ശെഹ്‌ണായി സംഗീതത്തിന്റെ രാവ്‌

എന്നും വെളുപ്പിന്‌ നാല്‌ മണിക്ക്‌ കുക്ക്‌ ഹൗസ്‌ കമാണ്ടർ ചായച്ചെമ്പിന്റെ പളളയിൽ ആഞ്ഞുമുട്ടി വിളിക്കുന്നതിനെ സുബഹ്‌ വാങ്ക്‌ എന്നാണ്‌ മലയാളിസൈനികർ പറയാറുളളത്‌. മൂട്ടമണമുളള ചണക്കട്ടിലിൽ കമ്പിളിച്ചൂടേറ്റ്‌ ചുരുണ്ടു കിടക്കുന്ന പട്ടാളക്കാരെ ഉണർത്താൻ കുശിനിപ്പുരയിൽ നിന്നുളള കലമ്പൽ.

ഉണർന്നാലുടനെ ആവി പറക്കുന്ന അരമഗ്ഗ്‌ ചായ നുണഞ്ഞ്‌ തിടുക്കത്തിലൊരു ഷേവ്‌. ടൂത്ത്‌ ബ്രഷും വായിൽത്തിരുകി തോർത്തും സോപ്പുപെട്ടിയുമായി ലാട്രിന്റെ വാതിൽമുഖത്തും കുളിമുറികളുടെ മുന്നിലും ഊഴം കാത്ത്‌ തപസ്സ്‌.

സൈനികബാരക്കിലെ യാമങ്ങൾ സമയബദ്ധിതമായ പരേഡുകളിലാണ്‌ തളച്ചിട്ടിരിക്കുന്നത്‌. ഷൗരകർമ്മവും, ഫിസിക്കൽ ട്രെയിനിംഗും, ബ്രേക്ക്‌ ഫാസ്‌റ്റും, ലഞ്ചും, റോൾകാളും, ഡിന്നറും പരേഡിന്റെ പട്ടികയിലാണ്‌ പെടുന്നത്‌.

ശമ്പളം വാങ്ങുന്നതും ഒരു പരേഡാണ്‌.

പൈ പരേഡ്‌!

അതിർത്തി തീരങ്ങൾക്ക്‌ യൗവനം സമർപ്പിച്ച ശിപായികളെ നിയന്ത്രിക്കാനും പരിശീലനം നൽകാനും ബാരക്കിൽ ഉസ്താദുമാരുണ്ട്‌. അമ്മ കുടിപ്പിച്ച മുലപ്പാൽ കക്കിപ്പിക്കുമെന്ന്‌ മുരളുന്ന താപ്പാനകൾ.

ചങ്ങലയ്‌ക്കിട്ട തിരുമാലകളാണ്‌ പട്ടാളക്കാർ. കാമശാസ്‌ത്രത്തിലെ നീലത്താളുകളിൽ ചുംബിച്ചാണവരുടെ ഉറക്കം. കറുത്ത റമ്മിന്റെ ലഹരിയിൽ ഭരണിപ്പാട്ടും ആർപ്പുമായി മുളളുവേലിക്കുളളിലെ നിശായാമങ്ങൾ ആഘോഷിക്കുന്നവർ!

വൈകുന്നേരങ്ങളിൽ ക്യാമ്പിൽ നടക്കുന്ന റോൾകാൾ പരേഡിലാണ്‌ ശിപായിമാർ അവരുടെ ആവലാതികൾ ബോധിപ്പിക്കാറ്‌. ലീവപേക്ഷ സ്വീകരിക്കുന്നതും നൈറ്റ്‌ സെൻട്രികളുടെ പേര്‌ വിളിക്കുന്നതും അന്നേരത്താണ്‌. അതോടൊപ്പം രാത്രി പത്തുമണിക്ക്‌ ലൈറ്റ്‌ ഓഫായതിനുശേഷം കൊതുകുവലയ്‌ക്കുളളിൽനിന്നും മുങ്ങുന്ന സ്വവർഗ്ഗരതിക്കാർക്ക്‌ അഴിയെണ്ണേണ്ടി വരുമെന്ന പതിവ്‌ താക്കീതുകൾ.

