മലയാളത്തിലുണ്ടായിട്ടുള്ള മികച്ച ആത്മകഥാഗ്രന്ഥങ്ങളിലൊന്നാണ് എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ. എൺപതുകളിലാണ് അതു പ്രസിദ്ധീകരിക്കപ്പെടുന്നത്. അതൊരു വ്യക്തിയുടെ ചരിത്രം എന്നതിലുപരി നമ്മുടെ നാടിന്റെ ചരിത്രംകൂടിയാണ്. പക്ഷെ, ആ ഗ്രന്ഥത്തിൽ എഴുതാതെ പോയ ഒട്ടേറെ സംഭവങ്ങൾ, ഒരു മുൻ ഫാക്ട് ജീവനക്കാരൻ എന്ന നിലയിൽ എന്റെ മനസ്സിലുയരുന്നു. അടുക്കും ചിട്ടയും ഇല്ലാതെ കടന്നുവരുന്ന ആ സ്‌മരണകൾ ഇവിടെ കുറിച്ചിടുക മാത്രമാണ് ഞാൻ ചെയ്യുന്നത്.
1971 ലാണ്, ഫാക്ടിൽ ഒരു ഗ്രാജ്വേറ്റ് ട്രെയിനിയായി ഞാൻ ചേരുന്നത്. അന്ന്, ഫാക്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു എം.കെ.കെ നായർ. 1971, ജൂൺ മാസത്തിൽ, അദ്ദേഹം ഫാക്ട് വിട്ട് കേന്ദ്രസർവ്വീസിൽ ജോയിന്റ് സെക്രട്ടറിയായിപോവുകയും ചെയ്‌തു. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം ഫാക്ടിന്റെ മേധാവിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ആ കാലമത്രയും കേരളത്തിലെ വിവിധമണ്‌ഢലങ്ങളിൽ നിറഞ്ഞ് നിന്ന വ്യക്‌തിയായിരുന്നു എം.കെ.കെ.നായർ.
എം.കെ.കെ. ഫാക്ടിൽ നിന്ന് പിരിയുന്ന അവസരത്തിൽ, തൊഴിലാളികളുടെ വകയായി ഒരു വലിയ യാത്ര അയപ്പ് സമ്മേളനം ഉദ്യോഗമണ്‌ഡൽ തിയേറ്ററിൽ സംഘടിപ്പിക്കപ്പെട്ടിരുന്നു. ട്രെയിഡ് യൂണിയൻ രംഗത്തെ മിക്ക പ്രമുഖരും അതിൽ പങ്കെടുത്തിരുന്നു. ആ മീറ്റിംഗിൽ പ്രസംഗിച്ച ഒരു നേതാവ് പറഞ്ഞതോർമിക്കുന്നു“. അഴിമതിവീരൻ എന്നൊക്കെ ഞങ്ങൾ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട് അതിൽ ഒരു വാസ്തവവും ഇല്ലായിരുന്നു. അതെല്ലാം അപ്പോഴത്തെ ചില കാര്യസാധ്യങ്ങൾക്കായിരുന്നു.” തന്റെ മറുപടി പ്രസംഗത്തിൽ എം.കെ.കെ. ഊന്നിപ്പറഞ്ഞത് ഫാക്ടിന്റെ ഭാവിയെപ്പറ്റിയായിരുന്നു. അന്ന്, 2500 ഓളം ഏക്കർ ഫാക്ടനുവേണ്ടി അക്വയർ ചെയ്‌തിരുന്നു. അവിടെ വലിയൊരു വളനിർമ്മാണശാലയുടെ പണികൾ ദ്രുതഗതിയിൽ നടക്കുന്ന കാലമായിരുന്നു അത്. ചെറിയ ഒരു കാലയളവിനുള്ളിൽ, ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ ഫാക്ട് എന്ന മഹാസ്ഥാപനം വ്യക്തിമുദ്ര പതിപ്പിക്കും എന്നദ്ദേഹം അന്ന്, പ്രത്യാശ പ്രകടിപ്പിച്ചു. പക്ഷെ, അതൊന്നും ഉണ്ടായില്ല. മാറിമാറി വന്ന മാനേജിംഗ് ഡയറക്ടർമാർ, ദൂരക്കാഴ്‌ച ഇല്ലാത്തവരും സ്ഥാപനത്തോട് കൂറില്ലാത്തവരും ആയിരുന്നു. പിന്നെ കേരളത്തിലെ ഇച്ഛാശക്തിയില്ലാത്ത രാഷ്‌ട്രീയ നേതൃത്വം. എല്ലാവരും ഫാക്ടിന്റെ ഇന്നത്തെ ഗതികെട്ട അവസ്ഥക്ക് ഉത്തരവാദികളാണ്.
