ഗാന്ധിജിയുടെ ആത്‌മകഥ മറിച്ചുനോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് എന്റെ മനസ്സിൽ പാഞ്ഞെത്തിയത് ആറു പതിറ്റാണ്ടു മുമ്പ് നടന്ന ലോകം നടുക്കിയ ഒരു കൊലപാതക രംഗമാണ്.
1948 ജനുവരി 30 വെള്ളിയാഴ്‌ച. സമയം വൈകുന്നേരം 5.10 ആഭയുടെയും മനുവിന്റെയും തോളിൽ കൈതാങ്ങി. അൽപം അകലെ പ്രാർത്ഥനാ യോഗത്തിനു കാത്തിരിക്കുന്ന ജനങ്ങളുടെ അടുത്തേക്കു നടന്നുനീങ്ങുകയാണ് ആ അഹിംസാമൂർത്തി. 5.17 ആയപ്പോഴേക്കും ‘ഹിംസ’യുടെ മൂന്നു വെടിയുണ്ടയേറ്റ് ‘ഹേ റാം’ എന്ന ശാന്തിമന്ത്രം ജപിച്ചുകൊണ്ടും ശത്രുവിനു നേരെ കൂപ്പിയ കൈവിടാതെയും അദ്ദേഹം ഈ ലോകത്തോടു യാത്ര പറഞ്ഞു.
ആ കാഴ്‌ചയൊന്നു മറക്കാൻ ശ്രമിക്കുമ്പോൾ എന്റെ മുന്നിൽ തെളിയുന്നത് വിഭക്ത ഭാരതത്തിന്റെ ത്രിവർണപതാക ചെങ്കോട്ടയിൽ ഉയരുന്നതാണ്. ഒപ്പം ഒരുവശത്ത്, കർക്കട്ടയിൽ തലേന്നുവരെ പരസ്‌പരം കൊമ്പുകോർക്കാൻ ഒരുങ്ങിനിന്നിരുന്ന അഞ്ചുലക്ഷത്തോളം പോന്ന ജനസമുദ്രം മെല്ലിച്ച ഒരു മഹാമാന്ത്രികന്റെ മുമ്പിൽ ശാന്തിമന്ത്രം ജപിച്ചുകൊണ്ടിരിക്കുന്നതും മറ്റൊരു വശത്ത്, പഞ്ചാബിൽ, അമ്പതിനായിരം സായുധഭടന്മാർ കാവൽ നിന്നിട്ടും ജനലക്ഷങ്ങൾ കബന്ധങ്ങളായി മാറുന്നതും ചോരപ്പുഴ ഒഴുകുന്നതുമായ ബീഭത്സരംഗവും ഞാൻ കാണുന്നു.
മനസ്സു പിന്നോട്ടുപായുകയാണ്. ചർച്ചിലിന്റെ കടുത്ത എതിർപ്പുണ്ടായിട്ടും സർ സ്‌റ്റാഫേർഡ് ക്രിപ്‌സന്റെ സന്ദർശനംകൊണ്ട് ഇന്ത്യയ്‌ക്കു മോചനം ലഭിക്കുമെന്ന പ്രതീക്ഷയോടുകൂടി ഇന്ത്യയിലെ സോഷ്യലിസ്‌റ്റുകൾ ആശിച്ചുകൊണ്ടിരിക്കുന്ന യുദ്ധകാലത്തിനും അപ്പുറത്ത് 1930 കളിലേയ്‌ക്ക് ദണ്ഡിയാത്രയിലേക്ക്, ഗാന്ധിജിയുടെ നിരാഹാര സമരത്തിലേക്ക് അദ്ദേഹത്തോടൊപ്പം ജയിൽവാസം അനുഭവിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരിലേക്ക്…..
