എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

ആരോപണങ്ങളും കേസ്സും

എം.കെ.കെ.നായരുടെ ജീവചരിത്രക്കുറിപ്പ്‌ പുതിയ തലമുറയ്‌ക്ക്‌ അജ്ഞാതമായിരിക്കും. കേരളം കണ്ടിട്ടുള്ള അപൂർവ്വം പ്രതിഭാശാലികളായ ഭരണനിപുണന്മാരിൽ ഒരാളായ എം.കെ.കെ. 1920 ഡിസംബർ 29ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. 1939ൽ മദിരാശി സർവ്വകലാശാലയിൽ നിന്ന്‌, B.A (ഫിസിക്‌സ്‌) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട്‌, എഫ്‌.എൽ. പരീക്ഷയിലും പ്രശസ്‌തമായ രീതിയിൽ വിജയിച്ചു. തിരുവിതാംകൂർ ഗവൺമെന്റിന്റെ കീഴിൽ ഡിവിഷണൽ അക്കൗണ്ടന്റായി, 1941ൽ ജോലിയിൽ പ്രവേശിച്ചു. 1943ൽ കേന്ദ്ര ഗവൺമെന്റിന്റെ രാജ്യരക്ഷാവകുപ്പിൽ, പ്ലാനിംഗ്‌ ആന്റ്‌ കോർഡിനേഷൻ ഓഫീസറായി നിയമിതനായി. 1948ൽ ഐ.എ.എസ്‌. ലഭിച്ചു. സേലം, ഹൊസൂർ ജില്ലകളിൽ ഡപ്യൂട്ടികളക്‌ടറായി സേവനം ചെയ്‌തു. ഡൽഹിയിൽ, കേന്ദ്രവാണിജ്യവകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ്‌, ജവഹർലാൽ നെഹ്‌റുവിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം 1956ൽ, ഭിലായ്‌ ഉരുക്കു നിർമ്മാണശാലയുടെ ഡപ്യൂട്ടി ജനൽ മാനേജരായി നിയമിതനാവുന്നത്‌. 1959ൽ ഫാക്‌ടിന്റെ മാനേജിംഗ്‌ ഡയറക്‌ടറായി ചാർജെടുത്തു. 1971 – ‘73 കേന്ദ്ര ആസൂത്രകമ്മീഷനിൽ ജോയിന്റ്‌ സെക്രട്ടറിയും ഉപദേഷ്‌ടാവും. അക്കാലത്താണ്‌, അദ്ദേഹം സി.ബി.ഐ.യുടെ അഴിമതി ആരോപണത്തിന്‌ ഇരയാകുന്നത്‌. എം.കെ.കെ.നായരെ ഗവൺമെന്റ്‌ സർവ്വീസിൽ നിന്ന്‌, സസ്‌പെൻഡ്‌ ചെയ്‌തു. പതിനൊന്നു വർഷം നീണ്ട നിയമയുദ്ധത്തിനുശേഷം, 1983ൽ, കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 1987ൽ കാൻസർ രോഗത്തെത്തുടർന്ന്‌ അദ്ദേഹം അന്തരിച്ചു. നിരപരാധിയായ ഒരു മനുഷ്യനെ എങ്ങിനെയൊക്കെ കള്ളത്തെളിവുകൾ കെട്ടിച്ചമച്ച്‌, പീഡിപ്പിക്കാം എന്നതിന്റെ ദൃഷ്‌ടാന്തമാണ്‌ എം.കെ.കെ.ക്കെതിരെ സി.ബി.ഐ. കെട്ടിചമച്ച കേസ്സ്‌. സി.ബി.ഐ. യെ രൂക്ഷമായ രീതിയിൽ വിധിന്യായത്തിൽ കോടതി വിമർശിക്കുന്നുണ്ട്‌.

