എന്റെ സിന്ദൂരച്ചെപ്പ്‌

എത്യോപ്യയിലും നൈജീരിയായിലുമായി ചിലവഴിച്ച നീണ്ട 20 വർഷങ്ങൾ ആ രാജ്യങ്ങളിലെ നമ്മളറിയാത്തതും, കേൾക്കാത്തതുമായ സംസ്‌ക്കാര വിസ്‌മയങ്ങളിലേക്കുള്ള ഒരു നീണ്ട തീർത്ഥയാത്ര തന്നെയായിരുന്നു.

സാംസ്‌കാരികമായും, മതപരമായും അത്യുന്നതനിലവാരം പുലർത്തിയിരുന്ന എത്യോപ്യാ ആഫ്രിക്കൻ സംസക്കാര പൈതൃകത്തിന്റെ പിള്ളതൊട്ടിലായിരുന്നു. ബൈബിൾ ചൈതന്യം പ്രവഹിക്കുന്ന ക്രിസ്‌ത്യൻ സദസ്സുകൾ ആ രാജ്യത്തെ ആകമാനം ജനങ്ങളയും പ്രകാശോന്‌മുഖരാക്കി. മനുഷ്യസ്‌നേഹത്തിന്റെ ബാലപാഠങ്ങൾ ജനങ്ങൾക്കാകമാനം ചൈതന്യം പകർന്നു കൊടുക്കുന്നതിൽ എത്യോപ്യൻ കോപ്‌റ്റിക്ക്‌ ചർച്ച്‌ (Alexandrian coptic churchന്റെ കീഴിലുള്ളതായിരുന്നു ഇത്‌) പരിപൂർണ്ണമായും വിജയിച്ചു. ഞങ്ങൾ അവിടെയുണ്ടായിരുന്ന നീണ്ട 12 സംവത്സങ്ങൾ മതപരമായ സമാധാനവർഷങ്ങളായിരുന്നു.

എത്യോപ്യയിലെ മുസ്‌ലിം സമുദായവും നിസ്സീമമായ ഒരു പങ്കായിരുന്നു ഈ സാംസ്‌ക്കാരിക വിപ്ലവത്തിൽ വഹിച്ചത്‌. സാമുദായിക ഐക്യവും, മനുഷ്യസ്‌നേഹവുമായിരുന്നു എത്യോപ്യായുടെ മുദ്രാവാക്യങ്ങൾ.

വിദ്യാഭ്യാസരംഗത്ത്‌ ഹെയിലി സലാസ്സി ചക്രവർത്തിയുടെ മികവുറ്റ സംഭാവനകളായിരുന്നു ഈ സാംസ്‌ക്കാരിക പരിണാമത്തിന്റെ ആദ്യവിത്തുകൾ. ജനങ്ങളെ സംസ്‌ക്കാരസമ്പന്നരാക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനാണ്‌ അദ്ദേഹം പ്രാധാന്യം കൊടുത്തത്‌. സമ്പദ്‌ഘടനയിൽ മാറ്റം വരുത്തുന്നതിൽ അമ്പേ പരാജയപ്പെട്ട ചക്രവർത്തിക്ക്‌ ഇതിന്റെ തിക്തഫലങ്ങൾ അവസാന കാലത്തനുഭവിക്കേണ്ടിവന്നു.

ലജ്ജാകരമായ ഫ്യൂഡൽ സമ്പ്രദായം നിലനിന്നിരുന്ന എത്യോപ്യയിൽ രാജഭരണത്തിനെതിരെ ആർക്കും ശബ്‌ദിക്കാൻ പറ്റിയില്ല. ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ രാജ്യത്തെ നയിക്കാൻ വിദ്യാർത്ഥികളെ ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പോലും പറഞ്ഞുകൊടുക്കാതെ ഏകാധിപത്യത്തിന്റെ പ്രശംസാഗാനങ്ങൾ പാടാനാണ്‌ പഠിപ്പിച്ചത്‌.

ഇതിനെതിരേ Mengistu Brothers നടത്തിയ 1960-ലെ ഒരു പട്ടാള വിപ്ലവം മാത്രമേ നടന്നിട്ടുളളൂ. പരാജയപ്പെട്ട ആ വിപ്ലവധ്വനികൾ Richard Greenfield എന്ന ഗ്രന്ഥകാരന്റെ The Political History of Ethiopia“ വളരെ സമ്യക്കായി ചർച്ച ചെയ്‌തിട്ടുണ്ട്‌. എത്യോപ്യയിൽ നിരോധിക്കപ്പെട്ട ഈ ഗ്രന്ഥം ചക്രവർത്തിയുടെ തെറ്റായ പല നടപടികളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്‌.

