എന്റെ സിന്ദൂരച്ചെപ്പ്‌

തിരുവനന്തപുരത്തിന്റെ വിശാലമായ രാജവീഥികളും, പ്രൗഢിയും ഇന്നു കേരളത്തിൽ മറ്റൊരു നഗരത്തിനുമില്ല. തെളിഞ്ഞ കാലാവസ്‌ഥയും, വൃത്തിയുള്ള റോഡുകളും നഗരത്തിന്റെ സൗന്ദര്യത്തെ എടുത്തു കാട്ടുന്നു.

കനകകുന്നു കൊട്ടാരം, കവടിയാർ കൊട്ടാരം

വഞ്ചിരാജവംശത്തിന്റെ തിലകക്കുറി ആയിരുന്നു കവടിയാർ കൊട്ടാരം. മ്യൂസിയം ജംഗ്‌ഷൻ വഴിയുള്ള വീതികൂടിയ വീഥി നമ്മെ കനകക്കുന്നിനോടടുപ്പിക്കുന്നു. കഴിഞ്ഞുപോയ രാജവംശത്തിന്റെ വീരചരിത്രത്തെ വിളിച്ചോതുന്ന രണ്ട്‌ അനർഘമായ, ചരിത്രശോഭയുള്ള കൊട്ടാരങ്ങളാണ്‌ ഇവ രണ്ടും. ഇവയിൽ കനകകുന്ന്‌ ഇപ്പോൾ പൊതു ഉത്സവങ്ങൾക്കും (സാഹിത്യോൽസവങ്ങൾ) മറ്റു പരിപാടികൾക്കുമായി ഉപയോഗിക്കപ്പെടുന്നു. കവടിയാർ വഞ്ചിരാജവംശത്തിന്റെ പ്രാചീന മഹിമയെ ഉൽഘോഷിച്ചുകൊണ്ട്‌ നിൽക്കുന്ന ഒരു ഉജ്ജ്വലമായ ചരിത്രസ്‌മാരകം.

ഇപ്പോൾ ഗവർണർ താമസിക്കുന്ന രാജ്‌ഭവൻ പണ്ടുകാലത്ത്‌ ഒരു കൊട്ടാരമായിരുന്നു. ഇതുപോലെ തന്നെയുള്ള മനോഹരമായ ഒരു മന്ദിരമാണ്‌ ബെൽഹാവൽ (Bell Haven) കൊട്ടാരം. റിസർവ്‌ ബാങ്ക്‌ കുറേ കാലം ഈ മന്ദിരത്തിലായിരുന്നു പ്രവർത്തിച്ചരുന്നത്‌.

രാജലക്ഷ്‌മി കൊട്ടാരം – പട്ടം

റിസർവ്‌ ബാങ്ക്‌ പ്രവർത്തനം ആരംഭിച്ചത്‌ രാജലക്ഷ്‌മി കൊട്ടാരം മന്ദിരത്തിൽ നിന്നാണ്‌. വിശാലമായ ഈ കെട്ടിട സമുച്ചയം ഇന്നു നിലനിൽക്കുന്നുണ്ടോ എന്ന്‌ ഈ എഴുത്തുകാരന്‌ വലിയ പിടിയില്ല. എന്റെ ആദ്യത്തെ ഉദ്യോഗം ഇവിടെയാണ്‌ ആരംഭിച്ചത്‌. സ്വന്തമായ ആദ്യത്തെ വരുമാനവും ഇവിടെ നിന്നായിരുന്നു.

