അമ്മ വിളിച്ചപ്പോളാണ് ഗായത്രി ചിന്തയിൽ നിന്നുണർന്നത് അമ്മയുടെ കയ്യിൽ ഒരു ചെറിയ കത്തി, വിത്തുകൾ, കയ്യും കാലും നിറയെ പറമ്പിലെ ചെളി നേര്യതും മുണ്ടും മുഷിഞ്ഞിരുന്നു അവൾക്ക് സങ്കടം തോന്നി.
“നീ വന്നിട്ടു ഒത്തിരി നേരമായോ? ഞാൻ പറമ്പിലിത്തിരി വിത്തുകളിട്ടു. ഇനി മഴ വരികയല്ലെ. പെട്ടെന്നു കിളിർക്കും” അമ്മയുടെ ശബ്‌ദം വല്ലാതെ ക്ഷീണിച്ചിരുന്നു വൈകുന്നേരത്തെ വെയിലിൽ നെറ്റിയിൽ വീണ നരച്ചമുടികൾക്കു താഴെ വിയർപ്പു തിളങ്ങി. എങ്കിലും അമ്മ ചിരിച്ചു “നീ വന്നതു നന്നായി ഇന്ന് അച്യുതനില്ല, അവന് മകന്റെ ജോലിക്കാര്യവുമായി പട്ടണത്തിൽ പോകണമത്രെ” അമ്മയുടെ ഇളയ അനുജനായിരുന്നു അച്യുതൻ എന്റെ കല്യാണത്തിനുശേഷം അമ്മയ്‌ക്കു ഒരു സഹായം അമ്മാമനായിരുന്നു. ഗായത്രി അമ്മയുടെ ഒറ്റമകളായിരുന്നു. അത്രയേറെ വാത്സല്യം ഗായത്രിക്ക് അമ്മയിൽ നിന്നു കിട്ടുകയും ചെയ്‌തിരുന്നു. അമ്മ ആരോടും ക്ഷോഭിയ്‌ക്കാത്ത പ്രകൃതമായിരുന്നു.
ചൂടു ചായയുമായി അമ്മയെത്തി, വരാന്തയിലെ താഴ്‌ന്നമതിലിൽ ചായവച്ച്, അമ്മ അടുത്തിരുന്നു. എന്തോ പരതും പോലെ എന്റെ മുഖത്തു തന്നെ നോക്കിയിരുന്നു. അമ്മ അപ്പോഴാണു ചായയുണ്ടാക്കിയത്! അവളല്‌ഭുതപ്പെട്ടു.
“നീയെന്താ വല്ലാതിരിക്കുന്നത്?”
“ഒന്നുമില്ല ബസിലിരുന്ന് കാറ്റടിച്ചിട്ടാവും‘. ചായ ഊതിക്കുടിയ്‌ക്കവെ അവൾ പറഞ്ഞു.
”അവിടെയെന്തൊക്കെയുണ്ട് വിശേഷം വിഷ്‌ണുവിനും അച്‌ഛനും സുഖം തന്നെയല്ലേ?“
”അതെ അച്ഛന്റെ അമ്മുപ്പശു പ്രസവിക്കാറായി നിൽക്കുന്നു.
“ഞാനൊന്നു കുളിച്ചു വരാം. അപ്പോഴേക്കു നീയാ വിളക്കൊന്നു കൊളുത്തിയേക്ക്”.
ഗായത്രി ചായക്കപ്പു അകത്തെ മുറിയിലേക്കു നീക്കിവച്ച്, വരാന്തയിലെ ചുവർത്തട്ടിലുള്ള നിലവിളക്ക് കൊളുത്തി ചെമ്പരത്തിപ്പൂവും കൂവളത്തിലയും ഇടകലർന്ന മാലയിട്ട ശ്രീപരമേശ്വരന്റെ ചിത്രം അവൾ വിളക്കിനു തിരിഞ്ഞ് ദൂരെ സന്ധ്യ അവസാനിയ്‌ക്കുന്നതു നോക്കിയിരുന്നു. നിറങ്ങൾ ഇരുളിൽ പൊലിയുന്നു പക്ഷികൾ ശബ്‌ദത്തോടെ കൂടണയുന്നു. സന്ധ്യ, വല്ലാത്തൊരു വിഷാദവുമായി മുടി വിടർത്തിയിട്ട് പുറംതിരിഞ്ഞു നിൽക്കുന്ന ഒരു കൗമാരക്കാരിയെപ്പോലെ തോന്നി. അവളുടെ മുടിയിഴതൊട്ടുവന്നിട്ടോ, ഈറൻമുഖം തുടച്ചുവന്നിട്ടോ പടിപ്പുര കടന്നുവന്ന കാറ്റ് നനഞ്ഞിരുന്നു. കാറ്റിൽ അഞ്ഞ്‌ജലത്തെറ്റിപ്പൂക്കളുടെ മണം കലർന്നിരുന്നു.
