ഒറ്റച്ചിലമ്പ്‌

നല്ലമ്മക്കാവിലെ കോമരങ്ങളുടെ അലർച്ചയും അരമണിച്ചിറ്റിന്റെ പൊട്ടിച്ചിരിയും ഭേദിച്ചു വന്ന ലച്ച്‌മി അന്തപ്പന്റെ തട്ടുകടയോട്‌ ചേർന്ന്‌ കുന്തിച്ചിരുന്നിട്ട്‌ പരവേശത്തോടെ ചോദിച്ചു ഃ

“പെരിച്ചാഴിയെ കൊന്ന്‌ ശുട്ട്‌ ശാപ്പിട്ടാ ഏതാവത്‌ നോയ്‌ വന്തിടുമാ അന്തപ്പച്ചേട്ട?”

പെരുച്ചാഴിയും തവളയുമാണ്‌ അവളുടെ ഇഷ്ടാഹാരം. കടുപ്പിച്ച്‌ മുളക്‌ പുരട്ടി തീയ്യിൽ ചുട്ടെടുത്ത പെരുച്ചാഴിയെ തിന്നാൽ മതിവരാത്ത തമിഴ്‌പെണ്ണ്‌!

അമ്പലക്കുളക്കരയിലെ കൂറ്റൻ ആൽത്തറയിലാണ്‌ ലച്ച്‌മിയുടെ വാസം. കടലാസും കുപ്പിയും പെറുക്കിയാണ്‌ പെഴപ്പ്‌. ഉടവധികം തട്ടാത്ത മേനിക്കാരി. തെരുവുപിള്ളേരുടെ ചുണ്ടിലെ ശൃംഗാരച്ചിരിയെ കല്ലെറിഞ്ഞ്‌ കൊല്ലുന്നവൾ!

ജമീലയും അമ്മുവും നേരത്തെ അന്തപ്പന്റെ പറ്റുകാരായി എത്തിയിട്ടുണ്ട്‌. കത്തുന്ന വാറ്റും പുഴുങ്ങിയ കിഴങ്ങും കാന്താരിച്ചമ്മന്തിയും തേടിവന്ന ദേവദാസികൾ.

“സർവ്വത്ത്‌ തട്ടിന്റട്‌ത്തിക്ക്‌ നീങ്ങിക്കുത്തിരിക്ക്‌ പണ്ടാരത്തികളെ! തൊപ്പിക്കാര്‌ ചുറ്റും മണത്ത്‌ മണത്ത്‌ നടക്ക്‌ണ്‌ണ്ട്‌. വെറ്‌തെ ആ മൊതലകൾടെ വായേല്‌ തലവെച്ച്‌ കൊടുക്കണ്ട” അന്തപ്പൻ അഴകികളെ ഉപദേശിച്ചു

“കണക്ക്‌ വിട്ടാ അന്തപ്പച്ചേട്ടൻ വാറ്റില്‌ വെള്ളൊഴിച്ചത്‌. വെള്ളൊഴിക്ക്യാതെ ഒര്‌ വെട്ട്‌ഗ്ലാസ്‌ കൂടിത്താ. ഞരമ്പ്‌കള്‌ ചൂട്‌ പിടിക്കട്ടെ” കാന്താരീം വെട്ടുഗ്ലാസും ആവർത്തിച്ച്‌ വിഴുങ്ങിയാലും വാടാത്ത ജമീല തട്ടോട്‌ ചേർന്നിരുന്നിട്ട്‌ പറഞ്ഞു.

വെച്ചു പൂജയുടെ നിറവിൽ കെട്ടുകാഴ്‌ചകളുമായെത്തുന്ന ഭക്തരുടെ ആർപ്പും കുരവയുമാണ്‌ കാവുപുരയ്‌ക്കു ചുറ്റും. നേർച്ചക്കോഴികളുടെ ശിരസ്സറുത്തും പള്ളിവാളുകൾകൊണ്ട്‌ നെറുകെ വെട്ടിയും നല്ലമ്മയ്‌ക്ക്‌ ചോരപ്പൂക്കൾ സമർപ്പിക്കുന്നവർ.