വട്ടമേശസമ്മേളനം. മീററ്റ് കോടതിയിലെ വിസ്‌താരം. ആദ്യത്തെ നിസ്സകരണ പ്രസ്‌ഥാനം. അർധനഗ്നനായ ഫക്കീർ എന്ന വിശേഷണം. സത്യാഗ്രഹ പ്രാരംഭങ്ങൾ ‘മഹാത്‌മാ’ എന്ന പ്രകീർത്തനം ഇന്ത്യക്കാർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ഏവരുടെയും അത്‌ഭുതാദരങ്ങൾക്ക് പാത്രമായ നല്ല ഭാവിയുളള ഒരിടത്തരക്കാരൻ ബാരിസ്‌റ്റർ എല്ലാം പരിത്യജിച്ചു നിസ്സഹരണ പ്രസ്‌ഥാനം സംഘടിപ്പിച്ച ആ 1908-ലെ തെക്കേ ആഫ്രിക്കയിലേക്ക്, തെക്കേ ആഫ്രിക്കയിലെ ധീരസമരത്തോട് ആദരം അർപ്പിച്ചുകൊണ്ട് രേഖപ്പെടുത്തിയ നെഹ്‌റുവിന്റെ ആത്‌മകഥയിലേക്ക്, അമ്മയുടെ മുന്നിൽ പ്രതിജ്‌ഞ്ഞാബദ്ധനായി നിൽക്കുന്ന, ബാരിസ്‌റ്റർ പരീക്ഷയ്‌ക്ക് പഠിക്കാൻ പോകാൻ ഒരുങ്ങുന്ന അപക്വമതിയായ ചെറുപ്പക്കാരനിലേക്ക്, വെട്ടിയും തിരുത്തിയും തന്റെ ജീവിതത്തിന്റെ ആദ്യനാളുകൾ എഴുതിക്കൊണ്ടിരുന്ന തെമ്മാടിച്ചെറുക്കനിലേക്ക്, അമ്മയുടെ അരുമയായി വളരുന്ന നിഷ്‌കളങ്കനായ ഒരു ബാലനിലേക്ക്…..
ഒരു ചർക്ക, ഒരുപിടി ഉപ്പ്, ഒരു കുറ്റിപ്പെൻസിൽ, ഇത്തിരി പച്ചവെള്ളം, കുറച്ചുമണ്ണ്, ഒരു ചൂലും തൊട്ടിയും ‘ഹിന്ദ് സ്വരാജ്’ എന്ന കൊച്ചുപുസ്‌തകം – ആ മഹാമാന്ത്രികന്റെ നിരവധി രൂപങ്ങൾ എന്റെ മുന്നിലൂടെ മിന്നിമറഞ്ഞുപോയി.
ഭൂമി മുഴുക്കെ ദുഃഖത്തിൽ മുഴുകിയ ദിവസമായിരുന്നു 1948 ജനുവരി 30. അദ്ദേഹതെ ഒരു നോക്കു കണ്ടിട്ടുപോലുമില്ലാത്ത വിദൂരദേശങ്ങളിലെ കുട്ടികൾപോലും തേങ്ങി. സ്‌ത്രീകൾ കണ്ണുനീർ തുടച്ചു. ചെറുപ്പക്കാരും വൃദ്ധന്മാരും ഒക്കെ, ഉറ്റവരാരോ മരിച്ചതുപോലെ വിതുമ്പി.
“……..നമ്മുടെ ജീവിതത്തിൽ നിന്നു പ്രകാശം പൊലിഞ്ഞുപോയിരിക്കുന്നു…. നെഹ്‌റു റേഡിയോവിലൂടെ ആ വസ്‌തുത ലോകത്തെ അറിയിച്ചു. ഉടൻ അദ്ദേഹം അത് ഇങ്ങനെ തിരുത്തി……” ഒരു പക്ഷേ ആ പറഞ്ഞതു തെറ്റായിരിക്കാം; കാരണം, ഈ രാജ്യത്തുനിറഞ്ഞുനിന്നിരുന്ന ആ പ്രകാശം ഒരത്‌ഭുത ജ്യോതിസ്സായിരുന്നു. ദീർഘകാലം ഈ നാട്ടിൽ തെളിഞ്ഞുനിന്നിരുന്ന ആ പ്രകാശം ഇനിയും ഏറെനാൾ പകരും……. എന്തുകൊണ്ടെന്നാൽ ആ പ്രകാശം ശാശ്വത സത്യത്തിന്റെ പ്രതീകമാണ്.“
………ഒടുവിൽ പരസ്‌പരം വിഘടിച്ചുനിന്ന ആ കാളകളെ ഒരേ നുകത്തിൽ പൂട്ടി ഈ യാഗഭൂമി ഉഴുതുകൊണ്ടിരിക്കെ ഒരു കാളയുടെ കുത്തേറ്റ് യജമാനൻ (യാഗം ചെയ്യുന്നവൻ) തറപറ്റിയത് എന്തു കൊണ്ടാവാം? അദ്ദേഹം സഞ്ചയിച്ച വിത്ത് വിതയ്‌ക്കാൻ ഈ പുണ്യഭൂമി പാകമാകാത്തതുകൊണ്ടോ” പുതിയ ഉഴവുകാരനെ കാലം കണ്ടെത്തട്ടെ എന്നുകരുതിയോ? ആ യജമാനൻ ഇവിടെത്തെ കൊച്ചു ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റാത്തവിധം അത്ര വലിയവനായതുകൊണ്ടോ?
