എം.കെ.കെ.നായർ – ഓർമ്മക്കുറിപ്പ്‌

അനർഘ നിമിഷം

പണ്ട്‌ മലയാള മനോരമ ആഴ്‌ചപ്പതിപ്പിൽ, തന്റെ ജീവിതത്തിലെ ഏറ്റവും അവസ്‌മരണീയമായ മുഹൂർത്തത്തെപ്പറ്റി എം.കെ.കെ.നായർ എഴുതിയിട്ടുള്ളത്‌ ഇവിടെ പകർത്താം.

ഭീലായ്‌ ഉരുക്കു നിർമ്മാണശാലയുടെ ഡപ്യൂട്ടി ജനറൽ മാനേജരായിരിക്കുന്ന കാലം. 1959 ഏപ്രിൽ നാലാം തിയതി രാവിലെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ്‌ ഫർണസിന്റെ ഉത്‌പാദനനോദ്‌ഘാടനം ചെയ്യുമെന്ന്‌ ലോകമാകെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. 1957 ജൂണിൽ അടിസ്‌ഥാനമിട്ട ഒരു ഫർണസും അതുവരെ ലോകത്തൊരിടത്തും ഈ കാലയളവിൽ ഉല്‌പാദനം തുടങ്ങിയിട്ടില്ലെന്ന്‌ റൂർക്കേലയിലെ ജർമ്മൻകാരും ദുർഗ്ഗപ്പൂരിലെ ബ്രിട്ടീഷുകാരും പറഞ്ഞു.

അക്കാര്യം റഷ്യാക്കാർ സമ്മതിക്കുകയും ചെയ്‌തു പക്ഷെ, എന്തുചെയ്യാം? കരാറിൽ പറഞ്ഞ തിയതി തെറ്റാൻ പാടുണ്ടോ? ഏപ്രിൽ 3-​‍ാം തിയതി ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ സോവിയറ്റ്‌ ചീഫ്‌ എൻജിനീയർ ഡിംഷിറ്റ്‌സും ഞങ്ങളും കൂടി ഒരവലോകനം നടത്തി. ഫർണസ്‌ വൈകിട്ട്‌ നാലുമണിക്ക്‌ ചാർജ്‌ ചെയ്യും. മൂന്നുമണിക്കൂറിനുള്ളിൽ ഉരുകിയ ഇരുമ്പ്‌ പുറത്തേക്കൊഴുകി വരണം. അതുകഴിഞ്ഞാൽ സാമാധാനമായി. ആകാംഷഭരിതരെങ്കിലും വിജയാശയോടെ ഫർണസ്‌ പരിസരത്തിലെത്തി. കണക്കനുസരിച്ച്‌. റോമെറ്റീരിയൽസെല്ലാം ചാർജ്‌ ചെയ്‌തു ഇരുമ്പവതാരം പ്രതീക്ഷിച്ച്‌ കാത്തുനില്‌പായി കാല്‌ കഴച്ചിട്ടും ഇരിക്കാൻ തോന്നിയില്ല. മണി ഏഴായി. പ്രസവം അടുത്തു. ഞങ്ങൾ മിനിട്ടുകൾ എണ്ണിത്തുടങ്ങി. പക്ഷെ ഫർണസി​‍്‌ൽ സംഹാരഗ്നിതന്നെ ആളിക്കത്തുന്നുണ്ട്‌. പക്ഷേ, പ്രസവ ലക്ഷണമൊന്നും കണ്ടില്ല. മിനുട്ടുകൾ പോയി മണിക്കൂറുകളായി……… എന്റെ മനസ്സിൽ പിറ്റേന്നു വരുന്ന രാഷ്‌ട്രപതിയെ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു ചിന്ത. രാപകൽ ഉറക്കമില്ലാതെ, തക്കസമയത്ത്‌ ആഹാരം കഴിക്കാതെ കുട്ടികളുടെ മുഖം പോലും കാണാതെ, ഭാര്യയോട്‌ സൗമ്യമായി ഒരു വാക്കുപോലും പറയാതെ മാസങ്ങൾ ചെലവഴിച്ച്‌ പണിപ്പെട്ടത്‌ ഇങ്ങിനേയോ കലാശിക്കുന്നത്‌? എന്നെപ്പോലെ ഒരു ലക്ഷം പേരുടെ അഭിമാനകേന്ദ്രമായ ഭിലായ്‌ പരാജയപ്പെടുമോ എന്ന ഭീതി എന്നെ നിഷ്‌ക്രിയനാക്കി. മണി പന്ത്രണ്ടായി. പന്ത്രണ്ടരയായി. ഫർണസിനകത്ത്‌ ജ്വലിക്കുന്ന തീയുടെ ഇരമ്പലല്ലാതെ സർവ്വത്ര നിശ്ശബ്‌ദം. പൊടുന്നനെ ഫർണസ്‌ പ്രവർത്തകർ അങ്ങോട്ടും മിങ്ങോട്ടും ഓടുന്നതും അട്ടഹസിക്കുന്നതും കണ്ടു. അതോടൊപ്പം ഒരു സിംഹ ആരവവും അതെത്തുടർന്ന്‌ ഒരു ഘോരാരവവും. ഒരു അഗ്നിപർവ്വതത്തിന്റെ സ്‌ഫോടനംപോലെ രൂക്ഷമായ ബ്രഹ്‌മാണ്ഡഭേദന ആരവത്തോടുകൂടി ഫർണസിൽ നിന്ന്‌ അഗ്നിസ്‌ഫുലിംഗങ്ങൾ നാലുപാടും തെറിപ്പിച്ചുകൊണ്ട്‌ സന്ധ്യാസൂര്യൻ ഒഴുകി ഇറങ്ങിവരുന്നതാണ്‌, ഞങ്ങൾ കണ്ടത്‌. ആ ദിക്ക്‌ മുഴുവൻ ഒരു ലക്ഷം മത്താപ്പു കത്തിച്ചാലുണ്ടാവുന്ന അരുണിമയിൽ മുങ്ങി. അഗ്നിപർവ്വതത്തിൽ നിന്നും ലാവപോലെ ഇരുമ്പിൻ ദ്രാവകം. ഞങ്ങളെയെല്ലാം അദ്‌ഭുതാനന്ദതുന്ദിലരാക്കി വെല്ലുവിളിച്ചുകൊണ്ട്‌ ഒഴുകി ഇറങ്ങുന്നകാഴ്‌ച എന്നെ ഏതാണ്ട്‌ സംഭ്രാന്തനാക്കി. * ദാനിയും ഞാനും ഒരാലിംഗനത്തിൽ ഏർപ്പെട്ടു നിൽക്കുന്നതു മാത്രമാണ്‌ ഞാൻ ഓർമ്മിക്കുന്നത്‌. സന്തോഷംകൊണ്ട്‌, ഞാൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കരഞ്ഞു.*

* ഭീലായ്‌ സ്‌റ്റീൽ പ്ലാന്റിലെ എൻജിനീയറിംഗ്‌ മേധാവി.

Generated from archived content: mkknair10.html Author: tm_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here