എം.കെ.കെ.നായർ അഞ്ചുവർഷം (1966 – ’71) കേരളകലാമണ്ഡലത്തിന്റെ ചെയർമാനായിരുന്നു. അക്കാലത്താണ്‌, കഥകളി എന്ന ദൃശ്യകലാരൂപത്തിന്‌, അന്താരാഷ്‌ട്രരംഗത്ത്‌ അംഗീകാരവും ശ്രദ്ധയും ലഭിക്കുന്നത്‌. എത്രയോതവണ, പിന്നീട്‌ നമ്മുടെ കഥകളി കലാകാരന്മാർ വിദേശരാജ്യങ്ങളിൽ, പര്യടനം നടത്തിയിരിക്കുന്നു. ഇല്ലായ്‌മയുടെ ലോകത്ത്‌ വസിച്ചിരുന്ന അവരിൽ പലരും സമ്പന്നരായി മാറിയതും എം.കെ.കെ.യുടെ ശ്രമ ഫലമാണെന്നറിയുക. സാഹിത്യത്തെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി 1965ൽ ഉദ്യോഗമണ്‌ഢലിൽവച്ച്‌, എം.കെ.കെ.നായരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട എഴുത്തുകാരുടെ അഖിലേന്ത്യാ സമ്മേളനം, ഒട്ടേറെ വിമർശനത്തിനു കാരണമായി. പക്ഷെ, അതിനുശേഷം ഇന്നുവരെ, അത്തരത്തിലൊരു മഹാസമ്മേളനം കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ്‌, യാഥാർത്ഥ്യം. (കേരളസാഹിത്യ അക്കാദമി, 1995ൽ നടത്തിയ സമ്മേളനവും, ആലുവായിൽ ‘സുരഭി’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ തൊണ്ണൂറുകളിൽ നടന്ന എഴുത്തുകാരുടെ മീറ്റിഗും മറന്നു കൊണ്ടു ഇതെഴുതുന്നത്‌. സാഹിത്യത്തോടും കലയോടും ഉള്ള പ്രതിബദ്ധതയാണ്‌, എറണാകുളത്തെ കേരളകലാപീഠം എന്ന സ്‌ഥാപനം ആരംഭിക്കുന്നതിന്‌, എം.കെ.കെ.നായരെ പ്രേരിപ്പിച്ചത്‌. അന്നദ്ദേഹം കാരയ്‌ക്കാമുറിയിലെ വാടകവീട്ടിൽ വീട്ടുതടങ്കലിൽ കിഴിയുകയാണ്‌. കേസ്സ്‌ നടത്താനും വീട്ടുചെലവിന്‌ പണം കണ്ടെത്താനും വിഷമിക്കുന്ന കാലം. എം.വി.ദേവനും പ്രൊഫ. എം.കെ.സാനുവും ചെന്ന്‌ കലാപീഠത്തിന്റെ ഉദ്‌ഘാടനത്തെപ്പറ്റിപറഞ്ഞപ്പോൾ“ ഒരു ചായ വാങ്ങിക്കൊടുക്കുവാൻ പോലുംഎന്റെ കൈയിൽ കാശില്ലാ” എന്നുപറഞ്ഞ്‌ നിസ്സാഹയനായത്‌, ദേവൻ ഒരിക്കൽ പ്രസംഗമധ്യേ അനുസ്‌മരിക്കുകയുണ്ടായി.

പരിസ്‌ഥിതി മലിനീകരണം എന്നത്‌ വലിയ പ്രശ്‌നമായി പത്രങ്ങളിൽ സ്‌ഥാനം പിടിക്കുന്നത്‌ എൺപതുകളിലാണ്‌. പക്ഷെ, അതിനൊക്ക പത്തുവർഷം മുൻപ്‌, എം.കെ.കെ.നായർ ഇതിനെപ്പറ്റി ബോധവനായിരുന്നു. ഫാക്‌ടിന്റെ അമ്പലമേട്‌ പ്രോജക്‌ട്‌ ഇതിന്‌, ഒരു ഉദാഹരണമാണ്‌. രണ്ടായിരത്തോളം ഏക്കറിൽ, പ്രകൃതിയുടെ എല്ലാ സ്വാഭാവികതയും നിലനിർത്തിക്കൊണ്ടാണ്‌, അന്നത്‌ രൂപകല്‌പന ചെയ്‌തത്‌. അമ്പലമേട്‌ ഹൗസ്‌ എന്ന വാസ്‌തു ശില്‌പഭംഗിയുള്ള കമ്പനി ഗസ്‌റ്റ്‌ ഹൗസിനെപ്പറ്റി, നേരത്തെ സൂചിപ്പിച്ചു. അതിനു മുമ്പിലെ കൃത്രിമത്തടാകത്തിൽ, സൈബീരിയൻ ഇരണ്ടുകൾ, എല്ലാ വർഷവും വിരുന്നുവരുന്ന കാഴ്‌ച, കേരളത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത ഒന്നാണ്‌. അമ്പലമേട്ടിലെ നിബിഢവനത്തിനുള്ളിൽ, ഒരു വലിയ വ്യവസായശാല പ്രവർത്തിക്കുന്നു എന്ന്‌, പുറത്തു നിന്ന്‌ നിരീക്ഷിക്കുന്ന ഒരാൾക്ക്‌ തോന്നുകയില്ല. അത്രമാത്രം പ്രകൃതിയോട്‌, ഇണങ്ങിയ രിതിയിലാണ്‌ അതിന്റെ ആസൂത്രണവും നിർമ്മിതിയും. ഭാഷയുടേയും ആശയങ്ങളുടേയും മേൽ ഇത്രമാത്രം സ്വാധീനമുള്ള മറ്റൊരു ഭരണകർത്താവിനെ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. മലയാളത്തിലും ഇംഗ്ലീഷിലും എം.കെ.കെ.ക്ക്‌ ഉണ്ടായിരുന്ന പ്രാവിണ്യത്തിന്‌, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ തന്നെ സാക്ഷി.

