എന്റെ സിന്ദൂരച്ചെപ്പ്‌

പ്രൗഢമായ തിരുവനന്തപുരം നഗരത്തോട്‌ യാത്രപറഞ്ഞ്‌ ഏതാനും മാസങ്ങൾ സ്വദേശമായ മുവാറ്റുപുഴയിൽ വിശ്രമിച്ചു. അനന്തരം എത്തിച്ചേർന്നത്‌ ലോകത്തെ ഒരു മനോഹരരാജ്യത്താണ്‌. കൊല്ലം 1966.

എത്യോപ്യ ഃ- മനോഹാരിത തുളുമ്പുന്ന ഹരിതമായ പ്രദേശം. ഏകദേശം 12000 അടി പൊക്കത്തിൽ നിൽക്കുന്ന തണുപ്പേറിയ ഈസ്‌റ്റ്‌ ആഫ്രിക്കൻ രാജ്യം. പാരമ്പര്യത്തിലും, സംസ്‌ക്കാരത്തിലുമധീഷ്‌ഠിതമായ എത്യോപ്യ ഒരിക്കലും വിദേശമേധാവിത്വത്തിൻ കീഴിലായിരുന്നിട്ടില്ല. “ഹാബഷാ” വർഗ്ഗത്തിൽപെട്ട ഒരു കൂട്ടം സംസ്‌കാര സമ്പന്നരായ മനുഷ്യർ. സൗന്ദര്യമുള്ള എത്യോപ്യൻ വനിതകൾ ബൈബിൾ വനിതകളെ പോലെയുള്ള നീണ്ട വസ്‌ത്രങ്ങളാണ്‌ ധരിക്കുന്നത്‌. നീണ്ടമൂക്കും അനിതര സാധാരണാമായ പുഞ്ചിരി തുളുമ്പുന്ന വലിയ കണ്ണുകളും അവരുടെ ഒരു പ്രത്യേകതകളാണ്‌. പുരുഷന്മാർ ഭൂരിഭാഗവും കൃഷിക്കാരാണ്‌. നഗരങ്ങൾ വളരെ കുറവായ എത്യോപ്യായിൽ തലസ്‌ഥാനമായ ആഡിസ്‌ അബാബാ (New Flower) ഡിറോഡാവാ, അസ്‌മാറ (ഇപ്പോൾ ഈ നഗരം ഇരിട്രിയായുടെ ഭാഗമാണ്‌) മക്കലെ തുടങ്ങിയ മലയിടുക്കുകളിലുള്ള പട്ടണങ്ങൾ മാത്രമേ ഈ രാജ്യത്തുള്ളൂ.

ഗാംഭീര്യത്തോടെ നിൽക്കുന്ന ഉയരത്തിലുള്ള യൂക്കാലിപ്‌റ്റസ്‌ (ചൂളമരം പോലെ തോന്നും) മരങ്ങൾ ഹെയ്‌ലെസലാസി ചക്രവർത്തി ഓസ്‌ട്രേലിയായിൽ നിന്നും ഇറക്കുമതി ചെയ്‌തതാണ്‌. എത്യോപ്യാ മുഴുവനും തന്നെ സുഗന്ധവാഹിയായ ഈ മരങ്ങൾ വനം പോലെ വളർന്നിരിക്കുകയാണ്‌. ഇതിന്റെ എണ്ണ പല അസുഖങ്ങൾക്കും പ്രതിവിധിയാണന്നാണ്‌ സങ്കല്‌പം.

എത്യോപ്യാ ഒരു ദരിദ്രരാഷ്‌ട്രമാണ്‌. പ്രതിവർഷം വന്നുചേരുന്ന വരൾച്ച ഈ രാജ്യത്തിന്റെ ശാപമാണ്‌. മദ്ധ്യഎത്യോപ്യായിൽ ആണ്‌ ഈ വരൾച്ച കൂടുതൽ അനുഭവപ്പെടുന്നത്‌. റോഡിന്റെ ഇരുവശങ്ങളിലും വസ്‌ത്രം ധരിച്ചതും അല്ലാത്തതുമായ (കുഞ്ഞുങ്ങൾ) യാചകരെ ഈ സീസണിൽ നമുക്കു കാണുവാൻ സാധിക്കും. ഫലഭൂയിഷ്‌ഠമല്ലാത്ത മണ്ണിൽ ഒന്നും തന്നെ കൃഷി ചെയ്യാൻ സാധിക്കാത്ത എത്യോപ്യയിലെ പ്രധാന ധാന്യം “തെഫ്‌” (Teff) ആണ്‌. നമ്മുടെ ചാമ അരിപോലെ ഇരിക്കുന്ന ഈ ധാന്യം കൊണ്ട്‌ ദോശപോലുള്ള “ഇഞ്ചിറ” അവർ ഉണ്ടാക്കുന്നു. മൂന്നു നേരവും ഇറച്ചി കൂട്ടി (ചെറിയ ദുർഗന്ധമുള്ള ആട്ടിറച്ചി) കഴിക്കുന്നു. വെള്ളിയും, ചൊവ്വയും എല്ലാ മതസ്‌ഥരും നോയമ്പ്‌ നോൽക്കുന്നു. രാജ്യത്തിന്റെ 60% ജനങ്ങൾ ഓർത്തഡോക്‌സ്‌ ക്രിസ്‌ത്യാനികളും (റഷ്യൻ ചർച്ച്‌) ബാക്കി 40% ഇസ്ലാം മതസ്‌ഥരുമാണ്‌. തികഞ്ഞമതസൗഹാർദ്ദം നിലനിൽക്കുന്ന എത്യോപ്യാ നമ്മുടെ ഇന്ത്യക്ക്‌ ഒരു നല്ല മാതൃക ആകേണ്ടതുതന്നെ.

