നിനക്കതു മതി

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ ടി.കെ.സി. വടുതലയുടെ ‘നിനക്കതു മതി’ എന്ന കഥ വായിക്കുക.

വിശ്വസിക്കാൻ ആർക്കും പ്രയാസമായിരുന്നു ആ വാർത്ത! ഗോവിന്ദൻനായരെ കുത്തി മുറിവേല്‌പിച്ചിരുന്നു! അതും അയാളുടെ വീട്ടിൽവെച്ച്‌. സ്‌ഥിതി ആശങ്കാജനകമാണെന്നാണു പറയുന്നത്‌.

മുൻകാലങ്ങളിൽ ഗോവിന്ദൻനായരുടെ കുടുംബത്തിലെ ഒരാശ്രിതനായിരുന്ന ശങ്കരനാണ്‌ ഈ കടുംകൈ പ്രവർത്തിച്ചത്‌. അയാൾ അടുത്തകാലത്തായി ഗോവിന്ദൻനായരുടെ ഒരു വിശ്വസ്‌തനും സന്തതസഹചാരിയുമായ മിത്രമായി മാറിയിരുന്നു. അതുകൊണ്ടാണ്‌ വിശ്വസിക്കാൻ പ്രയാസം തോന്നിയത്‌.

ഗോവിന്ദൻനായർ മരിച്ചില്ല.

കത്തിക്കുത്തേറ്റ ഗോവിന്ദൻനായർ വാവിട്ടു നിലവിളിച്ചു. മരണവെപ്രാളം കാണിക്കുകയും ചെയ്‌തു. കരച്ചിൽ കേട്ടവരത്രെയും ഓടിക്കൂടി. അതിൽ വീട്ടുകാരും നാട്ടുകാരുമൊക്കെ പെട്ടിരുന്നു.

ഗോവിന്ദൻനായർ നാട്ടുപ്രമാണിയാണ്‌. പേരും പെരുമയുമുള്ള ഒരു തറവാട്ടിലെ കാരണവരും. പണ്ടു ‘കൊല്ലിനും കൊലയ്‌ക്കും’ അധികാരമുണ്ടായിരുന്നു. ഇപ്പോൾ അതിൽ എന്താണവശേഷിക്കുന്നതെന്നു പറഞ്ഞുകൂടാ. എങ്കിലും പൂർവ്വകാലപ്രതാപത്തിൽ ബഹുമാനം തോന്നിയവരൊക്കെ ഓടിക്കൂടി.

ഡോക്‌ടറെ വിളിക്കാൻ, പോലീസിന്‌ അറിവുകൊടുക്കാൻ, ബന്ധപ്പെട്ടവർക്കു വിവരമെത്തിക്കാൻ എന്നു തുടങ്ങിയ പല അത്യാവശ്യങ്ങൾക്കുമായി ഓടിക്കൂടിയവർ പരക്കംപാഞ്ഞു.

ഡോക്‌ടർ വന്നില്ല. എന്നാൽ പോലീസ്‌ വന്നു ഗോവിന്ദൻനായരെ ഒരു മഞ്ചലിൽ കിടത്തി ആശുപത്രിയിലേക്കെടുത്തു.

ശങ്കരൻ എവിടെ? ഈ തിരക്കും ബഹളവും കഴിഞ്ഞപ്പോഴാണ്‌ ആളുകൾ അയാളെക്കുറിച്ച്‌ ആലോചിക്കാൻ തുടങ്ങിയത്‌. അയാൾ തൽക്കാലത്തേക്ക്‌ എവിടെയെങ്കിലും ഒളിച്ചിരിക്കാമെന്നും അവർ സമാധാനിച്ചു.

ആളുകൾ വിചാരിച്ചതുപോലെ വെറുമൊരു ഭീരുവായിരുന്നില്ല, ശങ്കരൻ. ഒളിച്ചുപോവുകയെന്ന ചിന്തതന്നെ അയാളുടെ മനസ്സിൽ തലയുയർത്തുകയുണ്ടായില്ല. താൻ ചെയ്‌തത്‌ ഒരു തെറ്റല്ലെന്നു ലോകത്തോടു മുഴുവനുമായി വിളിച്ചുപറയണമെന്നുപോലും അയാൾക്കു തോന്നാതിരുന്നില്ല.

