എന്റെ സിന്ദൂരചെപ്പ്‌

ഓർമ്മകളുടെ സുവർണ്ണരഥം മുന്നോട്ടുതന്നെ പായുന്നു. ഗതകാലസ്‌മരണകളുടെ വിസ്‌മയചെപ്പ്‌ തുറന്നുകൊണ്ട്‌ അവയെന്നെ ജീവിത തീരത്തേയ്‌ക്കടുപ്പിക്കുന്നു. വിഭ്രമത്തിന്റേയും, വിസ്‌മയത്തിന്റേയും സ്‌മരണകൾ നിറഞ്ഞു നിന്ന ബാല്യകാലം കഴിഞ്ഞു. കലാലയജീവിതത്തിന്റെ നിറപ്പകിട്ടാർന്ന ജീവിതവീഥികളിലേയ്‌ക്ക്‌ ഞാൻ നടന്നു നീങ്ങുന്നു. പറയാത്ത പ്രേമകഥകളും, പ്രകാശം പരത്തിയ പെൺകുട്ടിയും അങ്ങനെ ഒരു നൂറുചിന്തകൾ ഉദിച്ചുയരുന്നു.

പ്രധാനമായും മുവാറ്റുപുഴ നിർമ്മലാ കോളജാണ്‌ എന്റെ ജിവിതത്തെ മഥിച്ച ചിന്തകൾക്കു പൂർണ്ണരൂപം നൽകിയത്‌. എന്നെ ഒരു ഡോക്‌ടറാക്കാൻ ആഗ്രഹിച്ച പിതാവിന്റെ ആഗ്രഹങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഞാൻ ചരിത്രം ഐശ്ചികമായി എടുത്തു. അദ്ധ്യാപകർ നൽകിയ അറിവിന്റെ പാരാവാരത്തിൽ മ ​‍ുങ്ങിത്തുടിച്ച രണ്ടുകൊല്ലത്തെ ഇന്റർമീഡിയറ്റു പഠനം കഴിഞ്ഞു. ദുർല്ലഭമായി യൂണിവേഴ്‌സിറ്റി കനിഞ്ഞു നൽകുന്ന ഒന്നാം ക്ലാസ്സ്‌ എനിക്കും എന്റെ സഹപാഠി പി.എം. അന്നമ്മയ്‌ക്കും ലഭിച്ചു. ഞങ്ങൾക്ക്‌ പ്രത്യേകമായ അനുമോദനങ്ങളോ, പ്രോത്സാഹനമോ കോളജിൽ നിന്നും കിട്ടിയതുമില്ല. അന്നത്തെ ഉന്നതശീർഷരായ അദ്ധ്യാപകർ പകർന്നു തന്ന ചരിത്രവിജ്ഞാന കൗതുകം എന്നിൽ ഇന്നും അവശേഷിക്കുന്നു. ഫാദർ ജയിംസ്‌ വെമ്പിള്ളിയുടെ നേതൃത്വത്തിലുള്ള സമർത്ഥരായ ഒരു കൂട്ടം യുവ പണ്ഡിതർ ഞങ്ങളെ പരിശ്രമശാലികളാക്കി വളർത്തിയെടുത്തു. ഫ്രൊഫസർ ടി.എം. മാണി, ജോൺ എം. ജേക്കബ്ബ്‌, എം.സി. മാത്യു, ജോർജ്‌ ജെയിംസ്‌ എന്നിവർ ഞങ്ങളെ തികച്ചും വിജ്ഞാന കുതുകികളാക്കി മാറ്റി. ഈ സമയത്ത്‌ ധാരാളം ചരിത്രഗ്രന്ഥങ്ങൾ വായിക്കുവാനും, ഗ്രഹിക്കുവാനുമുള്ള അവസരമുണ്ടായി. ആർ. നോൾഡ്‌ ടോയൻബി, എച്ച്‌. ജി. വെൽസ്‌ ഇവരെ കൂടാതെ സർദാർ കെ.എം. പണിക്കർ മുതലായ മലയാള ചരിത്രകാരൻന്മാരുടെയും ഗ്രന്ഥങ്ങൾ വായിക്കാൻ സാധിച്ചു. ഇതിൽ നിന്നെല്ലാം നിരീക്ഷണബോധവും ചരിത്ര പഠനത്തെ പക്ഷഭേദമില്ലാതെ അപഗ്രഥിക്കുവാനും ഞങ്ങൾ പഠിച്ചു. അന്നു ഞങ്ങളെയെല്ലാവരേയും സ്വാധീനിച്ച രണ്ടു ഭരണകർത്താക്കളായിരുന്നു അക്‌ബർ ചക്രവർത്തിയും അശോകചക്രവർത്തിയും. അശോകന്റെ ഹ്യൂമനിസ്സം, അക്‌ബറുടെ വിശാല വീക്ഷണം എന്നിവ ഞങ്ങളുടെ ചിന്താ മണ്ഡലത്തെ ഉദ്ദീപിപ്പിച്ചു.

