എന്റെ സിന്ദൂരച്ചെപ്പ്‌

വിമോചന സമരത്തിന്റെ തീച്ചൂളയിൽ നിന്നും ഡൽഹി സർവ്വകലാശാലയിൽ എത്തിച്ചേർന്ന ഈയുളളവൻ സ്വാതന്ത്യലഹരിയിൽ മയങ്ങി വീണു – (1960) ഒരിക്കലും അനുഭവിക്കാത്ത സ്വാതന്ത്യത്തിന്റെ അനുഭൂതി ഒന്നു വേറെ തന്നെ ആയിരുന്നു. ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സ്‌, ഡോ. എം.വി. പൈലി, വി.കെ. ആർ.വി. റാവു, കെ. എം. രാജ്‌.

ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ നിന്നും ഒരു എം.എ. ബിരുദം അതായിരുന്നു ലക്ഷ്യം. ധനതത്വശാസ്‌ത്രവിചക്ഷണനായ ഡോ. വി.കെ. ആർ.വി. റാവു. ആയിരുന്നു ആ സ്‌ഥപാനത്തിന്റെ ഡയറക്‌ടർ. മലയാളികളായി ഡോ. എം.വി. പൈലി, ഡോ.കെ.എം. രാജ്‌ എന്നീ പ്രസിദ്ധ അദ്ധ്യാപകരുമുണ്ടായിരുന്നു. ഡോ. പൈലി അശ്രാന്തപരിശ്രമം നടത്തിയിട്ടും എനിക്ക്‌ അഡ്‌മിഷൻ തരപ്പെട്ടില്ല. പിന്നീട്‌ അദ്ദേഹത്തിന്റെ നിർദ്ദശപ്രകാരം കിരോരിമാൽ കോളജിൽ ചേർന്നു. പൊളിറ്റിക്കൽ സയൻസിൽ ചേർന്ന എന്നെ സുപ്രസിദ്ധ നിയമജ്ഞനും, ഗ്രന്ഥകാരനുമായ ഡോ. സി.ജെ. ചാക്കോ (തൃശ്ശൂർ) വകുപ്പു മേധാവിയായുള്ള അദ്ധ്യാപക ശ്രേഷ്‌ഠരാണ്‌ പഠിപ്പിച്ചത്‌. ഡോ. ദ്വാരകാദാസ്‌, ഡോ. നിഗാം, ഡോ. ഹർനാംസിംഗ്‌, ഡോ. ശർമ്മ എന്നിവരായിരുന്നു പ്രധാനികൾ.

ഡൽഹിയൂണി. ലൈബ്രറി – 1960

അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായിരുന്നു ഇത്‌. ആയിരക്കണക്കിന്‌ പുസ്‌തകങ്ങൾ. ഇരുന്നുവായിക്കാനും, നോട്ടുകൾ എടുക്കുവാനും പറ്റിയ വിശാലമായ ഹോളുകൾ. ഇവിടെയിരുന്ന്‌ അവിടത്തെ പല വിശിഷ്‌ട ഗ്രന്ഥങ്ങളും വായിക്കുവാനുള്ള അവസരം എനിക്കി ലഭിച്ചത്‌ ഒരു മഹാഭാഗ്യമായി ഞാൻ കണക്കാക്കുന്നു. എർണാകുളം ലോ കോളജ്‌ പ്രിൻസിപ്പലായിരുന്ന എം. ജോർജിന്റെ പുത്രൻ ശ്രീ ജോബ്‌ അവിടെ ലൈബ്രേറിയനായി ജോലി ചെയ്‌തിരുന്നു.

ഫാക്കൽറ്റി ഓഫ്‌ ആർട്ട്‌സ്‌

ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ സർവ്വകലാശാലയിലെ അതിപ്രശസ്‌തരായ ബുദ്ധിജീവികൾ ഒത്തുകൂടുന്ന കോഫീഹൗസുകൾ, വെംഗേഷ്‌സ്‌ റസ്‌റ്റോറാന്റ്‌ (ഇവിടെ സുന്ദരന്മാരും, സുന്ദരികളും കൂട്ടമായിട്ടിരുന്ന്‌ ഐ.എ.എസ്‌. മുതൽ കഴിക്കുന്ന “ എക്‌സ്‌ പ്രസോ (Expresso) കാപ്പി വരെ ചർച്ച ചെയ്യുന്ന കാലം. അതിരുകളില്ലാത്ത സ്‌നേഹബന്ധങ്ങൾ!