1972 ഹെയിലിസാലസ്സിയുടെ മരണം ഒരു കൊലപാതകം തന്നെയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ ജനാധിപത്യത്തിന്റെ ആദർശവും, ചൈതന്യവും ജനങ്ങളിൽ പരത്തി ഭരണം ജനങ്ങൾക്ക്‌ കൈ ഒഴിഞ്ഞായിരുന്നെങ്കിൽ ഒരു പക്ഷേ എത്യോപ്യയുടെ ചരിത്രത്തിന്റെ ഗതിതന്നെ വേറൊന്നായിരിക്കുമായിരുന്നു. അതു ചരിത്രത്തിന്റെ മറ്റൊരു വികൃതി.!

1960-ൽ സ്വാതന്ത്ര്യം പ്രാപിച്ച നൈജീരിയ ആരംഭം മുതലേ ഒരു ധനികരാജ്യമായിരുന്നു. വിദ്യാസമ്പന്നരായ ജനങ്ങൾ ആ നാടിന്റെ അഭിമാനമായിരുന്നു. പക്ഷേ പണത്തോടുള്ള അതിമോഹവും, അത്യാഗ്രഹവും ആ രാജ്യത്തെ നശിപ്പിച്ചുവെന്നുതന്നെ പറയാം.

സമുദായങ്ങൾ തമ്മിൽ നിത്യമായ കലഹത്തിലേർപ്പെട്ടിരിക്കുമ്പോൾ വികസനത്തിന്‌ എന്തു സാദ്ധ്യതയാണുള്ളത്‌? ക്രിസ്‌ത്യാനികളും, മുസ്ലീങ്ങളും തമ്മിലുള്ള അതിയായ സ്‌പർദ്ധ ആ നാടിനെ വികസനമില്ലാത്ത ഒരു രാഷ്‌ട്രമാക്കിമാറ്റിയെന്നു പറയാം.

ബ്രിട്ടീഷ്‌ ഭരണസമയത്തു കിട്ടിയ വിദ്യാഭ്യാസമായിരുന്നു നൈജീരിയായുടെ കൈമുതൽ. പക്ഷേ ഒരു മതേതര രാഷ്‌ട്രമായി ഉയരാൻ പിൽക്കാലത്ത്‌ നൈജീരിയക്ക്‌ കഴിഞ്ഞില്ല.

കഴിഞ്ഞമാസം (ഏപ്രിൽ 2011)-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ക്രിസ്‌ത്യാനിയായ Jonathan വിജയിച്ചു. പക്ഷേ ഇതിന്റെ അമർഷം തോന്നിയ വടക്കൻ നൈജീരിയായിലെ മുസ്ലീം ജനവിഭാഗം ഇപ്പോഴും വിപ്ലവത്തിലും, കൊള്ളിവയ്‌പിലുമാണ്‌. രാജ്യത്തെ, സമാധാനം മുഴുവൻ ഇപ്പോൾ ഏകദേശം പൂർണ്ണമായും നശിച്ചമട്ടിലാണ്‌.

ഏതെങ്കിലും ഒരു യൂറോപ്യൻ രാഷ്‌ട്രത്തിന്റെ നിയന്ത്രണത്തിൽ ഒരു 10 വർഷത്തേക്ക്‌ നൈജീരിയായെ തരം താഴ്‌ത്തിയാൽ ലോകത്തെ ഒരു ഒന്നാംകിട സമ്പന്നരാഷ്‌ട്രമായി വളരാൻ പറ്റിയ Potential (കഴിവ്‌) ഉള്ള ഒരു രാജ്യമാണ്‌ ഇപ്പോൾ ഒരു കൂട്ടം അധികാരമോഹികളുടെ കയ്യിൽ അകപ്പെട്ടിരിക്കുന്നത്‌. ഇത്‌ അത്യന്തം ഖേദകരമായ ഒരു വസ്‌തുതയാണ്‌.

ഇപ്പോഴും നിത്യ ദാരിദ്രത്തിൽ കഴിഞ്ഞുകൂടുന്ന എത്യോപ്യ ആഫ്രിക്കയിലെ ഒരു ദരിദ്ര രാഷ്‌ട്രമായി ഒട്ടും വികസനമില്ലാതെ നിലകൊള്ളുന്നു. യു.എൻ.ന്റെ കാരുണ്യം കൊണ്ടുമാത്രമാണ്‌ ക്ഷാമകാലഘട്ടങ്ങളിൽ (മദ്ധ്യഎത്യോപ്യ) ആ രാജ്യം നിലനിൽക്കുന്നതുതന്നെ. അയൽ രാജ്യമായ സുഡാന്റെ കഥയും ഇതുതന്നെയാണ്‌.

Generated from archived content: ormakalude18.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here