ഫാക്ടിൽ ഉണ്ടായിരുന്ന കാലത്തും തന്റെ ആശയങ്ങൾ പൂർണ്ണമായി നടപ്പാക്കാൻ എം.കെ.കെ.ക്ക് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും വൈതരണികൾ സൃഷ്ടിച്ചത്, അന്ന് ഏറെ സജീവമായിരുന്ന ട്രെയിഡ് യൂണിയൻ നേതൃത്വമാണ്. അറുപതുകളിലും എഴുപതുകളിലും പ്രവർത്തിച്ച ട്രെയിഡ് യൂണിയൻ നേതൃത്വത്തിന്റെ കാഴ്‌ചപ്പാട് ഒട്ടും സർഗ്ഗാത്‌മകമായിരുന്നില്ല. സമരങ്ങൾകൊണ്ട്, എല്ലാ ഓണക്കാലവും ബഹളമയമായിരിക്കും. കൂട്ടത്തിൽ മാനേജ്‌മെന്റ് എടുക്കുന്ന അയവില്ലാത്ത നിലപാടുകൂടിയാകുമ്പോൾ, കാര്യങ്ങൾ പൂർണ്ണമായി. സ്വന്തം അവകാശങ്ങളെപ്പറ്റി മാത്രമാണ് തൊഴിലാളി ബോധവാനായിരുന്നത്. ഉത്തരവാദിത്വത്തെപ്പറ്റി ആരും അവനോട് പറഞ്ഞില്ല. നിസ്സാരകാരണങ്ങളുടെ പേരിൽ, എത്രയോ വ്യവസായശാലകൾ മാസങ്ങളോളം അടച്ചിട്ടിരിക്കുന്നു. അതിലൂടെ നഷ്ടമാകുന്ന ഉത്‌പാദനത്തെപ്പറ്റിയോ സമ്പത്തിനെപ്പറ്റിയോ ആരും വേവലാതിപ്പെട്ടില്ല. അന്ന് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന പല വ്യവസായസംരംഭങ്ങളും ഇന്ന്, ഉദാരവൽക്കരണത്തന്റെ ഫലമായി അടച്ചിടൽ ഭീഷണിനേരിടുകയാണ്. ട്രെയിഡുയൂണിയൻ നേതൃത്വത്തിന്റെ കാഴ്‌ചപ്പാടിലും മാറ്റം വന്നു. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്ന് പലർക്കും മനസ്സിലായിരിക്കുന്നു. അന്ന് സമരങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ പലരും വൃദ്ധരാവുകയോ, രംഗത്തുനിന്ന് തിരോഭവിക്കുകയോ ചെയ്‌തിരിക്കുന്നു. എം.കെ.കെ. മാനേജിംഗ് ഡയറക്ടറായിരുന്ന കാലത്ത്, അദ്ദേഹത്തിനെതിരെ ഒട്ടേറെ സമരങ്ങൾ നയിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌ത ഒരു നേതാവിനെ ഓർമ്മവരുന്നു. കമ്പനിയിൽ തന്നെ ജോലി ചെയ്‌തിരുന്ന, വ്യക്‌തിയായിരുന്നു ആ നേതാവ്. അത്ര അഴിമതിക്കാരനൊന്നുമായിരുന്നില്ല, അദ്ദേഹം. പക്ഷെ എം.കെ.കെ. എന്തുചെയ്‌താലും അതിനെതിരെ പൊരുതും.