ആയിടയ്‌ക്ക്‌ അതിർത്തികളിൽനിന്ന്‌ കേട്ട വാർത്തകൾ നല്ലതല്ലാത്തതിനാലാവണം തീതുപ്പുന്ന കവചിത വാഹനങ്ങളും പീരങ്കികളും മോർട്ടാറുകളും നിറതോക്കുകളുമായി സൈന്യനിരകൾ ക്യാമ്പുകൾ വിട്ട്‌ രണഭൂമിയിലേക്ക്‌ മാർച്ച്‌ ചെയ്ത്‌ കഴിഞ്ഞിരുന്നു.

ശേഷിച്ച ബറ്റാലിയനുകൾക്ക്‌ ‘മൂവ്‌’ ഓർഡറിനുവേണ്ടി കാത്തിരിക്കാനായിരുന്നു കല്പന.

ഇതിനുമുൻപും പലതവണ അതിർത്തിയിലെ യുദ്ധമുനമ്പുകളിൽ ശത്രുപക്ഷവുമായി കൊമ്പുകോർത്തിട്ടുളളവരാണവർ. ഉദ്ദംപൂരിൽ, സിയാൽക്കോട്ടിൽ, ജയ്‌സാൽമേറിൽ, ശങ്കർസെക്‌റ്ററിൽ, നാഥുലയിൽ, കച്ചിൽ…

ഇപ്പോഴിതാ, അരുവികളും പാറമലകളും കിടങ്ങുകളും കൊണ്ട്‌ സമൃദ്ധമായ ദ്രാസ്സ്‌ മേഖലയിലേക്കാണ്‌ കോൺവോയ്‌ മൂവാകുന്നത്‌.

വായും പിളർന്നു കിടക്കുന്ന പാതാളക്കൊല്ലികളിൽ വീഴാതെ, ഹിമശൈത്യത്തിൽ തരിമ്പും കൂസാതെ….

കഴിഞ്ഞ ശിശിരാരംഭത്തിൽ പത്താൻകോട്ടെ മലയിടുക്കുകളിലായിരുന്നു ബറ്റാലിയന്റെ പരിശീലന വിന്യാസം. സൈന്യമാപ്പനുസരിച്ച്‌ മാറിമാറി സഞ്ചരിച്ച, ഡീവ്‌ എക്സർസൈസിന്റെ കഠിനമായ ബദ്ധപ്പാടുകൾ സഹിച്ച നാളുകൾ.

എക്സർസൈസ്‌ സീസ്‌ ഫയറായി, ട്രഞ്ചുകൾ കീറിയും ബങ്കറുകളും ഗൺപിറ്റുകളും വെട്ടിയും തളർന്ന രാവുകളിൽനിന്ന്‌ ബേസ്‌ ക്യാമ്പിലേക്ക്‌ മടങ്ങവെ വെളളം ലഭ്യമായ വഴിയോരം നോക്കിയായിരുന്നു കോൺവോയിയുടെ ഹാൾട്ട്‌. ഫിൽസ്‌ അടുപ്പുകളിൽ വേഗത്തിൽ ചപ്പാത്തിയും ഡാളും പാകം ചെയ്‌ത്‌ ഭക്ഷിച്ച്‌ വീണ്ടും പ്രയാണം.

രാത്രിയിലെപ്പോഴോ കനത്ത മുൾവേലിക്കുളളിൽ ഒഴിഞ്ഞു കിടക്കുന്ന ക്യാമ്പിൽ കോൺവോയ്‌ എത്തിനിന്നു.

ആഴ്‌ചകളോളം അടച്ചിട്ടതുകൊണ്ടാവണം ബാരക്കിനകത്ത്‌ എലിക്കാട്ടവും ആവിയും പൊടിയും കൂടിക്കുഴഞ്ഞ ദുർഗ്ഗന്ധമായിരുന്നു.

ലോഡഡ്‌ വെപ്പണേന്തിയ സെൻട്രികളുടെ കവാത്തിന്റെ ബലത്തിൽ ചണക്കട്ടിലുകളിൽ കമ്പിളിഭാണ്ഡങ്ങൾ നിവർത്തി സൈനികർ ഉറങ്ങാൻ കിടന്നു.

നീണ്ട ട്രെയിനിംഗ്‌ സഹനങ്ങളുടെ ക്ഷീണവും ഉറക്കച്ചടവും മായും മുൻപേ ബുളളറ്റുകൾ ചീറുന്ന പടനിലങ്ങളിലേക്ക്‌ പുറപ്പെടാനുളള ഓർഡറാണ്‌ ക്യാമ്പോഫീസിൽ കിട്ടിയിരിക്കുന്നത്‌.

