എത്യോപ്യൻ സംസ്‌ക്കാരം
ആബിസീനിയൻ കുന്നുകളിൽ ഉടലെടുത്ത പ്രാചീന ആഫ്രിക്കൻ സംസ്‌കൃതിയാണിത്. വിദേശസംസ്‌ക്കാരത്തിന്റെ യാതൊരു സ്‌പർശവുമില്ലാത്ത ഒരു സംസ്‌ക്കാര ചൈതന്യമാണ് ഇവിടെയുള്ളത്. സത്യം പറഞ്ഞാൽ നീഗ്രോവർഗ്ഗക്കാരുമായി (Negroid stock) യാതൊരു ബന്ധുമില്ലാത്ത ഒരു കൂട്ടം ജനങ്ങളാണ് ഇവിടെ വസിക്കുന്ന “ഹാബഷാ” വർഗ്ഗത്തിൽപ്പെട്ടവർ.
ബൈബിൾ സംസ്‌ക്കാരം നിലനിൽക്കുന്ന എത്യോപ്യായിൽ നേരത്തേ പറഞ്ഞതുപോലെ ക്രിസ്‌ത്യൻ ഭൂരിപക്ഷമാണ്. ഇവർ തികഞ്ഞ മത നിരപേക്ഷത പാലിക്കുന്ന നല്ല മനുഷ്യരാണ്. മുസ്ലീം സഹോദരന്മാരുമായി വളരെ സ്‌നേഹത്തിലാണ് ഇവരുടെ ജീവിതം.
ആഡിസ് അബാബ (New Flower)
ഈ മനോഹരമായ നഗരത്തിൽ ജനങ്ങൾ പ്രായേണ കുറവാണ്. അതീവശൈത്യമാണ് കാലാവസ്‌ഥ. ഭൂമദ്ധ്യരേഖ കടന്നു പോകുന്നുണ്ടെങ്കിലും ഇതിന്റെ 12000 അടി ഉയരം(altitude) വർഷാന്ത്യം വരെയുള്ള തണുത്ത കാലാവസ്‌ഥ നിലനിർത്തുന്നു.
നഗരത്തിന്റെ മദ്ധ്യഭാഗത്തായി പ്യാസ (Centre place) സ്‌ഥിതിചെയ്യുന്നു. ചുറ്റുമുള്ള ഏഴു കുന്നുകൾ ഈ നഗരത്തെ കൂടുതൽ സുന്ദരമാക്കുന്നു. പ്യാസായിൽ നിന്നും നേരേമുകളിലോട്ടു നടന്നാൽ ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഗീവർഗീസ് പള്ളിയിലെത്തും. പഴമയുടെ പ്രൗഡിയോടും, പെരുമയോടും കൂടി നിൽക്കുന്ന ഈ പള്ളിയുടെ ഉൾഭാഗം വളരെ മനോഹരമാണ്. നീലയും, ചുമപ്പും കലർന്ന വർണ്ണഭ്രാളികൾ പള്ളിയുടെ ചുമരുകളെ ആകർഷകമാക്കുന്നു. ചെടികളുടെ ഇലച്ചാറുകൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും അവയുടെ സൗന്ദര്യം നിലനിർത്തുന്നു. വിശാലമായ ഹാളിൽ ബഞ്ചുകളോ മറ്റ് ഇരിപ്പിടങ്ങളോ ഇല്ല. ദേവാലയത്തിൽ വരുന്നവർ ഭിത്തിയിൽ തല ചാരിനിന്ന് മൗനമായി പ്രാർത്ഥിക്കുന്നത് ഒരു കാഴ്‌ച തന്നെയാണ്.
