എന്റെ സിന്ദൂരച്ചെപ്പ്‌

ഓർമ്മകൾക്കെന്തു സുഗന്ധം

എന്റാത്‌മാവിൽ നിത്യ സുഗന്ധം

ഓർമ്മകൾ രാഗാർദ്രമാണ്‌. ജീവസ്സുറ്റ സ്‌മരണകൾ നമ്മുടെ ആത്‌മാവിന്‌ നിത്യസുഗന്ധം നൽകുന്നു. ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ വാർദ്ധക്യകാലാസുഖങ്ങളുമായി ജീവിതം ഒരസുഖകരമായ ദുഃസ്വപ്‌നമായി ഒരന്തരീക്ഷം സൃഷ്‌ടിക്കുന്നു. ഒരു സാന്ത്വനകാറ്റായിവന്ന്‌ നമ്മെ ആശ്വസിപ്പിക്കുന്നു. ആർദ്രമായ സ്‌മരണകളിൽ നീന്തിത്തുടിക്കുന്നത്‌ ഒരനുഭൂതി തന്നെയാണ്‌.

നിർമ്മലാ കോളേജ്‌ പഠനത്തിന്റെ അവസാന ഘട്ടം (1959) സംഭവബഹുലമായിരുന്നു. വിവിധമതസംഘടനകൾ തിരികൊളുത്തിയ “വിമോചന സമരം” ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അപജയത്തിൽ കലാശിച്ചു. കേരളമാകെ ഇളകി മറിഞ്ഞു. വർഗ്ഗീയതയിലും അപഹാസ്യമായ അവസരവാദത്തിലും സന്തോഷം പൂണ്ട നേതാക്കൾ അവസരത്തിനൊത്ത്‌ ഉയർന്നു. വിമോചന സമരം ഒരു ബഹുജന സമരമായി കത്തിക്കാളി. ഭൂരിപക്ഷം പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും സമരത്തെ സഹായിച്ചു. അന്ത്യത്തിൽ കേന്ദ്രസർക്കാർ കേരളത്തിലെ ആദ്യത്തെ ഇടതുസർക്കാരിനെ ഡിസ്‌മിസ്‌ ചെയ്‌തു. കേരളം കണ്ട ഏറ്റവും മഹാനായ നേതാവ്‌ സഖാവ്‌ ഇ.എം.എസ്സ്‌. നമ്പൂതിരിപ്പാട്‌ തൂത്തെറിയപ്പെട്ടു. മന്നത്തു പത്മനാഭനായിരുന്നു വിമോചനസമരത്തിന്റെ പ്രധാന നേതാവ്‌. അദ്ദേഹം “ഭാരതകേസരി” എന്ന അപരനാമവും കരസ്‌ഥമാക്കി.

അതൊരു കാലം. കമ്യൂണിസ്‌റ്റ്‌ സർക്കാരിന്റെ തെറ്റായ നയങ്ങളും, ചോട്ടാസഖാക്കളുടെ അഹങ്കാരവും, വിവിധകമ്മറ്റികളുടെ ധിക്കാര പരമായ ജനങ്ങളോടുള്ള സമീപനവും മറ്റുമായിരുന്നു, കമ്യൂണിസ്‌റ്റ്‌ സർക്കാരിന്റെ പരാജയത്തിന്റെ പ്രധാന ഹേതുക്കൾ. പ്രഗത്ഭരായ നേതാക്കൾ ടി.വി. തോമസ്‌, വി.ആർ. കൃഷ്‌ണയ്യർ, എം.എൻ. ഗോവിന്ദൻ നായർ ഇവർക്കൊന്നും ശരിക്കുള്ള പാതയിൽ അണികളെ നയിക്കാനോ നിയന്ത്രിക്കാനോ സാധിച്ചില്ലെന്നുള്ളത്‌ ഒരു ദുഃഖസത്യമാണ്‌. ജനങ്ങളുമായി വളരെ അകന്ന ഇടതുപക്ഷം സ്വന്തം പാർട്ടിയുടെ അഭിപ്രായങ്ങൾക്കുമാത്രമേ വിലകൊടുത്തിരുന്നുള്ളു. ഇതുകൊണ്ടുതന്നെ ആ ഗവൺമെന്റിന്റെ പതനം ചരിത്രപരമായ ഒരാവശ്യമായി മാറി.

