നൈജീരിയയുടെ രാഷ്‌ട്രീയപരവും, സാമൂഹ്യവുമായ വളർച്ചയെ നേതാക്കളുടെ പണത്തോടുള്ള അത്യാർത്തി കെടുത്തിക്കളഞ്ഞു. ആഫ്രിക്കയുടെ പരമോന്നതസ്‌ഥാനത്തെത്തേണ്ട ഈ രാജ്യം ഇപ്പോഴും വളർച്ചയുടെ ആദ്യഘട്ടങ്ങളിൽതന്നെയാണ്. ഇത്രമാത്രം വികസന സാദ്ധ്യതകളുള്ള ഒരു ആഫ്രിക്കൻ രാജ്യം വേറെയില്ലന്നുപറയുന്നതിൽ തെറ്റില്ല.
പെട്രോൾ – പെട്രോൾ!
അനവധി സ്‌ഥലങ്ങളിലായി നൈജീരിയായുടെ പെട്രോൾ ഡെപ്പോസിറ്റുകൾ ചിതറിക്കിടക്കുകയാണ്. ഇതുകൊണ്ടുതന്നെയാണ് ധനസമ്പാദനം നടന്നതും, ഒരു വികസിതരാജ്യത്തെ പോലെതന്നെ ധാരാളം ഇറക്കുമതികളും ചെയ്‌തിരുന്നതും. ഇറക്കുമതി ചെയ്‌തിരുന്ന മുന്തിയതരം അരി, പഞ്ചസാര മുതലായവയായിരുന്നു അദ്ധ്യാപകരായിരുന്ന ഞങ്ങൾ പോലും നിർലോപം ഉപയോഗിച്ചു കൊണ്ടിരുന്നത്.
ഇന്ത്യൻ വ്യാപാരികൾ
ഗുജറാത്തികളായ ഇന്ത്യൻ വ്യാപാരികുടുംബങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ അക്കാലത്ത് ധാരാളമായി ഉണ്ടായിരുന്നു. ചെല്ലാറാംസ് (chellarams), ഭോജ്‌സൺസ് (Bhojsons) ഇവയായിരുന്നു ആ കുടുംബങ്ങൾ. ഞങ്ങൾ ജോലി ചെയ്‌തിരുന്ന കഡുണ നഗരത്തിൽ അദ്ധ്യാപകരായി അനവധി ഇന്ത്യാക്കാരുണ്ടായിരുന്നു. ഭൂരിപക്ഷവും മലയാളികളായിരുന്നു. ഓണം, ക്രിസ്‌മസ് മുതലായ അവസരങ്ങളിൽ എല്ലാവരും കൂട്ടുമുട്ടുമായിരുന്നു. ഞങ്ങളുടെ അടുത്തുള്ള സാറിയ നഗരത്തിലുണ്ടായിരുന്ന മലയാളികളിൽ എൻ.എം.സ്‌റ്റീഫൻ നടുക്കുടി, ആലുവ ദേവസി കിരിയാന്തൻ (ഞാറക്കൽ) മുതലായ വരുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ഫുട്‌ബോൾ ടീമംഗമായിരുന്ന യു.പി. എബ്രഹാം (ഉറുമ്പത്ത് ആലുവ) ഇക്കാലത്ത് അവിടെയുണ്ടായിരുന്നു. പ്രസിദ്ധ ഡോക്‌ടർ മാത്യു തോട്ടാശേരി (ചങ്ങനാശ്ശേരി) സൊക്കോട്ടോ രാജാവിന്റെ പ്രൈവറ്റ് ഡോക്‌ടറായിരുന്നു. ഡോക്‌ടർക്ക് രോഗം വന്നപ്പോൾ അദ്ദേഹത്തെ ഇംഗ്ലണ്ടിലയച്ച് ചികിത്സിക്കാനും മറ്റും ആ രാജാവ് (സുൽത്താൻ) ഇടപാടുകൾ ചെയ്‌തുകൊടുത്തു.
നൈജീരിയൻ സംസ്‌ക്കാരം
ഈ രാജ്യത്തെ സംസ്‌ക്കാരം ഇസ്ലാമിക സംസ്‌ക്കാരമായിരുന്നു. മതനിഷ്‌ഠകൾ ശ്രദ്ധയോടെ പാലിക്കുന്ന അൽഹാജിമാർ (ഇവിടെ ഹാജിയാർ എന്നാണു പറയാറ്) സംസ്‌ക്കാരത്തിന്റെ പ്രതീകങ്ങളായിരുന്നു. പക്ഷേ അവിടെ നിലവിലിരുന്ന ബഹുഭാര്യാത്വം (Polygamy) സമൂഹത്തിന് യാതൊരു നന്മയും ചെയ്‌തില്ല. മിക്കവാറും ഒരു പുരുഷന് (മുസ്ലീം) 4 ഭാര്യമാർ ഉണ്ടായിരുന്നു. അവരുടെകൂടെ താമസിക്കുന്ന ദിവസങ്ങളും മറ്റും വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്‌തുകൊണ്ടിരുന്നത്.