എം.കെ.കെ. ക്യാൻസർ ബാധിതനായി, എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ കിടക്കുന്നു. അപ്പോൾ പ്രസ്‌തുത നേതാവ് കാണാൻ ചെന്നു. അദ്ദേഹം കമ്പനിയിൽ നിന്ന് റിട്ടയർ ചെയ്‌ത്, ഇടതുപക്ഷ രാഷട്രീയ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. നേതാവുമായി പലതും സംസാരിച്ച കൂട്ടത്തിൽ, എം.കെ.കെ. ചോദിച്ചു. “മക്കൾ ഒക്കെ എങ്ങനെ” നേതാവിന് മൂന്നുമക്കളാണുണ്ടായിരുന്നത്. ഒരു പെണ്ണും രണ്ടാണും. മൂത്തമകൻ പുറത്താണ് രണ്ടാമത്തെ മകൻ ഗ്രാജ്വേറ്റാണ്. ജോലി ഒന്നും ആയിട്ടില്ല. പലയിടങ്ങളിലും ശ്രമിച്ചു. നടന്നില്ല. നേതാവ് ഇതുപറയുമ്പോൾ കരയുകയായിരുന്നു. എം.കെ.കെ. പറഞ്ഞു. “ആ കുട്ടിയുടെ പേരും മറ്റ് വിവരണങ്ങളും ഒന്നെഴുതിതരൂ.” നേതാവ് അതെല്ലാം എഴുതിക്കൊടുത്തു, അന്ന് വൈകിട്ട് തന്നെ കാണാൻ വന്ന ഫാക്ടിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ അടുത്ത്, എം.കെ.കെ. ആ കടലാസ് കൊടുത്തുകൊണ്ടുപറഞ്ഞു. ഈ ചെറുപ്പക്കാരന് നിങ്ങളുടെ, ഡിപ്പാർട്ടുമെന്റിൽ ഒരു ജോലികൊടുക്കണം. താമസിക്കരുത്. ചന്ദ്രനോട് ഞാൻ പറഞ്ഞുകൊള്ളാം.“ ചന്ദ്രൻ എന്നു പറഞ്ഞത്, ഫാക്ടിന്റെ അന്നത്തെ സി.എം.ഡി. എൻ.ബി. ചന്ദ്രനാണ്. എന്തായാലും ഒരു മാസത്തിനകം ആ ചെറുപ്പക്കാരന് ഫാക്ടിൽ ജോലി ലഭിച്ചു.
നേതാവിന്റെ മരണം പെട്ടെന്നായിരുന്നു. അപ്പോഴും എം.കെ.കെ. ആശുപത്രി വിട്ടിരുന്നില്ല. അന്നു വൈകിട്ട് തന്നെ കാണാൻ എത്തിയ ഫാക്ടിലെ അന്നത്തെ ഒരുദ്യോഗസ്ഥനോട്, എം.കെ.കെ. നേതാവിന്റെ മരണത്തെപ്പറ്റി സംസാരിച്ചു. ”തന്റേടിയായിരുന്നു“ എം.കെ.കെ. നേതാവിനെപ്പറ്റി പറയുമ്പോൾ, അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകിയത് ആ ഉദ്യോഗസ്ഥൻ എന്നോട് പറയുകയുണ്ടായി.
എസ്.സി.എസ്് മേനോനായിരുന്നു, എം.കെ.കെ.യുടെ കാലത്തെ പ്രധാനപ്പെട്ട ട്രെയിഡു യൂണിയൻ നേതാവ്. ഫാക്ടിലെ ഏറ്റവും വലിയ ട്രെയിഡു യൂണിയന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തുടക്കം ഫാക്ടിൽ ഒരു കെമിസ്‌റ്റായിട്ടായിരുന്നു. മുൻ തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ.നാരായണപിള്ള അദ്ദേഹത്തിന്റെ സഹോദരി ഭർത്താവായിരുന്നു. എസ്.സി.എസ്. മേനോനും, എം.കെ.കെ. നായരുമായിട്ടുള്ള ബന്ധം ഒരിക്കലും സൗഹൃദപരമായിരുന്നില്ല. തന്റെ ആത്മകഥയിൽ അല്‌പം പരിഭവത്തോടുകൂടിതന്നെ, ട്രെയിഡ് യൂണിയൻ പ്രവർത്തനത്തെപ്പറ്റി പറയുമ്പോൾ ”എസ്.സി.എസ്.മേനോൻ സ്‌റ്റൈൽ“ എന്നദ്ദേഹം പരിഹസിക്കുന്നുണ്ട്. രണ്ടുപേരും തമ്മിലുണ്ടായിരുന്ന ഈഗോ ഫൈറ്റുകൊണ്ട്, നഷ്ടമുണ്ടായത്, കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിനാണ്.