ഏതു നേരത്തും, ഏതു സ്ഥലത്തുവച്ചും ജീവൻ മറന്ന്‌ പോരിനിറങ്ങാമെന്ന്‌ റൈഫിളിന്റെ ബാരലിൽത്തൊട്ട്‌ ചെയ്ത സത്യപ്രതിജ്ഞയുടെ നിറവേറലിനു വേണ്ടിയുളള നിയോഗം.

ഇത്തവണ അതിർത്തിയിൽ നടന്ന പോരിൽ അധികം നാളുകളില്ല, വെറും മൂന്നാഴ്‌ചക്കാലമേ ദുഷ്‌മനുമായി വെടിയുണ്ടകൾ കൈമാറിയുളളൂ. കവചിത വാഹനങ്ങളുടെ ഇരമ്പവും പോർവിമാനങ്ങളുടെ മൂളലും നീണ്ടു നിന്നുളളൂ.

യുദ്ധത്തിൽ ബലിച്ചോര നൽകിയ സൈനികരേക്കാൾ കൂടുതൽ പേരായിരുന്നു മാരകമായ മുറിവുകളും ചതവുമേറ്റ്‌ ആസ്പത്രിയെ ശരണം പ്രാപിച്ചത്‌.

രണഭൂമിയിൽ അടിയറവ്‌ പറഞ്ഞ അത്തരക്കാരെ നീണ്ട ആസ്പത്രി ചികിത്സ കഴിഞ്ഞു വന്നാലും ചണ്ടകട്ടിലും കമ്പിളിയും നൽകി ക്യാമ്പിന്റെ അകത്തളം സ്വീകരിക്കണമെന്നില്ല.

യുദ്ധം കടിച്ചു തുപ്പിയ ചണ്ടികളാണവർ. പടയോട്ടങ്ങൾക്ക്‌ അന്യരായവർ.

മിലിട്ടറി ഡോക്‌ടർ എഴുതിത്തളളിയ അത്തരം ഒരു സംഘം ഹതഭാഗ്യരാണ്‌ കമാന്റിംഗ്‌ ഓഫീസർ ഒപ്പിട്ടു നൽകിയ കിന്നരിവെച്ച ഒരുനിര വെളളിമെഡലുകളും വെങ്കലനക്ഷത്രങ്ങളുമായി ജന്മദേശങ്ങളിലേക്ക്‌ പോകാനായി റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരിക്കുന്നത്‌.

ആർഭാഗമായി ബഡാഘാന വിളമ്പിയായിരുന്നു ആർമി നിയമം അവരെ യാത്രയാക്കിയത്‌. ഘാനയോടൊപ്പം ചവർക്കുന്ന റമ്മിന്റെ സീൽക്കാരങ്ങളും പൊട്ടിച്ചിരികളും. ഹസ്തദാനങ്ങളോടൊപ്പം പടനിലത്തിന്റെ അയവിറക്കലുകൾ. ശെഹ്‌ണായി സംഗീതം ഒഴുകി നടന്ന വേർപിരിയൽ രാവ്‌!

കാലോ കൈയോ അറ്റുപോയ, കണ്ണ്‌ ചതഞ്ഞ, നട്ടെല്ല്‌ പൊട്ടിയ, കവിൾ ചീന്തിപ്പോയ സൈനികർക്ക്‌ വീടുവരെ തുണപോകാൻ നിയമം അനുവദിച്ചിട്ടുളള വളണ്ടിയർമാരും ഒപ്പം വന്നിട്ടുണ്ട്‌.

ഹവീൽദാർ ഷേർസിംഗിന്‌ കൂട്ടായി ശിപായി അമർസിംഗാണ്‌ പോകുന്നത്‌. ഗോതമ്പ്‌ മണികൾ കൊറിച്ച്‌ മദിക്കുന്ന തത്തക്കിളികളുടെ കുരവയിലുണരുന്ന വടക്കൻ പഞ്ചാബിലെ ഗുരുസാഗർ ഗ്രാമത്തിലേക്ക്‌.

നായക്‌ അലങ്കാരത്തോടൊപ്പം ശിപായി രത്തിനം. തഞ്ചാവൂരിലെ ഒരിടനാടായ ആണ്ടിക്കുപ്പത്തേക്ക്‌.