മീനത്തിലെ ഭരണിയാണ്‌ കാളിയമ്മയുടെ തിരുനാള്‌. ആഘോഷക്കാലം. തട്ടുക്കടക്കാരുടെ മേള. അമ്മുവിനും ജമീലയ്‌ക്കും നാട്ടുകള്ളന്മാർക്കും കൊയ്‌ത്ത്‌. ഭരണിക്കാലമായാൽ പൊരിയും ഉഴുന്നടയും അലുവയും ഈന്തപ്പഴവും ഉണക്കച്ചെമ്മീനും പനഞ്ചക്കരയും അരിമുറുക്കും കരിമ്പും കൽച്ചട്ടിയും പനനൊങ്കും വിൽക്കുന്ന നിരവ്‌ മാടങ്ങളിലാണ്‌ തിരക്ക്‌. വളയും മാലയും വട്ടിയും കൊട്ടയും തഴപ്പായയും കയറും കയിലും ചാന്തും മയിലെണ്ണയും കാമശാസ്‌ത്രവും കണ്ണകിയുടെ കലണ്ടറും വാങ്ങുന്നവരുടെ വിലപേച്ച്‌.

തട്ടുകടയിൽ അന്തപ്പന്‌ നല്ല കോളാണ്‌. കള്ളവാറ്റിന്റെ തമ്പുരാൻ. വാറ്റിനോടൊപ്പം കാന്താരിയും പുഴുങ്ങിയ കിഴങ്ങും അരിപ്പായസവും ലമണേഡും സർവ്വത്തും മോരും വിറ്റ്‌ കാശ്‌ വാരുന്ന മുതുക്കൻ.

ഉത്സവപ്പറമ്പുകളിലും ചന്തവട്ടത്തും ടാക്സിസ്‌റ്റാൻഡുകളിലും നാല്‌ ചക്ര വാഹനവുമായലയുന്ന അന്തപ്പന്‌ തൊപ്പിക്കാരെ പോക്കറ്റിലാക്കാൻ നന്നായറിയാം. തുട്ടെറിഞ്ഞാൽ വമ്പന്മാർ കൊമ്പ്‌ കുത്തുമെന്നറിയുന്ന തന്ത്രശാലി.

അന്തപ്പന്റെ പറ്റുവരവുകാരനാണ്‌ പക്ഷിശാസ്‌ത്രജ്ഞൻ ചെറുങ്ങൻ. കമ്പിയഴിയിട്ട പെട്ടിയിൽ തത്തയും അവൾ കൊത്തിയെടുക്കുന്ന ദൈവരൂപങ്ങളുമായി ഊരുചുറ്റുന്ന ചന്ദനക്കുറി.

“പാലക്കാട്ട്‌ന്നൊള്ള കോമരങ്ങള്‌ അരമണീം ചെലമ്പും കിലുക്കിത്തുള്ളുമ്പഴാ ഭരണിക്കാവിനൊര്‌ ചന്തം. അവര്‌ടെ ചോരേം വെയർപ്പും വീഴുമ്പഴാ കാവ്‌ചുറ്റത്തിനൊര്‌ ചൊവപ്പ്‌”“ വാറ്റിന്റെ ലഹരിയിൽ പക്ഷിശാസ്‌ത്രം പറഞ്ഞു.

”കാവ്‌ തീണ്ടാൻ വര്‌ണ നാദാപുരത്തെ ആണ്‌ങ്ങൾടെ പാട്ടും പറകൊട്ടും കേക്കുമ്പ അമ്മദേവി സന്തോഷം കൊണ്ട്‌ കാവ്‌പുരയെടുത്തമ്മാനമാടുമെന്ന ഉടുക്കുകൊട്ടുകാരൻ പാടണത്‌!“ അമ്മ ദൈവങ്ങൾടെ കാവുകളിൽ അലഞ്ഞ്‌ പുരാണം പാടി പെഴയ്‌ക്കുന്ന വേലാണ്ടി മൂത്താര്‌ മലബാർ പെരുമ പുറത്തിറക്കി.

”സാക്ഷാൽ കണ്ണകി വെടയാടണ ഈ നാട്‌ പുണ്യം ചെയ്തതാ. ആചാരധർമ്മങ്ങള്‌ ഈ നാട്ടിലെപ്പോലെ മറ്റെവിടേം ഇല്ലെന്നാ കേൾവി“ മറുനാടൻ ഭക്തരുടെ ഭാണ്ഡം മുറുക്കിക്കെട്ടാനുള്ള ചൂടി വിറ്റും അന്തപ്പനെ തട്ടുകടയിൽ സഹായിച്ചും കഴിയുന്ന മണികണ്‌ഠൻ പറഞ്ഞു.

തട്ടിനടുത്തിരുന്ന്‌ തല ചൊറിയുന്ന ലച്ച്‌മിക്ക്‌ വിശക്കുന്നുണ്ട്‌. വാറ്റും മോന്തണമെന്നുണ്ട്‌.

