എം.കെ.കെ നായർ അസാമാന്യ ഭാവനാവിലാസം ഉളള ആളായിരുന്നു. ഉദ്യോഗമണ്ഡൽ ടൗൺഷിപ്പിൽ, സ്‌കൂളുകളും റോഡുകളും ആശുപത്രിയും എല്ലാം ഉണ്ടായത്, എം.കെ.കെയുടെ കാലത്താണ്. 37 വർഷം മുൻപാണ് അദ്ദേഹം ഫാക്‌ടിൽനിന്നും പിരിഞ്ഞത്. അതിനുശേഷം അനവധി മാനേജിംഗ് ഡയറക്‌ടർമാർ വന്നു. ഫാക്‌ട്, നഷ്‌ടത്തിൽനിന്ന് ലാഭത്തിലേക്കും, ലാഭത്തിൽനിന്ന് നഷ്‌ടത്തിലേക്കും കയറിയിറങ്ങി. ഫാക്‌ടിന്റെ ഉദ്യോഗമണ്ഡൽ ടൗൺഷിപ്പിന് പുതുതായി വന്ന ഏക കെട്ടിടം ഇന്ന്, എം.കെ.കെ. നായർ ഹാൾ എന്നറിയപ്പെടുന്ന ഒരു കമ്യൂണിറ്റി ഹാൾ മാത്രമാണ്. ഫാക്‌ടിന്റെ വിജയമകുടങ്ങളായിരുന്ന സ്‌കൂളുകൾ, ഇന്ന് സ്വകാര്യ ഏജൻസികളാണ് നടത്തുന്നത്. വാസ്‌തുശില്പഭംഗിയുളള ജവഹർലാൽ മെമ്മോറിയൽ ആശുപത്രി, ലക്ഷ്‌മി ഹോസ്‌പിറ്റൽ ശൃംഖലക്ക് കൊടുത്തിരിക്കുകയാണ്.
ജവഹർലാൽ നെഹൃ മെമ്മോറിയൽ ആശുപത്രി ആരംഭിക്കുന്ന കാലത്ത് രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാനായി, നേഴ്‌സിംഗ് രംഗത്തേക്ക്, മഞ്ഞുമ്മലിലെ ഒരു സന്യാസസഭയിൽനിന്ന് കന്യാസ്‌ത്രീകളെ കൊണ്ടുവന്ന് അവിടെ നേഴ്‌സുമാരായി അദ്ദേഹം നിയമിച്ചു. ആശുപത്രി സ്വകാര്യ ഏജൻസിക്ക് കൈമാറുന്നതുവരെ രണ്ടോ മൂന്നോ സന്യാസിനികൾ അവിടെ കമ്പനി ശമ്പളക്കാരായി സേവനം ചെയ്‌തിരുന്നത് ഓർമ്മിക്കുന്നു.
എറണാകുളത്തെ മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലെ സ്വീകരണമുറിയിൽ ഇപ്പോഴും എം.കെ.കെ നായരുടെ ഒരു ചിത്രമുണ്ട്. മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയുടെ നിർമ്മാണത്തിനുളള പ്രേരകശക്തിയായി പ്രവർത്തിച്ചത് എം.കെ.കെ നായരായിരുന്നു. ഡോ. വറുഗീസ് പുളിക്കനുമായുളള സൗഹൃദമായിരുന്നു അതിനു കാരണം. കൊച്ചിയിലെ വ്യവസായശാലകളിലെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യം വെച്ചാണത് തുടങ്ങിയത് എന്നാണ് പഴയ ആളുകൾ പറയുന്നത്. അറുപതുകളുടെ അവസാനത്തിലാണതിന്റെ നിർമ്മാണം തുടങ്ങുന്നത് എന്നാണോർമ്മ. അന്നത്തെ കാലത്ത്, അതിന് 21 നിലക്കുളള ഫൗണ്ടേഷൻ ഇടണമെന്ന് എം.കെ.കെ പറയുകയും ഡോ. പുളിക്കൽ അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്‌തുവെന്നാണ് ചരിത്രം. (കൃത്യമായി പറയാൻ അവരാരും ജീവിച്ചിരിക്കുന്നില്ല എന്ന യാഥാർത്ഥ്യം നമുക്ക് അംഗീകരിക്കാം) ഏതായാലും അന്നത്തെ ബലമുളള അടിസ്ഥാനത്തിലാണ് മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രി മുകളിലേക്ക് പണിതുയർത്താൻ ഡോ. പുളിക്കനെ സഹായിച്ചിരിക്കുക. ഡോ. വറുഗീസ് പുളിക്കനാണ് എം.കെ.കെയുടെ ജീവിതത്തിന്റെ അവസാനംവരെ അദ്ദേഹത്തിന് അത്താണിയായി വർത്തിച്ചതെന്ന് പറയപ്പെടുന്നു. അദ്ദേഹം കേസിൽപ്പെട്ട് എറണാകുളത്തെ കാരയ്‌ക്കാമുറിയിലെ ഒരു സാധാരണ വാടകവീട്ടിൽ കഴിയുന്ന കാലത്ത്, കേസു നടത്താനും വീട്ടുചെലവുകൾ നടത്താനും പണമില്ലാതെ വല്ലാതെ ക്ലേശിച്ചിരുന്നതായി പറയപ്പെടുന്നു. അക്കാലത്ത്, ഡോ. വറുഗീസ് പുളിക്കൻ കൃത്യമായി, ഒരു തുക സാമ്പത്തിക സഹായമായി നൽകിയിരുന്നതിനെപ്പറ്റി അറിയാനിട വന്നിട്ടുണ്ട്. എം.കെ.കെയുടെ ആത്മകഥയിൽ, അക്കാലത്തൊരിക്കൽ മുൻമന്ത്രി ടി.വി. തോമസ് അദ്ദേഹത്തെ ആ വാടകവീട്ടിൽ കാണാനെത്തിയ കാര്യം അനുസ്‌മരിക്കുന്നുണ്ട്. പോകാൻ നേരം ടി.വി. അദ്ദേഹത്തിന് 10,000 രൂപ കൊടുത്തിട്ട് പറഞ്ഞുവത്രെ. “ആശാന് ബുദ്ധിമുട്ടാണെന്നറിയാം. ഇതുപിടിക്ക്.” അപ്പോൾ തന്റെ കണ്ണു നിറഞ്ഞൊഴുകിയതായി എം.കെ.കെ എഴുതുന്നുണ്ട്.