ആരും കാണാത്ത ഊടുവഴികളിലൂടെ അയാൾ ഗോവിന്ദൻനായരുടെ വീട്ടിൽ നിന്നു പുറത്തുചാടി. പാത്തും പതുങ്ങിയും അയാൾ പോലീസ്‌ സ്‌റ്റേഷനെ ലക്ഷ്യമാക്കി പാഞ്ഞു. സ്‌റ്റേഷനിൽ എത്തിയപാടെ മേശപ്പുറത്ത്‌ ഒരു കടലാസുപൊതി വെച്ചുകൊടുത്തിട്ട്‌ അയാൾ കുറ്റം ഏറ്റുപറഞ്ഞു.

അങ്ങനെ ശങ്കരൻ സ്വയം പോലീസിന്റെ പിടിയിലമർന്നു.

സ്‌റ്റേഷൻ റൈറ്റർമാർ മേശപ്പുറത്തിരിക്കുന്ന ആ കടലാസ്സുപൊതിയെടുത്തു തുറന്നുനോക്കി. ഒരു വായപോയ ക്ഷൗരക്കത്തി, അതു മൂർച്ചകൂട്ടാനുപയോഗിക്കുന്ന കല്ല്‌, ഒരു കത്രിക, ഒരു ചീപ്പ്‌ ഇവയായിരുന്നു ആ പൊതിക്കകത്തുണ്ടായിരുന്നത്‌. കത്രികയിൽ അവിടവിടെ ചോരപുരണ്ടിരുന്നു. ഗോവിന്ദൻനായരെ കുത്താനുപയോഗിച്ച ആയുധം അതായിരിക്കണം.

ശങ്കരൻ പട്ടാളത്തിലായിരുന്നു. പട്ടാളത്തിൽ പേകുന്നതിനുമുമ്പു വീടുതോറും കയറിയിറങ്ങി ക്ഷൗരപ്പണി നടത്തുകയായിരുന്നു പതിവ്‌, കുലപരമ്പരയായി ചെയ്‌തുപോന്ന ഒന്നായതുകൊണ്ടുമാത്രം അതയാൾ ജീവിതവൃത്തിയായി സ്വീകരിച്ചതാണ്‌, ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാതിരുന്നതുകൊണ്ടും, സമുദായം ആ തൊഴിലിനു കല്‌പിച്ചിരുന്ന പാതിത്യവും അമ്പട്ടനെന്ന വിളിയും അയാളെ വേദനിപ്പിച്ചിരുന്നു. അതിൽനിന്ന്‌ ഒരു മോചനമെങ്കിലും കിട്ടുമല്ലോ എന്നു കരുതിയാണ്‌ അയാൾ പട്ടാളത്തിൽ ചേർന്നത്‌.

ശങ്കരനും കുടുംബവും ഗോവിന്ദൻനായരുടെ ആശ്രിതരായിരുന്നു എന്നാണു പറയുന്നത്‌. ഗോവിന്ദൻനായരുടെ തറവാട്ടിലേക്കു ചേർന്ന ഒരു പറമ്പിൽ ശങ്കരന്റെ വീട്ടുകാർ കുടിൽകെട്ടി താമസിച്ചിരുന്നു എന്നതാണ്‌ ഈ ആശ്രിതാവസ്‌ഥയ്‌ക്കു കാരണം.

ജാതിചിന്തയുടെ വിഷവായു വീശാത്ത സൈനീകാന്തരീക്ഷം ശങ്കരനെ ഒരു പുതിയ ആളാക്കി മാറ്റി. അവിടത്തെ ജീവിതം അയാളിൽ പുതിയ ആശകൾ ഉണർത്തിവിട്ടു.