തന്റെ പീഢനനകാലത്തെക്കുറിച്ച്‌ എം.കെ.കെ. ഓർമ്മിക്കുന്നു; തികഞ്ഞ സമചിത്തതയോടെ ആ കാലത്തെ എങ്ങിനെ നേരിടാൻ കഴിഞ്ഞുവെന്നത്‌ ഒരുപക്ഷെ നിങ്ങളിൽ അദ്‌ഭുതം തോന്നിക്കുമായിരിക്കും….. എനിക്കതു കഴിഞ്ഞു. എന്റെ ഉപാസനാമൂർത്തിയായ ദേവിയിൽ ഞാനെല്ലാം സമർപ്പിച്ചിരുന്നു. ആശക്തിയായിരുന്നു അന്ധകാരം നിറഞ്ഞ ആ കാലത്ത്‌ എന്റെ ഏക അഭയം. “ തനിക്കെതിരെ CBI മെനഞ്ഞെടുത്ത രേഖകൾ വ്യാജമാണെന്ന്‌ തെളിയിക്കുവാനും തനിക്കെതിരെ മൊഴികൊടുക്കാൻ കൂട്ടിൽ കയറ്റിയ സാക്ഷികളെക്കൊണ്ട്‌ സത്യം പറയിക്കുവാനും സഹായിച്ചത്‌ തന്റെ ഉപാസന മൂർത്തിയായ ദേവിയായിരുന്നുവെന്ന്‌ അദ്ദേഹം ആത്മാർത്ഥമായി വിശ്വസിച്ചു. അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്നും ഒരിക്കൽപ്പോലും തന്നെ നേരിട്ടു കണ്ടിട്ടില്ലാത്തവരിൽ നിന്നുമൊക്കെ അക്കാലത്ത്‌ എം.കെ.കെ.ക്ക്‌ സഹായം ലഭിച്ചിരുന്ന കാര്യം അദ്ദേഹം സ്വന്തം ആത്മകഥയിൽ പറയുന്നുണ്ട്‌. കേസിനിടയിൽ അറസ്‌റ്റ്‌ ചെയ്‌ത്‌ ഒരു ദിവസമെങ്കിലും അദ്ദേഹത്തെ തടവറയിലിടാൻ നടത്തിയ ഗൂഡാലോചനയെപ്പറ്റി പരാമർശിക്കുമ്പോൾ അദ്ദേഹം പറയുന്നുണ്ട്‌.

”അടിയന്തിരാവസ്‌ഥക്കാലമായിരുന്നു. അധികാരികൾക്ക്‌ ആരേയും എന്തും ചെയ്യാം. എറണാകുളത്തുള്ള വീട്ടിൽ, ഞാനില്ലാതിരുന്ന ഒരു ദിവസം ഒരാൾ വന്ന്‌ എന്റെ ഭാര്യയെക്കണ്ട്‌ ഇക്കാര്യം അറിയിച്ചു. അഞ്ജാതനായ ആ സ്‌നേഹിതൻ ഒരു പോലീസുകാരനായിരുന്നു വെന്ന്‌ പിന്നീടാണ്‌ ഞാൻ അറിഞ്ഞത്‌. അന്ന്‌, ആ നല്ല മനുഷ്യന്‌ അതറിയിക്കുവാനുള്ള ദയ തോന്നിയിരുന്നില്ലെങ്കിൽ, ഒരു പക്ഷെ, അവരെന്നെ ജയിലിൽ പിടിച്ചുവെക്കുമായിരുന്നു.“

