എന്റെ സിന്ദൂരച്ചെപ്പ്

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചിലവഴിച്ച ദീര്‍ഘമായ 20 സംവത്സരങ്ങള്‍ അനുഭവങ്ങളുടെ അലയാഴിയിലേക്കാണ് എന്നെ നയിച്ചത്. വികസിച്ചു വരുന്ന ആഫ്രിക്കന്‍ ജനായത്തരാഷ്ട്രങ്ങളുടെ ജയങ്ങളും, അപജയങ്ങളും നേരില്‍ കാണുവാനുള്ള ഒരു ചരിത്രനിയോഗമായിരുന്നു അത്.

എത്യോപ്യായിലെ 1972 ല്‍ ആരംഭിച്ച ക്രമാസക്തമായ സായുധസമരം മനുഷ്യന്റെ സംസ്കാര ജീര്‍ണ്ണതയുടെ കരിപിടിച്ച അദ്ധ്യായങ്ങളായിരുന്നു. വിപ്ലവമദ്ധ്യേ കൊല്ലപ്പെട്ട ആയിരക്കണക്കിനാളുകളുടെ ഇടയില്‍ എന്റെ വിദ്യാര്‍ത്ഥീ – വിദ്യാര്‍ത്ഥിനികളും ധാരാളമുണ്ടായിരുന്നു. അവരുടെ കഥകള്‍ പറയാതെ എന്റെ കഥ പൂര്‍ണ്ണമാക്കുവാന്‍ ഞാനാഗ്രഹിക്കുന്നില്ല.

അസ്മാറയിലെ വംശീയകലാപം

1972 ലാണ് ഇറിട്രിയയുടെ തലസ്ഥാനമായ അസ്മാറയില്‍ കലാപമാരംഭിച്ചത്. ഇത് പ്രധാനമായും തെക്കുള്ള ആഡിസ് അബാബയിലെ അമാറാ(Amhara) വര്‍ഗ്ഗത്തിലെപ്പെട്ടവരുടെ അധികാര ദുഷ്പ്രഭുത്വത്തിനെതിരെയുള്ള ഒരു വിപ്ലവമായിരുന്നു. തെക്കന്‍ എത്യോപ്യാ അമാറാ ആധിപത്യമുള്ള പ്രദേശമായിരുന്നു. ചക്രവര്‍ത്തി ഹെയ് ലി സലാസ്സിയും ഈ വര്‍ഗ്ഗത്തില്പ്പെട്ട ആളായിരുന്നു. അമാറാ ആധിപത്യവും അവസാനിക്കുന്ന നാളുകളായിരുന്നു. ആഡിസ് അബാബായിലും ചക്രവര്‍ത്തിയ്ക്ക് എതിരായി വിപ്ലവം ആരംഭിച്ച സമയമായിരുന്നു അത്. ഇറിട്രിയന്‍ ലിബറേഷന്‍ ഫ്രണ്ട് (ELF) എന്ന പേരിലുള്ള ഒരു വിപ്ലവം സംഘടനയാണ് അവിടെയുള്ള വര്‍ഗ്ഗകലാപക്കാര്‍ പൊട്ടിപ്പുറപ്പെട്ട കലാപം രക്തരൂക്ഷിതമായിരുന്നു.

വിദ്യാര്‍ത്ഥികളുടെ കൂട്ടക്കൊല

അസ്മാറ (Asmara) 1973

വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് പെട്ടന്നായിരുന്നു. ELF ന്റെ നേതൃത്വത്തില്‍ നഗരത്തെ നടുക്കിയ പൊട്ടിത്തെറികള്‍. സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അത്യാധുനികമായ വെടിക്കോപ്പുകളും മാരകായുധങ്ങളുമാണ് ആക്രമണത്തിനുപയോഗിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ ആഡിസ് അബാബായില്‍ നിന്നും വന്ന പ്രത്യേകപട്ടാളം വിപ്ലവകാരികളെ കീഴ്പ്പെടുത്തി. അവര്‍ നടത്തിയത് ശരിക്കും നരഹത്യ ആയിരുന്നു. ഇറിട്രിയന്‍, തിഗ്റേ (Tigre) വര്‍ഗ്ഗങ്ങളില്പ്പെട്ട അനവധി ആയിരങ്ങളെ ഹെയ് ലിസലാസ്സി (ചക്രവര്‍ത്തി) യുടെ അമാറാ( Amhara) വര്‍ഗ്ഗത്തില്പെട്ട നിഷ്ഠൂരന്മാരായ പട്ടാളക്കാര്‍ കൊന്നൊടുക്കി.