നോയമ്പു കാലങ്ങൾ ഭക്തനിർഭരമായി ആചരിക്കുന്നവരാണ് എത്യോപ്യക്കാർ. ധാരാളമായി മദ്യം കഴിക്കുന്നവരെങ്കിലും നോയമ്പു കാലങ്ങൾ അവർ നിഷ്‌ഠയോടെ പരിപാലിക്കുന്നു. ഏതു സമയത്തുും ഭക്തജനങ്ങളെ പള്ളിയകത്ത് കാണാവുന്നതാണ്. നാടിന്റെ ദേശീയവേഷം ധരിച്ചാണ് അവർ പള്ളിയിൽ ദർശനത്തിനും, പ്രാർത്ഥനക്കും പോകുന്നത്. വെളുത്ത നിറം മാത്രമുപയോഗിക്കുന്നവരാണു ഭൂരിപക്ഷം നാട്ടുകാരും. യൂറോപ്യൻ സംസ്‌ക്കാരത്തിന്റെ മലവെള്ള പാലച്ചിൽ പെട്ട് യുവതലമുറ യൂറോപ്യൻ വസ്‌ത്രങ്ങൾ ഉപയോഗിക്കുന്നു.
ആഡിസ് അബാബയുടെ പഴയ കാലം മുതലുള്ള ഒരു ആകർഷണമാണ് ഹെയിലിസലാസി ചക്രവർത്തി നിർമ്മിച്ച കാഴ്‌ചബംഗ്ലാവ്. കൂടാതെ വിശാലമായ സ്‌റ്റേഡിയം. എത്യോപ്യക്കാർക്ക് രണ്ടു കാര്യങ്ങൾ വളരെ ഇഷ്‌ടമാണ്. ഒന്ന് ഫുട്‌ബോൾ കളി. രണ്ട് ഡാൻസും, പാട്ടും! ഉള്ളതുകൊണ്ട് സുഭിക്ഷമായി ജീവിക്കുന്ന ഇക്കൂട്ടരെ ആർക്കും ഇഷ്‌ടപ്പെടും.
ബാറുകൾ, നൃത്ത മന്ദിരങ്ങൾ
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ബാറുകൾ തന്നെ. വൈകുന്നേരമായാൽ രസിക്കാൻ വേണ്ടി എത്യോപ്യക്കാർ ബാറുകളിലേക്കു പോകുന്നു. പഥ്യമായ പാനിയങ്ങൾ, ബിയർ, സ്‌കോച്ച് വിസ്‌ക്കി (60 കളിൽ വളരെ കുറഞ്ഞ വിലക്ക് ലഭിക്കുമായിരുന്നു.) പിന്നെ ചെറിയ ബാറുകളിൽ സ്‌ത്രീകൾ വിൽക്കുന്ന ദേശീയ പാനീയങ്ങൾ ഉണ്ട്. തെല്ലാ, തെജ് (നമ്മുടെ കള്ള് പോലെ). മദ്യവും , മദിരാക്ഷിയും എത്യോപ്യക്കാരുടെ ജീവന്റെ ജീവനാണ്. പക്ഷേ ഇതൊന്നും സമൂഹം വിലക്കിയിട്ടുള്ള മധുരക്കനികളല്ല. ഏതു വലിയവനും ഇവിടെ ബാറിൽ പോയി മദ്യപിക്കും. സുഖലോലുപരായ എത്യോപ്യാക്കാർ ഒരിക്കലും കലഹിക്കാറില്ല. മോഷണം കേട്ടുകേൾവി പോലുമില്ല.
എവിടെയും മദിരാക്ഷികൾ
ബാറിൽ മദ്യം വിളമ്പുന്നവർ എത്യോപ്യൻ സുന്ദരികളാണ്. അവരുടെ കൈകളിൽ നാമൊന്നു തടവിയാൽ കൂടുതൽ മദ്യം ഒഴിച്ചു തരുന്ന ദയാനിധികൾ! അവരൊഴിക്കുന്ന ഒരു പെഗ് മുന്തിയ മദ്യം ഇവിടുത്തെ മൂന്നു പെഗ്ഗായി കരുതാം. ഇപ്പോൾ കാലം മാറിക്കാണുമായിരിക്കും.