“ശാശ്വത സത്യത്തെ, ഈശ്വരനെ, മുഖാമുഖം കാണും, മോക്ഷം പ്രാപിക്കുക എന്നതാണ് കഴിഞ്ഞ മുപ്പതുവർഷമായി താൻ തീവ്രമായി ആഗ്രഹിക്കുകയും പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്” എന്ന് അദ്ദേഹം തന്റെ ആത്‌മകഥയുടെ ആമുഖത്തിൽ പറയുന്നുണ്ട്.
ആത്‌മകഥയുടെ അകത്തേക്കു കടക്കാൻ ഒരുങ്ങുന്നവർ വിചിത്രമായ ഒരു കാഴ്‌ചകാണുംഃ ആ ആത്‌മകഥയ്‌ക്ക് ലോകത്തെങ്ങുമുള്ള ജനകോടികൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന് എഴുതിത്തീർത്ത, ഒരു രണ്ടാം ഭാഗവും ഉണ്ട് ! ഇപ്പോഴും എഴുത്തു തുടരുകയാണ്, കാരണം –
“എത്ര മിഴികൾ കൊണ്ടു കാൺകിലും കാഴ്‌ചകൾക്കപ്പുറം നിൽക്കുന്ന ഗാന്ധി.
എത്ര വർണം മാറ്റിയെഴുതിലുമെഴുത്തുകൾക്കപ്പുറം നിൽക്കുന്നു ഗാന്ധി” (വി. മധുസൂദനൻ നായർ, ഗാന്ധി).
അതെ! ലോകത്തുള്ള പരിണതപ്രജ്‌ഞ്ഞരായ എല്ലാവരും ഇപ്പോഴും ആ കഥ എഴുതിക്കൊണ്ടിരിക്കയാണ്! ഇങ്ങനെ മറ്റുള്ളവർ എഴുതുന്ന ഒരു ആത്‌മകഥ ലോകത്തിന്നോളം ആർക്കും ഉണ്ടായിട്ടില്ല. ഗാന്ധിജിയുടെ സംഭാവന എന്ത് എന്നു ചിന്തിക്കുന്ന ആർക്കും പെട്ടെന്ന് കണ്ടെത്താവുന്ന ഉത്തരം ‘ഇന്ത്യൻ സ്വാതന്ത്രം – സ്വാതന്ത്ര്യസമരം’ – എന്നതാണ്. ആ സ്വാതന്ത്ര്യസമരകഥ ലോകത്തെ മുഴുവൻ അത്‌ഭുതപ്പെടുത്തിയിട്ടുള്ളതുമാണല്ലോ. സഹനസമരത്തിലൂടെ അഹിംസയിലൂടെ, അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം കൈവരിച്ച ഒരു രാഷ്‌ട്രവും ഇന്നേവരെ വേറെ ഉണ്ടായിട്ടില്ല. വരും തലമുറ അതുവിശ്വസിക്കമെന്നും തോന്നുന്നില്ല. എന്നാൽ ഈ സ്വാതന്ത്ര്യസമരത്തിന്റെ മഹത്വം കൊട്ടിഘോഷിക്കുന്നവരൊന്നും ഒരു സത്യം ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നുഃ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഗാന്ധിജി നടത്തിയ രണ്ടാമത്തെ സ്വാതന്ത്ര്യ സമരമാണ്!
അപ്പോൾ ഒന്നാമത്തേതോ? അത് അദ്ദേഹം തന്നിൽ നിന്നും തന്നെ മോചിപ്പിക്കാൻവേണ്ടി നടത്തിയ സ്വാതന്ത്ര്യസമരമാണ്. താൻ ഒറ്റയ്‌ക്കു നടത്തിയ സമരമാണ്. മറ്റേതു മഹായുദ്ധത്തേക്കാളും മികവുള്ള സമരമാണ്. “ ഒരാൾ ഒറ്റയ്‌ക്ക് ആയിരം പേരേ ആയിരം തവണ കീഴടക്കുന്നു. മറ്റൊരാൾ അയാളെത്തന്നെ കീഴടക്കുന്നു. എങ്കിൽ രണ്ടാമത്തെ ആളാണ് ഏറ്റവും വലിയ പോരാളി” എന്ന് ഗാന്ധിജി തന്നെ പറയുന്നുണ്ട്. എന്നിട്ടും അതത്ര അസാമാന്യമായ ഒരു കർമ്മമാണെന്ന് ഗാന്ധിജി ഒരിക്കലും പറഞ്ഞിട്ടില്ല. തനിക്ക് സാധ്യമായത് എന്തും ഒരുകുട്ടിക്കുപോലും സാധിക്കും എന്ന് അദ്ദേഹം തന്റെ നേട്ടത്തിന് ഇളപ്പം കൽപിക്കുന്നു! കുട്ടിയാവുമ്പോൾ നിർദോഷിയാണ് എന്നതാണ് കുട്ടിയെപ്പറ്റി പറയാൻ കാരണം. മനുഷ്യൻ തന്റെ അഹങ്കാരമെല്ലാം കഴുകിക്കളഞ്ഞ് കാൽക്കീഴിലുള്ള മണൽത്തരിയേക്കാൾ എളിയവനാകണം. അവനേ പരമസത്യത്തിന്റെ മിന്നലാട്ടം കാണുവാൻ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞത് സ്വാനുഭവത്തിന്റെ വെളിച്ചത്തിലാണ്.
