പ്രിയ സുഹൃത്തെ
സുഖമാണോ?
ഇവിടെ എനിയ്‌ക്കും സുഖം
അവിടെ എന്റെ നാട്ടിലെന്തുണ്ട്?
പറയാതെ തന്നെ എനിക്കറിയാം.
ഒഴുകി മെലിഞ്ഞ ഒരു പുഴ ഹൃദയം പൊട്ടി മരിച്ചു കിടക്കുന്നു.
പൊരിവെയിലിൽ ഒരിറ്റു നീരിനായി ആൽത്തറയിൽ ദൈവങ്ങൾ നിലവിളിക്കുന്നു.
ചീറിപ്പായുന്ന ആധുനികത തെറ്റിയെറിഞ്ഞ ചെളിവെള്ളം പുരണ്ട് വഴിയോരത്ത് ഒരുകുഞ്ഞമ്പരന്നു നില്‌ക്കുന്നു.
നീ പറയാതെ തന്നെ എനിയ്‌ക്കറിയാം പിന്നെയും
ദീപമണഞ്ഞ തുളസിത്തറയ്‌ക്കപ്പുറം
ചാരുകസേരയിലൊരച്ഛൻ
കടലിനക്കരെയുള്ള മകനെയോർത്ത് നോവുന്ന നെഞ്ചു തിരുമ്മുന്നു.
അണയാൻ തുടങ്ങുന്ന ചിമ്മിനിവെട്ടത്തിനരികിലൊരമ്മ
നിറകണ്ണുകളോടെ യുദ്‌ധകാണ്ഡം വായിക്കുന്നു.
നീ പറയാതെ തന്നെ എനിക്കറിയാം
നാലായി മടക്കിയ എന്റെ കത്ത് നെഞ്ചോരം ചേർത്തിട്ട്
നിറഞ്ഞ മിഴികൾ ചിമ്മിക്കളഞ്ഞ് പിന്നെ നീയും
എന്റെ പ്രിയ കൂട്ടുകാരാ തിരക്കിലേക്കു തിരിയുന്നു
നിനക്കു സുഖമായിരിക്കട്ടെ
സ്‌നേഹപൂർവം സ്വന്തം സുഹൃത്ത്.
Generated from archived content: poem3_apr9_10.html Author: thulasi