എന്റെ സിന്ദൂരച്ചെപ്പ്‌

എത്യോപ്യയുടെ മാസ്‌മരഭംഗി

കലാരൂപങ്ങൾ

പുരാതന എത്യോപ്യായിൽ അനവധി കലാരൂപങ്ങളും സംഗീതസങ്കേതങ്ങളും ഉടലെടുത്തു. വിവാഹം, തിരുനാളുകൾ (ക്രിസ്‌മസ്‌, ഈദ്‌ തുടങ്ങിയവ) എപ്പോഴും സംഗീതസാന്ദ്രമായിരിക്കും. ചടുലനൃത്തങ്ങൾ എത്യോപ്യാക്കാരുടെ പ്രത്യേകതയാണ്‌. തിലഹൂൺ ഗസ്സസ്സേയുടെ ആലാപനം ഞങ്ങളെ എല്ലാവരെയും ഹഠാദാകർഷിച്ച ഒന്നാണ്‌. അനവധി യൂറോപ്യൻ സംഗീതോപകരണങ്ങൾ ഇവിടുത്തെ കലാകാരന്മാർ ഉപയോഗിച്ചിരുന്നു. സാക്‌സാ ഫോൺ (Saxaphone) സിംബൽസ്‌ (Cymblals) പിന്നെ പ്രത്യേക എത്യോപ്യൻ വയലിൻ ഇവ ആ കാലഘട്ടത്തിൽ (1970) ധാരാളമായി കണ്ടിരുന്നു.

സുന്ദരമായ ആ രാജ്യത്തിന്റെ അന്തരീക്ഷത്തിൽ തന്നെ സംഗീതത്തെ കാണാൻ ഞങ്ങൾക്ക്‌ തരം വന്നു. നമ്മുടെ തെക്കേഇന്ത്യൻ സംഗീതവുമായി എന്തോ ഒരു ബന്ധം (സാമ്യം) ഞങ്ങൾ എത്യോപ്യൻ സംഗീതത്തിൽ കണ്ടെത്തി. എല്ലാ ഗ്രാമങ്ങളിലും തന്നെ (കൂടുതലായി നിശാക്ലബ്ബുകളിൽ) സംഗീതത്തിന്‌ വളരെ പ്രധാനമായ ഒരു സ്‌ഥാനം ജനങ്ങൾ കൊടുത്തിരുന്നു.

സായാഹ്‌നങ്ങിൽ ആരംഭിക്കുന്ന സംഗീതമേള എല്ലാ നിശാക്ലബ്ബുകളേയും ശബ്‌ദായമാനമാക്കും. ധാരാളം എത്യോപ്യൻ സുന്ദരികൾ എല്ലാ സ്‌ഥലങ്ങളിലും കാണും. അവരെല്ലാം ബാറുകളിൽ മദ്യം വിളമ്പുന്ന എത്യോപ്യൻ യുവതികളായിരിക്കും. എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന ഈ സുന്ദരിക്കുട്ടികളെ പക്ഷേ “ഷർമൂത്ത” (വേശ്യ) എന്നാണ്‌ വിളിച്ചിരുന്നത്‌. സമൂഹത്തിലെ പല പകൽ മാന്യന്മാരും പരസ്യമായി തന്നെ തങ്ങളുടെ സ്വകാര്യ സന്തോഷങ്ങൾക്കുവേണ്ടി ഈ ആലയങ്ങളിൽ പോകും. പാതിരാ വരെ സന്തോഷം കണ്ടെത്തിയ ശേഷം മറ്റൊരാളായി ഈ മാന്യന്മാർ സ്വന്തം ഗൃഹങ്ങളിലേക്ക്‌ മടങ്ങുന്നു. ഇങ്ങനെയുള്ള മാന്യന്മാരേയും അകമഴിഞ്ഞ്‌ സ്‌നേഹിക്കുന്ന സ്‌നേഹമയികളായ ഭാര്യമാർ ഈ രാജ്യത്ത്‌ ധാരാളമായി ഉണ്ട്‌. നമ്മുടെ രാജ്യമാണങ്ക്ല് വിവാഹമോചനം തീർച്ച തന്നെ! പക്ഷേ ശാന്തസുന്ദരമായ എത്യോപ്യൻ ജീവിതം ഇതെല്ലാം കാണുവാൻ ഞങ്ങൾക്ക്‌ ധാരാളം അവസരങ്ങൾ തന്നു.

