നമ്മുടെ സമീപകാല ചെയ്‌തികൾ അസാധാരണം…!
അവ മുൻകാല ചെയ്‌തികളുടെ കടകവിരുദ്ധം…!
നാം വലിയ വലിയ വീടുകളുണ്ടാക്കുന്നു…!
നമ്മുടെ കുടുംബം ചെറുതായി ചെറുതായിത്തീരുന്നു…!
നാം കൂടുതൽ കൂടുതൽ സാദ്ധ്യതകളുണ്ടാക്കുന്നു…!
അവക്കായി നമ്മുടെ സമയം കുറഞ്ഞു കുറഞ്ഞുവരുന്നു…!
നാം കൂടുതൽ കൂടുതൽ അറിവുകൾ നേടുന്നു…!
അറിവിന്റെ പ്രായോഗികത നമ്മിൽ കുറഞ്ഞു കുറഞ്ഞു വരുന്നു…!
നാം പലതിലും കൂടുതൽ പ്രാഗത്ഭ്യം നേടുന്നു…!
തന്നിമിത്തം നാം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുന്നു…!
നാം കൂടുതൽ ഔഷധങ്ങളും ചികിത്സകളും ഉപയോഗിക്കുന്നു…!
നമുക്ക് കുറഞ്ഞ ആരോഗ്യവും കൂടിയ ധനനഷ്‌ടവും ഫലം…!
നാം അന്യഗോളയാത്രക്ക് തയ്യാറെടുക്കുകയും-
ചന്ദ്രനിലേക്ക് പോവുകയും വരികയും ചെയ്യുന്നു….!
പക്ഷെ, നാം നമ്മളുണ്ടാക്കിയ പാത മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നു…!
നാം കൂടുതൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉണ്ടാക്കുന്നു….!
നാം കുറച്ചുമാത്രം ആശയവിനിമയം ചെയ്യുന്നു…!
നാം എണ്ണത്തിൽ ദിനേന അധികരിച്ചുകൊണ്ടിരിക്കുന്നു…!
നാം ഗുണത്തിൽ ദിനേന നിപതിച്ചുകൊണ്ടിരിക്കുന്നു…!
നാം അതിവേഗഭക്ഷണത്തിന്റെ കാലത്തിലാണ്…!
നമ്മുടെ കുറഞ്ഞ ദഹനത്തിന്റെ കാലവും ഇതുതന്നെ…!
നാം (മനുഷ്യൻ) വലുതായിക്കൊണ്ടേയിരിക്കുന്നു….!
നമ്മുടെ മനസ്സ് ചെറുതായിക്കൊണ്ടേയിരിക്കുന്നു….!
നമ്മുടെ ലാഭം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു….!
നമ്മുടെ ബന്ധങ്ങൾ ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു….!
നാം എപ്പോഴും മുഖം മിനുക്കിവെക്കുന്നു…!
നമ്മുടെ അന്തരാളം കരാളമാക്കി മിനുക്കുന്നു….!
നാം നമ്മുടെ വാതായനങ്ങൾ അലങ്കരിക്കുന്നു…!
നമ്മുടെ അകത്തളങ്ങൾ മലിനമായി സൂക്ഷിക്കുന്നു…!
നാം വളരുകയാണ്….മുന്നേറുകയാണ്….!
ഈ പ്രയാണം
ഔന്നത്യത്തിലേക്കോ?
അശനിപാതത്തിലേക്കോ?
ആവോ….!
Generated from archived content: poem1_oct23_10.html Author: tk_unni