മഞ്ഞുപെയ്യുന്ന കാശ്‌മീർ താഴ്‌വരയിലേക്കും ഹിമാചലിലെ സോളൻ ജില്ലയിലേക്കും, രാജസ്ഥാനിലെ ജയ്‌സാൽമേറിലേക്കും പോകുന്നവർ വേറെയുണ്ട്‌. കരിമ്പും നെല്ലും വിളയുന്ന തെലുങ്കാനയും അതിനപ്പുറം ശാലീനയായ കലിംഗവും കടന്ന്‌ ബംഗാളിലേക്കും ആസ്സാമിലേക്കും പിന്നെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്കും യാത്രയാവുന്നവർ.

യുദ്ധവിജയത്തിന്റെ സ്മരണകളുമായി പിരിഞ്ഞുപോകുന്ന നിങ്ങളിൽ രാഷ്‌ട്രം അഭിമാനം കൊളളുന്നു, ധീരതയ്‌ക്ക്‌ മുന്നിൽ നമിക്കുന്നു എന്നൊക്കെയാവണം കമാന്റിംഗ്‌ ഓഫീസർ നൽകിയ സാക്ഷിപത്രങ്ങളിലെ ആംഗലമൊഴികൾ.

യാത്രയയയ്‌ക്കാൻ റെയിൽവേ സ്‌റ്റേഷനിൽ വന്നവരുമായി കൈകൾ കോർത്തും ഒന്നിച്ചനുഭവിച്ച ജീവിതം അയവിറക്കിയും ഇത്തിരിനേരം കൂടി.

ഹിമഗന്ധിയായ പഞ്ചനദികളുടെ പുത്രൻ ഹവീൽദാർ ഷേർസിംഗിനെ എന്നിനി കണ്ടുമുട്ടും?

ഭസ്‌മം പൂശിയ കൽദൈവങ്ങളെ വണങ്ങുന്ന ഉസ്താദ്‌ അലങ്കാരത്തെ, കാശ്‌മീരിലെ പ്യാരെലാലിനെ, പഴുത്ത മണൽനിറമുളള കമൽസിംഗിനെ, സുബ്ബറെഡ്‌ഢിയെ, പമ്പാതീരങ്ങളിലെ ശരണമന്ത്രങ്ങൾ കേട്ടുണരുന്ന സുബേദാർ ജോസഫിനെ…

പല നേരങ്ങളിലായി പല പ്രദേശങ്ങളിലേക്കുളള ട്രെയിനുകൾ വന്നും പോയും കൊണ്ടിരുന്നു. പത്താൻകോട്ട്‌ എക്‌സ്‌പ്രസ്സ്‌, ജയ്‌പൂർ, കൽക്ക, ആസ്സാം, മദ്രാസ്‌ മെയിലുകൾ.

നീണ്ട ട്രെയിൻ യാത്രയ്‌ക്കിടയിൽ നഷ്‌ടപ്പെട്ട തങ്ങളുടെ വസന്തകാലത്തെക്കുറിച്ചാവണം ആൾക്കൂട്ടത്തിനിടയിലും തനിച്ചിരുന്ന്‌ സൈനികർ ഓർത്തിരുന്നത്‌.

ശത്രുപാളയങ്ങളിൽ അഗ്‌നി വിതച്ചും, പാഞ്ഞു വരുന്ന വെടിയുണ്ടകളെ വെല്ലുവിളിച്ചും ജീവിച്ചതിന്‌ അവർക്ക്‌ കിട്ടിയ പാരിതോഷികങ്ങളാണ്‌ മാരകമായ മുറിവുകളും വ്യഥകളും.

പടനിലങ്ങളെ നയിക്കുന്ന ദേവൻ കനിവോടെ മറ്റൊന്നുകൂടി അവർക്ക്‌ നൽകിയിട്ടുണ്ട്‌. സൈനിക യാതനകൾ ഏറെ സഹിച്ചതിന്‌ പ്രതിഫലമായി സ്വർണ്ണവാതായനങ്ങൾ തുറന്നിട്ട്‌ സ്വർഗ്ഗഭൂമിയിലേക്ക്‌ തങ്ങളെ ദൈവം ആദരവോടെ സ്വീകരിക്കുമെന്ന ദൃഢവിശ്വാസം!

Generated from archived content: story1_july28_06.html Author: tk_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English