വിദ്യാര്‍ത്ഥീ – വിദ്യാര്ത്ഥിനികളെ വഴിയോരങ്ങളില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി വെടിവെയ്ക്കുന്ന കാഴ്ചകള്‍ എനിക്ക് കാണുവാന്‍ സാധിച്ചു. ധാരാളം പെണ്‍കുട്ടികളും നീചമായി കൊലചെയ്യപ്പെട്ടു. എന്റെ ഏകദേശം മുപ്പതോളം വിദ്യാര്‍ത്ഥികള്‍ വെടിവെച്ച് കൊല്ലപ്പെട്ടു. ഒരു മുറിയില്‍ അവരെല്ലാം ഒന്നിച്ച് മരിച്ച് കിടക്കുന്ന കാഴ്ച ഹൃദ്യഭേദകമായിരുന്നു.

കേശവന്‍നായര്‍ സാറിന് വെടിയേറ്റു

വിപ്ലവം തുടങ്ങി രണ്ടാം ദിവസം ഞങ്ങളുടെ സ്നേഹിതന്‍ ശ്രീ കേശവന്‍ നായര്‍ കാഴ്ചകള്‍ കണ്ട് അദ്ദേഹത്തിന്റെ ഫ്ലാറ്റിന്റെ ജനലില്‍ കൂടി തെരുവിലേക്ക് എത്തിനോക്കുകയായിരുന്നു. എതിര്‍ വശത്തിരുന്ന പട്ടാളക്കാരന്റെ സംശയത്തിന്റെ പേരില്‍ കേശവന്‍ നായര്‍ സാറിന്റെ നേരേ നിറയൊഴിച്ചു. ഭാഗ്യവശാല്‍ അദ്ദേഹത്തിന് കയ്യില്‍ ഒരു ചെറിയ മുറിവേല്‍ക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വേലക്കാരി അന്നാട്ടുകാരിയായ അഫേമിയാ ആണ് സാറിന് പ്രഥമശുശ്രൂഷ നല്‍കിയത്. അതിനുശേഷമാണ് അദ്ദേഹത്തെ പട്ടാള വാഹനത്തില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. മലയാള സിനിമാ നടനായ സന്തോഷിന്റെ അച്ഛനാണ് ശ്രീ കേശവന്‍ നായര്‍. ഇപ്പോഴും സന്തോഷവാനായി ജീവിച്ചിരിക്കുന്നു.

സാറിനെ സന്ദര്‍ശിക്കുവാന്‍ പോയ അവസരത്തിലാണ് എന്റെ വിദ്യാര്‍ത്ഥികളുടെ മരവിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ ഒരു മുറിയില്‍ നിരയായി ഇട്ടിരിക്കുന്ന കാഴ്ച ഞാന്‍ കണ്ടത്. ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ക്ലാസ്സുകളില്‍ പഠിപ്പിച്ച ഭാഗ്യശൂന്യരായ ആ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ രാഷ്ട്രമായ ഇറിട്രിയായുടെ (Eritrea) ജനനം കാണുവാന്‍ സാധിച്ചില്ല. പക്ഷെ അവരുടെ ജീവന്‍ സ്വന്തം രാജ്യത്തിന്റെ ജന്മത്തിനു വേണ്ടി അവര്‍ ത്യജിച്ചു.

ഇറിട്രിയയെ കയ്യില്‍ അമര്‍ത്താന്‍ ശ്രമിച്ച ഹെയ് ലിസലാസി 1974 ല്‍ കഥാവശേഷനായി. ഈ വിപ്ലവത്തിലും അക്രമത്തിലും പെട്ട് അസ്മാറയില്‍ നിന്നുള്ള 50 ഇന്ത്യന്‍ കുടുംബങ്ങള്‍ ഏകദേശം അനാഥരെന്ന് പറയത്തക്കവിധം തലസ്ഥാനമായ ആഡിസ് അബാബയില്‍ തങ്ങേണ്ടി വന്നു. ഞങ്ങളുടെ കൂടെ കുടുംബങ്ങളും ഹോട്ടലുകളിലായി വെപ്പും കുടിയും നടത്തി ഞങ്ങള്‍ ജീവിച്ചു. ഏകദേശം 2 മാസങ്ങള്‍.

എന്നാല്‍ പിന്നീട് ആ രാജ്യം കണ്ടത് വിഭജനത്തിന്റെയും വിപ്ലവത്തിന്റെയും തിക്തഫലങ്ങളായിരുന്നു. സാമൂഹ്യനീതി പാലിക്കാതെയുള്ള പുതിയ പട്ടാള സര്‍ക്കാരിന്റെ നീക്കങ്ങള്‍ അറുംകൊലയിലും, അക്രമത്തിലും കലാശിച്ചു. മേജര്‍ മെഗിസ്റ്റുഹെയിലി മറിയം (Megisthu Hailemariam) എന്ന യുവാവായ പട്ടാളമേധാവി എതിരാളികളെ നിഷ്ഠൂരമായി കൊലപ്പെടുത്തികൊണ്ടിരുന്നു. സ്വേഛാധിപത്യവും, തെരുവുകളില്‍ വരെ അക്രമവുമായി ആ ദരിദ്ര രാഷ്ട്രം പിച്ചവച്ചു.