ഹെയിലി സലാസി ചക്രവർത്തി

തന്റെ ജീവിതം മുഴുവനും ഒരു ജനതയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഉഴിഞ്ഞു വച്ച ഒരു ഏകാധിപതി (Constitutional Monarchy) യായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിന്നും നൂറു കണക്കിന്‌ അദ്ധ്യാപകരെ നിയമിച്ച്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം നൽകി. ദരിദ്രരായ വിദ്യാർത്ഥികളെ പലവിധത്തിലും സഹായിച്ച അദ്ദേഹത്തിന്‌ പക്ഷേ ദാരുണമായ ഒരു അന്ത്യമാണ്‌ മിലിട്ടറി, സർക്കാർ നൽകിയത്‌. അതു ചരിത്രത്തിന്റെ ഒരു വിരോധഭാസം! മലയിടുക്കുകൾ നിറഞ്ഞ, ഒരു പർവ്വത രാജ്യമായിരുന്നു മനോഹാരിതയുടെയും, പച്ചപ്പിന്റേയും പര്യായമായിരുന്ന ഈ രാജ്യം. ഒരു ഭാഗത്ത്‌ ഈജിപ്‌റ്റും മറു ഭാഗത്ത്‌ സുഡാനും. തൊട്ടടുത്ത്‌ ഫ്രഞ്ച്‌ പോക്കറ്റായിരുന്നു ജിബൂട്ടി. ഇറിട്രിയയിൽ എപ്പോഴും കലാപമായിരുന്നു. “തിഗ്രീഞ്ഞ” എന്ന മറ്റൊരുഭാഷ സംസാരിക്കുന്ന അവർക്ക്‌ തെക്കുഭാഗത്തുള്ള “അമാറിഞ്ഞ” സംസാരിക്കുന്ന എത്യോപ്യക്കാരോട്‌ വിരോധമായിരുന്നു. അവസാനം 1975ൽ പുതിയ രാഷ്‌ട്രമായ “ഇറിട്രിയ” (ERITREA) നിലവിൽ വന്നപ്പോഴാണ്‌ വർഷങ്ങൾ നീണ്ട കലാപത്തിനന്ത്യം വന്നത്‌.

ഡെസ്സി എന്ന ചെറുപട്ടണം

വൊള്ളോ പ്രോവിൻസിന്റെ തലസ്‌ഥാനമാണ്‌ തണുപ്പേറിയ ഈ ചെറുപട്ടണം. സുന്ദരികളായ സ്‌ത്രീകൾ ഈ പട്ടണത്തിന്റെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ ആയിരിക്കണം ധാരാളം വേശ്യാലയങ്ങളും ഇവിടെ ഉണ്ട്‌. വ്യഭിചാരവൃത്തിക്കു വളരെ മാന്യമായ ഒരു സ്‌ഥാനമാണ്‌ എത്യോപ്യയിൽ ഉള്ളത്‌. എല്ലാചടങ്ങുകൾക്കും അവർ ക്ഷണിക്കപ്പെടുന്നു. മറ്റുള്ളവരുടെ കൂടെ വളരെ ഉല്ലാസമായി രസിക്കുന്നു. തലയിൽ മുണ്ടിട്ട്‌ വളരെ മാന്യമായി നടക്കുന്ന ഇവരെ ഇന്ത്യാക്കാർ, (പ്രത്യേകിച്ച്‌ മലയാളികളായ ഞങ്ങൾ) കന്യാസ്‌ത്രീകൾ എന്നാണ്‌ വിളിച്ചിരുന്നത്‌. സന്ധ്യാസമയത്ത്‌ കുന്തിരിക്കം പുകച്ച്‌ സുഗന്ധപൂരിതമാക്കിയ മദ്യശാലകളിൽ ബിയർ കൂടാതെ നാടൻ മദ്യങ്ങളായ “തെല്ല”, “തെജ്‌” ഇവയും സുലഭമായിരുന്നു.