അന്നത്തെ റിസർവ്വ്‌ ബാങ്ക്‌ ബ്രാഞ്ചിൽ ഏകദേശം 50 പേർ മാത്രമാണുണ്ടായിരുന്നതെന്നാണ്‌ എന്റെ ഓർമ്മ. ഡപ്യൂട്ടി ചീഫ്‌ ഓഫീസറായി ശ്രീ. അഭ്യങ്കർ ആയിരുന്നു. വളരെ ചിട്ടക്കാരനായിരുന്നു അദ്ദേഹം ഇടയ്‌ക്കിടെ ആൽമണ്ട്‌ ജ്യൂസും, കുങ്കുമപൊടിയും മറ്റും കഴിക്കുമായിരുന്നുവെന്നത്‌ മറ്റൊരു രസം. പലപ്പോഴും ചാരു കസേരയിൽ സസുഖം ശയിച്ച്‌ ജോലി ചെയ്‌തിരുന്ന അദ്ദേഹം വളരെ കർക്കശനായിരുന്നു – സമർത്ഥനും.

മലയാളി ഓഫീസർമാർ

അന്നത്തെ കാലത്തെ (1963) റിസർവ്‌ ബാങ്ക്‌ തമിഴ്‌ മേധാവിത്വത്തിലുള്ള ഒന്നായിരുന്നു. ജോലിക്കാർ കൂടുതലും മദ്രാസ്സിൽ നിന്നായിരുന്നു. മലയാളി ഓഫീസർമാർ വളരെ ചുരുക്കം. ശ്രീ. പി. എസ്സ്‌. ഫിലിപ്പ്‌ എന്റെ ഓർമ്മയിലുള്ള ഏകമലയാളി സീനിയർ ഓഫീസർ. വളരെ കുറച്ച്‌ സംസാരിച്ചിരുന്ന ഫിലിപ്പുമായി ഞങ്ങൾക്ക്‌ ബന്ധങ്ങൾ കുറവായിരുന്നു. വളരെയധികം അനുഭവങ്ങൾ നൽകിയ ഒരു സ്‌ഥാപനമായിരുന്നു റിസർവ്‌ ബാങ്ക്‌. അന്നത്തെ സുഹൃത്തുക്കളിൽ പലരുമായി ഇപ്പോഴും സ്‌നേഹബന്ധവും എഴുത്തുകുത്തും തുടരുന്നു. പ്രസിദ്ധ എഴുത്തുകാരനായ സി. ദിവാകരൻ (ഇന്ത്യൻ എക്‌സ്‌പ്രസ്സിൽ തുടർച്ചയായി എഴുതുന്നുണ്ട്‌) ഇംഗ്ലീഷ്‌ഭാഷാ പണ്ഡിതൻ കൂടിയാണ്‌. തന്റെ ഭാഷാ വൈഭവംകൊണ്ട്‌ അദ്ദേഹം ഏവരേയും ഹഠാദാകർഷിച്ചു. മലബാറിൽ നിന്നുളള സി. സത്യപാലൻ, മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽ നിന്നുള്ള ഇക്കണോമിക്‌സ്‌ എം.എക്കാരനായിരുന്നു. കോട്ടയത്തുനിന്നുമുള്ള കെ. ചെറിയാൻ, വി.ഒ. ഗോപി, പി.ജെ.ബേബി, പാലക്കാട്ടുകാരൻ ആർ. മുഹമ്മദ്‌ യൂസഫ്‌, മുഹമ്മദ്‌ (ആലപ്പുഴ) എന്നുള്ളവർ എന്റെ സഹപ്രവർത്തകരായിരുന്നു. ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. എം.ഒ. ജേക്കബ്‌ കരുത്തനായ ഒരു നേതാവായിരുന്നു.

വളരെ പ്രഗത്ഭനായ മറ്റൊരു ഓഫീസറായിരുന്നു സി.എ. ജേക്കബ്ബ്‌. കൂടെ തമാശക്കാരനായ സി.പി. ആന്റണിയും. ജോസ്‌ വാഴപ്പിള്ളി നല്ലൊരു പ്രസംഗകനും കൂടിയായിരുന്നു.