പട്ടാളജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശങ്കരന്റെ മനസ്സിൽ നാമ്പെടുത്തുനിന്നിരുന്ന ആശ, സ്വന്തമായൊരല്‌പം മണ്ണുവാങ്ങി അതിലൊരു കൊച്ചു വീടുകെട്ടി തമാസിക്കുക എന്നതായിരുന്നു. ഇക്കണ്ട കാലമത്രയും ക്ലേശിച്ചും നരകിച്ചും അതിനുവേണ്ട പണവും അയാൾ കെവശം കരുതിയിരുന്നു.

ഏതെങ്കിലുമൊരു മരത്തിൽ ചാടിക്കടന്നു ചുറ്റിപ്പിണഞ്ഞു മേല്‌പോട്ടു പടർന്നുകയറാൻ വെമ്പിനില്‌ക്കുന്ന ആശാവല്ലിയെയും കാത്തുസൂക്ഷിച്ചുകൊണ്ട്‌ ശങ്കരൻ നടക്കുന്ന ഘട്ടത്തിലാണ്‌, നാട്ടുപ്രമാണി ഗോവിന്ദൻനായർ അയാളെ കാണുന്നത്‌.

ശങ്കരൻ ബഹുമാനപുരസ്സരം ആ നാട്ടുപ്രാമണിയെ വണങ്ങി. അപൂർവ്വ സന്ദർഭങ്ങളിൽ മാത്രം ചിരിക്കാൻ കഴിയുന്ന ഗോവിന്ദൻനായർ തന്റെ സ്‌ഥിരമായ ഗൗരവത്തിന്‌ ഉലച്ചിൽ തട്ടാതെ മുൻഭാഗത്തെ പല്ലുകൾ വെളിക്കുകാണിച്ച്‌ ഒരു ചിരി അഭിനയിച്ചു. അറയിൽ പുന്നെല്ലു കാണുമ്പോൾ ഏറിയ നാളത്തെ പ്രതീക്ഷകളുമായി പതുങ്ങിക്കഴിയുന്ന എലിയുടെ മുഖത്തു പ്രത്യക്ഷപ്പെടാറുള്ള അതേ ചിരി!

പാവം ശങ്കരൻ ആ വെട്ടിൽ വീണുപോയി. തലയെടുപ്പോടെ ഘനഗംഭീരഭാവത്തിൽ മുമ്പേ നടക്കുന്ന ഗോവിന്ദൻനായരുടെ പിന്നാലെ തലയുടെ പിമ്പുറം ചൊറിഞ്ഞുകൊണ്ടു ശങ്കരനും പറ്റിക്കൂടി. അങ്ങനെ നടന്നവർ ആ നാട്ടുപ്രമാണിയുടെ പടിപ്പുരയ്‌ക്കലെത്തി എന്നിട്ടും പിന്നിലേക്കു മുഖംതിരിക്കാതെ അദ്ദേഹം ചോദിച്ചു.

“ശങ്കരൻ എന്നാ വന്നത്‌?”

“ഒരാഴ്‌ച കഴിഞ്ഞു.”

വിനയാധിക്യംകൊണ്ടു പതിഞ്ഞ സ്വരത്തിൽ ശങ്കരൻ പ്രതിവചിച്ചു.

“ഊം”

അതിനദ്ദേഹമൊന്നു മൂളുകമാത്രം ചെയ്‌തു.

ശങ്കരൻ അപ്പോഴും തലചൊറിഞ്ഞ്‌ എളിമ പ്രകടിപ്പിച്ചുനിന്നതേയുള്ളു.

“എന്നാൽ ഇനി പിന്നെ കാണാം.”

അദ്ദേഹം പടിപ്പുരയ്‌ക്കകത്തേക്കു കയറിപ്പോയി.

തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ്‌ ശങ്കരനും മടങ്ങിയത്‌. നാട്ടിലെ വലിയ ഒരാളുമായി സംസാരിക്കുക, ആശ്രിതഭാവത്തിലാണെങ്കിലും അദ്ദേഹത്തോടൊപ്പം തെല്ലുദൂരം സഞ്ചരിക്കുക, അധികാരസ്വരത്തിലാണെങ്കിലും അദ്ദേഹം ഇങ്ങോട്ടു ചിലതു ചോദിക്കുക; ഇതൊക്കെ എല്ലാവർക്കും കൈവരുന്ന ഭാഗ്യമാണോ? ആ അപൂർവ്വഭാഗ്യം കൈവരിക്കാൻ അവസരം ലഭിച്ച ശങ്കരൻ എങ്ങനെ ചാരിതാർത്ഥനാവാതിരിക്കും? അന്നു രാത്രി മുഴുവൻ അയാൾ ആ മധുരാനുഭൂതികൾ നുണഞ്ഞിറക്കിക്കൊണ്ടു കഴിച്ചുകൂട്ടി.

വീണ്ടും പലപ്പോഴും ശങ്കരൻ ഗോവിന്ദൻനായരെ കാണുകയുണ്ടായി. അപ്പോഴാക്കെ അദ്ദേഹം അയാളെ നോക്കി ചിരിക്കുകയും എന്തെങ്കിലും ചോദിക്കുകയും ചെയ്യുമായിരുന്നു. ആ നാട്ടുപ്രമാണിയും താനുമായുള്ള അടുപ്പം കൂടിക്കൂടിവരികയാണെന്ന ഒരു തോന്നൽ അതു ശങ്കരനിൽ ഉളവാക്കി.

ക്രമേണ അവരുടെ സന്ദർശനം ഒരു ദൈനംദിന സംഭവമായിത്തീർന്നു. ഇപ്പോഴായി ശങ്കരന്റെ വീട്ടുകാര്യങ്ങളൊക്കെ കൂടി ആ നാട്ടുപ്രമാണി അന്വേഷിച്ചു തുടങ്ങി. തന്റെ മനസ്സിലിരിക്കുന്നത്‌ തുറന്നു പറയാൻ പറ്റിയ സന്ദർഭം അതുതന്നെയെന്ന്‌ ശങ്കരനു തോന്നി.

“നാഴി മണ്ണു….” ശങ്കരൻ അർദ്ധോക്തിയിൽ വിരമിച്ചു.

“ഊം” ശേഷം പറയൂ എന്ന മട്ടിൽ ഗോവിന്ദൻ നായർ ഒന്നു മൂളി.

“നാഴി മണ്ണു വാങ്ങണമെന്നുണ്ടാർന്നു.

”കൊള്ളാം, നല്ല കാര്യം തന്നെ.“

ഒരഭിനന്ദനസ്വരത്തിലാണ്‌ ഗോവിന്ദൻനായർ പറഞ്ഞത്‌.

ശങ്കരനു പിന്നെയും എന്തോ പറയണമെന്നുണ്ടായിരുന്നു. ആ വലിയവനായ നാട്ടുപ്രമാണിക്ക്‌ എന്തു തോന്നുമെന്നറിയായ്‌കയാൽ അയാൾ ശങ്കിച്ചുനിന്നു. അതു മനസ്സിലാക്കിയ നാട്ടുപ്രമാണി ചോദിച്ചു.

”എന്താ ശങ്കിച്ചു നില്‌ക്കുന്നത്‌?“

”ഒന്നുമില്ല! ഇവിടന്നു സഹായിച്ചാൽ….“

അതും അയാൾ മുഴുമിച്ചില്ല.

”ഓഹോ!“ എന്തോ ഗൗരവമായി ആലോചിക്കുന്നതുപോലെ നാട്ടു പ്രമാണിയായ ആ വലിയ മനുഷ്യൻ തെല്ലിട തല കുനിച്ചുനിന്നു. കുറച്ചുകഴിഞ്ഞു ശങ്കരനെ നോക്കി അദ്ദേഹം ഇങ്ങനെ പറഞ്ഞു ”ഞാനൊന്നാലോചിക്കട്ടെ, ശങ്കരൻ നാളെ വരൂ.“

ആവൂ, ശങ്കരനു സമാധാനമായി അനുകൂലമായ ഒരു മറുപടിയുണ്ടാകുമെന്നുപോലും അയാൾ നിനച്ചിരുന്നതല്ല.