സ്‌ഥലത്തെ പ്രധാന വിദ്യാലയം

“തിമിർത്ത്‌ ബേത്ത്‌” എന്നാൽ വിദ്യാലയം. പ്രധാനാദ്ധ്യാപകനൊഴിച്ച്‌ ഒട്ടുമുക്കാലും അദ്ധ്യാപകർ ഇന്ത്യക്കാരായിരുന്നു. ഇതിൽ 15 മലയാളികൾ ഉണ്ടായിരുന്നു. 1966 മുതൽ 78 വരെ അവിടെ ജോലിചെയ്യാനിടവന്ന ഒരാളാണു ഞാൻ. അവിടെ ജനിച്ച എന്റെ മൂത്ത കുട്ടിയ്‌ക്ക്‌ എത്യോപ്യയെയും, അവിടുത്തെ ജനങ്ങളെയും വളരെ സ്‌നേഹമായിരുന്നു.

ആഫ്രിക്കയുടെ ആത്മാവ്‌

വിദേശ സഞ്ചാരികൾ ആഫ്രിക്കായുടെ ആത്‌മാവ്‌ തേടിവരുന്ന രാജ്യമാണ്‌ എത്യോപ്യാ. സോളമന്റെ രാജവംശമാണ്‌ ഈ രാജ്യത്തിന്റേത്‌. “രാജാക്കളുടെ രാജാവ്‌”, ചക്രവർത്തിമാരുടെ ചക്രവർത്തി“ എന്നുമായിരുന്നു ഇവിടുത്തെ അധിപതിയുടെ വിശേഷണങ്ങൾ. നഗ്നമായ ഫ്യൂഡലിസം നിലനിന്ന എത്യോപ്യായിൽ കാലക്രമേണ കലാപങ്ങൾ പൊട്ടിപുറപ്പെട്ടു. നാട്ടിലെ മിലിട്ടറിയാണ്‌ ഈ വിപ്ലവങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. ഒടുവിൽ 1974-ൽ ഹെയിലി സലാസി ചക്രവർത്തി സ്‌ഥാന ഭൃഷ്‌ടനാക്കപ്പെട്ടു. പക്ഷേ നിരനിരയായി വന്ന സർക്കാരുകൾക്ക്‌ ദരിദ്രരാഷ്‌ട്രത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല.

പ്രകൃതി മനോഹരമെങ്കിലും ദൈവം കനിഞ്ഞു നൽകിയ ദാരിദ്ര്യം നൂറ്റാണ്ടുകളായി അനുഭവിക്കുന്നവരാണ്‌ ഇവിടുത്തെ ഹതഭാഗ്യരായ മനുഷ്യരിൽ ഭൂരിപക്ഷവും ഭരണ കൂടങ്ങൾ മാറിമാറിവരുന്നു. പക്ഷേ നിർഭാഗ്യവശാൽ എത്യോപ്യ ഇന്നും ഒരു ദരിദ്രരാഷ്‌ട്രം തന്നെ.

ഇന്ത്യാക്കാരോട്‌ പ്രത്യേക മമത

എത്യോപ്യാക്കർക്ക്‌ ഇന്ത്യാക്കാരെ വളരെ സ്‌നേഹമാണ്‌. ഒരു പക്ഷേ അവരോട്‌ ആകാരസൗരൂപ്യമുള്ളതുകൊണ്ടായിരിക്കാം. മലയാളികളെ അവർക്ക്‌ വളരെ ഇഷ്‌ടമാണ്‌. നമ്മുടെ അടുത്ത്‌ വന്ന്‌ നമ്മുടെ മൃദുവായ മുടിയിൽ തൊട്ടുനോക്കാൻ ആ നാട്ടിലെ സ്‌ത്രീജനങ്ങൾക്ക്‌ ബഹുതാല്‌പര്യമാണ്‌. ഞങ്ങളുടെ സ്‌ക്കൂളിലെ മുഴുവൻ വിദ്യാർത്ഥിനീ വിദ്യാർത്ഥികളും ഞങ്ങളുടെ ആരാധകരായിരുന്നു.

സംസ്‌ക്കാര സമ്പന്നരായ ജനങ്ങൾ

തനതായ സംസ്‌ക്കാരമുള്ള ഒരു ജനതയാണ്‌ എത്യോപ്യായുടേത്‌. കാലപ്പഴക്കമുള്ള ക്രിസ്‌ത്യൻ പള്ളികൾ തലയുയർത്തി നിൽക്കുന്ന ചെറുനഗരങ്ങൾ. മഞ്ഞിൽ കുളിച്ച്‌ നിൽക്കുന്ന ഉയരമേറിയ യൂക്കാലി മരങ്ങൾ. അതിലേറെ സ്‌നേഹസമ്പന്നരായ മനുഷ്യർ ഇതൊക്കെ ഞങ്ങൾക്ക്‌ എപ്പോഴും സന്തോഷം നൽകി. ദരിദ്രരായിരുന്നുവെങ്കിലും സ്‌നേഹവാത്സല്യങ്ങൾകൊണ്ട്‌ അവരുടെ കുട്ടികൾ ഞങ്ങളെ വീർപ്പുമുട്ടിച്ചു.

അവിടെ ചെലവഴിച്ച നീണ്ട 12 വർഷങ്ങൾ തികച്ചും അവസ്‌മരണീയമാണ്‌. ദൈവത്തിന്റെ ഒരു ഉദ്യാനം തന്നെയാണ്‌ എത്യോപ്യാ.

Generated from archived content: ormakalude7.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here