1969 ഡിസംബർ 8ന്‌ എം.കെ.കെ. നായരുടെ വീടും ഓഫീസും ഒരേ സമയമാണ്‌ CBI റെയിഡ്‌ ചെയ്‌തത്‌. അതൊരു ദിവസം മുഴുവൻ നീണ്ടുനിന്നു. അതിനു നേതൃത്വം നൽകിയത്‌, CBI യിൽ എസ്‌.പി. വെങ്കിടാചലവും DYSP നാരായണസ്വാമിയുമായിരുന്നു. അതേ സമയം തന്നെ എം.കെ.കെ.യുടെ അന്ന്‌ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീടും റെയിഡു ചെയ്യുകയുണ്ടായി. റെയിഡിനു വന്ന ഇവർതാമസിച്ചത്‌, ടി.സി.സി. (TCC) കമ്പനിയുടെ ഗസ്‌റ്റ്‌ഹൗസിലായിരുന്നു. അന്ന്‌ മലയാറ്റൂർ രാമകൃഷ്‌ണനാണ്‌, ടി.സിസി.യുടെ മാനേജിംഗ്‌ ഡയറക്‌ടർ. എം.കെ.കെ.യുടെ ജീവതം തുലയ്‌ക്കാനാണ്‌ അവർ വന്നതെന്ന്‌ രാമകൃഷ്‌ണന്‌ അറിയാമായിരുന്നു. പക്ഷെ രാമകൃഷ്‌ണൻ ആ വിവരം എന്തുകൊണ്ട്‌ എം.കെ.കെ.യെ അറിയിച്ചില്ല? രാമകൃഷ്‌ണന്‌, എം.കെ.കെ.ക്ക്‌ ലഭിച്ചിരുന്ന മാധ്യമ ശ്രദ്ധയിലും പൊതുജനാംഗീകാരത്തിലും അസഹിഷ്‌ണത ഉണ്ടായിരുന്നു. രാമകൃഷ്‌ണൻ മനസ്സ്‌ വച്ചിരുന്നെങ്കിൽ, എം.കെ.കെ.യുടെ യാതന ഇത്രത്തോളം വരുമായിരുന്നില്ല. പിന്നീട്‌, മലയാറ്റൂരിന്‌ അതിന്‌ കുറ്റബോധം തോന്നിയിരിക്കണം. അതുകൊണ്ടാണ്‌, തന്റെ ‘സർവ്വീസ്‌ സ്‌റ്റോറി’യിൽ, രാമകൃഷ്‌ണൻ ഇങ്ങിനെയെഴുതിയത്‌! എം.കെ.കെ.നായർക്ക്‌ എന്നോട്‌ ഒരു നീരസമുണ്ട്‌. റെയിഡിനുവന്ന ഉദ്യോഗസ്‌ഥന്മാർ താമസിച്ചത്‌, റ്റി.സി.സി.യുടെ ഗസ്‌റ്റ്‌ ഹൗസിലായിരുന്നു. പക്ഷെ, അവർ ആ വിവരം എന്നോട്‌ പറഞ്ഞില്ല. ഞാൻ ചോദിച്ചുമില്ല. ആശാന്‌ (എം.കെ.കെ.) എന്നെപ്പറ്റി അങ്ങിനെ ഒരു തെറ്റിദ്ധാരണയുണ്ട്‌. അത്‌ അടിസ്‌ഥാനരഹിതമാണ്‌, ഞാൻ നിരപരാധിയാണ്‌. ”. മൂന്നുപേരും – എസ്‌.പി. വെങ്കിടാചലവും, DYSP നാരായണസ്വാമിയും മലയാറ്റൂരും പരദേശിബ്രാഹ്‌മണന്മാരുമാണ്‌. പിന്നീട്‌ നാരായണസ്വാമി മുഖ്യ അന്വേഷണ ഉദ്യോഗസ്‌ഥനായി ചാർജെടുത്തു. 31.5.2009ൽ എഫ്‌.ഐ.ആർ….സമർപ്പിച്ചു. അക്കാലത്തൊരിക്കൽ, നാരായണസ്വാമി കോടതിയിൽ വച്ചുണ്ടായ സ്വകാര്യസംഭാഷണത്തിൽ പറഞ്ഞത്‌ എം.കെ.കെ.തന്റെ ‘ആരോടും പരിഭവമില്ലാതെ’ എന്ന ആത്മകഥയിൽ ഉദ്ധരിക്കുന്നുണ്ട്‌.“ എം.കെ.കെ. നായർ 1978 ഡിസംബർ 31-​‍ാം തിയതി പെൻഷനനാകും. ആ തിയതി കഴിഞ്ഞേ പ്രോസിക്യൂഷൻ കേസ്‌ സമാപിക്കുകയുള്ളു.” ഉദ്യോഗസ്‌ഥ – ട്രെയിഡു യൂണിയൻ – രാഷ്‌ട്രീയ രംഗത്തെ ചിലരുടെ ആസൂത്രിതമായ നീക്കത്തിന്റെ പരിണിതഫലമായിരുന്നു, ഈ കേസ്‌. നാരായണസ്വാമി പറഞ്ഞതുപോലെതന്നെ 1979 ഏപ്രിൽ മാസത്തിലാണ്‌, പ്രോസിക്യൂഷൻ തങ്ങളുടെ കേസ്‌ സമർപ്പിച്ചുവെന്ന്‌ കോടതിയെ അറിയിച്ചത്‌.

Generated from archived content: mkknair11.html Author: tm_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here