ഈ സമരത്തെ പലതരത്തിൽ വിലയിരുത്തുന്ന ചരിത്രകാരന്മാരും നേതാക്കളുമുണ്ട്‌. നമ്മൾ സ്വതന്ത്രമായി വിലയിരുത്തേണ്ട ഒരു കാര്യമാണിത്‌. അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ്‌ മുണ്ടശ്ശേരിയുടെ പദ്ധതികൾ പലതും പിഴവ്‌ കലർന്നതും കേരളത്തിലെ ക്രിസ്‌തീയ സഭകളുടെ കീഴിലുള്ള സ്‌കൂളുകളിലെ അധികാരവികേന്ദ്രീകരണത്തിന്റെ തുടക്കവുമായിരുന്നു. ഇതിനെതിരെ അടിസ്‌ഥാനാവകാശങ്ങളുടെ പേരിൽ നടന്ന ഈ സമരം കാലം കമ്യൂണിസ്‌റ്റ്‌ പാർട്ടിക്ക്‌ കൊടുത്ത ഒരു കനത്ത പ്രഹരം തന്നെയായിരുന്നു.

ആയിരക്കണക്കിനാളുകൾ അറസ്‌റ്റ്‌ വരിച്ചു. കോളേജുകളും, സ്‌കൂളുകളും പൂട്ടിയിടേണ്ടിവന്നു. ബി.എ. പരീക്ഷകഴിഞ്ഞ്‌ ഫലം കാത്തിരിക്കുകയായിരുന്നു വിനീതനായ ഈ എഴുത്തുകാരൻ. മുവാറ്റുപുഴ ആർ.ഡി.ഒ. ഓഫീസ്‌ പിക്കറ്റ്‌ ചെയ്‌തു അറസ്‌റ്റ്‌ വരിച്ചു. കച്ചേരി താഴത്തുള്ള മുവാറ്റുപുഴ ശാന്താ പ്രസ്സിന്‌ സമീപമായിരുന്നു ആർ.ഡി.ഒ. ഓഫീസ്‌. മാക്കൻ എന്നു പേരുള്ള സൗമ്യനായ ഒരു മനുഷ്യനായിരുന്നു സ്‌ഥലം എസ്‌.ഐ. “ചൂരലടിവന്നാൽ ഓടുകയില്ല” എന്ന്‌ എന്നേക്കൊണ്ട്‌ എന്റെ പിതാവ്‌ (അന്തരിച്ച പുളിഞ്ചോട്ടിൽ തോമസ്‌ വക്കീൽ) സത്യം ചെയ്യിച്ചിട്ടാണ്‌ പിക്കറ്റിംഗിന്‌ പുറപ്പെട്ടത്‌ – സൗമ്യനായ ശ്രീ മാക്കൻ എന്റെ പിതാവിന്റെ ഒരു സുഹൃത്തായിരുന്നു. രാവിലെ 9 മണിക്ക്‌ പിക്കറ്റിംഗ്‌ തുടങ്ങി. നൂറുകണക്കിനാളുകൾ പിക്കറ്റിംഗിൽ പങ്കെടുത്തു. ത്രിവർണ്ണമാലകൾ ധരിച്ചാണ്‌ ഞങ്ങൾ പിക്കറ്റ്‌ ചെയ്‌തത്‌. ഉടനെതന്നെ ഞങ്ങളെല്ലാവരും അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. തുടർന്ന്‌ പോലീസ്‌ സ്‌റ്റേഷനിൽ ഹാജരാക്കപ്പെട്ട ഞങ്ങൾ (ഏകദേശം 50 പേർ) അവിടെ ഉച്ചയ്‌ക്ക്‌ ഒരു മണിവരെ കഴിച്ചുകൂട്ടി. ഇതിനിടയിൽ അവിടെ വരാനിടയായ ഇൻസ്‌പെക്‌ടർ മാക്കൻ എന്നെ ദയാപുരസ്സരം നോക്കുകയും വിശപ്പുണ്ടായിരിക്കും അല്ലേമോനേ?“ എന്ന്‌ ചോദിക്കുകയും ചെയ്‌തു. അരമണിക്കൂറിനകം കച്ചേരിത്താഴത്ത്‌ മാർക്കണ്ഡോദയം ഹോട്ടലിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും ഊണു വരുത്തിത്തരികയും ചെയ്‌തത്‌ ഇന്നും എന്റെ ഓർമ്മയിൽ പച്ചപിടിച്ച്‌ നിൽക്കുന്നു. സാധാരണ പോലീസ്‌ സ്‌റ്റേഷനുകളിൽ ഇത്തരം ദയ ഒന്നും ആരും കാണിക്കാറില്ല.