ഹൃദയത്തിന്റെ ഒരു കോണിൽ നിഗൂഢമായി സൂക്ഷിച്ചിരുന്ന അഭിലാഷം സാക്ഷാത്‌കരിക്കപ്പെടുന്ന ഒരനുഭവമാണ്‌ അയാൾക്കന്നുണ്ടായത്‌.

പിറ്റേന്നു കാലത്ത്‌ ആ വലിയ തറവാടിന്റെ പടിപ്പുരയ്‌ക്കൽ ഹാജരായ ശങ്കരനെ ഗോവിന്ദൻനായർ സ്‌നേഹപൂർവ്വം സ്വാഗതം ചെയ്‌തു. അയാളെ അതിനകത്തു ക്ഷണിച്ചിരുത്താൻ പോലുമുള്ള വിശാലമനസ്‌കത അന്നു ഗോവിന്ദൻനായർ പ്രകടമാക്കി.

ശങ്കരന്റെ കുടുംബത്തിൽപ്പെട്ട ഒരുത്തനും അതിനുമുമ്പൊരിക്കലും ആ പടിപ്പുരയ്‌ക്കകത്തു കാലുകുത്തിയിട്ടില്ല. ഇന്നിപ്പോൾ ആ കുടുംബത്തലവന്റെ ഒപ്പമാണ്‌ അയാളവിടെ കടന്നിരിക്കുന്നത്‌. അതോർത്തപ്പോൾ ശങ്കനു തന്നെക്കുറിച്ചുതന്നെ എന്തെന്നില്ലാത്ത ഒരു മതിപ്പുണ്ടായി. വികാരത്തള്ളിച്ചയാൽ സംസാരിക്കാൻ കഴിയാതെ ശങ്കരൻ കൊത്തിവെച്ച പ്രതിമപോലിരുന്നു.

ശങ്കരന്റെ മൗനത്തിന്‌ ഒരു വിരാമമിടാനെന്നവണ്ണം ഗോവിന്ദൻനായർ ചോദിച്ചു.

”അപ്പോൾ ശങ്കരനു സ്‌ഥലം വേണമല്ലേ?“

”അതേ“ ശങ്കരൻ വിനയപൂർവ്വം അറിയിച്ചു.

”എത്രത്തോളം വേണ്ടിവരും?“

”ഒരു ചെറിയ പുരയിടത്തിനൊള്ളതു മതി.“

ഗോവിന്ദൻനായർ ആലോചനയിൽ മുഴുകി.

തെല്ലു കഴിഞ്ഞു ധ്യാനത്തിൽ നിന്നുണർന്നവനെപ്പോലെ നിവർന്നിരുന്നിട്ടു ഗേവിന്ദൻനായർ ചോദിച്ചു.

”നമ്മുടെ പുത്തിരിക്കണ്ടം കണ്ടിട്ടില്ലേ?“

”ഉവ്വ്‌.“

”അതിനോടു തൊട്ടൊരു പറമ്പുണ്ട്‌.“

”കണ്ടിട്ടൊണ്ട്‌.“

”അതു ശങ്കരനു തന്നേക്കാം.“

ശങ്കരൻ ആകെയൊന്നു കോരിത്തരിച്ചു.

”ശങ്കരനായതുകൊണ്ട്‌ അധികമൊന്നും വേണ്ട; രണ്ടായിരം രൂപാ മതി“ ആവൂ, ആശ്വസമായി. ശങ്കരൻ നെടുതായൊന്നു നെടുവീർപ്പിട്ടു. കൊക്കിലൊതുങ്ങിയതുതന്നെ. ഗോവിന്ദൻനായരുടെ കാൽക്കൽ കെട്ടിവീഴണമെന്നുപോലും ശങ്കരനു തോന്നി. പണവുംകൊണ്ടുവരാമെന്നു പറഞ്ഞു ശങ്കരൻ എഴുന്നേറ്റു നടന്നു.