ഗാന്ധിജി നടത്തിയ മേൽപ്പറഞ്ഞ ഒന്നാം സ്വാതന്ത്ര്യസമരത്തെ നമുക്കുവേണമെങ്കിൽ തപസ്സ് എന്നുപറയാം. പണ്ട് വാൽമീകിയും മറ്റും നടത്തിയതുപോലെയുള്ള തപസ്സ്. രാമനാമം ജപിച്ചുകൊണ്ടുള്ള തപസ്സാണല്ലോ രണ്ടുപേരും നടത്തിയത്. പക്ഷേ തനിപകർപ്പല്ല. കുലപർവതങ്ങളോളം പഴക്കമുള്ള അഹിംസയും സത്യവും അല്ലാതെ മറ്റൊന്നും തന്റെ മുമ്പിൽ ഇല്ല എന്നു ഗാന്ധിജി പറയുമ്പോൾ അന്നോളം ആരും പ്രയോഗിച്ചിട്ടില്ലാത്ത ഒരു പ്രവർത്തനശൈലിയും ഗാന്ധി തന്റെ ജീവിതത്തിൽ പ്രയോഗിച്ചിട്ടില്ല എന്നുവെണമെങ്കിൽ നമുക്ക് കൂട്ടിച്ചേർക്കാം. പക്ഷേ ഒന്നുണ്ട്‌ഃ എല്ലാത്തിനും ഒരു ഗാന്ധിയൻ സ്‌പർശം ഉണ്ട്. തന്റെ ഹൃദയമാകുന്ന മൂശയിൽ വാർത്ത് പുതിയ രൂപഭാവങ്ങൾ നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ വെങ്കലക്കൂട്ടുകൾക്ക് മറ്റൊന്നിനും ഇല്ലാത്തത്ര ഭംഗിയും തിളക്കവും ഈടും ഉണ്ട്. “അരണ്യാന്തരഗഹ്വരോദര തപസ്‌ഥാനങ്ങളിൽ” ഇരുന്നായിരുന്നില്ല ഗാന്ധിജിയുടെ തപസ്സ് യാതൊരുവിധ ഒളിവും മറവും ഇല്ലാതെ ജനമധ്യത്തിൽ ഇരുന്ന്! ‘നിവൃത്തി’യിലല്ല, പ്രവൃത്തി‘യിൽ മുഴുകിയ തപസ്സ്. പഞ്ചാഗ്നി’ മധ്യത്തിൽ ഇരുന്നുകൊണ്ടല്ല. തീക്കടലിൽ നീന്തിത്തുടിച്ചുകൊണ്ടുള്ള തപസ്സ്. ഒറ്റയ്‌ക്കല്ല സമൂഹത്തെ ഭാഗഭാക്കാക്കിക്കൊണ്ടുള്ള തപസ്സ്.
അത്യുഗ്രമായ തപശ്ശക്തിയുള്ള ശമധനന്മാരായ നമ്മുടെ മഹർഷിമാർക്കെല്ലാം ചിലപ്പോൾ കാലിടറിയിട്ടുണ്ട്. ഒരു സുന്ദരിപ്പെണ്ണിനെ കൺമുമ്പിൽ കണ്ടപ്പോൾ വിശ്വാമിത്രന്റെ തപസ്സിളകി. ഒരു പുലരിയിൽ മറ്റൊരുത്തിയെ കടത്തുവഞ്ചിയിൽ വച്ചു കണ്ടപ്പോൾ പരാശര മഹർഷിയുടെ നാഡിക്കെട്ടുതുടിച്ചു. ഇണക്കിളികളിലൊന്നിനെ വിശപ്പടക്കുവാൻ വേണ്ടി എയ്‌തുവീഴ്‌ത്തിയ വ്യാധന്റെമേൽ ക്രോധാവിഷ്‌ഠനായ വാല്‌മീകി മഹർഷി ശാപാഗ്നി ചൊരിഞ്ഞു. കണ്വൻ പോലും ദുഷ്യന്തന് കൊടുത്തയയ്‌ക്കുന്ന സന്ദേശവാക്യത്തിൽ ‘ശമദനന്മാരായ’ തങ്ങളുടെ നിഗ്രഹാനുഗ്രഹ ശക്തിയെന്ന വാളിന്റെ പിടിയിൽ ഒന്നു കൈവയ്‌ക്കുന്നുണ്ട്. ഗാന്ധിജിയാകട്ടെ ശത്രുവിന്റെ അടിയേറ്റുവീണപ്പോഴും രാമമന്ത്രം ജപിച്ചതേയുള്ളു. തന്നെ തല്ലിച്ചതച്ചവരുടെ മേൽ നിയമത്തിന്റെ കയ്യുയർന്നപ്പോൾ അരുതെന്നു വിലക്കിയതേ ഉള്ളൂ.
