മറ്റുള്ള ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന നൈജീരിയായിൽ ജനങ്ങൾ ജനാധിപത്യവ്യവസ്‌ഥയിൽ വിശ്വസിച്ചിരുന്നു. 1960-ൽ സ്വാതന്ത്ര്യം നേടിയ ഈ രാജ്യം പലപ്പോഴായി പട്ടാളഗവൺമെന്റുകളുടെ അഴിമതി ഭരണത്തിൽ വളരെയധികം കഷ്‌ടപ്പെട്ടു. ദൈവം കനിഞ്ഞുനൽകിയ പെട്രോൾ രാജ്യത്തിന്റെ പുരോഗമനത്തിനായി ഉപയോഗിക്കാൻ മാറിമാറിവന്ന പട്ടാളഗവൺമെന്റുകൾക്ക് സാധിച്ചില്ല.
ജനാധിപത്യഭരണം
സാത്വികനായ ഷെഹു ഷ ഗാറിയുടെ നേതൃത്വത്തിൽ വന്ന (82 – 84) ജനാധിപത്യ ഗവൺമെന്റ് ദുരാഗ്രഹികളായ പട്ടാള ജനറലുകളുടെ കീഴിൽ നശിപ്പിക്കപ്പെട്ടു. അഴിമതി വീരന്മാരായ ധാരാളം “ജനനേതാക്കളും” നൈജീരിയായിലുണ്ടായിരുന്നു. പല പട്ടാള വിപ്ലവങ്ങളുടെ ഇടയിൽ രാജ്യവും, ജനങ്ങളും ഞെരുങ്ങി.
1980-ൽ തകർന്ന ധനവ്യവസ്‌ഥ
ഈ തകർച്ചക്ക് കാരണം നൈജീരിയൻ നേതാക്കളുടെ സ്വതഃസിദ്ധമായ പണത്തോടുള്ള ആസക്തി മാത്രമായിരുന്നു. ചക്കരക്കുടത്തിൽ കൈയ്യിട്ട് മധുരം നുണഞ്ഞുകൊണ്ടിരുന്ന നേതാക്കൾ തികച്ചും രക്തദാഹികളായ കുടില മനസ്‌ക്കരായിരുന്നു. ക്രമേണ രാജ്യത്തെ സാമ്പത്തികാവസ്‌ഥ പരുങ്ങലിലായി.
ഇറക്കുമതികൾ
എല്ലാ നിത്യോപയോഗസാധനങ്ങളും ധാരാളമായി ഇറക്കുമതി ചെയ്‌തുകൊണ്ടിരുന്ന നൈജീരിയായിൽ 1983 – 84 കളിൽ ഒന്നും തന്നെ കിട്ടാതെയായി. ടൂത്ത്‌പേസ്‌റ്റു മുതൽ പാചകത്തിനുപയോഗിക്കുന്ന ‘എണ്ണ’ വരെ ഇറക്കുമതി ചെയ്‌തുകൊണ്ടിരുന്ന നൈജീരിയായിൽ കരിയെണ്ണവരെ ജനങ്ങൾ ഉപയോഗിക്കേണ്ടിവന്നു. വഴിയരികിലിരുന്ന് ഈ അഴുക്കു പുരണ്ട എണ്ണ വിൽക്കുന്നവരിൽ നിന്ന് ഇന്ത്യക്കാരുൾപ്പടെ എല്ലാവരും എണ്ണവാങ്ങേണ്ടിവന്നു. നിത്യോപയോഗസാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചു. അരി, പഞ്ചസാര, ഇറച്ചി പഴവർഗ്ഗങ്ങൾ ഇവ ലഭിക്കുവാൻ ക്യൂ നിൽക്കേണ്ട ദുരവസ്‌ഥ ഉണ്ടായി. വളരെ നിസ്സാര വിലക്ക് കിട്ടിക്കൊണ്ടിരുന്ന കോഴി, മീൻ ഇവയുടെ വില കുത്തനെ കൂടി.
ഒരു വലിയ സാമ്പത്തിക തകർച്ചയിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന രാജ്യത്തെ രക്ഷിക്കുന്നതിനു പകരം ജനദ്രോഹികളായ നേതാക്കൾ ശ്രമിച്ചത് (ഇന്ത്യയിലും കഥ ഇതുതന്നെയാണല്ലോ) സ്വിറ്റ്‌സർലണ്ടിലേക്കും ഇംഗ്ലണ്ടിലേക്കും വൻതുകകൾ കടത്തി സ്വന്തം സ്‌ഥിതി മെച്ചമാക്കുകയായിരുന്നു പലരും. ഇംഗ്ലണ്ടിലേക്ക് കുടിയേറി പാർത്തു ജനങ്ങളുടെ പണവുമായി.
