻ വേണ്ടി, ഉദ്യോഗമണ്ഡൽ തിയേറ്ററിലെ, സ്‌റ്റേജ്‌ വലുതാക്കിപ്പണിതതൊക്കെ, എത്രപെട്ടെന്നായിരുന്നു.?

കലാനിലയം കൃഷ്‌ണൻ നായരുമായുള്ള എം.കെ.കെ.യുടെ അടുപ്പം എങ്ങനെ, എപ്പോഴാരംഭിച്ചു എന്നൊന്നും അറിയില്ല. നാടകത്തിനു പുറമേ, അദ്ദേഹത്തിന്‌ ഒരു ദിനപ്പത്രം ഉണ്ടായിരുന്നു തനിനിറം. തനിനിറത്തിലെ വാർത്തകൾ പലപ്പോഴും, ഉന്നതന്മാരുടെ വഴിവിട്ട ജീവിതത്തെപ്പറ്റിയോ, കൊച്ചമ്മമാരുടെ വ്യഭിചാരത്തെപ്പറ്റിയോ ഒക്കെ ആയിരുന്നു. പത്രപ്രവർത്തകരെല്ലാം, പലകാരണങ്ങൾകൊണ്ട്‌, എം.കെ.കെ. നായരുടെ അടുപ്പക്കാരായിരുന്നു. ചോദിക്കുന്നതെന്തും കൊടുക്കാൻ കഴിയുന്ന ഒരു വ്യക്തിയായിരുന്നു അന്ന്‌, എം.കെ.കെ. എം.കെ.കെ.നായരെ കേന്ദ്രഗവൺമെന്റ്‌ സ്‌ഥലം മാറ്റിയപ്പോൾ, ആ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന്‌ കാണിച്ച്‌ മലയാള മനോരമ എഡിറ്റോറിയൽ എഴുതിയതും ഓർമ്മിക്കുന്നു. അന്ന്‌, എക്‌സിക്യൂട്ടീവ്‌ ട്രെയിനികളെ ഫാക്‌ടിൽ എടുക്കുന്ന കാലമായിരുന്നു. ഉയർന്ന പദവിയും കൂറ്റൻ ശമ്പളവും ഉള്ള ആ ജോലി, കേരളത്തിലെ അഭ്യസ്‌തവിദ്യരുടെ സ്വപ്‌നമായിരുന്നു. മിക്കവാറും വലിയ ആളുകളുടെ മക്കളൊക്കെ അത്തരം ലാവണങ്ങളിലുണ്ടായിരുന്നു. അറുപതുകളിലും എഴുപതുകളിലും എൻജിനീയറിംഗ്‌ പാസ്സായവരുടെ തൊഴിലില്ലായ്‌മ വളരെ രൂക്ഷമായിരുന്നു. അപ്പോഴാണ്‌, ഫെഡോ ആരംഭിക്കുന്നത്‌ അവിടെ ഏറ്റവും കൂടുതലായി വേണ്ടിയിരുന്നത്‌, എൻജിനീയറിംഗ്‌ ബിരുദധാരികളായിരുന്നു. മുണ്ടുശ്ശേരിയുടേയും, പൊൻകുന്നം വർക്കിയുടേയും ഒക്കെ പുത്രമാർ ഫെഡോയിൽ എൻജിനീയറന്മാരായി നിയമിക്കപ്പെട്ടു. അവരൊക്കെ യോഗ്യത കുറഞ്ഞവരായിരുന്നു. എന്നല്ല പറയുന്നത്‌. നാം പറഞ്ഞു വന്നത്‌ കലാനിലയം കൃഷ്‌ണൻ നായരെപ്പറ്റിയാണ്‌. കലാനിലയം കൃഷ്‌ണനായർക്ക്‌ വലികൂടിയ ലെൻസ്‌ സംഭവാവനയായികൊടുത്തു എന്നതായിരുന്നു, അഴിമതി ആരോപണം അന്വേഷിച്ച സി.ബി.ഐ.യുടെ കണ്ടെത്തൽ. ഈ ലെൻസിന്‌ (ഒരു ലെൻസോ, അതോ ഒന്നിലധികം എന്നറിയില്ല) ഒരു പിന്നാമ്പുറ കഥയുണ്ട്‌. ഫാക്‌ടിൽ, കെമിബോ സൾഫ്യൂറിക്‌ ആസിഡ്‌ പ്ലാന്റിനുള്ള മെഷിനറി ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്‌തപ്പോൾ, കമ്മീഷനായി വാങ്ങിയതിൽ ഈ ലെൻസും ഉണ്ടായിരുന്നെത്രെ. ഇതിലൂടെ പ്രകാശം കടത്തിവിടുമ്പോൾ, രംഗത്ത്‌, കാടും മഴയും ആകാശവും ഒക്കെ സൃഷ്‌ടിക്കപ്പെടുന്നു. എം.കെ.കെ., കലാനിലയം കൃഷ്‌ണൻ നായരെ അറിഞ്ഞ്‌ സഹായിക്കുകയായിരുന്നു. എം.കെ.കെ.നായരെ കേരളത്തിൽ നിന്നും പറഞ്ഞു വിടരുത്‌ എന്നഭ്യർത്ഥിച്ചുകൊണ്ട്‌, തനിനിറവും 1971ൽ എഡിറ്റോറിയൽ എഴുതിയത്‌ ഓർമ്മിക്കുന്നു.

Generated from archived content: mkknair5.html Author: tm_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English