ഫാക്‌ട് എന്ന വളനിർമ്മാണശാലയുടെ സുവർണ്ണദശ എം.കെ.കെ നായരുടെ കാലഘട്ടത്തോടെ കഴിഞ്ഞു. ഫാക്‌ടിന്റെ ഉദ്യോഗമണ്ഡൽ ഡിവിഷനിൽ മൂന്നു സ്‌റ്റേജുകളിലായി നടന്ന വിപുലീകരണം കൺസൾട്ടൻസി സ്ഥാപനമായ ഫെഡോ, എൻജിനീയറിംഗ് വ്യവസായ സ്ഥാപനമായ ഫ്യൂ, വലിയ തോതിൽ വിഭാവനം ചെയ്യപ്പെട്ട റിസേർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് എന്നിവ അക്കൂട്ടത്തിൽ ചിലതു മാത്രമാണ്. എടയാറിൽ ഏതാണ്ട് 400 ഏക്കറുകൾ, അന്ന് കേരള ഗവൺമന്റിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഭാവിയിലുണ്ടാവുന്ന വ്യവസായ സംരംഭങ്ങൾക്ക് കാരണക്കാരനായി വർത്തിച്ചത് എം.കെ.കെയാണ്. ഇന്ന്, എടയാറിൽ എത്രയോ ചെറുതും വലുതുമായ കമ്പനികളാണ് പ്രവർത്തിക്കുന്നത്. കോമിംഗ്‌കോ ബിനാനി എന്ന കമ്പനിയുടെ പേര് ഇന്ന് ബിനാനി സിങ്ക് എന്നാണ്. മറ്റ് ചില സംസ്ഥാനങ്ങളിൽ പോകുമായിരുന്ന ഈ കമ്പനിയെ ക്ഷണിച്ച് എടയാറിൽ പ്രതിഷ്‌ഠിച്ചതിലും എം.കെ.കെക്ക് വലിയ പങ്കുണ്ട്.
ഫാക്‌ടിന്റെ കൊച്ചിൻ ഡിവിഷൻ കേന്ദ്ര ഗവൺമെന്റ് ഉടമയിൽ അമ്പലമേട്ടിൽ ആരംഭിക്കുന്ന കാലത്ത് കമ്പനിയുടെ പേരിൽ 2000 ഏക്കറോളം ഭൂമി, ഏറ്റെടുത്തതും എം.കെ.കെയുടെ ദൂരക്കാഴ്‌ച കൊണ്ടുമാത്രമാണ്. ഭാവിയിൽ കേരളത്തിൽ വ്യവസായങ്ങൾ വന്നാൽ, അവക്ക് വേണ്ടത്ര സ്ഥലം കൊച്ചിയിൽ ഉണ്ടാവില്ല എന്ന് മുൻകൂട്ടി അറിഞ്ഞിട്ടാണ് അദ്ദേഹം അങ്ങിനെ ചെയ്തത്. ഇന്ന്, ഫാക്‌ടിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടും അന്നേറ്റെടുത്ത ആയിരക്കണക്കിനുളള ഏക്കറുകളാണ്. പിന്നീട്, എം.കെ.കെ. നായരെപ്പോലുളള ഒരാളും ഫാക്‌ടിന്റെ നേതൃസ്ഥാനത്തോ, കേരളത്തിന്റെ രാഷ്‌ട്രീയ നേതൃത്വത്തിലോ വന്നില്ല എന്നതുകൊണ്ടാണ്, അന്നേ കൊടുത്ത ആ സ്ഥലം, ഇന്നും വെറുതെ ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. വല്ലാർപാടം കണ്ടെയിനർ വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എം.കെ.കെ നായർ അരനൂറ്റാണ്ടിനു മുൻപെഴുതി. ‘മലയാളമനോരമ’യുടെ കൊച്ചി എഡിഷൻ ആരംഭിച്ചപ്പോൾ, ആദ്യലക്കത്തിൽ എം.കെ.കെ എഴുതിയ ലേഖനം ശ്രദ്ധേയമാണ്- കൊച്ചി രണ്ടായിരമാണ്ടിൽ എന്ന ലേഖനത്തിൽ മെട്രോസിറ്റിയായി മാറുന്ന കൊച്ചിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റി ഉണ്ടാവേണ്ട അടിസ്ഥാന സൗകര്യങ്ങളെപ്പറ്റി ഒരു ക്രാന്തദർശിയെപ്പോലെ അദ്ദേഹം എഴുതിയിട്ടുണ്ട്. പിന്നീട് ഫാക്‌ടിന്റെ ഹൗസ് മാഗസിനിൽ- ഫാക്‌ട് ന്യൂസിൽ- അതു പുനഃപ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്.
Generated from archived content: mkknair3.html Author: tm_abraham