എന്റെ സിന്ദൂരച്ചെപ്പ്‌

1960-ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്യം പ്രാപിച്ച നൈജീരിയായുടെ വളർച്ച ത്വരിതഗതിയിലായിരുന്നു. എവിടെ “തുരന്നൊന്നു നോക്കിയാലും അവിടെല്ലം പെട്രോൾ തന്നെ” നഗരങ്ങൾ വളർന്നുവലുതായി. മറ്റു ആഫ്രിക്കൻ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇവിടെ ജീവിതനിലവാരവും വളരെ ഉയർന്നതാണ്‌. ഒരു ജനാധിപത്യ രാഷ്‌ട്രമായി വളരുവാനുള്ള ഭാഗ്യം നൈജീരിയക്ക്‌ കിട്ടിയില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്ക്‌ അവരുടെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവും വളരെ കുറവാണ്‌.

സർ അബൂബക്കർ തഫേവാബലേവ ഇദ്ദേഹമായിരിന്നു ആദ്യത്തെ പ്രസിഡന്റ്‌. ഒരു ജനാധിപത്യ വിശ്വാസിയായിരുന്ന ബലേവയുടെ കീഴിൽ രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥ വളർന്നു.

അഹമ്മദ്‌ ബെല്ലോ

വളരെ സമ്മതനായ ഒരു ജനനേതാവായിരുന്നു ബെല്ലോ. പല രാഷ്‌ട്രീയ പാർട്ടികളും ഈ കാലഘട്ടത്തിൽ (1970-80) നൈജീരിയായിൽ വളർന്നു. പക്ഷേ ഒട്ടുമുക്കാൽ നേതാക്കൾക്കും ഇന്ന്‌ ഇന്ത്യയിൽ നടക്കുന്നതു പോലുള്ള കട്ടിയായ കൈക്കൂലിയിലും ഫോറിൻ അക്കൗണ്ടുകളിലുമായിരുന്നു കൂടുതൽ ശ്രദ്ധ. അവഗണിക്കപ്പെട്ട ജനത പട്ടാളനേതാക്കളിലൂടെ ആഞ്ഞടിച്ചു. യാക്കൂബ്‌ ഗവാന്റെ നേതൃത്വത്തിലുള്ള പട്ടാള ഗവൺമെന്റ്‌ വളരെ വർഷങ്ങൾ അധികാരത്തിലിരുന്നു. മാറിമാറി വന്ന ഗവൺമെന്റുകളുടെ തലവന്മാരും പണിയാളകളും രാജ്യത്തെ സമ്പത്ത്‌ മുഴുവനും കൊള്ളയടിച്ച്‌ പ്രമുഖമായി അവർ സമ്പത്ത്‌ കടത്തിയത്‌ ഇംഗ്ലണ്ടിലേക്കായിരുന്നു ഇപ്പോഴും നൈജീരിയൻ നേതാക്കളുടേയും പഴയ ഏകാധിപതികളുടേയും കൊട്ടാരസദൃശ്യമായ ഭവനങ്ങൾ ലണ്ടൻ നഗരത്തിലുണ്ട്‌.

ഷേഹുഷഗാറി (Shehu Shagari)

1980-കളുടെ അവസാനത്തിൽ അധികാരത്തിൽ വന്ന ഒരു ഡമോക്രാറ്റ്‌ ആയിരുന്നു ഷഗാറി. സംസ്‌ക്കാരസമ്പന്നനായ ഷെഹുവിന്റെ കാലത്ത്‌ യൂണിവേഴ്‌സറ്റികളും, ഹൈസ്‌കൂളുകളും തഴച്ച്‌ വളർന്നു. യൂണിവേഴ്‌സിറ്റികളിൽ കൂടുതലും വെള്ളക്കാരായിരിന്നു അദ്ധ്യാപകർ. ഹൈസ്‌ക്കൂളുകളിൽ ഇന്ത്യാക്കാരായിരുന്നു ഭൂരിപക്ഷവും പഠിപ്പിച്ചിരുന്നത്‌. ദീർഘമായ 8 വർഷങ്ങൾ അവിടെയായിരിന്നു. ഞങ്ങൾ പഠിപ്പിച്ച പല വിദ്യാർത്ഥികളും ഇന്ന്‌ നൈജീരിയായിൽ ഉന്നതസ്‌ഥാനീയരാണ്‌.

നൈജീരിയായിലെ നഗരങ്ങൾ

ലേഗോസ്‌ ആയിരുന്നു ആദ്യത്തെ തലസ്‌ഥാനനഗരം. വളരെ തിരക്കു പിടിച്ച ഈ നഗരം വളരെ ചെലവേറിയതുമാണ്‌. ഹോട്ടലുകളിൽ നിന്നും മറ്റും ആഹാരം കഴിക്കുവാൻ സമ്പന്നർക്കുമാത്രമേ കഴിയുകയുള്ളൂ.