കുടുംബബന്ധങ്ങൾ
ഇന്ത്യൻ സംസ്‌ക്കാരത്തെ & വളരെയധികം ബഹുമാനിക്കുന്ന നൈജീരിയക്കാർ നമ്മുടെ കുടുംബബന്ധങ്ങളെ വളരെയധികം ഇഷ്‌ടപ്പെട്ടിരുന്നു. വീട്ടുകാര്യങ്ങൾ മുഴുവനായി സ്‌ത്രീകളുടെ ചുമതലയാണ്. പുരുഷന്മാർ കൃത്യമായി പണം കൊടുത്താൽ മാത്രം മതിയാകും. കുട്ടികളുടെ വിദ്യാഭ്യാസം കുടുംബപരിരക്ഷണം മുതലായവ സ്‌ത്രീകളുടെ ചുമതലകളാണ്. സർക്കാർ ജോലിനോക്കുന്നവർ നൈജീരിയൻ വനിതകൾ പോലും ഈ വക ജോലിയൊക്കെ ഉത്തരവാദിത്ത്വബോധത്തോടെയാണ് ചെയ്യുന്നത്.
ഇന്ത്യൻ ഡോക്‌ടർമാർ, അദ്ധ്യാപകർ
ഇന്ത്യക്കാരായ ഡോക്‌ടർമാരും, എൻജിനീയർമാരും അദ്ധ്യാപകരും അക്കാലഘട്ടത്തിൽ (1978 – 85) ധാരാളമായുണ്ടായിരുന്നു. അവരുടെ അനുഭവസമ്പന്നമായ സേവനങ്ങളിൽ അന്നാട്ടുകാർ പരിപൂർണ്ണ തൃപ്‌തരുമായിരുന്നു.
ഏറെ വിദ്യാഭ്യാസമുള്ള “യോറുബ” (Yoruba) വർഗ്ഗത്തിൽപെട്ട നാട്ടുകാർക്ക് മാത്രം നമ്മുടെ ആളുകളെ താല്‌പര്യമില്ലായിരുന്നു. അവർക്ക് കിട്ടേണ്ട ജോലിയും, ശമ്പളവും നമ്മൾ തട്ടിയെടുക്കുന്നുവെന്നാണ് അവർ പറഞ്ഞിരുന്നത്.
ഒരു മൈനർ കാറപകടം
ഒരു ദിവസം മറ്റൊരു നൈജീരിയൻ അദ്ധ്യാപകനുമൊത്തു എന്റെ കാറിൽ യാത്രചെയ്‌തപ്പോൾ ഒരു ചെറിയ കൂട്ടിയിടി നടന്നു. എന്റെ തെറ്റായിരുന്നു കാരണം. ശ്രദ്ധയില്ലാതെ കാറോടിച്ച എന്റെ വാഹനം ഒരു നൈജീരിയാക്കാരന്റെ ബെൻസ് കാറിലിടിച്ചു. എന്റെ കാറിന് വളരെ ചെറിയ തോതിൽ മാത്രം ഇടി. പക്ഷേ അദ്ദേഹത്തിന്റെ വിലകൂടിയ ബെൻസ് വാഹനം നിന്നുപോയി. ഇ.സി തകരാറിലായി. ആകെ പ്രശ്‌നമായി.
പക്ഷേ ദയാലുവായിരുന്ന അദ്ദേഹം എന്നോട് കരുണയോടെ പെരുമാറുകയും ഇൻഷ്വറൻസ്‌കാരിൽ നിന്നും പണം കിട്ടാൻ ഉശിരോടെ സഹായിക്കുകയും ചെയ്‌തു. റോട്ടറിക്ലബ്ബിന്റെ ഒരു പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് എന്നെ റോട്ടറി ക്ലബ്ബിൽ വിളിക്കുകയും ഒരു പ്രസംഗത്തിന് ക്ഷണിച്ചുകൊണ്ടുപോകുകയും ചെയ്‌തു. എന്റെ ലളിതമായ സംസാരരീതിയും, വിനയവും, തെറ്റേറ്റുപറഞ്ഞു മാപ്പു ചോദിച്ച രീതിയുമെല്ലാമത്രേ എന്നെ സ്‌നേഹിതനാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച വസ്‌തുതകൾ. ഇന്ത്യൻ സംസ്‌ക്കാരത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ ത്വര എന്നെ അത്ഭുതാധീനനാക്കി.