ഫ്യൂഡൽ സമ്പ്രദായങ്ങൾ
1971-72 ലെ വിപ്ലവത്തിന് മുമ്പ് ഈ രാജ്യം ഹെയിലിസലാസി ചക്രവർത്തിയുടെ പിടിയിലായിരുന്നു. സോളമന്റെ പിന്തുടർച്ചക്കാരായ സോളമന്റെ രാജവംശത്തിലെ ചക്രവർത്തിമാരായിരുന്നു ഭരണാധികാരികൾ. തികച്ചും ഫ്യൂഡൽ സമ്പ്രദായത്തിലായിരിന്നു ഏകാധിപത്യ സർക്കാർ പ്രവർത്തിച്ചുകൊണ്ടിരുന്നത്. എല്ലാ പ്രോവിൻസുകളിലും ചക്രവർത്തിയുടെ ശിങ്കിടികളായ ഗവർണർമാർ ഉണ്ടായിരുന്നു. ചക്രവർത്തിക്കെതിരെയുള്ള ഒരു പ്രവർത്തിയും അവിടെ സാദ്ധ്യമായിരുന്നില്ല. പലരേയും തടവിൽ പാർപ്പിച്ചിരുന്നു. ദരിദ്ര ലക്ഷങ്ങൾ പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞു കൂടിയപ്പോൾ വരേണ്യവർഗ്ഗം സുഖസമൃദ്ധിയിൽ ജീവിച്ചു.
എത്യോപ്യൻ ഗ്രാമങ്ങൾ
തലസ്‌ഥാനമായ ആഡിസ് മാത്രമാണ് ഒരു നഗരമായി അവിടെയുണ്ടായിരുന്നത്. ഏകദേശം ഒരു പകൽ മുഴുവൻ കാറിലോ ബസ്സിലോ യാത്ര ചെയ്‌താൽ ഉള്ളിലുള്ള ഗ്രാമങ്ങൾ കാണുവാൻ പറ്റും. ജനവാസമില്ലാത്ത, പർവ്വതശിഖരങ്ങളുടെ താഴേയുള്ള റോഡുകളിൽക്കൂടിയാണ് യാത്ര. മനോഹരമായ താഴ്‌വരകളും, നിബിഡമായ വനഭംഗിയും ആസ്വദിക്കാൻ നല്ല അവസരം. ഇടയ്‌ക്കിടയ്‌ക്ക് റോഡ് കുറുകേ കടക്കുന്ന കഴുത കൂട്ടങ്ങൾ, പിന്നെ കൂട്ടമായി നടക്കുന്ന ആട്ടിടയന്മാർ, ഇവ സാധാരണ കാഴ്‌ചകൾ. മനുഷ്യവാസം തീരെ കുറഞ്ഞ ചെറിയ ഗ്രാമങ്ങളിലെ വഴിനിരത്തുകൾ നാടൻ ഭക്ഷണം തരുന്ന കൊച്ചുകൊച്ചു ഹോട്ടലുകൾ, വളരെ ചെലവ് കുറഞ്ഞ ഭക്ഷണം 1966-78 കാലഘട്ടത്തിൽ ഇതായിരുന്നു സ്‌ഥിതി. നാട്ടുകാരുടെ രുചികരമായ “ഇഞ്ചിറ” നമ്മുടെ ദോശയുടെ ആകൃതിയാണ്. കൂടാതെ നിത്യേനയുള്ള ഇറച്ചിഭക്ഷണം. മീൻ ലഭിക്കുന്ന സ്‌ഥലങ്ങൾ ഇല്ലന്നുതന്നെ പറയാം. ഒരു നേരത്തെ ഭക്ഷണത്തിന് കേവലം 50 എത്യോപ്യൻ സെന്റാണ് അക്കാലത്ത് ഞങ്ങൾ കൊടുത്തിരുന്നത് (ഏകദേശം 2 രൂപ) ഹോട്ടൽ മുറികൾക്ക് കേവലം 4 എത്യോപ്യൻ ഡോളർ കൊടുത്താൽ മതിയായിരുന്നു (ഏകദേശം 16 രൂപ)
യാത്ര ചെയ്യാനിഷ്‌ടപ്പെടുന്നവർക്ക് എത്യോപ്യായിലെ കാലാവസ്‌ഥയും, പ്രകൃതിരമണീയതയും നാട്ടുകാരുടെ സ്‌നേഹവാത്സല്യങ്ങളുമെല്ലാം സുലഭമായി ലഭിക്കും. പച്ചപ്പുനിറഞ്ഞ നിബിഡ വനങ്ങളും, നീലാകാശവും സൗന്ദര്യവും, സൗമ്യശീലവുമുള്ള മനുഷ്യരും എത്യോപ്യയുടെ മുതൽ കൂട്ടുകളാണ്.
