അങ്ങനെ നിർമ്മലാകോളേജിലെ ‘ക്ഷോഭിക്കുന്ന യൗവ്വനം’ മധുരിപ്പിക്കുന്ന പ്രണയകഥകളിൽക്കൂടിയും പകൽക്കിനാവുകളിൽകൂടിയും ഉന്മത്തമായി മുന്നേറി. ഇതിനിടയിൽ തിളച്ചുമറിയുന്ന ചെറുപ്പകാലം ലക്ഷ്യബോധമില്ലാത്ത ഒരു തോണിപോലെ ഓളം വെട്ടിനടന്നു. ഈ കാലമെല്ലാം ചെറുപ്പകാലത്തെ അവിസ്‌മരണീയങ്ങളായ ഓർമ്മചെപ്പുമായി ഞാൻ അലഞ്ഞു – ഒരു സഞ്ചാരിയെപ്പോലെ.
ബാല്യകാലത്തെ ഓർമ്മകൾ ശക്തമായിത്തന്നെ വീണ്ടും ഒരുഘോഷയാത്ര തന്നെ നടത്തി. അക്കാലത്ത് (1940- കളിൽ) തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനം ഞങ്ങൾക്കെല്ലാം “തിരുനാളായിരുന്നു” വഞ്ചിനാടു വാണിരുന്ന രാജാവിനേയും, കുടുംബത്തേയും ഞങ്ങൾ ആരാധിച്ചിരുന്നു. പ്രജാവത്സലനായിരുന്നു അദ്ദേഹം.
അക്കാലത്തു ‘തിരുനാൾ ഘോഷയാത്ര’ ഉണ്ടായിരുന്നു. മുവാറ്റുപുഴ കാവുങ്കരയിൽ ഇബ്രാഹിം കരീമിന്റെ ഇരുമ്പുകടയുടെ മുമ്പിൽ എല്ലാ കൊല്ലവും ഒരു വലിയ വള്ളത്തിൽ നിറയെ സംഭാരം കാണാം. സംഭാരത്തിൽ അങ്ങിങ്ങായി പൊങ്ങിക്കിടക്കുന്ന ചെറുനാരങ്ങകൾ കൈക്കലാക്കുന്നത്, എന്റെ ഒരു വിനോദമായിരുന്നു. ഇതു ഭദ്രമായി എന്റെ നിക്കറിന്റെ പോക്കറ്റിൽ സൂക്ഷിച്ച് അമ്മയ്‌ക്കുകൊടുക്കുക എന്നത് എന്റെ പതിവായിരുന്നു. മധുരിക്കുന്ന ഓർമ്മകൾ! ആ മനോഹരതീരത്ത് ഒരുനാൾ അമ്മയുമായി പങ്കുവയ്‌ക്കാമെന്നുള്ള എന്റെ മോഹം എന്നെ സന്തോഷിപ്പിക്കുന്നു.
അന്നത്തെ രാഷ്‌ട്രീയനേതാക്കൾ- തിരുവിതാംകൂറിൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന കാലം. പട്ടം, ടി.എം.വർഗീസ്, സി. കേശവൻ എന്നിവരായിരുന്നു. ത്രിമൂർത്തികൾ കെ.പി. നീലകണ്‌ഠപിള്ള (മുൻസ്‌പീക്കർ) “സ്വതന്ത്രകാഹളം” പത്രാധിപർ സി. നാരായണപിള്ള ജി. ചന്ദ്രശേരപിള്ള, മുൻമന്ത്രി ഗാന്ധിയൻ ജി. രാമചന്ദ്രൻ എന്നിവർ മുൻനിരക്കാരായിരുന്നു. പൊന്നറ ശ്രീധർ, കെ. രാമകൃഷ്‌ണപിള്ള, പി. നാണു, എൻ. കുഞ്ഞുരാമൻ തുടങ്ങിയവർ കോൺഗ്രസിന്റെ പ്രമുഖ നേതാക്കന്മാരായിരുന്നു. കോട്ടയത്ത് പി.സി. ചെറിയാൻ ജോസഫ് മാളിയേക്കൽ, ചങ്ങനാശ്ശേരിയിൽ മന്നത്തു പത്മനാഭപിള്ള (പിന്നീടാണ് വാൽമുറിച്ചത്), പി.ജെ. സെബാസ്‌റ്റ്യൻ, കൊല്ലത്ത് ആർ. ശങ്കർ, പാലായിൽ കെ.എം. ചാണ്ടി (മുൻ മദ്ധ്യപ്രദേശ് ഗവർണർ) ചെറിയാൻ കാപ്പൻ എന്നിവർ സമരത്തിന് കടിഞ്ഞാൺ പിടിച്ചു. ആലുവായിൽ ടി.ഒ. ബാവ, കോതമംഗലത്ത് തര്യത് കുഞ്ഞിതൊമ്മൻ.