ജീവിതത്തെ ആശ്ലേഷിച്ച്‌ അനുഭവിച്ച്‌ പഠനം നടത്തുന്ന ഡൽഹി സർവ്വകലാശാല എനിക്ക്‌ ഒരു പഠനകളരി തന്നെയായിരുന്നു. പെൺകുട്ടികളും, ആൺകുട്ടികളും യാതൊരു വ്യത്യാസവുമില്ലാതെ ഒരേ ബഞ്ചുകളിൽ ഇരുന്ന്‌ കളിച്ച്‌, തിമർത്തുല്ലസിച്ച്‌ പഠിക്കുന്നു. ചിലർ പഠിക്കാൻ മാത്രം വന്നവർ. മറ്റു ചിലരോ പ്രേമിക്കാനും രസിക്കുവാനും. പറ്റിക്കൂടിയ രസികരാജാക്കൾ! ഇവരുടെയിടയിൽ മുവാറ്റുപുഴ ടൗണിൽ നിന്നെത്തിയ ഈയുള്ളവൻ വട്ടംകറങ്ങി. ഇടയ്‌ക്കിടയ്‌ക്ക്‌ നാട്ടിലുള്ള കൂട്ടുകാർക്ക്‌ ”ഇവിടെയാണ്‌ സ്വർഗ്‌ഗം“ എന്ന്‌ തുടരെ എഴുതികൊണ്ടിരുന്നു. ഇതിനിടയിൽ തൊട്ടുരുമ്മി ഇരിക്കാൻ വേണ്ടിമാത്രം ബസ്സുകൾ കയറി ഇറങ്ങി. സുരസുന്ദരികളായ കഷ്‌മീരി, പഞ്ചാബി യുവതികൾ എന്റെ ഹൃദയത്തിൽ വീണ മീട്ടി. ഞാൻ ഒരു മുരളിയായി മാറി. കിരോരിമാൽ കോളേജിൽ നിന്നും ഒരുപറ്റം സുന്ദരിമാരുണ്ടായിരുന്നു. (അവരെല്ലാവരും ഇന്ന്‌ അമ്മൂമ്മമാരായിരിക്കും) ശാരദ മൽഹോത്ര, പവൻ ഗുലാട്ടി, പിന്നെ ഒരു ബംഗാളി പെൺകുട്ടി (പേരു മറന്നുപോയി). ഇവരെല്ലാം ഞങ്ങളെ സ്വപ്‌നങ്ങളിൽ വന്ന്‌ ഇക്കിളിയിട്ടുകൊണ്ടിരുന്നു.