ഏതായാലും ഉച്ചക്ക്‌ ഒരു 3 മണിയോടെ ഞങ്ങളെ 5 പേരെ (നിർമ്മലാ കോളജിൽ നിന്നുമായിരുന്നു എല്ലാവരും) മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി.

വീണ്ടും ഒരു ഉപ കഥ

മജിസ്‌ട്രേറ്റ്‌ ശ്രീ.കോര എന്റെ പിതാവിന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്‌ എന്നെയും നല്ല മുഖപരിചയമുണ്ടായിരുന്നു. ആ സ്‌ഥിതിക്ക്‌ എന്നെയും മറ്റു ”കുറ്റവാളി“കളേയും അദ്ദേഹം ശിക്ഷിക്കുക ഇല്ലന്ന്‌ ഞാൻ കിനാവ്‌ കണ്ടു. കോര മജിസ്‌ട്രേറ്റ്‌ എന്നോട്‌ ചോദിച്ചു. നിങ്ങൾ കുറ്റം ചെയ്‌തിട്ടുണ്ടോ? എന്റെ വക വളരെ നിഷേധാത്മകമായ മറുപടി ഈ സർക്കാർ നമ്മുടേതല്ല” എന്നു ഞങ്ങൾ 5 പേരും കോടതിമുറിയിൽ ഗർജിച്ചു. കോര മജിസ്‌ട്രേറ്റ്‌ ഒരു പുഞ്ചിരിയോടുകൂടി വിധി പ്രസ്‌താവിച്ചു. 10 ദിവസം വെറും തടവ്‌.

പിന്നീട്‌ അസുഖകരമായ ഒരു കാത്തിരുപ്പായിരുന്നു. 4 മണിക്കുള്ള കാപ്പി കിട്ടിയില്ല. അതിന്റെ തലവേദന വേറെ. സംശയങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ രാത്രി 9 മണിക്ക്‌ ഒരു ഭീമൻ ട്രാൻസ്‌പോർട്ട്‌ വണ്ടിയിൽ ഞങ്ങളെ എല്ലാവരേയും കയറ്റി എങ്ങോട്ടോ ഓടിച്ചുപോയി. ക്ഷീണംകൊണ്ടും വിശപ്പുകൊണ്ടും ഞങ്ങളെല്ലാം ഉറങ്ങിപ്പോയി.

ഉറക്കത്തിന്റെ മയക്കത്തിൽ ഏതോ പേടിസ്വപ്‌നം കണ്ട്‌ ഞാൻ ചാടി എഴുന്നേറ്റു. അപ്പോഴേക്കും ബസ്സ്‌ ആലുവ സബ്‌ജയിൽ കോമ്പൗണ്ടിൽ എത്തിക്കഴിഞ്ഞിരുന്നു.