മുഹമ്മദ്‌-ബിൻ-തുഗ്ലക്കിന്റെ “രസകരമായ” ഭരണ പരിഷ്‌ക്കാരങ്ങൾ വർണ്ണിച്ച മാണിസാർ ഞങ്ങളുടെ ക്ലാസ്സുകളെ പരിപുഷ്‌ടമാക്കി. ഇതിനോടൊപ്പം വിവിധസമാജങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നിരുന്ന പ്രസംഗമത്സരങ്ങളിലും, ഉപന്യാസമത്‌സരങ്ങളിലും പങ്കെടുക്കുവാനും, വിജയിക്കുവാനും കഴിഞ്ഞു. അന്തരിച്ച കെ.കെ. ജോസഫിനായിരുന്നു ഒന്നാംസ്‌ഥാനം. ഈയുള്ളവൻ രണ്ടാംസ്‌ഥാനം കൊണ്ടു തൃപ്‌തിപ്പെട്ടുകൊണ്ടിരുന്നു. ഫാദർ മാത്യു പാലമറ്റത്തിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ്‌ വകുപ്പ്‌ നടത്തിയ മത്സരങ്ങളിലും വിജയിക്കുവാൻ ഭാഗ്യം ലഭിച്ചു. കായികമത്സരങ്ങളിലും ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ടേബിൾ ടെന്നിസിൽ മാത്രമാണ്‌ പേരെടുക്കാൻ സാധിച്ചത്‌. അവിടെയും രണ്ടാം സ്‌ഥാനം മാത്രം! ശ്രീ. എം.ജെ. ജോർജ്‌ ഐ.ആർ.എസ്‌. ആയിരുന്നു എപ്പോഴും ഒന്നാം സ്‌ഥാനക്കാരൻ.

സാഹിതീസപര്യ ആരംഭിച്ചതും ഈ കാലഘട്ടത്തിൽ തന്നെ. ഇന്റർമീഡിയറ്റിന്‌ പഠിക്കുമ്പോഴാണ്‌ അന്തരിച്ച എം.പി. നാരായണ പിള്ളയുമായി കൂട്ടുകൂടിയത്‌. അദ്ദേഹത്തിനിഷ്‌ടപ്പെട്ട നിറം നേരിയനീലനിറമാണെന്ന്‌ ഞാനിപ്പോഴും ഓർക്കുന്നു. അധികമാരോടും സംസാരിക്കാതെ ഒതുങ്ങികൂടിയ “നാണപ്പൻ” എന്ന പുല്ലുവഴിക്കാരന്‌ എന്നെ വലിയ ഇഷ്‌ടമായിരുന്നു.