”കാശൊണ്ടോടി നെന്റെ കൈയ്യില്‌. ഇന്ന്‌ കുപ്പേന്നും കാനേന്നും നെനക്കൊന്നും കിട്ടീലെ?“ പാവത്താന്റെ മട്ടും മാതിരിയും കണ്ട്‌ ജമീല ചോദിച്ചു.

”ഇന്നൊന്നും കെടപ്പില്ല ചേച്ചി. ചാക്കും വയറും കാലിയാ. തേങ്കയോ കോഴിയോ ഒന്നും കിട്ടാനും വഴിയില്ല. പോലീസ്‌കാര്‌ കണ്ടാ എന്നെ വെരട്ടും. കഷ്ടകാലം വന്താച്ച്‌!“

ജമീലയ്‌ക്ക്‌ പാവം തോന്നി. അവൾ അന്തപ്പച്ചേട്ടനോട്‌ പറഞ്ഞു ഃ ”അവൾക്കും ഇത്തിരി തിന്നാനും മോന്താനും കൊടുക്ക്‌, വെശക്കുമ്പഴാ പെണ്ണിന്‌ ഭ്രാന്ത്‌! കാശ്‌ ഞാനും അമ്മൂം കൂടി തന്നേക്കാം“

”കക്കാൻ നെനക്ക്‌ തഞ്ചം കൊറവാ ലച്ച്‌മി. എത്ര തവണയാ നിന്നെ പോലീസ്‌ പിടിച്ചിട്ടൊള്ളത്‌. ഇനി കയ്യീക്കിട്ട്യാ നിന്നെയവര്‌ നന്നായി പിഴിയും. അതോണ്ട്‌ നോക്കീം കണ്ടും നടന്നാ മതി“ കെഴങ്ങും കാന്താരിയും വെട്ടുഗ്ലാസും കൊടുക്കുമ്പോൾ അന്തപ്പൻ അബലയെ ഉപദേശിച്ചു.

കേടുപിടിച്ച പാണ്ടിക്കാള അൻപ്‌ചാമിയുടെ പൊണ്ടാട്ടിയായിരുന്നു ലച്ച്‌മി. ചാമിയുടെ വിരലുകളും മൂക്കും അഴുകിയിരുന്നു. വിരലുകളിൽ പഴന്തുണികൊണ്ട്‌ പൊതിഞ്ഞുകെട്ടിയായിരുന്നു നടപ്പ്‌.

സൂര്യനുദിച്ചാൽ കാതുകുത്തിയ ചെറിയ പാട്ടയും സഞ്ചിയുമായി പൊണ്ടാട്ടിയും കണവനും പിച്ച്‌യ്‌ക്കിറങ്ങും. കടകളിൽ, വീടുകളിൽ, വഴിച്ചാലുകളിൽ…. ഇരുട്ടിയാൽ ചന്തയിലായിരുന്നു മുളയൽ. ഉണക്കമീനും കുടംപുളിയും തവിടും ചിരട്ടയും വിൽക്കുന്ന അപ്പുക്കുട്ടന്റെ കടത്തിണ്ണയിൽ.

ചന്തയിലെ പോർട്ടർമാർക്ക്‌ ലച്ച്‌മിയിലൊരു കണ്ണുണ്ടായിരുന്നു. ഇരുണ്ടൊരു വേനൽരാവിൽ ഉണക്കമീൻ മണക്കുന്ന തിണ്ണയിൽ ഒരു ബലപ്രയോഗം നടന്നു. കൈക്കരുത്തിന്റേയും അടിയറവിന്റെയും മുഹൂർത്തം. കാൽപ്പെരുമാറ്റവും കിതപ്പും കേട്ട്‌ കാര്യം പന്തികേടാണെന്ന്‌ തോന്നിയ ചാമി എണീറ്റ്‌ ഊന്നുവടി ആഞ്ഞുവീശിയെങ്കിലും കശ്മലർ അയാളെ തൊഴിച്ച്‌ നിലത്തിട്ട്‌ വേഗം കടന്നുകളഞ്ഞു.