ജീവിതം അരിച്ചുകുറുക്കിയ നമ്മുടെ പൂർവികർ നമുക്ക് കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങളാകുന്ന ആറ് ആജൻമശത്രുക്കളെ കണ്ടെത്തിയിട്ടുണ്ട്. ആ ആറിനെയും കീഴടക്കാൻ ഗാന്ധിജിക്കുകഴിഞ്ഞു. “ഞാൻ വേണമെങ്കിൽ മറ്റൊരാൾക്ക് അടിമയായിരിക്കാം. പക്ഷേ, എന്റെ മനസ്സിന്റെ അടിമയായിരിക്കാൻ ഞാൻ ഒരിക്കലും ഒരുക്കമല്ല” എന്ന് ഗാന്ധിജിതന്നെ പറയുന്നുണ്ട്.
ഗാന്ധിജി തന്റെ ഈ ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയത് 1887-1890 കളിലാണ്. അന്ന് അദ്ദേഹം ഇംഗ്ലീഷുകാരേക്കാൾ പരിഷ്‌കാരിയായ ഇംഗ്ലീഷുകാരനാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഷർട്ടും പാന്റ്‌സും സോക്‌സും ഷൂസും ടൈയും തൊപ്പിയും കണ്ണടയും മാത്രമല്ല ഫ്രഞ്ചുഭാഷ, സംഗീതം, പ്രസംഗം, വയലിൻ തൊട്ടവയിലെല്ലാം കൃതഹസ്‌തനായ ഒരു ഇംഗ്ലീഷുകാരൻ! സമയവും പണവും അതിനുവേണ്ടി ധൂർത്തടിക്കുന്ന ഒരു പച്ചപ്പരിഷ്‌ക്കാരി സായിപ്പ്! തന്നെത്തിരിച്ചറിഞ്ഞ ഗാന്ധിജി ആ പുറമോടികളെല്ലാം വലിച്ചെറിഞ്ഞ് തനി വിദ്യാർത്ഥിയായി മാറിയതാണ് ആ സ്വാതന്ത്യസമരത്തിന്റെ തുടക്കം. ഒടുക്കമാകട്ടെ 1906-ൽ തന്റെ ജീവിതത്തിൽ പൂർണമായും ബ്രഹ്‌മചര്യം നടപ്പാക്കിയ 27-ാം വയസ്സിലും നമുക്കിപ്പോൾ മഹാഭാരത്തിലെ ഭീഷ്‌മരെയാണ് ഓർമ്മവരിക. തന്റെ പിതാവിനുവേണ്ടി ജീവിതകാലം മുഴുവൻ നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരിക്കാമെന്നു ശപഥം ചെയ്‌ത ദേവവ്രതൻ. ലൈംഗികതയുടെ രുചിയറിഞ്ഞിട്ടില്ലാത്ത യൗവനാരംഭത്തിലാണ് ഭീഷ്‌മരുടെ ശപഥം. ഗാന്ധിജിയാകട്ടെ അതുകുറെ ആസ്വദിച്ച ആളാണ്. മാത്രമല്ല അതിൽ അതിരുകവിഞ്ഞ കമ്പം ഉള്ള ആളും. അത്തരത്തിലുള്ള ഒരാളുടെ ബ്രഹ്‌മചര്യത്തിന് ശക്തികൂടും.