പിൽക്കാലം കണ്ട നേതാവ് കെ.എം. ജോർജ് (മുൻമന്ത്രി) തന്റെ തടിനീപ്രവാഹം പോലെയുള്ള പ്രസംഗ പാടവം കൊണ്ട് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടി. ഇ.പി. പൗലോസിന് ശേഷം (മുൻ ഭക്ഷ്യമന്ത്രി) മുവാറ്റുപുഴക്കു ലഭിച്ച രണ്ടാം മന്ത്രിയായിരുന്നു കെ.എം. ജോർജ്.
കൂടാതെ മഹിളാ നേതാക്കളായ ആനി മിസ്‌ക്രീൻ (മുൻ ആരോഗ്യമന്ത്രി) അക്കാമ്മ ചെറിയാൻ, ദേവകീ ഗോപിദാസ് എന്നിവർ തിരുവിതാംകൂർ രാഷ്‌ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത വ്യക്തികളാണ്.
കെ.കരുണാകരൻ കരുത്തനായ നേതാവായിരുന്നു. പാലാ ആർ. വി. തോമസ്, കുമ്പളത്തു ശങ്കുപിള്ള, ദേശബന്ധു പത്രാധിപർ കെ.എൻ. ശങ്കുണ്ണിപിള്ള എന്നിവർ എരിയുന്ന തീനാളങ്ങളായിരുന്നു.
ഒരു സന്തോഷവാർത്തഃ- “ദിവാൻജിയെ വെട്ടി” എന്ന ദീപികയിലെ വാർത്ത ഞങ്ങളെയെല്ലാം ആനന്ദസാഗരത്തിൽ ആറാടിച്ചു. ഒരു യോഗത്തിൽ സംബന്ധിക്കവേ തിരുവനന്തപുരത്തുവച്ച് “സചിവോത്തമൻ” ദിവാൻജി സി.പി.രാമസ്വാമി അയ്യരെ ആരോ മുഖത്തിന് വെട്ടി പരുക്കേൽപ്പിച്ചു. പ്രബലരായ പലരും ഇതിന്റെ പിറകിലുണ്ടായിരുന്നുവെന്നത് മറ്റൊരുസത്യം. എന്തായാലും “ഭക്തിവിലാസ”ത്തിൽ നിന്നും രണ്ടുദിവസത്തിനകം അദ്ദേഹം മദ്രാസിലേക്ക് പലായനം ചെയ്‌തു. അതിനുശേഷം പി.ജി.എൻ. ഉണ്ണിത്താന്റെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം. വളരെ ദുർബലമായ ഒരന്തരീക്ഷമാണ് അതുണ്ടാക്കിയത്. ഏറെ എം.എൽ. എമാരേയും കുറേമന്ത്രിമാരേയും വാർത്തെടുത്ത എന്റെ പിതാവ് ഒരു “കിംഗ് മേക്കർ” തന്നെ ആയിരുന്നു. സ്വന്തമായിരാജാവാകാൻ മറന്നുപോയ ഒരു നേതാവായിരുന്നു അദ്ദേഹം.
പിൽക്കാലത്ത് കേരളം കണ്ട കഴിവുള്ള നേതാക്കളായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോൻ, എ.എം. തോമസ്, കെ.പി.മാധവൻ നായർ, കെ. അയ്യപ്പൻ തുടങ്ങിയവർ. ഇവരെല്ലാം സ്വന്തം വ്യക്തിമുദ്ര കേരള രാഷ്‌ട്രീയ ചരിത്രത്തിൽ പതിപ്പിച്ചിട്ടുണ്ട്. സ്വഭാവവൈശിഷ്‌ട്യംകൊണ്ട് അതിപ്രശസ്‌തി നേടിയ കെ.പി. മാധവൻനായർ തനിക്ക് വച്ചുനീട്ടിയ ഗവർണർ പദവിപോലും നിരാകരിച്ചു. ആ പദവി സ്വീകരിച്ചവർ പട്ടം താണുപിള്ള, കെ.സി. എബ്രഹാം മാസ്‌റ്റർ, കെ.എം. ചാണ്ടി എന്നിവരായിരുന്നു. ഇവരുടെയിടയിലെ മറ്റൊരു തിളക്കമാർന്ന വ്യക്തിയായിരുന്നു പറവൂർ ടി.കെ.നാരായണപിള്ള (മുൻ തിരു-കൊച്ചി മുഖ്യമന്ത്രി) – പിൽക്കാലത്ത് മദ്രാസ് ഗവർണറായ ഇ.ജെ.ജോൺ തന്റെ സ്വഭാവലാളിത്യംകൊണ്ട് ഏവരേയും ആകർഷിച്ച ഒരു നേതാവായിരുന്നു.
Generated from archived content: ormakalude3.html Author: thomasmathew_parakkal