ജയിൽ സൂപ്രണ്ട്‌ കർക്കശനായ ശ്രീ. ഡേവിഡ്‌ ആയിരുന്നു. “ഇതൊന്നും നിങ്ങളുടെ വീടല്ല. ഇവിടെ മര്യാദയ്‌ക്ക്‌ കഴിഞ്ഞോണം”എന്നലറി. ജയിൽ മുറികളിൽ കുത്തിനിറച്ചിരുന്ന മറ്റു “കുറ്റവാളികൾ” ഞങ്ങളെ വിപ്ലവാഭിവാദ്യങ്ങളോടെ എതിരേറ്റു. അപ്പോഴും അവസ്‌ഥ പട്ടിണി തന്നെ. വിശപ്പിന്റെ വിളിയിൽ അമർന്ന്‌ ഞങ്ങളെല്ലാം തളർന്നുറങ്ങി. വിശപ്പിന്റെ വിളി ജീവിതത്തിലാദ്യമായി ഞാൻ രുചിച്ചറിഞ്ഞു.

പിറ്റേദിവസം രാവിലെ 8 മണിയോടെ ഗോതമ്പ്‌ കഞ്ഞിയുടെ സമയമായി. കൂടെ മുളകു ചമ്മന്തിയും! അമ്മയുടെ ഇഡ്‌ഡലി കൊതിയോടെ വീട്ടിൽ കഴിച്ചുകൊണ്ടിരുന്ന എനിക്ക്‌ ആനന്ദലബ്‌ധിക്കിനിയെന്തുവെണം?

വിരസവും, സംഭവശൂന്യങ്ങളുമായ ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. കൂടെ പരീക്ഷാ ഫലവും വന്നു. നല്ല രീതിയിൽ തന്നെ ബി.എ. പാസ്സായ എന്നെ കൂട്ടുകാർ അഭിനന്ദിച്ചു. പ്രൊഫ. ജോർജ്‌ ജയിംസ്‌ ജയിലിൽ വന്ന്‌ ഞങ്ങളെ തിരികെ മുവാറ്റുപുഴയിലെത്തിച്ചു. അങ്ങനെ ജീവിതത്തിൽ ആദ്യമായി (അവസാനവും) ജയിൽ ജീവിതസുഖമറിഞ്ഞ ഞാൻ വീട്ടിലെത്തി ഉപരിപഠനത്തിന്‌ പോകാൻ ഒരുക്കങ്ങൾ ആരംഭിച്ചു.

ഡൽഹി യൂണിവേഴ്‌സിറ്റി

വിമോചനസമരത്തിന്റെ അന്ത്യഘട്ടത്തിലായിരുന്നു എന്റെ ഉപരിപഠനപ്രവേശന യാത്രകൾ. മദ്രാസ്‌ ലയോള ആയിരുന്നു ലക്ഷ്യം. വിധിവൈപരിതമെന്നു പറയട്ടെ അവിടെ പ്രവേശനം ലഭിച്ചില്ല. ക്രിസ്‌ത്യൻ കോളജിലും പ്രസിഡൻസി കോളജിലും അഡ്‌മിഷൻ കിട്ടിയിരുന്നു. ഇതിനിടയിൽ ഡോ.എം.വി. പൈലിയെ (ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സ്‌) കണ്ടുമുട്ടിയ എന്റെ പിതാവ്‌ എന്നെ ഡൽഹിയിലേക്കയച്ചു.