ലോകത്ത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യജ്‌ഞ്ഞം നടക്കുന്നത്. ജീവിതം കൊണ്ടുള്ള ആ പരീക്ഷണത്തിന്റെ ലക്ഷ്യവും മാർഗവും ലോകത്തിനു പുത്തനാണ്. ആ നിലയ്‌ക്ക് തന്റെ അനുഷ്‌ഠാനങ്ങൾ ലോകത്തെ അറിയിക്കേണ്ടത് തന്റെ കടമ മാത്രമാണ്. തന്റെ ആത്‌മീയ മണ്ഡലത്തിൽ നടന്ന ആ പരീക്ഷണങ്ങൾ ഗാന്ധിജി പറഞ്ഞല്ലാതെ മറ്റൊരാൾക്കറിയാൻ വഴിയില്ല. അഭ്യുദയകാംക്ഷികളിൽ പലരും ആത്‌മകഥ എഴുതാൻ പ്രേരിപ്പിക്കുകയും ചിലർ അതൊരു പാശ്‌ചാത്യ സംസ്‌കാരമാണെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഗാന്ധിജി ഇതെഴുതാനുണ്ടായ കാരണം, ഇതു തികച്ചും താൻ നടത്തിയ സത്യന്വേഷണ പരീക്ഷണങ്ങളാണ് എന്നതുതന്നെയാണ്. സത്യന്വേഷിയായ ഒരു ശാസ്‌ത്രജ്‌ഞ്ഞൻ നടത്തിയ പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും കഥ അത് ആത്‌മകഥയായിപ്പോയതാണ്.
ലോകത്ത് കർമഭൂമിയിൽ മാത്രം സത്യസന്ധനായ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് അങ്ങ് സ്വർഗത്തിൽ ഒരു വിവാദം നടക്കുകയാണ്. തന്റെ ശിഷ്യനായ ഹരിശ്‌ചന്ദ്രനിൽ വസിഷ്‌ഠന് അത്ര വിശ്വാസമുണ്ട്. സത്യസന്ധനായ ഒരു മനുഷ്യനോ വിശ്വാമിത്രൻ അനർഘമായ തന്റെ തപസ്സുതന്നെ പന്തയമായിവച്ച് വസിഷ്‌ഠനെ എതിർത്തു. വിശ്വാമിത്രൻ രണ്ടും കൽപിച്ച് ഭൂമിയിലേക്ക് തിരിച്ചു. ഷരിശ്‌ചന്ദ്രനാകട്ടെ ഇതൊട്ടറിയുന്നുമില്ല.
ഹരിശ്‌ചന്ദ്രനെ കുടുക്കാൻ വിശ്വാമിത്രൻ പലതന്ത്രങ്ങളും ആവിഷ്‌ക്കരിച്ചു. ഒടുവിൽ എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് വിജയം വരിച്ച ആ നാടകം അരങ്ങത്ത് ആടിക്കണ്ട ഒരു പന്ത്രണ്ട് വയസ്സുകാരൻ പയ്യന് അത് തന്റെ ജീവിതത്തിൽ പകർത്താൻ ഒരു മോഹം! ഗാന്ധിജി തന്റെ ജിവിതം പണയം വച്ച് അത് ലോകനാട്യരംഗത്ത് അവതരിപ്പിക്കുന്നതാണ് ഗാന്ധിജിയുടെ കഥ. ആദ്യഘട്ടത്തിൽ മാത്രമേ അതിനൊരു തൽസമയ സംപ്രേഷണം ആവശ്യമായിരുന്നുള്ളു. അതുകൊണ്ടാണ് രണ്ടാം ഭാഗം എഴുതാതെ അദ്ദേഹം വിട്ടുകളഞ്ഞത്. അതുതന്നെയാണ് ഒന്നാംഭാഗത്തിന്റെ മികവ് വർധിപ്പിച്ചതും. രാഷ്‌ട്രീയ രംഗത്തുള്ള തന്റെ പരീക്ഷണങ്ങളാണ് അദ്ദേഹത്തിന് ‘മഹാത്മാ’വെന്ന പദവി നേടിക്കൊടുത്തത്. അത് അദ്ദേഹം അത്ര വിലയുള്ളതായി കാണുന്നില്ല. മാത്രമല്ല, ‘പലപ്പോഴും ആ പദവി തന്നെ ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട്’. എന്ന് ഗാന്ധിജി പറഞ്ഞിട്ടുമുണ്ട്.
എന്തിനുവേണ്ടി ഗാന്ധിജി ഇത്തരം ഒരു പരീക്ഷണത്തിനുമുതിർന്നു? സത്യമാണ് ഈശ്വരൻ എന്നു ബോധ്യപ്പെട്ട ഗാന്ധിജി ഈശ്വരനെ നേരിട്ടു കണ്ട് ആ ശക്തിയിൽ വിലയിക്കുവാൻ മോഹിച്ചു. താൻ ആശിച്ച മുക്തി ലോകത്തിൽ എല്ലാവർക്കും നേടാവുന്നതേയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. അപ്പോൾ താൻ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾ ലോകത്തിന്റെ മുമ്പിൽ പ്രദർശിപ്പിച്ചേ കഴിയൂ. താൻ നടത്തിയ യജ്‌ഞ്ഞം ഒരുതരത്തിലുമുള്ള ഒളിവും മറവും ഇല്ലാതെ മറ്റുള്ളവരെ ധിരിപ്പിക്കണമെങ്കിൽ താൻ തന്നെ പറയണം. മഹാഭാരത്തിലെ സഞ്ഞ്‌ജയന്റെ സ്‌ഥാനമാണ് ഈ ഗ്രന്ഥത്തിനുള്ളത്. യുദ്ധരംഗത്ത് നടക്കുന്നതു കാണാൻ ധൃതരാഷ്‌ട്രർക്ക് കണ്ണില്ല. ആ സംഭവം നേരിട്ടുകാണാനൊക്കുകയില്ല അതുകൊണ്ട് സഞ്ഞ്‌ജയൻ ഒരു ഇടനിലക്കാരാനായി നിന്ന് തത്സമയ സംപ്രേഷണം നടത്തുകയാണല്ലോ ഭാരതത്തിൽ.