നിർമ്മലാ കോളേജിലെ 4 വർഷത്തെ ജീവിതം ഒരു സംഗീതധാര ആയിരുന്നു. വ്യത്യസ്‌ത ശിക്ഷണത്തിൽ മുരടിച്ച യുവത്വമായിരുന്നെങ്കിലും പരിധികളിൽ ഒരുങ്ങി ജീവിതം ആസ്വദിച്ചു. ഒരു പ്രത്യേക സംഭവം പറയാതെ നിവർത്തിയില്ല. നിർമ്മലയിൽ ആദ്യത്തെ ബെൽ അടിക്കുമ്പോൾ തരുണീമണികൾ വരാന്തയിൽകൂടി മെല്ലെ മെല്ലെ നടന്ന്‌ ക്ലാസ്സ്‌ റൂമുകളിൽ കയറുന്നു. രണ്ടാമത്തെ ബെല്ലിന്‌ ശേഷം മാത്രമേ ആൺകുട്ടികൾ വരാന്തയിൽ പ്രത്യക്ഷപ്പെടാവുള്ളൂ. ഈ നിയമത്തിനെതിരായി ഞാൻ ഒരു ദിവസം എന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. സുന്ദരിക്കൂട്ടങ്ങൾ വരിവരിയായി വരാന്തയിൽ കൂടി നീങ്ങിയപ്പോൾ എതിർദിശയിൽ നിന്നും ഒരു റൊമാന്റിക്ക്‌ സ്‌റ്റൈലിൽ എന്റെ രണ്ടുകൂട്ടുകാരുമായി നടന്നു വന്നു. വന്നുവന്ന്‌ എന്റെ ക്ലാസ്‌റൂമിന്റെ മുമ്പിലെത്തി. രക്ഷപ്പെട്ടല്ലോ എന്നു സന്തോഷിച്ചപ്പോൾ നിൽക്കുന്നു – ഫാദർ നെടുങ്കല്ലേൽ! ശിക്ഷണത്തിന്റെ ആൾ രൂപം! കൈകൊണ്ട്‌ തന്നെ പിന്തുടരാൻ പറഞ്ഞിട്ട്‌ അദ്ദേഹം ഓഫീസിലേക്കു പോയി ഒരു 2 രൂപ ഫൈൻ കൊടുത്തിട്ട്‌ ക്ലാസ്സിൽ കയറിയാൽ മതി എന്നുര ചെയ്‌തു. ആ കാലത്ത്‌ എവിടെ കിട്ടും 2 രൂപ? ഒന്നുകൂടി ഷൈൻ ചെയ്‌തിട്ട്‌ 4 രൂപ ഒരുമിച്ച്‌ തരാമെന്നു പറയാൻ തോന്നിയെങ്കിലും പലതും ഭയന്ന്‌ അതുചെയ്‌തില്ല. പക്ഷേ ഒടുങ്ങാത്ത വൈര്യമാണ്‌ ഇതെന്നിൽ സൃഷ്‌ടിച്ചത്‌. മനുഷ്യർക്ക്‌ ദൈവം തരുന്ന ഒരു സ്വർഗ്ഗീയ വികാരമാണ്‌ പ്രേമം. അതിനു പൂട്ടിടാൻ ശ്രമിച്ച ആരും തന്നെ ഈ ലോകത്തിൽ ജയിച്ചിട്ടില്ല. ഇത്‌ എന്നിലേല്‌പിച്ച ആഘാതം വളരെ ആഴമേറിയതായിരുന്നു. ഇങ്ങനെയുള്ള ചെയ്‌തികൾ നമ്മുടെ വ്യക്തിസ്വാതന്ത്രത്തേയും മാനുഷികതയുടെ അന്തഃസത്തയേയും ഹനിക്കുന്നു എന്നതാണ്‌ എന്റെ അഭിപ്രായം. നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും.!!