അമ്മ ഈറൻ മുടി വിടർത്തിയിട്ട് വിളക്കിനു താഴെ ചമ്രം പടിഞ്ഞിരുന്നു സഹസ്രനാമം ചൊല്ലി. അമ്മയുടെ മുടി നീണ്ടതായിരുന്നു ഇപ്പോഴും അരയെത്തുന്ന മുടി ഇടക്കിടെ നരച്ചിട്ടുണ്ടെന്നു മാത്രം അകത്തെ മുറിയിലേക്കു കടക്കുന്ന വാതിലിനു മുകളിലത്തെ അച്ഛന്റെ ചിത്രത്തിൽ കണ്ണുകളുടക്കി. ചുരുണ്ട മുടി, നീണ്ട നാസിക, ഗൗരവം നിറഞ്ഞ കണ്ണുകൾ, നേരിയ മേൽമീശ, നടുക്ക് കുഴിയുള്ള താടി. അച്ഛന്റെ തനി പകർപ്പായിരുന്നു ഗായത്രി. മുതുകു കഷ്‌ടിച്ചു മറയുന്ന ചുരുണ്ട മുടി, നീണ്ടു നേർത്ത നാസികയും വലിയ ചെവികളും, അച്ഛന്റെ പോലത്തെ വലിയ നെറ്റിയും ചിരിയും അതുകൊണ്ടാവുമോ അമ്മ തന്നെ കൂടുതൽ സ്‌നേഹിച്ചത് അച്ഛനെവിടെയായിരിക്കും? തനിക്ക് പതിനാറുപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല അച്ഛൻ അമ്മയെയും തന്നെയും തനിച്ചാക്കി പോകുമ്പോൾ. രാവിലെ അഞ്ഞ്‌ജലത്തെറ്റികൾ പൂത്തുനിൽക്കുന്ന പടിപ്പുര കടന്നുപോകുന്നതു തുളസിയ്‌ക്കു വെള്ളമൊഴിയ്‌ക്കുമ്പോൾ ഗായത്രി കണ്ടതായിരുന്നു. തിരിഞ്ഞൊന്നു നോക്കിയതുപോലുമില്ല എങ്ങോട്ടുപോകുമ്പോഴും അമ്മയോടു യാത്ര ചോദിയ്‌ക്കാറുണ്ടായിരുന്നില്ല. തിരിച്ചുവരുമ്പോൾ എവിടെപ്പോയിയെന്നു പറയാറുമില്ല അന്ന് പാതിരാ കഴിഞ്ഞിട്ടും തിരിയെ വന്നില്ല അച്ഛൻ അത്രയധികം ഒരിക്കലും താമസിയ്‌ക്കാറില്ല രാവിലെ താനുണർന്നു വന്നപ്പോഴും അമ്മ വരാന്തയിൽതന്നെ തൂണും ചാരിയിരിക്കുകയായിരുന്നു പിന്നീടിതുവരേയും ആ കാത്തിരിപ്പ് സഫലമായില്ല രണ്ടോ, മൂന്നോ വട്ടം ഞാൻ ചോദിച്ചിട്ടുണ്ടാവാം. അച്ഛനെപ്പറ്റി അമ്മയുടെ കണ്ണു നിറയും, വാക്കുകൾ മുട്ടിപ്പോകും അതെനിയ്‌ക്കു സഹിയ്‌ക്കുമായിരുന്നില്ല. ഞാനൊന്നും തന്നെ പിന്നീട് ചോദിച്ചുമില്ല. നാമജപം കഴിഞ്ഞ് അമ്മ തിരിഞ്ഞു കവിളിൽ രണ്ടു ചാൽ കണ്ണീരുണ്ടായിരുന്നു. അമ്മയത് തുടച്ചുകളഞ്ഞ് പെട്ടെന്ന് ചോദിച്ചു “നീയെന്താ ആലോചിയ്‌ക്കുന്നത്?” എനിയ്‌ക്ക് പെട്ടെന്നൊരുത്തരം പറയാനായില്ല. വെറുതേ പറഞ്ഞു “വീട്ടിൽ അച്ഛനും വിഷ്‌ണുവും മാത്രമാണല്ലോന്നു വിചാരിയ്‌ക്കയായിരുന്നു.”
അമ്മ പതുക്കെ ചോദിച്ചു“ നിനക്കിപ്പഴും വിശേഷമൊന്നും” പൂർത്തിയാക്കാതെ അമ്മ എന്റെ മുഖത്തു നോക്കി.