ഡൽഹി ഒരു വിസ്‌മയ ചെപ്പായിരുന്നു. തികഞ്ഞ സ്വാതന്ത്ര്യം. പെൺകുട്ടികളെ മുട്ടിയുരുമ്മി ബസ്സുകളിൽ യാത്ര ചെയ്യാം. ഒരുമിച്ച്‌ ഒരേ സീറ്റിലിരിക്കാം. ഞാൻ കിരോരിമാൽ കോളജിലായിരുന്നു. പക്ഷേ എല്ലാ എം.എ.വിദ്യാർത്ഥികളും ആർട്‌സ്‌ ഫാക്കൽറ്റിയിലായിരുന്നു ക്ലാസുകൾക്കുപോകേണ്ടത്‌. പ്രസിദ്‌ധമായ സെന്റ്‌ സ്‌റ്റീഫൻസ്‌ ഹിന്തു, ഹാൻസ്‌ രാജ്‌, മിറാന്റാ ഹൗസ്‌ (പെൺകുട്ടികളുടെ ഫാഷൻ കോളേജ്‌) ലേഡി ഇർവിൻ, ഇന്ദ്രപ്രസ്‌ഥ എന്നിങ്ങനെയുള്ള എല്ലാ കോളജുകളിൽ നിന്നുമുള്ള കുട്ടികൾ ആർട്‌സ്‌ ഫാക്കൽറ്റിയിലെത്തുമായിരുന്നു. വടക്കേഇന്ത്യയിൽ നിന്നുമുള്ള സുരസുന്ദരികൾ എന്റെ മനം കവർന്നു. അത്ഭുതലോകത്തെ ആലീസിനെപോലെ ഞാൻ അലഞ്ഞുനടന്നു കാഴ്‌ചകൾ കണ്ടു. എവിടെ നോക്കിയാലും സ്വതന്ത്രമായി വിഹരിക്കുന്ന യുവമിഥുനങ്ങൾ. യൗവ്വനത്തിന്റെ ഒരാഘോഷം തന്നെ ആയിരുന്നു 60 കൾ.

തണുപ്പുകാലത്ത്‌ (ഡിസംബർ, ജനുവരി, ഫെബ്രുവരി) ഒരു മായാലോകം തന്നെ ആയിരുന്നു ദില്ലി യൂണിവേഴ്‌സിറ്റി. സുന്ദരമായ ഒരു സുരലോകം! വർണ്ണശബളമായ യൂണിവേഴ്‌സിറ്റി ഒരു അത്ഭുതലോകമായിരുന്നു, പാവപ്പെട്ട ഈ മുവാറ്റുപുഴക്കാരന്‌! കോഫീ ഹൗസുകളിലെ പ്രണയവർണ്ണങ്ങൾ എന്നെയും ആവേശഭരിതനാക്കിയെന്നു പറയാം.

ബസ്സുയാത്രകളിൽ യുവസുന്ദരികൾ സാമീപ്യസുഖമരുളി. ഞാനും അല്‌പം ഷൈൻ ചെയ്‌തു തുടങ്ങി.

കിരോരിമാൽ ഹോസ്‌റ്റലിൽ മറ്റൊരു മലയാളികൂടി ഉണ്ടായിരുന്നു. അന്തരിച്ച എഴുത്തുകാരൻ മൂർക്കോത്തു കുഞ്ഞപ്പയുടെ ഏകപുത്രൻ കൃഷ്‌ണൻ. തീരെ മലയാളം വശമില്ലാത്ത കൃഷ്‌ണൻ നല്ലൊരു ബാഡ്‌മിന്റൻ താരമായിരുന്നു. 2 കൊല്ലം മുൻപ്‌ കൃഷ്‌ണൻ കഥാവശേഷനായി. ശ്രീകണ്‌ഠത്ത്‌ ശങ്കർ മേനോൻ (റിട്ട. ഐ.എ.എസ്സ്‌), ഇപ്പോൾ മനോരമയിൽ ജോലി ചെയ്യുന്ന ജോർജ്‌ മാത്യു വരമ്പേൽ, ഏബ്രഹാം തരകൻ (അമാൽഗം ഡയറക്‌ടർ) കോട്ടയത്തെ പൗരമുഖ്യനായ ഏബ്രഹാം ഇട്ടിച്ചെറിയ, കുറവിലങ്ങാട്ടുകാരൻ സിറിയക്ക്‌ നിധീരി, എം.വി. മാണി (മുൻ എം.എൽ.എ) ഇവരെല്ലാം അന്ന്‌ ദില്ലി യൂണിവേഴ്‌സിറ്റിയിലുണ്ടായിരുന്നു.