ലേഗോസ്‌ നഗരത്തിന്റെ വശത്തുകൂടി അറ്റ്‌ലാൻഡിക്‌ സമുദ്രം നീണ്ടുനിവർന്നു കിടക്കുകയാണ്‌. നീലിമ നിറഞ്ഞ അറ്റ്‌ലാന്റിക്കിന്‌ കിരാതമായ കൊളോണിയലിസത്തിന്റെ ദുരന്തകഥകൾ ഏറെ പറയാനുണ്ടാകും. നീണ്ടുകിടക്കുന്ന ലേഗോസ്‌ ബീച്ചിൽ പോയി ഇരുന്ന്‌ സൊറ പറയാൻ നല്ലരസം തന്നെ. സായാഹ്‌നങ്ങളിൽ അസ്‌തമന സൂര്യന്റെ സൗന്ദര്യത്തിൽ പ്രശോഭിച്ചുനിൽക്കുന്ന ലേഗോസ്‌ നഗരം ഒരു മനോഹര കാഴ്‌ചതന്നെയാണ്‌. രാത്രിയായാൽ ആയിരക്കണക്കിന്‌ വാഹനങ്ങളാണ്‌ ലേഗോസ്‌ തെരുവീഥികളിൽ. നൃത്തനൃത്യങ്ങളും, അലസരാത്രികൾ ആസ്വദിക്കാനുള്ള ചിലവ്‌ കൂടിയ സ്‌ഥലങ്ങളും ധാരാളം. ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സുന്ദരികൾ ലേഗോസിലെ നിരവധി നൈറ്റ്‌ ക്ലബ്ബുകളിലുണ്ട്‌. സമീപരാജ്യമായ ഘാനായിൽ നിന്നും ധാരാളം സ്‌ത്രീകൾ ഇവിടെ വന്ന്‌ താമസിക്കുന്നുണ്ട്‌. പാതിരാകഴിഞ്ഞാലും നിശാക്ലബ്ബുകൾ സജീവമാണ്‌.

നല്ല ബാൻഡുമേളവും, ആംഗ്ലേയ സംഗീതവും ലേഗോസിനെ ആകർഷകമാക്കുന്നു.

വളരെ ചെലവേറിയ നിശാക്ലബ്ബുകളിലും ധാരാളം ജനങ്ങളെ നമുക്ക്‌ കാണുവാൻ സാധിക്കുമെന്നത്‌ ഒരു പ്രത്യേകതയാണ്‌.

മോഷണവും, കൊള്ളക്കാരുടെ ശാഠ്യവും

വാഹനമോഷ്‌ടാക്കളുടെ നഗരമാണ്‌ ലേഗോസ്‌. കൂടാതെ തെരുവുകളിൽ ആളുകളെ തടഞ്ഞു നിറുത്തികൊള്ളയടിക്കലും നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ അടിവസ്‌ത്രങ്ങളിലും മറ്റുമാണ്‌ ഞങ്ങൾ പണം സൂക്ഷിച്ചിരുന്നത്‌. സ്‌ത്രീകളും രാത്രിസമയത്ത്‌ സുരക്ഷിതരല്ല.

കാനോ, കഡുണ, സാറിയ, അബുജ ഇവയാണ്‌ പ്രധാന നഗരങ്ങൾ. ഇപ്പോഴത്തെ തലസ്‌ഥാനം സുന്ദരമായ അബുജാ നഗരമാണ്‌. 1986-ൽ പൂർത്തിയായ ഈ നഗരം ഗാംഭീര്യമുള്ള ഒരു നഗരമാണ്‌. ലേഗോസിനടുത്തുതന്നെയാണ്‌ ഈ നഗരം. വളരെ ചെലവേറിയ വേറൊരു നഗരമാണിതും.

ഈ നഗരങ്ങളിൽ ആ കാലഘട്ടത്തിൽ ധാരാളം ഇന്ത്യൻ അദ്ധ്യാപകരുണ്ടായിരുന്നു. (1970 – 1987) രണ്ടു മൂന്ന്‌ യൂണിവേഴ്‌സിറ്റികളും, അനേകം നല്ല രീതിയിൽ നടത്തുന്ന സ്‌ക്കൂളുകളും അവിടെയുണ്ട്‌. ബ്രിട്ടീഷ്‌ ഭരണ കാലത്തുവന്ന ക്രിസ്‌ത്യൻ മിഷണറിമാർ കൂടുതലും ഇംഗ്ലണ്ട്‌, അയർലണ്ട്‌ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു.

മേൽപറഞ്ഞ നഗരങ്ങളിലെല്ലാം നല്ലരീതിയിൽ മിഷനറിമാർ സ്‌ക്കൂളുകളും, ആശുപത്രികളും നടത്തിയിരുന്നു.

കഡുണ

എട്ടുകൊല്ലം ഞങ്ങൾ കുടുംബമായി ജീവിച്ച നഗരമാണ്‌ കഡുണ. വളരെ നിസ്സാരവിലക്കാണ്‌ അന്നു ഞങ്ങൾ സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്നത്‌. മോട്ടോർകാർ മുതൽ മൊട്ടുസൂചിവരെ ‘ഫോറിൻ’ ആയിരുന്നു. പഞ്ചസാര (ബ്രസീൽ), അരിമുതലായവയുടെ വില നമ്മുടെ കൈയ്യിൽ ഒതുങ്ങുന്നതായിരുന്നു. ചാക്കുകളായി ആണ്‌ ഞങ്ങൾ ഇതെല്ലാം വാങ്ങിയിരുന്നത്‌.