പുറത്തെ ഇരുളിലേയ്‌ക്കു നോക്കി ഇല്ലെന്ന് ഞാൻ അലസമായി മൂളി. അമ്മയോടെന്തു പറയാനാണ് അമ്മയ്‌ക്കു വിഷമമാകും വിഷ്‌ണുന്റെ അനിയത്തിക്കു തന്റെ കൂടി കഴുത്തിലും കാതിലും കിടന്നതൊക്കെ ഊരിക്കൊടുത്ത് കല്യാണം കഴിച്ചയച്ച് വാടകവീട്ടിലെ ഞെരുക്കിലേയ്‌ക്കു അച്ഛനേയും കൂട്ടിവന്ന് രാപകലില്ലാതെ നെട്ടോട്ടമോടുന്ന വിഷ്‌ണൂന് ഒരു കുഞ്ഞും കൂടിയായാൽ നിക്കക്കള്ളിയുണ്ടാവില്ല ആരാണ് ഒന്നു നോക്കാനും മറ്റും. വിഷ്‌ണൂന് അമ്മയില്ല അച്ഛന് നല്ല വയസ്സായി, എന്നാലും പശുക്കളോടുള്ള കമ്പം മാറിയിട്ടുമില്ല മാത്രവുമല്ല അളിയൻ ചെറുക്കന്റെ സ്‌ത്രീധന ബാക്കിയൊട്ടു കൊടുത്തിട്ടുമില്ല.
“നിന്റെ ജോലിയൊക്കെ സുഖമല്ലെ?” എന്റെ മുഖത്തെ അസ്വസ്‌ഥത കണ്ടിട്ടാവാം അമ്മ വിഷയം മാറ്റി.
“അതെ, പക്ഷെ വീട്ടിൽ നിന്ന് നല്ല ദൂരമുണ്ട് ഒരു മണിക്കൂറോളം ബസിലിരിയ്‌ക്കണം തിരികെയെത്തുമ്പേഴേക്കും നേരം ഒത്തിരിയായിട്ടുണ്ടാവും.”
അമ്മ അകത്തേയ്‌ക്കു പോയി, പാത്രങ്ങളുടെ കലമ്പൽ കേട്ടു. ചൂടുള്ള കഞ്ഞി പാത്രത്തിലേക്കു പകർന്ന് മാങ്ങാ അച്ചാറിട്ട് അമ്മ മുന്നിൽ കൊണ്ടുവച്ചു. കൈകാൽ കഴുകി തറയിൽ ചമ്രം പടിഞ്ഞിരുന്ന് പ്ലാവില കൊണ്ട് ഞാനത് കോരിക്കുടിച്ചു മറന്നു പോയ അതിന്റെ മണമോ, അമ്മയുടെ സാമീപ്യമോ എന്തോ എന്റെ കണ്ണു നിറച്ചു. സാധാരണ വീട്ടിൽ വരുമ്പോൾ ഉടുക്കാറുള്ള ആകാശനീലനിറമുള്ള വോയൽ സാരിയുടുത്ത് അമ്മയുടെ അടുത്ത് പായയിൽക്കിടന്നു.
സർക്കാരുദ്യോഗമുള്ള അമ്മയ്‌ക്ക് ഇപ്പോഴും പറമ്പിലെ തെങ്ങും കമുങ്ങും വീട്ടുവളപ്പിലെ കത്തിരിയും പടവലവുമൊക്കെത്തന്നെ ആശ്രയം. അവൾക്കൊരു വിങ്ങൽ തൊണ്ടയിലമർന്നു കൂട്ടിനുപോലും ആരുമില്ലാതെ വല്ലാതെ തനിച്ചാക്കപ്പെട്ടിരിക്കുന്നു അമ്മ അച്ഛനുണ്ടായിരുന്നെങ്കിൽ…..
അമ്മ അവളുടെ കൈകളിൽ തൊട്ടു “ഗായാ ഉറങ്ങിയോ?”
“ഇല്ല”
“എന്റെ കാലശേഷം ഈ വീടും പറമ്പും നിനക്കുള്ളതാണ്, അച്യുതന്റെ ഭാഗം ഒഴിപ്പിച്ച് നീയിതെടുക്കണം. എത്ര നാളാണു വാടക കൊടുത്ത് കഴിയുക വിഷ്‌ണൂനെന്താ ഇഷ്‌ടപ്പെടാതിരിക്കാൻ നിനക്കല്ലെങ്കിൽപ്പിന്നെ ഞാനെന്തിന് ഇതെല്ലാം കാത്തുവയ്‌ക്കണം.” ഗായത്രി ഒന്നും മിണ്ടിയില്ല. ഇരുളിലേയ്‌ക്കുനോക്കി കാലുകൾ തണുത്ത തറയിലേക്കു നീട്ടിവച്ചു കിടന്നു.