മേജർ വേലു

അലുക്കുകൾകൊണ്ടു മോടി പിടിപ്പിച്ച വൃത്തിയുള്ള യൂണിഫോറം ധരിച്ച വേലുവിനെ (ഡപ്യൂട്ടി ചീഫ്‌ ഓഫീസറുടെ എ.ഡി.സി.) ഞങ്ങൾ സ്‌നേഹപൂർവ്വം ‘മേജർ’ എന്നായിരുന്നു വിളിച്ചിരുന്നത്‌. അദ്ദേഹത്തിന്‌ മഹായുദ്ധത്തിൽ പരുക്കേറ്റ്‌ നെഞ്ചു വരെ കൃത്രിമമായി പിടിപ്പിച്ചിരിക്കുകയാണെന്നും മറ്റുള്ള കഥകൾ വളരെയേറെ ഉണ്ടായിരുന്നു.

അമൃതാനന്ദനും മദ്യവും

അമൃതാനന്ദൻ ദൃഢഗാത്രനായ ഒരു യുവ സുമുഖനായിരുന്നു. പ്യൂണായിരുന്നുവെങ്കിലും എല്ലാവർക്കും പ്രിയങ്കരനായിരുന്നു അമൃതൻ. പ്രത്യേകിച്ചും “അമൃത്‌” ഇഷ്‌ടമുള്ളവർക്ക്‌ അദ്ദേഹം പാനീയം എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു.

അമൃതാനന്ദനും, കരിക്കും പിന്നെ ഞാനും

ബേക്കറി ജംഗ്‌ഷനിൽ റിസർവ്‌ ബാങ്കിന്‌ ഒരു പ്ലോട്ടുണ്ടായിരുന്നു. ( ആ പ്ലോട്ടിലാണ്‌ ഇന്നത്തെ ബാങ്ക്‌) അവിടെ കുറേതെങ്ങുകളുണ്ടായിരുന്നു. ഒരിക്കൽ അമൃതാനന്ദനും ഞാനും കൂടിയാണ്‌ തേങ്ങയിടാൻ പോയത്‌. കരിക്ക്‌ പ്രിയനായിരുന്ന എനിക്ക്‌ അമൃതൻ ഒരു കരിക്ക്‌ തന്നു. അത്‌ “വീര്യമുള്ള” കരിക്കായിരുന്നു. ആർത്തിയൊടെ അത്‌ മോന്തിയ ഞാൻ നിമിഷങ്ങൾക്കകം “വ്യത്യസ്‌ഥ”നായ ഒരു “വ്യക്തി” യായി മാറി. താഴേക്ക്‌ പതിച്ചുകൊണ്ടിരുന്ന തേങ്ങയ്‌ക്ക്‌ ശബ്‌ദമില്ലാതെ വന്നുകൊണ്ടിരുന്നു. ഈ കരിക്ക്‌ പാനം കഴിഞ്ഞ്‌ ഓഫീസിൽ പോകേണ്ട ഗതികേടും വന്നുകൂടി. പല കൂട്ടുകാരും എന്റെ നിർഭയമായ പെരുമാറ്റത്തിൽ അതിശയം പ്രകടിപ്പിച്ചു. ബാങ്കിൽ ഞാൻ അങ്ങനെ ചരിത്രം സൃഷ്‌ടിച്ചു. പല ഓഫീസർമാരുടേയും കണ്ണിലെ കരടായിരുന്നു ഞാൻ.

അമേരിക്കൻ സ്വപ്‌നവും, നിരാശയും

ഇതിനിടയിൽ അമേരിക്കയിൽ എം.ബി.എ. പഠനത്തിനുള്ള ശ്രമങ്ങൾ തീവ്രമായി നടന്നുകൊണ്ടിരുന്നു. തൽഫലമായി ബാങ്ക്‌ ജോലിയിൽ തികഞ്ഞ അനാസ്‌ഥയാണ്‌ ഞാൻ കൈക്കൊണ്ടിരുന്നത്‌. നല്ലവരായ പലമേലുദ്യോഗസ്‌ഥരും എന്നെ ഗുണദോഷിച്ച്‌ പറഞ്ഞു. ചെറുപ്പവും വിഢിത്വവും ഒരുമിച്ച്‌ എന്നെ ആക്രമിച്ചു. രാജിവയ്‌ക്കരുതെന്ന്‌ ഉപദേശിച്ച അടുത്തകൂട്ടുകാരും നിരാശരായി. 1966-ൽ ഞാൻ റിസർവ്‌ ബാങ്കിൽ നിന്നും രാജി വച്ചു. എത്യോപ്യയിൽ അദ്ധ്യാപകനായി ഇതിനകം ഉദ്യോഗം ലഭിച്ചിരുന്നു. അന്ന്‌ കേവലം 2000 രൂപയ്‌ക്കാണ്‌ ഞങ്ങളെല്ലാം എത്യോപ്യയിൽ പണിയെടുത്തു തുടങ്ങിയത്‌.