മീൻ കോഴിയിറച്ചി ഇവയെല്ലാം നിസ്സാരവിലയ്‌ക്ക്‌ കിട്ടിക്കൊണ്ടിരുന്നു.

വിമാന കമ്പനികൾ നമ്മുടെ വീട്ടിൽ വന്നാണ്‌ ടിക്കറ്റ്‌ തന്നിരുന്നത്‌. ചുരുക്കത്തിൽ 1978 മുതൽ 1987 വരെ യാതൊരുവിധ വിഷമതകളും അനുഭവിക്കാതെ ഞങ്ങൾ അവിടെ കഴിഞ്ഞുകൂടി. ആ കാലഘട്ടത്തിൽ സമ്പദ്‌ഘടനയും ശക്തിയുള്ളതായിരുന്നു.

ക്വീൻ അമീനാ കോളേജ്‌

ഇവിടെ ദീർഘമായ 8 വർഷങ്ങൾ ഞാൻ അദ്ധ്യാപകനായിരുന്നു. എസ്സൻസ്‌ (ESS ENCE INTL) എന്ന ഒരു അമേരിക്കൻ സ്‌ക്കൂളിലായിരുന്നു എന്റെ ഭാര്യ ജോലി ചെയ്‌തിരുന്നത്‌. എന്റെ രണ്ടു കുട്ടികളുടേയും പ്രാഥമിക വിദ്യാഭ്യാസം നൈജീരിയായിലായിരുന്നു. നല്ല രീതിയിൽ നടത്തുന്ന സ്‌കൂളുകൾ ഈ രാജ്യത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ഈ സൗകര്യങ്ങൾ എത്യോപ്യായിൽ തീർത്തും ഇല്ലായിരുന്നു.

ക്വീൻ അമീനാ കോളജ്‌ ഇംഗ്ലീഷ്‌ കന്യാസ്‌ത്രീകളായിരുന്നു നടത്തിയിരുന്നത്‌. അന്നതിന്റെ പേര്‌ “ക്വീൻ ഓഫ്‌ അപ്പോസിൽസ്‌” എന്നായിരുന്നു. (Queen of Apostles) – ക്വീൻ അമീനാ എന്ന രാജ്ഞി നൈജീരിയായിലെ ഒരു ജനനായികയായിരുന്നു. യുദ്ധകലയിൽ പ്രവീണയായിരുന്ന അമീനാ രാജ്ഞി ബ്രിട്ടീഷുകാർക്കെതിരെ പല സമരങ്ങളും നയിച്ചിട്ടുണ്ട്‌. നല്ല രീതിയിൽ ഉത്തമശിക്ഷണത്തിൽ വളരുന്ന പെൺകുട്ടികളാണ്‌ ഈ വിദ്യാലയത്തിന്റെ മുതൽകൂട്ട്‌ – സമ്പന്ന ഭവനങ്ങളിൽ നിന്നുമുള്ള കുട്ടികളായിരുന്നു ഭൂരിപക്ഷവും. ആയിരം വിദ്യാർത്ഥിനികളും, അദ്ധ്യാപകരുടെ വീടുകളും കൂടി ഏകദേശം 25 ഏക്കറിൽ പരന്നു കിടക്കുന്ന പുരാതനമായ ഈ വിദ്യാലയം കഡുണ നഗരത്തിന്റെ തിലകക്കുറിയാണ്‌. ഇതു കൂടാതെ ആൺകുട്ടികൾക്കുള്ള പ്രസിദ്ധമായ റിമികോളേജും (Rimi College) ഈ നഗരത്തിലുണ്ട്‌. കൂടാതെ ഏകദേശം പത്ത്‌ ഹൈസ്‌കൂളുകൾ ഈ നഗരത്തിന്റെ വിവിധഭാഗങ്ങളിലായി ഉണ്ട്‌. അവിടെ ഇപ്പോൾ ഇന്ത്യൻ അദ്ധ്യാപകരില്ല.

സംഗീതവും, ഫുട്‌ബോൾകളിയും

നൈജീരിയൻ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണിവ. സംഗീതത്തിൽ പ്രവീണരായ നാട്ടുകാർ കൂടുതലും ആംഗ്ലേയ സംഗീതമാണ്‌ ഇഷ്‌ടപ്പെടുന്നത്‌. (എത്യോപ്യയിൽ നാടൻ സംഗീതത്തിനായിരുന്നു പ്രസക്തി)

നൈജീരിയായുടെ ഫുട്‌ബാൾ ടീം ലോകപ്രസിദ്ധമാണല്ലോ. ആഫ്രിക്കയിലെ ഏറ്റവും നല്ല ഫുട്‌ബോൾ ടീം നൈജീരിയക്ക്‌ സ്വന്തം.

Generated from archived content: ormakalude16.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here