സ്വർണ്ണം പൂശിയ ബാത്ത് ടബ്ബ്
പല നൈജീരിയൻ നേതാക്കളും ഇതിനിടയിൽ ഇംഗ്ലണ്ടിൽ സ്‌ഥിര താമസമാക്കി. ആഡംബരജീവിതം നയിച്ചുകൊണ്ടിരുന്ന ഇവരിൽ ഒരു നേതാവിന്റെ ഭവനസന്ദർശനത്തിനു ചെന്ന ഒരു പത്രപ്രവർത്തകൻ ആ വീട്ടിലെ പല ആഡംബര വസ്‌തുക്കൾക്കിടയിൽ സ്വർണ്ണം പൂശിയ കുളിമുറിയിലെ ബാത്ത് ടബ്ബ് കണ്ട് അത്ഭുതപ്പെട്ടു. അവരിൽ പലരും അവിടെ ജീവിച്ച് അവിടെ തന്നെ മരിച്ചു. ഇതുവായിക്കുമ്പോൾ നമ്മുടെ നാട്ടിലെ അഴിമതി “രാജാക്കന്മാരുടെ കാര്യമോർത്തു നിങ്ങൾ പുഞ്ചിരിക്കുന്നുണ്ടാവാം. അഴിമതിയുടെ കാര്യത്തിൽ നമ്മുടെ രാജ്യവും ഒട്ടും പിന്നിലല്ലല്ലോ.!
പരക്കെയുള്ള ഈ അഴിമതി നൈജീരിയയുടെ ഭാവിയെസാരമായി ബാധിച്ചു. പല ഗവൺമെന്റ് സ്‌ഥാപനങ്ങളിലും കൈക്കൂലി കൊടുത്താൽ എന്തു തിരിമറിയും നടത്താമായിരുന്നകാലത്താണ് ഞാനവിടെ ജീവിച്ചത്. നീണ്ട എട്ടുകൊല്ലം (1978- 1986) എന്നെ പല ജീവിത സത്യങ്ങളും പഠിപ്പിച്ചു.
എത്യോപ്യായും, നൈജീരിയായും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. സത്യസന്ധരും, നല്ലവരുമായ എത്യോപ്യൻ ജനങ്ങൾ ഒരിക്കലും പൊതുമുതൽ മോഷ്‌ടിച്ചിരുന്നില്ല. കൈക്കൂലി എന്തെന്നുതന്നെ അവരറിഞ്ഞിരുന്നില്ല. ലളിതമായ ജീവിതശൈലി പിന്തുടർന്ന എത്യോപ്യക്കാർ ഒരിക്കലും ദുരാഗ്രഹികളായിരുന്നില്ല.
ഇതിന്റെയെല്ലാം നേരേ വിപരീതശൈലിയായിരുന്നു നൈജീരിയൻ ജനങ്ങളുടേത്. ധാരാളം മോഷ്‌ടാക്കളും കൊള്ളക്കാരും നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ അലസജീവിതം നയിച്ചുകൊണ്ടിരുന്നു. ഇവർക്കെല്ലാം തന്നെ പോലീസിന്റെ പ്രത്യക്ഷമായ സഹായവുമുണ്ടായിരുന്നു.
എന്റെവീട്ടിലെ ടയർ കവർച്ച
എല്ലാവരും തന്നെ അവരവരുടെ വീടുകളുടെ മുമ്പിലായിരുന്നു കാറുകൾ പാർക്ക് ചെയ്‌തുകൊണ്ടിരുന്നത്. സുരക്ഷിതമായ ഷെഡ്‌ഡുകൾ ഇല്ലായിരുന്നു.
ഒരു രാത്രിയിൽ അപശബ്‌ദങ്ങൾ ധാരാളം കേട്ടെങ്കിലും ഭീതിമൂലം വാതിൽ തുറന്നുനോക്കിയില്ല. പിറ്റേദിവസം പ്രഭാതത്തിൽ ഒരു വശത്തെ രണ്ടു ടയറുകളും മാറ്റപ്പെട്ട എന്റെ പ്രിയങ്കരനായ കാർ ഒരു വശത്തേക്ക് ചെരിഞ്ഞുകിടക്കുന്ന കാഴ്‌ചയാണ് കണ്ടത്. പത്തു ദിവസത്തിനകം അടുത്ത രണ്ടു ടയറുകളും മോഷ്‌ടിക്കപ്പെട്ടു. ഇതായിരുന്നു നൈജീരിയായിലെ സുരക്ഷിതത്വം!!! പക്ഷേ സൗത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബർഗിലും മറ്റും കൊള്ളക്കാരുടെ കൂത്താട്ടമാണ് നടക്കുന്നത്. വീടുകയറി ആക്രമണം മുതലായ അതിക്രമങ്ങളും അവിടത്തെ സ്‌ഥിരം സംഭവങ്ങളാണ്. ഞങ്ങൾ താമസിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ സുരക്ഷിതത്വത്തിന് ഒന്നാം സമ്മാനം എത്യോപ്യക്കുതന്നെ. മോഷണമില്ലാത്ത രാജ്യമാണ് എത്യോപ്യാ, ദരിദ്രരെങ്കിലും ആത്‌മാഭിമാനത്തിന്റെ ആൾരൂപങ്ങളായിരുന്നു ആ നാട്ടുകാർ.