പറഞ്ഞ തുകയുമായി വൈകുന്നേരം ശങ്കരൻ വന്നു. സംഖ്യ ഗോവിന്ദൻനായരുടെ കൈയിൽ കൊടുത്തിട്ടു ശങ്കരൻ ഒതുങ്ങിനിന്നു.

”ഇന്നിനി വക്കീലിനെ കാണാനാവില്ല.“ ഗോവിന്ദൻനായർ പറഞ്ഞു.

”ആധാരം നാളെ രജിസ്‌റ്റർചെയ്‌താൽപ്പോരേ?“

ഒരു വിരോധവുമില്ല” ശങ്കരൻ സമ്മതംമൂളി.

“എന്നാൽ പണമിവിടെ ഇരിക്കട്ടെ. നാളെ കാലത്തേ വരൂ.”

“ഓ, അങ്ങനെയാവട്ടെ.”

ശങ്കരൻ യാത്രപറഞ്ഞിറങ്ങി. പണപ്പൊതിയുമായി ഗോവിന്ദൻനായർ വീട്ടിനകത്തേക്കു പോയി.

പിറ്റേന്നു നിശ്‌ചിതസമയത്തുതന്നെ ശങ്കരൻ ഗോവിന്ദൻ​‍ായരുടെ പടിപ്പുരയ്‌ക്കൽ ഹാജാരായി. ഗൗരവം നടിച്ചുകൊണ്ട്‌ ആ നാട്ടുപ്രമാണി ഒരു ചാരുകസേരയിൽ മലർന്നുകിടക്കുകയായിരുന്നു. ശങ്കരനെ കണ്ടമാത്രയിൽ അയാളുടെ നെറ്റിയൊന്നു ചുളിഞ്ഞു. മുഖം പെട്ടെന്നു കറുത്തു. എങ്കിലും ഉള്ളിലങ്കുരിച്ച വെറുപ്പു പുറത്തുകാണിക്കാതെ പറഞ്ഞു. “വക്കീലിനെ ഇനിയും കണ്ടുകിട്ടിയില്ലല്ലോ ശങ്കരാ?”

ശങ്കരൻ ഒന്നും പറഞ്ഞില്ല.

“നാളെ എങ്ങനെയും അയാളെ കണ്ടുപിടിച്ചു ശരിപ്പെടുത്തി വയ്‌ക്കാം.” വക്കീലദ്ദേഹം വലിയ തിരക്കുകാരനായിരിക്കാം ശങ്കരൻ വിചാരിച്ചു. ഏതായാലും അയാളെ കണ്ടുകിട്ടാതെ പറ്റില്ലല്ലോ. ഏതായാലും നാട്ടുപ്രമാണിയുടെ ഇപ്പോഴത്തെ അവധിയും കൂടി കേൾക്കുകതന്നെ.

“എന്നാലിനി നാളെ വരാം.” ശങ്കരൻ ഗോവിന്ദൻനായരോടായിപ്പറഞ്ഞിട്ടു പുറത്തിറങ്ങി.

ഗോവിന്ദൻനായർ അപ്പോഴും അതേ കിടപ്പിൽത്തന്നെ കിടക്കുകയായിരുന്നു. വിദൂരതയിലേക്കു ദൃഷ്‌ടിപായിച്ച്‌ എന്തിനെയോക്കുറിച്ച്‌ അയാൾ ഗാഢമായി ആലോചിച്ചുകൊണ്ടിരുന്നു. ആലോചന നീളുംതോറും അയാളുടെ മുഖം ചുവന്നും തുടുത്തുംകൊണ്ടിരുന്നു. കോപമോ, പകയോ, സംഹാരവാഞ്ഞ്‌ഛയോ എന്താണ്‌ അപ്പോൾ അയാളുടെ മനസ്സിൽ എന്നു പറയുക പ്രയാസമായിരുന്നു.