എത്യോപ്യൻ വിവാഹങ്ങൾ

പ്രേമവിവാഹങ്ങൾ ധാരാളമായി നടക്കുന്ന ഈ രാജ്യത്ത്‌ വിവാഹാഘോഷങ്ങൾ വളരെ മനോഹരം തന്നെ. വിവാഹത്തിന്‌ ഒരാഴ്‌ചമുമ്പു തന്നെ എല്ലാ ബന്ധുക്കളുമെത്തുന്നു. പിന്നെ “പാനവും” ഗാനവും തന്നെ. പാതിരാവരെ ഈ ആഘോഷങ്ങളും നീളും. അയൽക്കാരായ ഞങ്ങളും എപ്പോഴും ഇവരുടെ എല്ലാ ആഘോഷങ്ങളിലും സജീവമായി എങ്കെടുത്തിരുന്നു.

പച്ച ഇറച്ചിയും, വീഞ്ഞും

വിവാഹാവസരങ്ങളിലും, മറ്റു പ്രധാന പാർട്ടികളിലും പച്ച (Raw meat) ഇറച്ചിയും, വീര്യം കൂടിയ വീഞ്ഞും സ്‌ഥിരം ഐറ്റങ്ങളായിരുന്നു. ഞങ്ങളെയൊക്കെ ഇതു ഭക്ഷിക്കുവാൻ അവർ നിർബന്ധിക്കുമായിരുന്നു. ചിലപ്പോഴൊക്കെ തിന്നുന്നതായി നടിച്ചുകൊണ്ട്‌ കുറച്ചുനേരം വായിലിടും. പിന്നീട്‌ പതുക്കെ പുറത്തിറങ്ങി തുപ്പിക്കളയുമായിരുന്നു. കുടൽ (Intertines) ഉപയോഗിച്ചുള്ള ഒരു പ്രത്യേക ശൈലിയിൽ ഉണ്ടാക്കുന്ന ഒരു ഐറ്റം ഇന്ത്യാക്കാർക്കെല്ലാം ഇഷ്‌ടമായിരുന്നു.

പച്ച ഇറച്ചിയുടെ കൂടെ കാന്താരിമുളക്‌ പൊടിച്ച്‌ ചതച്ചുണ്ടാക്കുന്ന ഒരു പൊടി അതീവരുചികരമായിരുന്നു. എരിവിന്റെ രാജനായിരുന്നു അത്‌! നമ്മുടെ കൂടെനിന്ന്‌ നമ്മുടെ എല്ലാസൗകര്യങ്ങളുമൊരുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യരായിരുന്നു എത്യോപ്യക്കാർ. 12 കൊല്ലം ആ നല്ല മനുഷ്യരുടെ കൂടെ ജീവിക്കുവാനും അവരുടെ ജീവിത രീതികൾ പങ്കുവെക്കാനും എനിക്കും കുടുംബത്തിനും അവസരം ലഭിച്ചു.

ആഡിസ്‌ അബാബാ – ഡെസ്സി

ആസിഡ്‌ അബാബായിൽ നിന്നും രാവിലെ നമ്മൾ 6 മണിക്ക്‌ ബസ്സിൽ (ആത്തോബസ്‌ എന്നാണ്‌ പറയുക) പുറപ്പെട്ടാൽ ഏകദേശം സന്ധ്യയാകുമ്പോൾ നമ്മൾ ഒരു ചെറുപട്ടണത്തിലെത്തും. പർവ്വതങ്ങളാൽ (Hotte Mountains) ചുറ്റപ്പെട്ടതും, അതീവ ശൈത്യമുള്ളതുമായ ഡെസ്സി പട്ടണം. പർവ്വത ശിഖിരങ്ങളാൽ ചുറ്റപ്പെട്ട ഈ പട്ടണത്തിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്നും 13,000 അടി ആണ്‌. വൊള്ളോ (Wollo) പ്രോവിൻസിന്റെ തലസ്‌ഥാനമായ ഡെസ്സി പ്രകൃതി സുന്ദരമാണ്‌ – പ്രശാന്തമാണ്‌.

ഈ ചെറുപട്ടണത്തിൽ ധാരാളം ഇറ്റലിക്കാർ കുടിയേറി പാർത്തിട്ടുണ്ട്‌. പണ്ട്‌ മുസ്സോളിനി നടത്തിയ ആക്രമണത്തിന്റെ ഫലമെന്നോണം നൂറുകണക്കിന്‌ ഇറ്റാലിയൻ പട്ടാളക്കാർ എത്യോപ്യായുടെ പല ഭാഗങ്ങളിലായി താമസമാരംഭിച്ചു. അവരുടെ തലമുറകൾ ഇപ്പോഴും ഈ പട്ടണങ്ങളിലെല്ലാമുണ്ട്‌. വടക്കൻ എത്യോപ്യയിൽ 10 വർഷത്തോളം ഇറ്റാലിയൻ ആധിപത്യമായിരുന്നു. അവരുടെ തലസ്‌ഥാനമായിരുന്നു മനോഹരമായ അസ്‌മാറാ (ASMARA) പട്ടണം.