പിറ്റേന്ന്‌ മുനിസിപ്പാലിറ്റിക്കാർ ട്രക്കുമായി വരേണ്ടിവന്നു ചാമിയുടെ ജഢം പൊതുശ്മശാനത്തിലേയ്‌ക്ക്‌ കൊണ്ടുപോകാൻ. ചാമിയെ പൊതിഞ്ഞു കെട്ടുന്നതിനു മുൻപ്‌ തൊപ്പിക്കാർ വന്ന്‌ ലച്ച്‌മിയുടെ മൊഴിയെടുത്തു. അടുക്കും ചിട്ടയുമില്ലാതെ അവൾ പറഞ്ഞതൊന്നും പോലീസുകാർക്ക്‌ മനസിലായില്ല. ഓർമ്മകൾ നേരെയല്ലാത്ത പാണ്ടിപ്പെണ്ണ്‌! കാടും മലയും കടന്നുവന്ന വട്ടുകേസ്സ്‌!

ഇത്തിരി വാറ്റിന്റെ ഇളംചൂടിൽ കാന്താരിയും കിഴങ്ങും ചവച്ചിറക്കുന്ന ലച്ച്‌മിയോട്‌ അമ്മ പറഞ്ഞു ഃ ”വെശപ്പ്‌ മൂക്കുമ്പ എരന്നിട്ടായാലും അരിയന്നം കഴിക്കാതെ പെര്‌ച്ചാഴിയേം പാമ്പിനേം ചുട്ട്‌ തിന്നക്കൂടാത്‌ ലച്ച്‌മി. വയറ്റില്‌ കൃമീം നോവും പെരുകും. രോഗം വന്ന്‌ ചത്തുപോകും“

കാവുമുറ്റത്തപ്പോൾ കാമരൂപിണിയായ നല്ലമ്മയെ വർണ്ണിച്ചു പാടുന്നവരുടെ പ്രവാഹമായിരുന്നു. രതിലഹരിയിൽ വേവുന്ന തെറിപ്പാട്ടുകാർ. ചുണ്ടിൽ നാഗമണികൾ കോർത്തിട്ട കോലിൽ കോലാഞ്ഞു തല്ലി അമർന്നിരുന്നും ചാടിയും നടനം. പ്രാകൃതമായ സംഭോഗമുദ്രകളോടെ അരക്കെട്ടുലച്ച്‌ കൂവിയും സീൽക്കാരങ്ങളോടെയും. വിശപ്പും ദാഹവും ഒട്ടൊടുങ്ങിയപ്പോൾ ലച്ച്‌മി അരമണിയുടേയും ചിലമ്പിന്റെയും രുദ്രതാളങ്ങളിൽ നഷ്ടമായി. രക്തചന്ദനവും മഞ്ഞളും വാരിയെറിയുന്ന കോമരങ്ങളുടെ അലർച്ചയിൽ അവൾ കോരിത്തരിച്ചു.

കോലാടുകളെ നട തള്ളാനെത്തുന്ന ചെട്ടികളുടെ തപ്പുമേളത്തിൽ അവൾ ലീനയായി. കതിനവെടികളുടെ പ്രചണ്ഡ നാദങ്ങളിൽ അവളിലെ ഉന്മാദം പെരുത്തു. രക്തത്തിൽ കുളിച്ചാടുന്ന കോമരങ്ങളോടൊപ്പം ലച്ച്‌മി നഗ്‌നപാദയായി നൃത്തം ചെയ്‌തുന്ന മുടിയഴിഞ്ഞ്‌ കാറ്റിൽ പറന്നു. ഓരോ കാൽവെപ്പിലും കത്തുന്ന തലച്ചോറിന്റെ ചൂട്‌ തികട്ടി. തിമിർത്തു പെയ്യുന്ന അരമണി നാദഘോഷത്തിൽ വേലാണ്ടിമൂത്താരുടെ പാട്ടും ഹാർമോണിയത്തിന്റെ മൂളലും മുങ്ങിപ്പോയിരുന്നു.

പെരുംതട്ടാന്റെ ചതിവാക്കുകളിൽപ്പെട്ട്‌ ഭർത്താവിന്റെ ജീവനപഹരിച്ച പാണ്ഡ്യരാജന്റെ കൊട്ടാരക്കെട്ടുകളിൽ വിനാശത്തിന്റെ കൊടും തീ വിളയിച്ച കണ്ണകിയെപ്പറ്റിയാണ്‌ മൂത്താരുടെ ഗാനം. തെറ്ററിയാത്ത പ്രിയതമനെ വധിച്ചവരുടെ രക്തം കൊണ്ട്‌ ഭൂതലം മെഴുകുമെന്ന്‌ ശപഥമെടുത്ത വിധവ…