ഇതിനിടയിൽ ബംഗാളി കുട്ടിയോട്‌ (ദൂരെമാറി നിന്നുകൊണ്ട്‌) ”അമീ തുമാക്കോ ബാലോ ബാഷേ! (ഞാൻ നിന്നെ പ്രേമിക്കുന്നു!) എന്നു പന്തയം വച്ചു പറഞ്ഞതിന്‌ ഒരു പാക്കറ്റ്‌ ഗോൾഡ്‌ ഫ്ലേക്ക്‌ സിഗററ്റ്‌ എനിക്കു ലഭിക്കുകയുണ്ടായി. അതുതന്ന ആൾ 70 കളിൽ ഹരിയാനയുടെ ഫിനാൻഷ്യൽ സെക്രട്ടറി ആയിത്തീർന്ന ശ്രീ.ലളിത്‌ മോഹൻ ഐ.എ.എസ്‌. ആയിരുന്നു. ഇക്കാലത്ത്‌ ഞങ്ങളുടെ പ്രിൻസിപ്പൽ ശ്രീ സ്വരൂപ്‌ സിംഗ്‌ (പിൽക്കാലത്ത്‌ അദ്ദേഹം കേരളാ ഗവർണറായി) ആയിരുന്നു. അദ്ദേഹം ഗവർണറായിരുന്നപ്പോൾ എല്ലാമാസവും ഞാൻ ഒരു രാജ്‌ഭവൻ സന്ദർശകനായിരുന്നു. സഹൃദയനും, ദയാലുവുമായിരുന്നു അദ്ദേഹം. അനാരോഗ്യം മൂലം സംസ്‌ഥാനം വിട്ടപ്പോൾ ചെന്നു കണ്ട്‌ ഒരു “കേരളാ ബോട്ട്‌” സമ്മാനമായി കൊടുക്കുവാനും എനിക്ക്‌ ഭാഗ്യം ലഭിച്ചു. അദ്ദേഹവും കുടുംബാംഗങ്ങളുമായുളള സ്‌നേഹബന്ധം ഞാൻ കാത്തുസൂക്ഷിച്ചു. അന്തരിച്ച അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ ഇന്നും നിലയ്‌ക്കാതെ നിലനിൽക്കുന്നു. ഉൽകൃഷ്‌ടമായ സമചിത്തതയും, വിശാലവീക്ഷണവുമായിരുന്നു ശ്രീ സിംഗിന്റെ കൈമുതൽ. എന്റെ പിതാവിനെ (അഡ്വ. പി. കെ. തോമസ്‌) സന്ദർശിക്കാനുള്ള ഉൽക്കടമായ ആഗ്രഹം അദ്ദേഹം പലപ്പോഴായി പ്രകടിപ്പിച്ചു. ഒരിക്കൽ കൊച്ചിയിൽ എത്തിയ അദ്ദേഹം മുവാറ്റുപുഴ സന്ദർശിക്കാൻ തീരുമാനിച്ചു. വയറിൽ അസുഖം ബാധിച്ച അദ്ദേഹം വിമാനമാർഗ്ഗം പിന്നീട്‌ തിരുവനന്തപുരത്തക്കു മടങ്ങേണ്ടിവന്നു. എനിക്കുണ്ടായ നിരാശപറയേണ്ടതില്ലല്ലോ. 1990ൽ എന്റെ പിതാവ്‌ തോമസ്‌ വക്കീൽ അന്തരിച്ചു.

അല്‌പം കേരള രാഷ്‌ട്രീയം

ഇക്കാലത്തിനിടയിൽ കേരളത്തിൽ രാഷ്‌ട്രീയ മാറ്റങ്ങളും, കാറ്റുകളും ആഞ്ഞുവീശി. പട്ടം മാറി. പറവൂർ ടി.കെ.വന്നു. വീണ്ടും പി.എസ്‌.പി. പാർട്ടിയിൽ നിന്നുകൊണ്ട്‌ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. കാലം മാറി കോലം മാറി. ആർ. ശങ്കർ മുഖ്യമന്ത്രിയായി. (1963-64) അന്നു മുവാറ്റുപുഴയിൽ നിന്നുമുള്ള അഡ്വ. ഇ. പി. പൗലോസ്‌ ഭക്ഷ്യമന്ത്രിയായി. സാത്വികനായിരുന്ന പൗലോസ്‌ സാറിന്റെ സ്‌റ്റാഫിൽ എന്റെ ചിറ്റപ്പനായ ശ്രീ പി.കെ. ആന്റണിയും ഉണ്ടായിരുന്നു.

റിസർവ്വ്‌ ബാങ്കുജോലിയും, നിരാശയും

ഇതിനിടയിൽ ഞാൻ എം.എ. ജയിച്ചു. ഐ.എ.എസ്‌.ന്‌ മത്സരിക്കാൻ തീരുമാനിച്ചു. രണ്ടുതവണ ശ്രമിച്ചെങ്കിലും നിരാശനായി പിൻവാങ്ങേണ്ടിവന്ന എനിക്ക്‌ പക്ഷേ റിസർവ്‌ ബാങ്കിൽ 1963-ൽ ഉദ്യോഗം ലഭിച്ചു. പക്ഷേ അവിടുത്തെ ജോലിയിൽ തെല്ലും അഭിരുചി ഇല്ലാതിരുന്ന ഞാൻ തികച്ചും നിരുന്മേഷവാനും, നിരാശനുമായി. പലപ്പോഴു രാജി വക്കാനൊരുങ്ങിയ എന്നെ റവ. ഡോ. സി.എ. എബ്രഹാം (ഡോ. ബാബുപോളിന്റെ പിതൃസഹോദരൻ) ആണ്‌ ആശ്വാസം പകർന്നു തന്നത്‌. കൂടാതെ കോട്ടയംകാരൻ കുരുവിള ചെറിയാൻ ചെമ്മരപ്പള്ളി, സി. ദിവാകരൻ, സി. സത്യപാലൻ എന്നീ സുഹൃത്തുക്കളും ആശ്വാസമരുളി.