വിദ്യാഭ്യാസമേഖല
1960 കളിൽ ഇന്ത്യൻ അദ്ധ്യാപകരായിരുന്നു ബഹുഭൂരിഭാഗം സ്‌കൂളുകളിലും പഠിപ്പിച്ചിരുന്നത്. നമ്മുടെ അദ്ധ്യാപകർ അന്യാദൃശമായ കഴിവുളളവരായിരുന്നു ആ കാലത്ത്. ഏകദേശം 2000 രൂപയായിരുന്നു ശമ്പളം. (1960 കളിൽ തുടങ്ങി 78 വരെ)
ഇപ്പോഴത്തെ തലപ്പത്തുള്ള പല ഭരണാധികാരികളേയും ഇന്ത്യൻ അദ്ധ്യാപകർ പഠിപ്പിച്ചിട്ടുള്ളവരാണ്.
വിദ്യാഭ്യാസ മേഖലയെ പരിപുഷ്‌ടമാക്കാൻ മുൻകൈ എടുത്തത് ഹെയിലിസലാസി ചക്രവർത്തിയാണ്. ഇന്ത്യൻ അദ്ധ്യാപകരെ അദ്ദേഹം വളരെയധികം ബഹുമാനിച്ചിരുന്നു. വരേണ്യവർഗ്ഗം മുഴുവനും ഫ്രഞ്ച് ഭാഷയിൽ പ്രവീണരായിരുന്നു. ഇവരിൽ ഭൂരിപക്ഷം പേർക്കും വിദേശരാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. പക്ഷേ പലർക്കും 1972-ലെ വിപ്ലവത്തിൽ രക്ഷപ്പെടാൻ സാധിച്ചില്ല. അവരെല്ലാവരും തന്നെ കൊലചെയ്യപ്പെട്ടു. ചക്രവർത്തിയുടെ മകൻ അസ്‌ഫാഹുസ്സൻ കുടുംബസമേതം ലണ്ടനിലേക്ക് രക്ഷപ്പെട്ടു.
ഹെയിലിസലാസ്സി -1 യൂണിവേഴ്‌സിറ്റി
ചക്രവർത്തിയുടെ പേരിലുള്ള സർവ്വകലാശാല ആഡിസ് അബാബയിൽ സ്‌തുത്യർഹമായ രീതിയിൽ നടക്കുന്നു. അദ്ധ്യാപകർ മുഴുവനും തന്നെ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
സംഗീതം
സംഗീതവും, നൃത്തവും എത്യോപ്യൻ ജനങ്ങൾ ഏറെ ഇഷ്‌ടപ്പെടുന്നു. 1960 കളിലെ ഏറ്റവും പ്രശസ്‌ത ഗായകനായിരുന്നു തിലഹൂൺ ഗസ്സസ്സെ. അദ്ദേഹത്തിന്റെ അനിതരസാധാരണമായ സംഗീതാലാപനം ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ചിത്രകല
ലോകപ്രശസ്‌ത ചിത്രകാരനായ അഫ്‌വൊർക്ക് തെക്കലേ പല അവാർഡുകളും നേടിയ ഒരു കലാകാരനായിരുന്നു. പ്രഗത്ഭനായ ഒരു ശില്‌പികൂടിയായിരുന്നു അഫ്‌വൊർക്ക്.
Generated from archived content: ormakalude8.html Author: thomasmathew_parakkal
Click this button or press Ctrl+G to toggle between Malayalam and English