പുലികൾ പാർക്കുന്ന മടകളും, രക്തദാഹികളായ അട്ടകൾ വളരുന്ന ചളിനിലങ്ങളും, വരണ്ട പാറക്കുന്നുകളും പിന്നിട്ട്‌ വണിഗ്വരനായ ഭർത്താവിനോടൊപ്പം പാണ്ഡ്യനഗരിയിലെത്തിയവളാണ്‌ കണ്ണകി. മുല്ലക്കൊടികൾ പിണഞ്ഞു കിടക്കുന്ന ചിത്രത്തൂണുകളുള്ള രാജമണ്ഡപത്തിൽ പട്ടമഹിഷിയോടൊപ്പമിരിക്കുന്ന രാജരാജന്റെ മുമ്പിൽ കൊട്ടാരം തട്ടാൻ തട്ടിയെടുത്ത തന്റെ ചിലമ്പിന്റെ ഇണയുമായി നിലകൊണ്ട ഉഗ്രരൂപിണി…..

കാളികാവിൽ തീണ്ടൽച്ചടങ്ങ്‌ ആരംഭിക്കാറായി. അക്ഷൗഹിണികൾ ചുര മാന്തുന്ന നേരം. ബലിച്ചോരയുടെ ഗന്ധം കാറ്റിൽ. ആൽമരച്ചില്ലകളിൽ ചിറകടിക്കുന്ന നേർച്ചക്കൊടികൾ. കോമരക്കൂട്ടത്തിൽ നിന്ന്‌ നല്ലമ്മയെ വിളിച്ച്‌ ലച്ച്‌മി അലമുറയിടുന്നതു കേട്ടപ്പോൾ തൊപ്പിക്കാർക്ക്‌ കലി കയറി. അവരവളെ ബലമായി പിടിച്ച്‌ നടപ്പുരയിൽ നിന്ന്‌ പുറത്താക്കി. എന്നിട്ടു ചോദിച്ചു ഃ ”എന്താടീ അമ്മദേവീടെ കാവ്‌നടേല്‌ നെനക്ക്‌ കാര്യം? കക്കാൻ തക്കം നോക്കി നടക്ക്‌ണ പാണ്ടിപ്പെണ്ണ്‌! നേർച്ചപ്പെട്ടികൾക്ക്‌ കാവലിരിക്കുന്ന കൊമ്പന്മാരുടെ ധിക്കാരം ലച്ച്‌മിക്ക്‌ ദഹിച്ചില്ല. നല്ലമ്മയുടെ കാൽക്കൽനിന്നും ബഹിഷ്‌കൃതയായ അവളുടെ മനം കഠിനമായി നൊന്തു.

അൻപ്‌ചാമി അകാലമരണമടഞ്ഞപ്പോൾ കക്കൂസടാങ്കുകൾ കോരിക്കിട്ടുന്ന കാശിന്‌ തിന്നും കുടിച്ചും പെഴയ്‌ക്കുന്ന പട്ടപ്പൻ ലച്ച്‌മിയുടെ ഭാരം ഏറ്റെടുക്കാൻ വന്നതായിരുന്നു.

അവളതിഷ്ടപ്പെട്ടില്ല. ഇനിയും ഒരാൺതുണ അവൾക്ക്‌ വേണ്ട!! ഇനിയാരുമായും രാത്രികളിൽ പീടിക വരാന്തകളിൽ വിരിക്കുന്ന കീറച്ചാക്ക്‌ പങ്കിടാൻ അവളെ കിട്ടില്ല!

പാതിവെന്ത ചിന്തകളുമായി കാവുമുറ്റത്തെ ആൽത്തറയിൽ അന്തിപൂക്കുന്ന ലച്ച്‌മിയുടെ പ്രാർത്ഥന കമ്പോളം വാഴുന്ന ഗന്ധർവ്വന്മാരുടെ ലിംഗങ്ങളറുത്ത്‌, വിരലുകളറുത്ത്‌, അധരങ്ങളറുത്ത്‌ ചോര കുടിക്കണേയെന്നായിരുന്നു. കുണുക്കിട്ട തല്ലിക്കോലും അരമണിച്ചിറ്റും ചിലമ്പും തപ്പും ചെണ്ടയും പൊഴിക്കുന്ന വാദ്യഘോഷലഹരിയിൽ അമ്മദൈവങ്ങളുടെ കോമരങ്ങൾ ആടിയും പാടിയും തിമിർക്കുന്നതു കണ്ടപ്പോൾ ആർപ്പും വിളിയോടെ ലച്ച്‌മിയുടെ മനസും ആളിപ്പടരുകയായിരുന്നു.

Generated from archived content: story1_mar9_07.html Author: tk_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here