ഇവിടെ യുദ്ധം നടക്കുന്നത് മഹാത്‌മജിയുടെ മനസ്സിലാണ്. സന്തോഷ സന്താപങ്ങൾ, സൗന്ദര്യവൈരൂപ്യങ്ങൾ, ജയപരാജയങ്ങൾ, ഉയർച്ചതാഴ്‌ച്ചകൾ, രാഗദ്വേഷങ്ങൾ, ജനനമരണങ്ങൾ, രതിവിരതികൾ എന്നീ പാണ്ഡവകൗരവ സേനകൾ ഏറ്റു മുട്ടുന്ന കുരുക്ഷേത്രം ഗാന്ധിജിയുടെ മനസ്സാണ്. ഇത് നേരിട്ടുകാണാൻ ഒറ്റവഴിയേ ഉള്ളൂ – ഗാന്ധിജിതന്നെ പറയണം. ‘ഒരാൾക്ക് കഴിയുന്നത് എല്ലാവർക്കും കഴിയും എന്ന് എല്ലാക്കാലവും വിശ്വസിക്കുന്ന ആളാണ് ഗാന്ധിജി. സമൂഹത്തിന്റെ മുക്തിയാണ് ഗാന്ധിജിയുടെ ഉന്നം.
’എന്റെ സത്യാന്വേഷണ പരീക്ഷണ കഥ‘ എന്ന ശീർഷകം എല്ലാ എഴുതിക്കഴിഞ്ഞശേഷം ഗാന്ധിജി നൽകിയതല്ല. തന്റെ പരീക്ഷണങ്ങൾ അത്യന്തം കൃത്യതയോടും മുന്നാലോചനയോടും സൂക്ഷ്‌മത്തോടും ചെയ്യുകയും തെൻ നിഗമനങ്ങൾ അന്തിമമാണെന്നവകാശപ്പെടാതെ അവയെപ്പറ്റി തുറന്നമനസ്സോടെ കഴിയുകയും ചെയ്യുന്ന ഒരു ശാസ്‌ത്രജ്‌ഞ്ഞന്റെ മനോഭാവമാണ് തനിക്കുള്ളതെന്ന് ആഴത്തിലുള്ള ആത്‌മപരിശോധന നടത്തി മഹാത്മജി കണ്ടെത്തിയിട്ടുണ്ട്. മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കും മനസ്സിലാവുന്ന കാര്യങ്ങൾ മാത്രമേ താൻ ഈ ആത്‌മകഥയിൽ ഉൾപ്പെടുത്തുവെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.
സത്യത്തിൽ നിന്നു വ്യത്യസ്‌തമായി അഹിംസ ബ്രഹ്‌മചര്യം തുടങ്ങിയ തത്ത്വങ്ങൾ ഉൾക്കൊണ്ട പരീക്ഷണങ്ങളും മറ്റനേകം തത്ത്വങ്ങളും ഇതിൽ അടങ്ങുന്നുണ്ട്. ആ സത്യം വെറും വാക്കിലെ സത്യം മാത്രമല്ല. വിചാരത്തിലേതുകൂടിയാണ്. നാം പലപ്പോഴും പറയുന്ന ആപേക്ഷിക സത്യമല്ല, കേവല സത്യം; സനാതന സത്യം!