പ്യാസാ ഃ- ഇതൊരു ഇറ്റാലിയൻ പദമാണ്‌. അർത്ഥം Central place എന്നാണ്‌. എല്ലാ പട്ടണങ്ങളിലും പ്യാസ ഉണ്ട്‌. ഡെസ്സിയിലെ പ്യാസയിൽ ആ പട്ടണത്തിലെ എല്ലാ പ്രമുഖ സ്‌ഥാപനങ്ങളും കാണുവാൻ സാധിക്കും. ബാങ്ക്‌ ഓഫ്‌ എത്യോപ്യാ, ടെലികമ്മ്യൂണിക്കേഷൻസ്‌, ഹൈസ്‌കൂൾ, ഗവർണറുടെ മന്ദിരം പോലീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ഇവയെല്ലാം പ്യാസായുടെ പ്രാന്തപ്രദേശങ്ങളിലാണ്‌.

ഡെസ്സിയിലെ ഓർത്തഡോക്‌സ്‌ പള്ളി

ഏകദേശം ഒരു നൂറ്റാണ്ട്‌ പഴക്കത്തിന്റെ പ്രശസ്‌തി പേറുന്ന ഈ ദേവാലയം വളരെ പ്രസിദ്ധമാണ്‌. നീലനിറത്തിലുള്ള ദീപങ്ങളും, ഉയർന്ന ബലിപീഠവും പഴമയെ വിളിച്ചോതുന്ന വസ്‌തുക്കളാണ്‌. തികഞ്ഞ ഈശ്വരവിശ്വാസികളായ എത്യോപ്യൻ ജനതയുടെ ദൃഢമായ വിശ്വാസചൈതന്യം പരമ്പരകളായി അവർ നിലനിറുത്തുന്നു.

അടുത്തുതന്നെയാണ്‌ അവിടുത്തെ ഏക ഹയർസെക്കന്ററി വിദ്യാലയം. ഡയറക്‌ടർ (ഹെഡ്‌മാസ്‌റ്റർ) എപ്പോഴും ആ നാട്ടുകാരനായിരിക്കും. പക്ഷേ 15 അദ്ധ്യാപകരെങ്കിലും ഇന്ത്യക്കാരായിരിക്കും. 1970 കളിൽ ഈ സ്‌കൂളിൽ 16 ഇന്ത്യൻ അദ്ധ്യാപകരുണ്ടായിരുന്നു. ഇന്ത്യൻ അദ്ധ്യാപികമാരും ഉണ്ടായിരുന്നു. ഇവർക്ക്‌ പുരുഷന്മാരുടെ പകുതി ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ! പക്ഷേ ജീവിതച്ചെലവുകൾ വളരെ കുറവായിരുന്നതുകൊണ്ട്‌ ഞങ്ങൾക്ക്‌ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായില്ല.

ആശുപത്രികൾ

നല്ല രണ്ട്‌ ആശുപത്രികൾ ഈ ചെറുപട്ടണത്തിലുണ്ടായിരുന്നു (1966 – 78) ഒന്ന്‌ സർക്കാർ ആശുപത്രിയും, രണ്ടാമത്തേത്‌ അമേരിക്കൻ ആശുപത്രിയുമായിരുന്നു. പ്രായേണ നല്ല ഡോക്‌ടർമാർ ഉണ്ടായിരുന്ന അമേരിക്കൻ ആശുപത്രിയിലാണ്‌ എന്റെ പുത്രി ജനിച്ചത്‌. അതീവ ശൈത്യമുള്ള കാലാവസ്‌ഥയിൽ കുഞ്ഞിനെ എപ്പോഴും കമ്പിളി വസ്‌ത്രങ്ങൾ കൊണ്ട്‌ പൊതിഞ്ഞ്‌ സൂക്ഷിക്കേണ്ടി വന്നു.

ബാറുകൾ – ബാറുകൾ!!

മദ്യശാലകളുടെ ഒരു ആസ്‌ഥാനം തന്നെയായിരുന്നു ഈ പട്ടണം. വൈകുന്നേരമായാൽ ബാറുകളിലും, മറ്റ്‌ ചെറു മദ്യശാലകളിലും കുന്തിരിക്കം പുകച്ച്‌ കാത്തിരിക്കുന്ന എത്യോപ്യൻ സുന്ദരികൾ ഒരു കാഴ്‌ചതന്നെ ആയിരുന്നു. ശാന്തമായി പ്രവർത്തിക്കുന്ന മദ്യശാലകളിൽ പണക്കാരനും, പാവപ്പെട്ടവനും തോളുരുമ്മിയിരുന്ന്‌ മദ്യപിക്കും. അവരുടെ അടുത്തിരുന്ന്‌ ശൃംഗരിക്കുവാൻ ധാരാളം യുവസുന്ദരികളും! പോരെ – ആനന്ദലബ്‌ധിക്കിനിയെന്തുവേണം.

Generated from archived content: ormakalude9.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English