ഫുട്‌ബോൾകളി നൈജീരിയക്കാർക്ക് ഒരു ഭ്രാന്താണ്. ലോകത്തെ നല്ല ടീമുകളിൽ ഒന്നാണ് നൈജീരിയ. ഒരിക്കൽ ഇന്ത്യൻ റെയിൽവേ ടീം എന്റെ പട്ടണമായ കഡുണയിൽ വന്ന് നൈജീരിയായിൽ ഒരു മൂന്നാംകിട ടീമിനോട് ദയനീയമായി പരാജയപ്പെട്ട കഥ ഞാനിപ്പോഴും ഓർക്കുന്നു. അവരുടെ വളരെയധികം ഫുട്‌ബോൾ താരങ്ങൾ ഇപ്പോൾ ഇന്ത്യയിൽ കൽക്കട്ട മോഹൻ ബഗാൻ, മുഹമ്മദൻ സ്‌പോർട്ടിംഗ്, വിവാ കേരള എന്നീ ടീമുകൾക്കായി കളിക്കുന്നു. ചടുലമായ അവരുടെ ഫുട്‌ബോൾ ശൈലി കാണേണ്ട ഒരു കാഴ്‌ചയാണ്.
ലളിതമായ ജീവിതരീതികൾ
എന്റെ വിദ്യാലയത്തിലെ (അതൊരു Girls High School ആയിരുന്നു) കുട്ടികൾ തന്നെ ആയിരുന്നു അവിടെ പരിസരം വൃത്തിയാക്കൽ, പുല്ലുവെട്ട് മുതലായവ നടത്തിക്കൊണ്ടിരുന്നത്. തങ്ങളുടെ അദ്ധ്യാപകരുടെ ഭവനങ്ങളും വൃത്തിയാക്കുന്നതിൽ ഞങ്ങളെ വളെരെയധികം ഈ കുട്ടികൾ സഹായിച്ചിരുന്നു. ഞങ്ങളുടെ കുടുംബങ്ങളേയും, കുട്ടികളേയും ഇവർ വളരെ അധികം സ്‌നേഹിച്ചിരുന്നു.
കാച്ചിൽ, ഇറച്ചിക്കറി
കാച്ചിൽ (Yams) ആണ് നൈജീരിയാക്കാരുടെ ഇഷ്‌ടഭക്ഷണം. കൂടെ ഇറച്ചിക്കറിയും കൂടി ഉണ്ടെങ്കിൽ ആഹാരം കുശാലായി. ഇറച്ചിക്കറിയുടെ അഭാവത്തിൽ നല്ല ടൊമാറ്റോകറിയും ഉണ്ടായിരുന്നു. ഇവയെല്ലാം അവരുടെ ഹോസ്‌റ്റലിൽനിന്നും പെൺകുട്ടികൾ ഞങ്ങളുടെ വീട്ടിലെത്തിച്ചു തരുമായിരുന്നു. കാച്ചിൽ ഉള്ളദിവസം ഞങ്ങൾ ഉച്ചയ്‌ക്ക് അതുകൊണ്ട് തൃപ്‌തിപ്പെടുമായിരുന്നു. കാച്ചിൽ വിലകൂടിയ ഒരു വസ്‌തുവായിരുന്നു. അരിഭക്ഷണം ഇതിൽ നിന്നും വളരെ ചെലവ് കുറഞ്ഞിരുന്നു. വഴിയരുകിൽ കിട്ടുന്ന കാച്ചിൽ പുഴുങ്ങിയത് അതീവ രുചികരമായിരുന്നു.
സൂയ
ഒരിക്കലും മറക്കാനാവാത്ത ഒരു ഇറച്ചിയിനമായിരുന്നു വഴിയരികിലെ സൂയ. മണ്ണിൽ വച്ച് പുകച്ചെടുത്ത് കമ്പിയിൽ തൂക്കിതരുന്ന സൂയ ഒരനുഭവും തന്നെയായിരുന്നു. ഇതാണ് മുന്തിയ ഹോട്ടലുകളിൽ വിളമ്പുന്ന “ഷീഷ് കബാബ്” എന്നറിയപ്പെടുന്ന വിശിഷ്‌ടവസ്‌തു ഞങ്ങളുടെ കുട്ടികൾ വളരെയധികം ഇഷ്‌ടപ്പെട്ടിരുന്ന “സൂയ”യുടെ കൂടെയുള്ള ചുക്കുകലർത്തിയ പൊടിയുടെ കാര്യമോർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു.
നൈജീരിയായിലെ “സൂയ”യും, ബിയറും ഇഷ്‌ടപ്പെടാത്ത ഒരു ഇന്ത്യനും അവിടെ ഉണ്ടായിരുന്നില്ല എന്നതും ഒരു വസ്‌തുതയാണ്.
Generated from archived content: ormakalude17.html Author: thomasmathew_parakkal