ഇക്കാലമെല്ലാം ഡോ.ഡി. ബാബു പോളുമൊത്ത്‌ ഐ.എ.എസ്‌. പരീക്ഷക്ക്‌ പഠിക്കുകയായിരുന്നു. പക്ഷേ പരിശ്രമിയായ ബാബു ജയിക്കുകയും, ഒഴപ്പനായ ഞാൻ ദയനീയമായി പരാജയപ്പെടുകയും ചെയ്‌തു. എന്നെ സമാശ്വസിപ്പിച്ച ബാബുപോളിന്റെ ജീവിതത്തിലെ മുന്നേറ്റങ്ങൾ ഏവരുടേയും ശ്രദ്ധയെ ആകർഷിച്ച ഒന്നാണല്ലോ.

ചന്ദ്രഗിരി ലോഡ്‌ജും കൃഷ്‌ണൻ നായരും

തിരുവനന്തപുരം സ്‌റ്റാച്ചുവിന്റെ അടുത്തുള്ള “ചന്ദ്രഗിരി” ലോഡ്‌ജിലായിരുന്നു എന്റെയും, ഡോ. ബാബു പോളിന്റേയും താമസം ഞങ്ങളെ കൂടാതെ കുറേ എഞ്ചിനിയേഴ്‌സും, റിസർവ്‌ ബാങ്കിലെ ഉദ്യോഗസ്‌ഥരുമായിരുന്നു അന്തേവാസികൾ. ഐ.എ.എസ്‌.ന്‌ പഠിക്കുകയായിരുന്നെങ്കിലും ശ്രീകുമാർ തിയേറ്ററിൽ ഇംഗ്ലീഷ്‌ സിനിമ കാണലായിരുന്നു പ്രധാന വിനോദം! കൂടാതെ കോഫി ഹൗസിൽ (എ.ജി. ഓഫീസിനടുത്ത്‌) സ്‌ഥിരമായി കടപൂട്ടുന്നതുവരെ ഒരു കാപ്പിമാത്രം കുടിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ഗ്രൂപ്പ്‌ വളരെ പ്രസിദ്ധമായിരുന്നു. ഞങ്ങളുടെ സുഹൃത്ത്‌ പ്രസിദ്ധനായ ശ്രീ മാത്യു എം. കുഴിവേലിയുടെ പുത്രൻ വിജയൻ ഈയിടെ അന്തരിച്ചു.

എല്ലാ ആഴ്‌ചയിലും സുഹൃത്ത്‌ അബുബേക്കറിനെ കാണാൻ പ്രേം നസീർ ഞങ്ങളുടെ ലോഡ്‌ജിൽ വരുമായിരുന്നു. സഹൃദയനായ അദ്ദേഹത്തോട്‌ സഹവസിക്കാനും, സംസാരിക്കുവാനും ഉള്ള ഭാഗ്യം എനിക്ക്‌ ലഭിച്ചു. തിരുവനന്തപുരം എനിക്കിഷ്‌ടപ്പെട്ട ഒരു നഗരമായിരുന്നു. അക്കാലത്ത്‌ വളരെ ലളിതമായ ജീവിത ശൈലിയായിരുന്നു. തിരുവനന്തപുരംകാരുടെ നല്ല കാലാവസ്‌ഥ. നല്ല കൂട്ടുകാർ. നല്ല ഭക്ഷണം ഇവയെല്ലാം എനിക്ക്‌ നന്നേ ഇഷ്‌ടപ്പെട്ടു. ഞാനും നന്നായി എന്റെ സൗന്ദര്യവും (?) വർദ്ധിച്ചു.

ഞാനും , പ്രൊഹിബിഷനും

കൊല്ലം സന്ദർശനം മിക്കവാറും എല്ലാ ആഴ്‌ചയിലുമുണ്ടായിരുന്നു. എന്തെന്നാൽ തിരുവനന്തപുരത്ത്‌ അന്ന്‌ “പ്രൊഹിബിഷൻ” ആയിരുന്നു. മദ്യപാനം അപ്രാപ്യം! പലപ്പോഴും പാരിപ്പിള്ളി, കൊട്ടിയം മുതലായ സമീപ പ്രദേശങ്ങളിൽ പോയി അല്‌പം മദ്യപിക്കുമായിരുന്നു.