പ്രസിദ്ധ നാടകകൃത്ത്‌ ഓംചേരി, പത്നി ലീല ഓംചേരി തുടങ്ങിയവരും ഈ കാലഘട്ടത്തിൽ ദില്ലിയിൽ ഉണ്ടായിരുന്നു.

അമിതാബ്‌ ബച്ചൻ കിരോരിമൽ കോളജിൽ എന്റെ ജൂനിയറായിരുന്നു. യോഗ്യനായ ചെറുപ്പക്കാരൻ. പെൺകുട്ടികളുടെ സ്വപ്‌നകാമുകനായിരുന്നു. അന്നും അദ്ദേഹം ഹിന്ദി, ഇംഗ്ലീഷ്‌ ചെറുനാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരുന്നു. വളരെ സുന്ദരനും ഉയരക്കാരനുമായിരുന്ന ബച്ചനെ എല്ലാവരും ഇഷ്‌ടപ്പെട്ടിരുന്നു. കിരോരിമൽ കോളജ്‌ വിദ്യാർത്ഥിനികളുടെ ഹൃദയ തുടിപ്പായിരുന്നു. മറ്റൊരു കൂട്ടുകാരൻ ലളിത്‌ മോഹൻ ജയിൻ (മുൻ ചീഫ്‌ സെക്രട്ടറി ഹരിയാന) ആയിരുന്നു. കോഫീ ഹൗസിൽ ഇഡ്‌ഡലിയും സാമ്പാറും കഴിക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടുമായിരുന്നു. വാസുദേവറാവു പ്രൊഫ. ഹർബൻസ്‌ മുഖ്യ (JNU ചരിത്ര പണ്ഡിതൻ) പ്രസിദ്ധ ഡോക്കുമെന്ററി നിർമ്മാതാവ്‌ ബിക്രം സിംഗ്‌ അടുത്ത കൂട്ടുകാരായിരുന്നു.

സി.ബി.ഐ.യിലും അനന്തരം റോയിലും ജോലിചെയ്‌തിരുന്ന അരുൺ ഭഗത്‌ (മുൻ ഡൽഹി പോലീസ്‌ കമ്മീഷണർ) എന്റെ ഒരു നല്ല സ്‌നേഹിതനായിരുന്നു. യൂണിവേഴ്‌സിറ്റി ജീവിതം കഴിഞ്ഞും എന്നെ വളരെയധികം സഹായിച്ച വ്യക്തിയാണ്‌ അരുൺ ഭഗത്‌. പല യു.എൻ. ജോലികളിൽ വ്യാപൃതനായിരുന്ന അരുൺ ഇപ്പോൾ വിശ്രമജീവിതമാണന്നാണറിവ്‌.

മുൻ കേരള. ഗവർണർ ഡോ. സരൂപ്‌ സിംഗായിരുന്നു എന്റെ കോളജിലെ പ്രിൻസിപ്പൽ. അദ്ദേഹം നമ്മുടെ ഗവർണറായിരുന്ന കാലഘട്ടത്തിൽ രാജ്‌ഭവനിലെ ഒരു സ്‌ഥിരം സന്ദർശകനായിരുന്നു ഞാൻ. പിന്നീട്‌ ഡൽഹിയിൽ പോയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ സാധിച്ചില്ല. ഏറെ താമസിയാതെ ആ നല്ല മനുഷ്യൻ കാലയവനിക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിന്റെ പുത്രി കല്‌പന, ഭർത്താവ്‌ ദേശ്‌ദീപക്‌ (എന്റെ സഹപാഠി) എന്നിവർ ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളാണ്‌. എൻ.സി.ഇ.ആർ.ടി. ചീഫ്‌ അർജ്ജുൻ ദേവ്‌ മറ്റൊരു സുഹൃത്തായിരുന്നു. അദ്ദേഹവുമായുള്ള ദൃഢമായ സ്‌നേഹബന്ധം ഇപ്പോഴും തുടരുന്നു.

Generated from archived content: ormakalude4.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here