പറഞ്ഞിരുന്നതുപോലെ പിറ്റേന്നു പടിപ്പുരയ്‌ക്കൽ പ്രത്യക്ഷപ്പെട്ട ശങ്കരനെ കണ്ടമാത്രയിൽ ചാരുകസാരയിൽ മലർന്നുകിടന്നിരുന്ന ഗോവിന്ദൻനായരുടെ മുഖത്ത്‌ ഒരു ചിരി പരന്നു. അതൊരു വല്ലാത്ത ചിരിയായിരുന്നു. നിന്ദ്യവും നീചവുമായ ഏതോ ക്രൂരകൃത്യം ചെയ്യാനൊരുമ്പെടുന്ന ഒരുത്തന്റെ മുഖത്തു പ്രത്യക്ഷപ്പെടാനിടയുള്ള ഭീകരതയുടെ നിഴലാട്ടം ആ ചിരിയിൽ കാണാമായിരുന്നു. ശങ്കരന്‌ അത്‌ മനസ്സിലായിക്കാണുമോ, എന്തോ? പഴയതുപോലെ വിനയത്തിന്റെ ലാഞ്ഞ്‌ഛനപോലുമില്ലാത്ത സ്വരത്തിൽ അയാൾ ഗോവിന്ദൻനായരോടായി ചോദിച്ചു.

“എന്തായി ആധാരത്തിന്റെ കാര്യം?”

“ഓ, എല്ലാം ശരിയായിക്കഴിഞ്ഞു. ഇനി രജിസ്‌റ്റർചെയ്‌താൽ മാത്രം മതി.”

ശങ്കരന്റെ മുഖമൊന്നു തെളിഞ്ഞു. മനസ്സ്‌ ആനന്ദംകൊണ്ടു തുള്ളിച്ചാടി. അങ്ങനെ തന്റെ ചിരകാലസ്വപ്‌നം യഥാർത്ഥ്യത്തിന്റെ പൊന്നാടകളണിയുന്നതുപോലെ അയാൾക്കു തോന്നി. എങ്കിലും ആ പ്രമാണത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ചറിയാൻ അയാളുടെ മനസ്സ്‌ വെമ്പൽകൊണ്ടു. അയാൾ ഗോവിന്ദൻനായരോടായി ചോദിച്ചു. “എനിക്കതൊന്നു കണ്ടുകൂടേ?”

“ഓ, ഒരു വിരോധവുമില്ല.”

“എന്നാലൊന്നു കാണട്ടെ!”

“അതാ, ആ അലമാരയുടെ മുകളിലിരിക്കുന്ന പൊതിയിലുണ്ട്‌. ഗോവിന്ദൻനായർ ഒരു കടലാസുപൊതി ചൂണ്ടിക്കാട്ടി.

പിടയ്‌ക്കുന്ന ഹൃദയത്തോടുകൂടിയാണ്‌ ശങ്കരൻ ആ പൊതിയിൽ കൈവെച്ചത്‌. പൊതി കൈയിലെടുത്തതോടെ അയാളുടെ മട്ടുതന്നെ മാറിപ്പോയി. ഒരാധാരക്കടലാസിന്‌ ഇത്രയേറെ കനമോ? സംശയത്തോടെ അയാൾ ഗോവിന്ദൻനായരുടെ മുഖത്തു നോക്കി.

”സംശയിക്കാനൊന്നുമില്ല; അഴിച്ചുനോക്കാം.“ ഗോവിന്ദൻനായർ പറഞ്ഞു.

ശങ്കരൻ പൊതിയഴിച്ചു. തലയിൽ ഇടിത്തീവീണതുപോലെ അയാളൊന്നു ഞെട്ടി. പെരുവിരലിൽ നിന്നു ശിരസ്സിലേക്ക്‌ ഒരു തരിപ്പ്‌ പാഞ്ഞുകയറുന്നതുപോലെ തോന്നി. കണ്ണു മഞ്ഞളിച്ചു. ശരീരമാസകലം വിയർപ്പിൽ കുളിച്ചു. നിലത്തു കാലുറയ്‌ക്കാതെ വഴുതിവീണുപോകുമോ എന്നുപോലും അയാൾ ഭയന്നു.