ഗാന്ധിജിയുടെ പിറവിക്കോ വളർച്ചക്കോ ഒന്നും ഒരു ദിവ്യതയും അവകാശപ്പെടാനില്ല. ഒരത്ഭുതവും അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. അച്ഛനമ്മമാരും ബന്ധുക്കളും ഇടത്തരക്കാരായിരുന്നു. ഏതെങ്കിലും സിദ്ധനിൽനിന്ന് ഒരു ദിവ്യോപദേശവും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. പക്ഷേ ഒന്നുണ്ട്‌ഃ അദ്ദേഹം അച്‌ഛനെയും അമ്മയെയും അതിരറ്റു സ്‌നേഹിച്ചു. അവരിൽ നിന്നു പരമാവധി സ്‌നേഹം അനുഭവിക്കുകയും ചെയ്‌തു. തന്മൂലം അദ്ദേഹത്തിൽ അങ്കുരിച്ച സ്‌നേഹം എന്ന ദിവ്യവികാരം വളരുന്തോറും സർവത്ര ആഴത്തിൽ വേരോടി. ഈ ലോകത്തെ നിലനിർത്തുന്ന അനുഗൃഹീതശക്തി സ്‌നേഹമാണെന്ന് ഗാന്ധിജി പഠിച്ചു. ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കാനും അനുസരിക്കാനുമുള്ള ശിക്ഷണം വീട്ടിൽനിന്നുതന്നെ ലഭിച്ച വായനയിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും സത്യത്തിന്റേയും അഹിംസയുടെയും സത്ത ഉൾക്കൊണ്ട് അമ്മയുടെ വ്രതനിഷ്‌ഠയും ഉപവാസവും ഈശ്വരവിശ്വാസവും തൊട്ടറിഞ്ഞു. അങ്ങനെ ചെറുപ്പത്തിലേ തന്റെ ജീവിതം കൊണ്ടൊരു യജ്‌ഞ്ഞം നടത്താനുള്ള പ്രാപ്‌തി കൈവരിച്ചു.
ഈശാവാസ്യോപനിഷത്തിലെ
“ഈശാവാസ്യമിദംസർവം
യത് കിഞ്ചജഗത്യം ജഗത്’
എന്ന ശ്ലോകം ഉരുവിട്ടുകൊണ്ടാണ് ഗാന്ധിജിയുടെ പ്രഭാത പ്രാർത്ഥന തുടങ്ങുക.
അവസാനിപ്പിക്കുന്നതാകട്ടെ, രതിദേവന്റെ
”കാമയേ ദുഃഖതപ്‌തനാം
പ്രാണിനാമാർത്തിനാശനം“
എന്ന വിശുദ്ധ വാക്യങ്ങളോടുകൂടിയും.
ഈ ലോകത്തുള്ള സമസ്‌ത ജീവജാലങ്ങൾക്കും വേണ്ടത്ര വിഭവങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. മനുഷ്യൻ ധൂർത്തുകൊണ്ടും സ്വാർത്ഥതകൊണ്ടും ആ സാധ്യത നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമയം, ധനം, മണ്ണ്, ജലം, ഭക്ഷണം, പ്രകൃതിവിഭവങ്ങൾ തുടങ്ങി എല്ലാത്തിലും മനുഷ്യൻ അതിരുവിട്ട ധൂർത്ത് തുടരുന്നു. ഇത് നമ്മുടെ നിലനിൽപുതന്നെ അപകടത്തിലാക്കും. ഓരോന്നിലും എങ്ങനെ മിതത്വം ദീക്ഷിക്കാമെന്ന് അദ്ദേഹം നമ്മേ ബോധ്യപ്പെടുത്തി. ശുചിത്വം നമ്മുടെ ശീലമാക്കി മാറ്റി. തൊഴിലിന്റെ മഹത്വം പഠിപ്പിച്ചു. വർണം, വർഗം, മതം, ജാതി, ഭാഷ, വേഷം എന്നിവയുണ്ടാക്കിയ വേലികളും മതിലുകളും കോട്ടകളും തകർത്തു. ഹിന്ദുമതം, ക്രിസ്‌തുമതം, ഇസ്ലാമതം, ബുദ്ധമതം, ജൈനമതം തുടങ്ങി എല്ലാ മതങ്ങളുടെയും സഞ്ഞ്‌ജയാണ് തന്റെ സത്യം എന്ന് അദ്ദേഹം വിശദീകരിച്ചു. അഹിംസക്ക് ലോകജനത തന്നെ ആഗോളതലത്തിൽ അംഗീകാരം കൊടുത്തു.
സസ്യങ്ങളിൽ ചില ഒറ്റമൂലികളുണ്ട്. ഒട്ടുമിക്കരോഗത്തിനും അതുപരിഹാരമാണ്. മനുഷ്യരിൽ അങ്ങനെ ഒന്നുകണ്ടിട്ടില്ല. ഗാന്ധിജി ഒരു വിശ്‌ഷ്‌ടമായ ഒറ്റമൂലികയാണ്. ഗീതയെ പ്രാമാണഗ്രന്ഥമാക്കിയ ഗാന്ധിജി സ്വയം ലോകത്തിന് ഒരു പ്രമാണമായി മാറി.
Generated from archived content: essay1_feb20_10.html Author: tk_achuthan
Click this button or press Ctrl+G to toggle between Malayalam and English