മറ്റൊന്ന്‌ എം.വി.നാരായണപിള്ളയുടെ നർമ്മരസത്തെപറ്റിയാണ്‌. ഒരു ദിനം മലയാളം പ്രൊഫസറായിരുന്ന അന്തരിച്ച രവിവർമ്മൻ പണ്ടാലയേ പറ്റി ഒരു നാലുവരി കവിത രചിച്ച്‌ നാണപ്പൻ കലക്കി. “കാകനാദൻ രവി വർമ്മ വീരൻ ഞെളിവേറിടും പടിവന്നിടുന്നു” എന്നു അദ്ദേഹം ബോർഡിൽ കവിത എഴുതിയിട്ടതും ക്സാസ്സിൽ കൂട്ടച്ചിരി ഉയർത്തി. നാണപ്പനാണ്‌ കവി എന്നറിഞ്ഞ പണ്ടാലസാർ ഒരാഴ്‌ച നാണപ്പനെ ക്ലാസ്സിൽ കയറ്റാതെ ശിക്ഷകൊടുത്തു വിട്ടതും ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു.

ഒരു കലാപരിപാടിക്ക്‌ കോളേജിൽ വിദ്യാർത്ഥിനികളെ കാണാൻ അനുവദിച്ചില്ല. അന്നു ഒരു ഹിന്ദി ഗാനം ഉഴപ്പിപാടിയ എനിക്ക്‌ വേറൊരു പ്രൊഫസർ കൈതന്നു അനുമോദിച്ചതും മറ്റും വളരെ രസകരമായിരുന്നു. (ആ പ്രൊഫസർക്ക്‌ പ്രിൻസിപ്പലിനെ ഇഷ്‌ടമില്ലായിരുന്നു!) ഇങ്ങനെയുള്ള പല നുറുങ്ങുകഥകളും സുഗന്ധവാഹിയായ ഒരു സാന്ത്വന കാറ്റുപോലെ എന്നെ വന്ന്‌ താലോടുന്നു. ജിവിത സായാഹ്‌നത്തിൽ ഇതെല്ലാമോർത്ത്‌ ഊറിയൂറി ഞാൻ ചിരിക്കുന്നു. അതുതന്നെ ഒരു വലിയ കാര്യമല്ലേ?.

മറ്റൊരു കഥാപാത്രമായിരുന്നു വൈശാഖൻ. അദ്ദേഹം ചെറുപ്പത്തിൽ തന്നെ മാതൃഭൂമി അഴ്‌ചപ്പതിപ്പിൽ കഥകളെഴുതുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല കഥയായ “ഡാലിയ” വായിച്ചത്‌ ഞാനിപ്പോഴും തെളിമയോടെ ഓർക്കുന്നു. കഥാകാരനും വിമർശകനുമായ ഡോ. ജോർജ്‌ ഓണക്കൂറും അക്കാലത്ത്‌ നിർമ്മലയിലുണ്ടായിരുന്നു. ഇവരുമായുള്ള നിത്യസമ്പർക്കം ഒരു സന്തോഷം തന്നെയായിരുന്നു. ഇവയ്‌ക്കും ഇതുപോലെ മറ്റു മറന്നു പോയ പലകാര്യങ്ങളും ഓർമ്മയുടെ മണിച്ചെപ്പിൽ ഞാൻ കാത്തു സൂക്ഷിക്കുന്നു. ഈ ഓർമ്മകൾ മണിമുത്തുകൾ തന്നെയാണ്‌.

പഠനം വിട്ടുള്ള സമയങ്ങളിൽ അല്‌പം പ്രണയിക്കുവാനും അവസരമുണ്ടായി. എന്റെ ജീവിതത്തിലേക്ക്‌ പ്രകാശം പരത്തിക്കൊണ്ട്‌ ഒരു സുന്ദരികടന്നുവന്നു. പ്രേമത്തിന്റെ തിളക്കവും വർണ്ണഭംഗിയുമുള്ള നാളുകൾ മനസ്സിൽ എപ്പോഴും സൂക്ഷിച്ചുവെക്കുന്ന ദീപ്‌തമായ പ്രണയ ചിന്തകൾ ജീവിതത്തെ തന്നെ പ്രകാശമാനമാക്കിയത്‌ മറ്റൊരു സത്യം – പ്രണയം സുന്ദരമാണ്‌ – സുരഭിലമാണ്‌.

പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം നിറകവിഞ്ഞൊഴുകുന്ന നിർമ്മലാ കോളജ്‌. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ തന്നെ“ എന്നു ചങ്ങമ്പുഴ പാടിയ വരികൾക്ക്‌ ഇത്രസുന്ദരവും, സുഭഗവുമായ ഒരുദാഹരണം ഉണ്ടെന്നുള്ളത്‌ കണ്ടുതന്നെ മനസ്സിലാക്കേണ്ട ഒരു സത്യമാണ്‌. മോൺ തോമസ്‌ നെടുങ്കല്ലേൽ ആയിരുന്നു പ്രിൻസിപ്പൽ. റവ. ഡോ. തോമസ്‌ മൂത്തേടനായിരുന്നു. വൈസ്‌ പ്രിൻസിപ്പൽ. അതി കഠിനമായ ഡിസിപ്ലിൻ! പെൺകുട്ടികളോട്‌ സംസാരിക്കുന്നതുന്നെ ഒരു തരം ലഘു പാപമായി കണക്കാക്കിയിരുന്നു. അതിന്റെ ഇതര വശങ്ങളെപ്പറ്റി പരിചിന്തിക്കുന്നില്ല. എല്ലാക്കാര്യങ്ങൾക്കും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടല്ലോ? ഒരു നാണയത്തിലെ ഇരുവശങ്ങളെന്നപോലെ.

ജനുവരിയിലുള്ള പ്രസിദ്ധമായ മുവാറ്റുപുഴ പള്ളിയിലെ വി. പൂജരാജാക്കന്മാരുടെ തിരുനാൾ, ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ ചിറപ്പ്‌ മഹോത്സവം, വർണ്ണശബളമായ കുംഭപ്പൂയം മുതലായവ മുവാറ്റുപ്പുഴ പട്ടണത്തിലെ ജനങ്ങളുടെ ഉത്സവങ്ങൾ തന്നെയാണ്‌. ഇതിന്റെ കൂടെ തന്നെ മുസ്ലീം സഹോദരങ്ങൾ ആഘോഷിക്കുന്ന നബിദിനം മുതലായ തിരുനാളുകൾ മുവാറ്റുപ്പുഴ നഗരത്തിന്റെ ഹൃദയതാളങ്ങളാണ്‌. ഈ ഉത്സവങ്ങളുടെ സന്തേഷകരമായ ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു.

”മേള“ എന്ന കലാ-സംസ്‌ക്കാരിക സംഘടന പടുത്തുയർത്തിയ ശ്രീ. പി.ജെ. ജോൺ, പി.ശങ്കരൻ നായർ, വി. രാജശേഖരൻ നായർ എന്നിവർ മായാത്ത ദീപ്‌തസ്‌മരണകളാണ്‌. മുൻമന്ത്രിമാരായ ശ്രീ. ഇ.പി. പൗലോസ്‌ ശ്രീ.കെ.എം. ജോർജ്‌ കെ.റ്റി. ജേക്കബ്‌ ആദ്യത്തെ മുനിസിപ്പൽ ചെയർമാൻ ശ്രീ.എൻ. പരമേശ്വരൻ നായർ ഇങ്ങനെ പലരും ഓർമ്മയുടെ ചെപ്പിൽ തന്നെ ഉണ്ട്‌.

അന്നത്തെ അഭിഭാഷക പ്രമുഖരായ ശ്രീ അനന്തനാരായണയ്യർ, ഒ. എസ്സ്‌. കൃഷ്‌ണയ്യർ, വ്യാപാരപ്രമുഖനായിരുന്ന ബി.ഒ.സി. രാമസ്വാമി അയ്യർ എന്നിവർ പ്രത്യേക പരിഗണന അർഹിക്കുന്നു.