പൊതിയിൽ ആധാരക്കടലാസ്സുമാത്രം ഉണ്ടായിരുന്നില്ല. പകരം മറ്റു പലതുമുണ്ടായിരുന്നു. കത്തി, കത്രിക, കല്ല്‌, ചീർപ്പ്‌ മുതലായ ക്ഷൗരക്കടയിലേക്കു വേണ്ട സാമഗ്രികൾ! ഒന്നും മനസ്സിലാവാത്തപോലെ ശങ്കരൻ ആ നാട്ടുപ്രമാണിയുടെ മുഖത്തേക്കു നോക്കി.

ഗോവിന്ദൻനായർ പരിഹാസപൂർവ്വം ശങ്കരനെ നോക്കി ചിരിച്ചട്ടഹസിച്ചു. വിയർപ്പിൽ കുളിച്ചുനില്‌ക്കുന്ന ശങ്കരൻ വീണ്ടും ആ നാട്ടുപ്രമാണിയുടെ നേർക്കു നോക്കി.

നാട്ടുപ്രമാണി ഗോവിന്ദൻനായരുടെ നേർക്ക്‌ അതിനുമുമ്പ്‌ ആരും അങ്ങനെ നോക്കിയിട്ടില്ല. അതയാളെ വല്ലാതെ ചൊടിപ്പിച്ചു. ഒരു ഗർജ്ജനത്തിന്റെ പാരുഷ്യം കലർന്ന സ്വരത്തിൽ അയാൾ ചോദിച്ചു. ”എന്തെടാ നോക്കുന്നത്‌?“

”നിന്റെ സൗന്ദര്യം കണ്ടിട്ട്‌“ എന്നു പറയാനാണ്‌ ശങ്കരൻ കരുതിയത്‌. പക്ഷേ പറഞ്ഞില്ല. അയാൾ മിണ്ടാതെ നിന്നു.

”കടന്നുപോടാ പുറത്ത്‌!“ ഗോവിന്ദൻനായർ അലറി. ”നിനക്കുവേണ്ടതെന്താണെന്ന്‌ എനിക്കറിയാം. അതാണ്‌ പൊതിയിൽ കരുതിയിട്ടുള്ളതും.“

ശങ്കരൻ ഒന്നും പറഞ്ഞില്ല. അയാൾ നിന്നു വിറയ്‌ക്കുകയായിരുന്നു.

ഒരൊറ്റ നിമിഷം! രംഗം അപ്പാടെ മാറി. പൊതിയിൽനിന്നും കത്രികമാത്രം കൈയിലെടുത്തുകൊണ്ട്‌ ശങ്കരൻ ഗോവിന്ദൻനായരുടെമേൽ ചാടിവീണു.

”അയ്യോ!“ ഗോവിന്ദൻനായർ വാവിട്ടു കരഞ്ഞു. മരണപരാക്രമത്തോടെ അയാൾ കൈകാലുകളിട്ടടിച്ചു.

നാലുപാടും നിന്ന്‌ ആളുകൾ ഓടിക്കൂടുന്നതു കണ്ടപ്പോഴാണ്‌ ശങ്കരനു സ്വബോധം തിരിച്ചുകിട്ടിയത്‌. അയാൾ കത്രിക വലിച്ചൂരി പൊതിയുമെടുത്തു പുറത്തുചാടി.

”അമ്പടാ ദുഷ്‌ടാ! നിനക്കതു മതി!“

പോലീസ്‌ സ്‌റ്റേഷനിലേക്കു കുതിക്കുമ്പോൾ അയാളുടെ മനസ്സു മന്ത്രിച്ചിരുന്നു.

Generated from archived content: story1_feb21_11.html Author: tkc_vaduthala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here