പെരുമാറ്റരീതിയിലും, സഹപ്രവർത്തകരുമായി ഒത്തുപോകുന്നതിലും വളരെയധികം നല്ലപാഠങ്ങൾ എനിക്ക്‌ റിസർവ്‌ ബാങ്കിൽ നിന്നും ലഭിച്ചിട്ടുണ്ട്‌. സുഹൃദ്‌ബന്ധങ്ങളുടെ ആഴവും, വലിപ്പവും മനസ്സിലാക്കാൻ ലഭിച്ച അനർഘ നിമഷങ്ങളായിരുന്നു ആ മൂന്നു വർഷങ്ങൾ. മാനുഷിക മൂല്യങ്ങളും പരസ്‌പര ധാരണയുടെ അമൂല്യതയും എന്നെ പഠിപ്പിച്ച ആ സ്‌ഥാപനത്തോട്‌ ഞാനെന്നും കടപ്പെട്ടിരിക്കുന്നു.

രാമസ്വാമിയും ഞാനും

റിസർവ്‌ ബാങ്കിൽ പലതരത്തിൽപെട്ട ആളുകളായിരുന്നു. അതിൽ എന്നെ തീരെ ഇഷ്‌ടപ്പെടാത്ത (മടിയനായ എന്നെ ആരിഷ്‌ടപ്പെടാൻ?) ഒരു ഓഫീസർ തമിഴ്‌നാട്ടുകാരൻ രാമസ്വാമിയും ഉണ്ടായിരുന്നു. പലപ്പോഴും അയാൾ എന്നെ പരസ്യമായി ശകാരിക്കുമായിരുന്നു. ഒരിക്കൽ പരസ്യമായി തന്നെ ഞാൻ അദ്ദേഹത്തെയും വിമർശിച്ചത്‌ ഇപ്പോഴും ഞാനോർക്കുന്നു. (1964) കേരളത്തിലെ മുൻ മന്ത്രി എൻ.കെ. ശേഷന്റെ സഹോദരൻ എൻ.കെ. നാരായണശർമ്മ (ഞങ്ങളുടെ ഓഫീസർ)യും ഇതിനും സാക്ഷിയായി. കുറച്ചുകൂടി ശാന്തമായി സംസാരിക്കാൻ ശർമ്മാജി രാമസ്വാമിയെ ഉപദേശിക്കുകയും ചെയ്‌തു. ഇതൊന്നും റിസർവ്‌ ബാങ്കുപോലുള്ള ഒരു സ്‌ഥാപനത്തിൽ സാധാരണമല്ലായിരുന്നു.

പിറ്റേന്നു തന്നെ ശ്രീരാമസ്വാമിയുമായി രമ്യപ്പെടുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വികരിച്ചതായി ഞാൻ നടിക്കുകയും ചെയ്‌തു. പാൻഡ്‌സിന്റെ ബട്ടണുകൾ പോയാൽ ഓഫീസ്‌ ക്ലിപ്പുകൾ കുത്തുമായിരുന്ന അദ്ദേഹത്തിന്റെ ദർശനം എനിക്ക്‌ ചതുർത്ഥി പോലെ ആയിരുന്നു. തഞ്ചാവൂരിൽ എവിടെയോ ജീവിക്കുന്ന രാമസ്വാമിക്ക്‌ എല്ലാ മംഗളങ്ങളും നേരുന്നു.

Generated from archived content: ormakalude6.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here