കഴിവുള്ളവരെ കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ്, എം.കെ.കെ.യുടെ പ്രത്യേകതയായിരുന്നു. എ.സി.ജോർജ് എം.പി.ആയപ്പോൾ, എം.കെ.കെ.ഫാക്ടിന്റെ വകയായി ഒരു സ്വീകരണം കൊടുത്തത് ഞാനോർമ്മിക്കുന്നു. മാത്രമല്ല, ഇലക്്ഷൻ പ്രചരണത്തിന്, കുറെ വാഹനങ്ങൾ ഫാക്ടിന്റെ വകയായി, എം.കെ.കെ. വിട്ടുകൊടുത്തതായും അന്നത്തെ പ്രതിപക്ഷ ട്രയിഡു യൂണിയൻകാർ ആരോപിച്ചിരുന്നു എ.സി. ജോർജും , എ.സി.ജോസും (ഇപ്പോഴത്തെ കയർ ബോർഡ് ചെയർമാൻ ) ഫാക്ടിലെ ജീവനക്കാരായിരുന്നു എ.സി.ജോസ്, ജോലിയിലിരുന്നുകൊണ്ട് എറണാകുളം ലോകോളേജിൽ എൽ.എൽ.ബി.ക്ക് പഠിക്കുന്ന വിവരം എം.കെ.കെ. അറിയുകയും അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അതുപ്രകാരം, ജോസ്, എം.കെ.കെ.യെ കാണാൻ ചെന്നു. ” പലതും ചോദിച്ചറിഞ്ഞ കൂട്ടത്തിൽ അദ്ദേഹം ജോസിനോട് പറഞ്ഞു . “എൽ.എൽ.ബി. കഴിഞ്ഞാൽ ഇവിടെ നിൽക്കരുത്” ജോസ് ആ ഉപദേശം ശിരസാവഹിച്ചു. എൽ.എൽ.ബി. പാസ്സായ ഉടനെ അദ്ദേഹം ജോലി രാജിവെച്ചു, സ്വന്തം പ്രാക്ടീസ് തുടങ്ങി. അന്ന്, ജോലി രാജിവെച്ചിരുന്നില്ലെങ്കിൽ, പിന്നീട്, എം.പി.യും സ്‌പീക്കറും ട്രെയിഡു യൂണിയൻ നേതാവുമായി മാറിയ എ.സി.ജോസ് ഉണ്ടാവുമായിരുന്നില്ല. ജോസ് തന്നെ ഫാക്ടിന്റെ ഹൗസ് മാഗസിനിൽ ഇതിനെപ്പറ്റി പിന്നീട് എഴുതിയിട്ടുണ്ട്.
ആശ്രിതവത്സലനായിരുന്നു എം.കെ.കെ. എന്നുപറയാറുണ്ട്. തന്റെ അടുത്ത് ആരെങ്കിലും ഒരാവശ്യം പറഞ്ഞാൽ പരമാവധി അതും സാധിച്ചുകൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച നോവലിസ്‌റ്റ് ഇ.എം.കോവൂർ, ഫാക്‌ടിന്റെ പബ്ലിക്ക് റിലേഷൻസ് അഡ്വൈസർ ആകുന്നത് അങ്ങിനെയാണ്. പ്രത്യേകിച്ച് ഒരു പണിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷെ, പബ്ലിക്ക് റിലേഷൻസ് എന്ന കലയെപ്പറ്റി മലയാളത്തിലാദ്യമായി ഒരു പുസ്‌തകം ഇ.എം.കോവൂരിനെക്കൊണ്ട് എഴുതിക്കാൻ അദ്ദേഹത്തിനുകഴിഞ്ഞു. പ്രശസ്‌ത ചിത്രകാരൻ എം.വി.ദേവനെ, ഫെഡോയിൽ, കൺസൽട്ടന്റായി എടുത്തതും എം.കെ.കെ.യാണ്. ഫാക്ടിന്റെ അമ്പലമേട് ടൗൺഷിപ്പിന്റേയും, അമ്പലമേട് ഹൗസിന്റേയും രൂപകല്പനയിൽ, കേരളീയമായ ഒരു സങ്കല്പം രൂപപ്പെടുത്തുന്നതിൽ ദേവന്റെ പങ്ക് പ്രകടമായിരുന്നു. ബി.കെ. ഖന്ന മാനേജിംഗ് ഡയറക്‌ടറായി ചാർജെടുത്ത ഉടനെ പിരിച്ചുവിടപ്പെട്ടവരിൽ ഒരാൾ ദേവനായിരുന്നു.
Generated from archived content: mkknair2.html Author: tm_abraham