നീതി

നീതി അതെന്റെ പേര്
അച്ഛനമ്മമാര്‍ എനിക്കിട്ട ഓമനപ്പേര്
ഞാന്‍ കുരുടിയാണെന്ന്
എല്ലാരും പറയുന്നു.
പക്ഷെ, എനിക്ക് കാണാമെന്നത്
അവര്‍ക്കറിയില്ലല്ലോ
കുരുടിക്കണ്ണുള്ള എന്റെ മുഖഭംഗി
അസൂയാവഹമാണത്രേ.
അത് നഷ്ടപ്പെടാതിരിക്കാനാണത്രേ
കറുത്ത കണ്ണടകളില്ലാത്ത കാലത്ത്
കറുത്ത തുണികൊണ്ട് കണ്ണുമൂടിക്കെട്ടി
എന്നെ സുന്ദരിയാക്കിയത്.

കുട്ടിക്കാലത്ത് എല്ലാ മക്കളെയും പോലെ
മണ്ണുവാരി കളിക്കാന്‍ അനുവദിക്കാതെ
അവരെന്റെ കയ്യിലൊരു തുലാസ് തന്നു
അന്ന് തുടങ്ങിയതാണെന്റെ സങ്കടം !
കണ്ണുകളും കൈകളും തടവിലായപ്പോള്‍
വിശപ്പും ദാഹവും ഒത്തിരി വര്‍ദ്ധിച്ചു
അച്ഛനമ്മമാര്‍, ബന്ധുക്കള്‍, കൂട്ടുകാര്‍
നാട്ടുകാര്‍ എല്ലാവരും അത് തിരിച്ചറിഞ്ഞു
അവര്‍ മത്സരിച്ചു, എന്നെ ഊട്ടിവളര്‍ത്തി
തിന്നാനല്ലാതെ വായകൊണ്ട് മറ്റൊന്നും വയ്യെന്നായി
ഇന്നിപ്പോള്‍ വായ തുറക്കുന്നത് വിശപ്പകറ്റാന്‍ മാത്രം.

വിശപ്പ്, അത് ചില്ലറക്കാര്യമല്ല !
എല്ലാത്തരം വിശപ്പുകളും അടക്കപ്പെടണം!
കിട്ടിയതൊക്കെ വാരിത്തിന്നു,
പനപോലെ ഞാന്‍ വളര്‍ന്നു
മേനിയില്‍ കൊഴുപ്പും മെഴുപ്പും തളിര്‍ത്തു
അതുകണ്ട് മാലോകരില്‍ കൗതുകമേറി
അവരെന്നെ പതിവില്ലാത്ത വിധം
ഓമനിക്കാന്‍ തുടങ്ങി….

രക്ഷിതാക്കളും ബന്ധുജനങ്ങളും
അരുതാത്തിടത്ത് തൊട്ടുതലോടി
ഓമനിച്ചു മാനംഭംഗപ്പെടുത്തി…
കൂട്ടുകാര്‍ മാറില്‍ പിടിച്ചുരസിച്ച്
ചുണ്ടുറുഞ്ചിക്കുടിച്ചു ക്ഷതമേല്‍പ്പിച്ചു
കളിച്ചു കാമുകരായി…
നാട്ടുകാര്‍ പൃഷ്ഠത്തില്‍ ഞെക്കിത്തലോടി
പീഡിപ്പിച്ചു സായൂജ്യമടഞ്ഞു …
രാഷ്ട്രീയക്കാര്‍ കാണുന്നിടത്തുവെച്ച്
വസ്ത്രാക്ഷേപം ചെയ്തു
പുലഭ്യം പറഞ്ഞു..
ഏമാന്മാര്‍ ചതിയില്‍ പെടുത്തി
ബലാല്‍സംഗം ചെയ്തു കടിച്ചുകീറി
വഴിയില്‍ തള്ളി …
എന്നിട്ടും ഈ മാലോകപ്പരിഷകള്‍ക്ക്
ഞാനിപ്പോഴും നീതി ദേവതയാണത്രെ!

എനിക്കുമുണ്ടൊരു ആത്മഗതം:
വിളിച്ചുകൂവാന്‍ നാക്ക് പൊങ്ങാത്ത വിധം
എന്റെ വായിലേക്ക് അപ്പക്കഷ്ണങ്ങള്‍
തിരുകിക്കയറ്റുന്നവരോട് എനിക്ക്
നന്ദി കാണിക്കാതിരിക്കാനാവുമോ!!

Generated from archived content: poem1_jan11_14.html Author: tk_unni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English