ഒരിക്കൽ “ലോർഡ്‌ കൃഷ്‌ണാ റസ്‌റ്റോറന്റ്‌” സന്ദർശിക്കാനിടയായി (കൊട്ടിയം) ബാർ അറ്റാച്ച്‌ഡ്‌“ എന്നെഴുതിയിരുന്ന അവിടുത്തെ മാനേജരോട്‌ ഞാൻ ചോദിച്ചു.

”എന്താ ഹേ, കൃഷ്‌ണന്റെ പേരിൽ മദ്യം വിൽക്കുന്നത്‌?“ അയാളുടെ ഉത്തരംഃ ”കൃഷ്‌ണനും ഒരു കേമൻ ആയിരുന്നല്ലോ“ എന്ന്‌. ഇതുകേട്ട്‌ ഞാനും, കൂട്ടുകാരും ആർത്തുചിരിച്ചു. തദനന്തരം കൊട്ടിയത്തേക്കു യാത്രതിരിച്ചു. അവിടെയുള്ള ”ആനന്ദ്‌“ സിനിമാ തിയേറ്ററിൽ ”ഓടയിൽ നിന്നു​‍്‌“ എന്നുള്ള സിനിമ കണ്ടത്‌ എന്റെ ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

അതൊരുകാലം! യൗവനത്തിന്റെ ഉന്മാദം! ആവേശത്തിന്റെ തിമിർപ്പ്‌.

ലോഡ്‌ജിൽ മോഷണം

രസകരമായ സംഭവങ്ങൾ പലതും നടന്നു. ഒരു നാൾ എന്റെ മുറിയിൽ ഒരു യുവസുന്ദരനെത്തി. ഞാൻ മറ്റൊരു മുറിയിലേക്കു പോയ സമയം ഇയാൾ എന്റെ മുന്തിയ കൂളിംഗ്‌ ഗ്ലാസും (റേബാൻ ) വാച്ചും അടിച്ചു മാറ്റി സ്‌ഥലം വിട്ടിരുന്നു. രസകരമെന്നു പറയട്ടേ ഞാൻ ഈ മോഷണം നടത്തിയത്‌ ഒന്നുകിൽ ഡോ. ബാബുപോൾ അല്ലെങ്കിൽ മറ്റൊരു സുഹൃത്ത്‌ കുരുവിള ചെറിയാൻ, എന്ന്‌ സംശയിച്ചു. അവർ തമ്മിലുള്ള ഒരു ഒത്തുകളിയാണോ എന്നുവരെ ഞാൻ ഗൗരവമായി ചിന്തിച്ചു. അവസാനമാണ്‌ ”യുവസുന്ദരൻ“ ആണ്‌ കുറ്റവാളിയെന്ന്‌ മനസ്സിലാക്കിയത്‌. ഇതിനകം വിവരം ഡോ. ബാബുപോൾ തന്നെ പോലീസ്‌ സ്‌റ്റേഷനിൽ അറിയിച്ചു കഴിഞ്ഞു. പൂട്ടിയിട്ടിരുന്ന ഫോൺ വളരെ കൗശലപൂർവ്വം ഞെക്കിയാണ്‌ അദ്ദേഹം ഡയൽ ചെയ്‌തതെന്ന കാര്യം വേറേ!

ഈ കഥ ഏതായാലും ലോഡ്‌ജിൽ പാട്ടായി. ഇതിലും രസകരമായ ആരുമറിയാത്ത പലകഥകളും ചന്ദ്രഗിരിയിൽ നടന്നിട്ടുണ്ട്‌. വിസ്‌താരഭയത്താൽ ചുരുക്കുന്നു.

തിരുവനന്തപുരം മനോഹരമായ ഒരു നഗരമാണ്‌. ഇപ്പോഴും, അപ്പോഴും! ആ നഗരത്തിന്‌ എന്റെ മനസ്സിൽ ഒരു പ്രത്യേക സ്‌ഥാനം തന്നെ ഉണ്ട്‌.

Generated from archived content: ormakalude5.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here