രാവിലെ ചരൽപ്പാതയിലേക്ക് വീടിന്റെ പടിയിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു, അതുകൊണ്ട് അവൾ തിരിഞ്ഞ് അമ്മയെ നോക്കിയില്ല. ബാഗിൽ അമ്മ തന്ന മാങ്ങാ അച്ചാറും വറ്റലും ഉണ്ടായിരുന്നു. ചരലുകൾക്കുമീതെ അഞ്ഞ്‌ജലത്തെറ്റിപ്പൂക്കൾ കൊഴിഞ്ഞു കിടന്നിരുന്നു . വീട്ടുവളപ്പു കഴിയാറായപ്പോൾ അവൾ തിരിഞ്ഞു നോക്കി, പടിക്കൽ അഞ്ഞ്‌ജലത്തെറ്റികൾക്കപ്പുറം അമ്മ നോക്കി നിൽപ്പുണ്ട് അവൾ തിരിഞ്ഞ് വേഗം നടന്ന് റോഡിലേക്കു കയറി. ബസിന്റെ കുലുക്കത്തിൽ ഇടയ്‌ക്കിടെ ചിന്തകൾ മുറിഞ്ഞു.
വീടിന്റെ തണുപ്പും അമ്മയുടെ നെറ്റിയിലെ ഭസ്‌മത്തിന്റെ മണവും പതുക്കെ അകന്നുപോകുന്നതവളറിഞ്ഞു. വീട്ടിലെത്തിയപ്പോൾ അമ്മുപ്പശു പെറ്റിരുന്നു. ഒരു പശുക്കിടാവ് ആകെ തവിട്ടു നിറം കാൽ മുട്ടിലും താടിയിലും വാലിലും ഇത്തിരി കറുപ്പും അച്ഛന്റെ മുഖത്ത് നല്ല സന്തോഷം. വിഷ്‌ണൂന് ചോറു പൊതിഞ്ഞപ്പോൾ അമ്മ തന്ന അച്ചാറും ഇത്തിരി വച്ചു. അച്ഛന് പപ്പടം വറുക്കുമ്പോഴായിരുന്നു, ഗേറ്റിലാരോ വിളിച്ചത്. വിഷ്‌ണു എന്തോ ചോദിക്കുന്ന ശബ്‌ദം കേട്ടു വിഷ്‌ണു പെട്ടെന്ന് അകത്തേയ്‌ക്കു വന്നു. “ഗയാ നീ വരുമ്പോൾ അമ്മയ്‌ക്ക് അസുഖം വല്ലതും ഉണ്ടായിരുന്നോ?”
“ഇല്ലാ, എന്തേ?”
“വീട്ടീന്ന് ആളു വന്നിട്ടുണ്ട്, അമ്മ കുളക്കരയിൽ കുഴഞ്ഞു വീണെന്ന്.
ഗായത്രി മുഴുവനും കേട്ടില്ല, തളർന്ന ശരീരം വിഷ്‌ണു താങ്ങി ഇടയ്‌ക്കെപ്പോഴോ ബോധം വന്നപ്പോൾ വിഷ്‌ണു അടുത്തുണ്ടായിരുന്നു അബോധത്തിലെവിടെയോ കുളക്കരയിലെ നനഞ്ഞ മണ്ണിൽ ആകാശനീല നിറമുള്ള വോയൽ സാരിയും കയ്യിൽപ്പിടിച്ച് കമിഴ്‌ന്നുകിടക്കുന്ന അമ്മയെക്കണ്ടു നെറ്റിയിൽ വെള്ളം നനച്ച തുണി ആരോ തൊടുന്നു. അമ്മയാണോ, ”ഗായാ“ എന്നു പതുക്കെ വിളിക്കുന്നതാരാവാം. ചുറ്റും നിറയുന്ന ഭസ്‌മത്തിന്റെ മണം അവളെ ഉണർത്തി. അമ്മയായിരിക്കും. അമ്മയ്‌ക്ക് എങ്ങനെ മരിയ്‌ക്കാനാകും. ഒരു മുന്നറിയിപ്പും കൂടാതെ തനിച്ച്, തന്നെ ഒറ്റയ്‌ക്കാക്കി വെറുമൊരു കുളക്കടവിൽ വീണ്…”
അവൾക്കു വീണ്ടും ബോധം നഷ്‌ടപ്പെട്ടു.
അഞ്ജലത്തെറ്റികൾക്കപ്പുറത്തേക്ക് ഭസ്‌മത്തിന്റെ മണം ഒരു തണുത്ത കാറ്റിൽ ഒരുപാടു ദൂരത്തേക്ക് ഒഴുകിപ്പോയി.
Generated from archived content: story1_juy9_10.html Author: thulasi