നൈജീരിയൻ യൂണിവേഴ്‌സിറ്റികൾ, സെക്കന്ററി സ്‌കൂളുകൾ
വളരെ ശ്രദ്ധയോടുകൂടി, ചിട്ടയായി നടത്തുന്ന വിദ്യാഭ്യാസസ്‌ഥാപനങ്ങൾ ഒരു വസ്‌തുതയാണ് 22 സംസ്‌ഥാനങ്ങളുണ്ടായിരുന്ന (1987 വരെ) രാജ്യത്ത് പല യൂണിവേഴ്‌സിറ്റികളുണ്ടായിരുന്നു. അന്നത്തെ തലസ്‌ഥാനമായ ലേഗോസ് (Lagos) ഒരു വലിയ നഗരമാണ്. ആളുകൾ തിങ്ങിപാർക്കുന്ന ഈ നഗരം ലോകത്തിലെ ചിലവ് കൂടിയ നഗരങ്ങളിൽ പെടുന്നു. ഹോട്ടലുകളും മറ്റു സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇന്ന് അബുജ (ABUJA)യാണ് തലസ്‌ഥാനം.
ചോറും, മീൻകറിയും
പല കാര്യങ്ങൾക്കായി ലേഗോസിൽ പോകേണ്ടിവരും. ഞങ്ങൾക്ക് അങ്ങനെ പോയി പല ദിവസങ്ങൾ താമസിക്കേണ്ടിവന്നപ്പോൾ ഒരിക്കൽ ഞാൻ വളരെ കുറഞ്ഞ വിലയ്‌ക്ക് ഉച്ച ആഹാരം ലഭിക്കുന്ന ഒരു സ്‌ഥലം കണ്ടുപിടിച്ചു. നൈജീരിയൻ വീട്ടമ്മമാർ വിൽക്കുന്ന ചോറും, മീൻകറിയും. നമ്മുടെ മീൻകറിപോലെ തന്നെ വളരെ രുചികരമായ മീൻകറിക്കും, ഊണിനും കേവലം രണ്ടുനയാറാ (ഏകദേശം 32 രൂപ) വിലമാത്രം. അറ്റ്‌ലാന്റിക്ക് സമുദ്രത്തിൽനിന്നും പിടിച്ച നല്ല കടൽ മത്സ്യമായിരുന്നു ഇത്.
കാലാവസ്‌ഥ
കേരളത്തിന്റെ പോലെ തന്നെയുള്ള ഉഷ്‌ണകാലാവസ്‌ഥയാണ് ഈ രാജ്യത്തെയും കൂടാതെ കൊച്ചിയിലേക്കാളും കൂടുതൽ കൊതുകുകൾ നൈജീരിയയിലുണ്ട്. 5 മിനിറ്റ് ഫാൻ കറങ്ങിയില്ലെങ്കിൽ ഇവറ്റുകളുടെ ക്രൂരമായ പിടിയിൽ നമ്മൾ അമരും. ഫലം മലേറിയ തന്നെ!
ആദ്യമെല്ലാം രാജ്യം സമ്പന്നമായിരുന്നപ്പോൾ കിടക്ക, തലയിണ മുതൽ കട്ടിൽ, കൊതുകു വലവരെ ഗവൺമെന്റ് ഞങ്ങൾക്ക് സൗജന്യമായി നൽകിക്കൊണ്ടിരുന്നു. കൂടാതെ ഞങ്ങൾ നൈജീരിയിൽ എത്തിയകാലം (1978) ആ രാജ്യത്തിന്റെ സുവർണ്ണയുഗമായിരുന്നു. അദ്ധ്യാപകരായ ഞങ്ങൾക്കുപോലും ആഗ്രഹിക്കുന്ന വിവിധയിനം കാറുകൾ തവണ വ്യവസ്‌ഥയിൽ വാങ്ങുവാൻ സാധിക്കുമായിരുന്നു. ഫോക്‌സ് വാഗൺ, പീഷോ തുടങ്ങിയ മുന്തിയയിനം കാറുകൾ യഥേഷ്‌ടം വാങ്ങുവാൻ വിദ്യാഭ്യാസവകുപ്പ് ഞങ്ങളെ അനുവദിച്ചിരുന്നു. പക്ഷേ 1980-ൽ ആരംഭിച്ച സാമ്പത്തികാധഃപതനം രാജ്യത്തെ ആകാമാനം വളരെ മോശമായി ബാധിച്ചു. ഇതിനകം ധാരാളം ഇന്ത്യാക്കാർ നൈജീരിയ വിട്ട് സൗത്ത് ആഫ്രിക്ക മുതലായ രാജ്യങ്ങളിലേക്ക് ചേക്കേറി.
Generated from archived content: ormakalude15.html Author: thomasmathew_parakkal