റഷ്യന്‍ ശിക്ഷണം

1973 – 74 കളില്‍ റഷ്യയുടെ ഒരു ഉപഗ്രഹമായി വര്‍ത്തിച്ച എത്യോപ്യാ പിന്നീട് ചൈനയുടെ സ്നേഹബന്ധത്തിലുറച്ചു. പാവപ്പെട്ട എത്യോപ്യയ്ക്ക് റഷ്യ കൊടുത്തത് കേവലം കമ്യൂണിസ്റ്റ് സാഹിത്യവും ഗ്രന്ഥങ്ങളുമായിരുന്നു. പക്ഷെ, രാജ്യത്തിനാവശ്യം രാഷ്ട്രനിര്‍മ്മാണത്തിനാവശ്യമായ ധനസഹായമായിരുന്നു.

ജീവിതത്തിന്റെ വിവിധമേഖലകളിലുള്ള ജനങ്ങള്‍ പട്ടിണിയിലും, പരിവട്ടത്തിലുമായി. Red Terror (സര്‍ക്കാരിന്റെ അനുകൂലികള്‍) White Terror (അനുകൂലിക്കാത്തവര്) എന്നി രണ്ട് വിഭാഗങ്ങളുടെ തെരുവു പോരാട്ടങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തെ ഭിന്നമാക്കി. ഇതിനിടയില്‍ മാറി മാറി വന്ന മിലിട്ടറി ഗവണ്‍മെന്റെ രാജ്യത്തെ സാമ്പത്തിക ക്രമവും താറുമാറാക്കി.

അഴിമതിയില്ലാത്ത എത്യോപ്യാ

അഴിമതിക്ക് ഈ രാജ്യത്ത് കേട്ടുകേള്‍വിപോലുമില്ല. സഥലം മാറ്റങ്ങള്‍ മുതലായ കാര്യങ്ങള്‍ക്ക് നമ്മുടെ ഇന്ത്യാക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കാന്‍ കുത്സിതമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. മേഷണമോ, പിടിച്ചു പറിയോ, തീരെയില്ലതെയുള്ള ഒരു രാജ്യമാണ് എത്യോപ്യാ.

1970 കളിലെ മാറ്റങ്ങള്‍

പുതിയ സര്‍ക്കാര്‍ കമ്യൂണിസ്റ്റ് രീതികളനുസരിച്ച് സ്വത്തുവിഭജനം ഭൂമി വിതരണം മുതലായവ നടത്തി. പഴയ ഫ്യൂഡല്‍ ഗവര്‍ണര്‍മാരെ ക്രൂരമായി കൊലചെയ്തു. ഇതിനിടയില്‍ ചക്രവര്‍ത്തിയുടെ കുടുംബാഗങ്ങള്‍ (പുത്രന്‍ Asfa Wosser ഉള്‍പ്പടെ) ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു. ലണ്ടനില്‍ അന്തരിച്ച Crown Prince Asfa Wosser ന്റെ മകള്‍ Princess Mariam ഇപ്പോഴും ലണ്ടനില്‍ ജീവിച്ചിരിക്കുന്നു എന്നാണ് കേള്വി.

അങ്ങനെ ആഫ്രിക്കായുടെ ആത്മസൗന്ദര്യവും വികാരവുമായിരുന്ന ഈ സുന്ദരദേശം (കണ്ടാലെ ആ രാജ്യത്തിന്റെ സൗന്ദര്യം മനസ്സിലാവൂ) ദാരിദ്രത്തിന്റെയും പട്ടിണിയുടെയും പിടിയിലമര്‍ന്നു.

ഇപ്പോഴും പരമദാരിദ്രത്തില്‍ കഴിഞ്ഞു കൂടുന്ന ഈ ദേശം ആഫ്രിക്കന്‍ സംസ്കാരത്തിന്റെ ഒരു പ്രതീകം തന്നെയെന്നതിന് തെല്ലും സംശയമില്ല. തനതായ സാംസ്കാരിക ചൈതന്യം പേറുന്ന ഈ രാജ്യത്തിലെ ജനങ്ങള്‍ സ്നേഹത്തിന്റെയും മാനവികതയുടെയും ഉത്തമ ദര്‍ശനങ്ങള്‍ തന്നെ.

Generated from archived content: ormakalude20.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English