പാട്ടുകാരനായിരുന്ന വിളക്കത്ത്‌ മക്കാർ, ടി.വി. ജോസഫ്‌ എന്നിവർ തികഞ്ഞ കലാകാരൻമാരായിരുന്നു. കാലങ്ങൾ മാറി കോലങ്ങൾ മാറി വന്നു. പക്ഷേ സാമൂഹ്യ-ജാതി-മതഭേദമില്ലാത്ത മുവാറ്റുപുഴ നഗരം ഒരു തികഞ്ഞ മതേതര കേന്ദ്രം തന്നെയാണ്‌ ഇപ്പോഴും.

ഇടതുപക്ഷ പ്രസ്‌ഥാനത്തിന്റെ നായകരായിരുന്ന പി.പി. എസ്‌തോസ്‌സ്‌, കെ.മഞ്ചുനാഥ്‌ പ്രഭു തെറ്റിലയിൽ മുഹമ്മദ്‌, പി.വി. സുലൈമാൻ റാവുത്തർ (ഇരുവരും കോൺഗ്രസ്‌ അനുഭാവികൾ) ഇക്കാലഘട്ടത്തിന്റെ വീരനായകന്മാരായിരുന്നു മുവാറ്റുപുഴ താലൂക്കിൽ സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ പടുത്തുയർത്തിയ ത്രിമൂർത്തികളായിരുന്നു. എൻ.പി.വർഗീസ്‌ (പി.എസ്‌.സി. മെമ്പർ) ഇ.പി. പൗലോസ്‌ (മുൻ ഭക്ഷ്യമന്ത്രി) പി.കെ. തോമസ്‌ (പുളിഞ്ചോട്ടിൽ തോമസ്‌ വക്കീൽ) എന്നിവർ ആരക്കുഴയിൽ നിന്നുമുള്ള ജോസഫ്‌ കൊച്ചിക്കുന്നേൽ, കുന്നപ്പിള്ളി വർക്കിവൈദ്യൻ എന്നിവരും ഇതിൽപ്പെടുന്നു.

കോമേഴ്‌സ്‌ ഡിപ്പാർട്ട്‌മെന്റ്‌ പ്രൊ. ഫ്രാൻസിസ്‌ സേവ്യറിന്റെ നേതൃത്വത്തിൽ നേട്ടങ്ങൾ കൊയ്‌തു. എൻ.സി.സി.യുടെ മേൽനോട്ടം പ്രൊ. സിറിയക്ക്‌ വളവി വളരെ സുത്യർഹമായി വഹിച്ചു. ഡ്രാമറ്റിക്ക്‌ ക്ലബ്‌ പി.ഒ. പരീതു പിള്ളയും കെ.കെ. ജോസഫും പിടിച്ചടക്കി മ്യൂസിക്ക്‌ ക്ലബ്ബിൽ ടി.വി.ജോസഫ്‌. കെ.ആർ. നാരായണൻ നായർ എന്നിവർ തങ്ങളുടെ മികവ്‌ വെളിപ്പെടുത്തി.

ഈ കഴിഞ്ഞ ആഴ്‌ചയിൽ ചെന്നൈയിൽ വച്ചു നടന്ന ലയോളാ ഫുട്‌ബോൾ ടൂർണമെന്റിൽ നമ്മുടെ നിർമ്മലാ കോളജ്‌ ട്രോഫി കരസ്‌ഥമാക്കുകയുണ്ടായി.

ഇവയെല്ലാം നിർമ്മലയുടെ തൊപ്പിയിലെ പൊൻതൂവലുകളാണ്‌. ഒരു മികച്ച ഉന്നത വിദ്യാഭ്യ്വാസ സ്‌ഥാപനമെന്ന നിലയിൽ കേരളത്തിലാകമാനം ശ്രദ്ധിക്കപ്പെടുന്ന നിർമ്മലയിൽ പുതുതായി ഫാർമസി, എം.സി.എ. വിഭാഗങ്ങൾക്കൂടി വിജയകരമായി നടക്കുന്നു. എന്റെ മാതൃ കലാലയത്തിന്‌ എന്നെന്നും നന്മ നേരുന്നു.

Generated from archived content: ormakalude2.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English