സുഗന്ധവാഹിയായ എന്റെ സിന്ദൂരച്ചെപ്പിൽ ഇനിയും മണിമുത്തുകൾ ധരാളമുണ്ട്.
ലാവണ്യം തുളമ്പുന്ന എത്യോപ്യയോട് ഞാൻ 1978-ൽ യാത്രപറഞ്ഞു. എന്നെന്നും ഓർമ്മകളിൽ തങ്ങിനിൽക്കുന്ന ആ രാജ്യം ഒരു പറുദീസ തന്നെയായിരുന്നു. മാനവസംസ്‌കാരത്തിന്റെ ഔന്നത്യമായി ചുണ്ടിക്കാണിക്കാവുന്നത് ജനങ്ങളുടെ ലാളിത്യമാർന്ന ജീവിതചര്യയാണ്.
1978-ൽ എത്യോപ്യയോട് യാത്രപറഞ്ഞ് ഞാനും കുടുംബവും ചേക്കേറിയത് നൈജീരിയയിലേക്കായിരുന്നു. ഏകദേശം 800 ഇന്ത്യൻ കുടുംബങ്ങൾ ആ രാജ്യത്തുണ്ടായിരുന്നു. ഒരു ധനിക ആഫ്രിക്കൻ രാഷ്‌ട്രമായിരുന്നു നൈജീരിയ. നൈജർ എന്ന നദിയിൽ നിന്നുമാണ് “നൈജീരിയ” എന്ന പേരിന്റെ ഉത്ഭവം. എത്യോപ്യയെപോലെ സംസ്‌കാരത്തിന്റെതായ ഒരു പഴയ ചരിത്രം നൈജീരിയക്കില്ല. 1960-ലാണ് ഈ രാജ്യത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും മോചനം ലഭിച്ചത്. വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ ജനാധിപത്യം ഈ രാജ്യത്ത് പരാജയപ്പെട്ടു. പെട്ടെന്നുകിട്ടിയ സ്വാതന്ത്ര്യം ആവോളമാസ്വദിക്കാൻ സർക്കാരിനെ നയിച്ചുകാണ്ടിരുന്ന പ്രിസിഡന്റുമാർ മുതിർന്നതോടെ നൈജീരിയായുടെ ഇക്കണോമി തകർന്നു തരിപ്പണമായി. സർതഫേവാ ബലേവ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. സംസ്‌കാരകുതുകിയും, ആദർശവാനുമായിരുന്നു അദ്ദേഹം ജനതയ്‌ക്ക് ഉത്തമമായ വിദ്യാഭ്യാസം നൽകാൻ ശ്രമിച്ചു.
ഇതിനായി അനവധി ഇന്ത്യൻ അദ്ധ്യാപകരെ അദ്ദേഹം നിയമിച്ചു. കേരളത്തിലെ കോളേജുകളിൽ നിന്നുള്ള അദ്ധ്യാപകരായിരുന്നു ഇവരിൽ പലരും. നൈജീരിയായിലെ പല യൂണിവേഴ്‌സിറ്റികളിലും വിദേശ അദ്ധ്യാപകരായിരുന്നു. യൂറോപ്പിൽ നിന്നും, അമേരിക്കയിൽ നിന്നുമെല്ലാം ധാരാളം അദ്ധ്യാപകർ നൈജീരിയായിലെ വിദ്യാഭ്യാസരംഗത്തെ വളരെയധികം സഹായിച്ചു.
മികച്ച സർവ്വകലാശാലകൾ
1960-ന് മുമ്പുതന്നെ നൈജീരിയായിൽ ധാരാളം യൂണിവേഴ്‌സിറ്റികളുണ്ടായിരുന്നു. നൈജീരിയൻ അദ്ധ്യാപകരും ധാരാളമായി ഉണ്ടായിരുന്നു. തെക്കൻ നൈജീരിയായിലുള്ള യോറുബ (YORUBA) വർഗ്ഗത്തിൽ പെട്ടവരാണ് വിദ്യാഭ്യാസപരമായി മേൽക്കൈ ഉണ്ടായിരുന്നവർ. ഇവർ അധികവും ക്രിസ്‌തുമതാനുയായികളായിരുന്നു. ഹൗസാ (HAUSA) വർഗ്ഗത്തിൽപ്പെട്ടവർ. വടക്കൻ നൈജീരിയായിലാണ് ജീവിച്ചിരുന്നത്. ഇവർ മുസ്ലീം മതാനുയായികളായിരുന്നു. അന്ന് ഇവർ തമ്മിൽ കലഹങ്ങളുണ്ടാക്കുന്നവരായിരുന്നു. പലപ്പോഴും ഭീകരമായ കൊലപാതകങ്ങളോടെയുള്ള അക്രമങ്ങളിലേക്ക് നീങ്ങുമായിരുന്നു. ഉൾപ്പോരുകൾ എത്യോപ്യായിൽ നിന്നുവന്ന ഞങ്ങൾക്ക് പുതുമയായിരുന്നു. 1987 കഴിഞ്ഞുള്ള മതകലഹങ്ങളിൽ അനേകായിരങ്ങൾ കൊല്ലപ്പെടുകയുണ്ടായി.
നല്ല നേതാക്കളുടെ അഭാവം
ഇതായിരുന്നു നൈജീരിയായുടെ ശാപം. ഉള്ളതെല്ലാം തൂത്തുവാരി ഇംഗ്ലണ്ടിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ കുത്തിനിറയ്‌ക്കയായിരുന്നു ഈ നേതാക്കളുടെ പ്രധാന ജോലി. ഇതു മൂലം കമ്പനികളും, ബാങ്കുകളും തകർന്നു. രാജ്യത്തിന്റെ ധനസ്‌ഥിതി തകരാറിലായി. പല രാഷ്‌ട്രീയ നേതാക്കളും രാജ്യം വിട്ടു – രാജ്യത്തെ കൊള്ളയടിച്ച പണവുമായി!
പട്ടാള ഭരണം
ഭരണം പട്ടാളം ഏറ്റെടുത്തതോടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. എവിടെ കുഴിച്ചാലും പെട്രോൾ കിട്ടുന്ന ഏക ആഫ്രിക്കൻ രാജ്യമായ നൈജീരിയ സ്വഭാവ മഹിമയില്ലാത്ത കപട നേതാക്കളുടെ കളിപ്പാട്ടമായി മാറി – ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജീരിയായിലെ ജനത കഷ്‌ടത്തിലായി.
യാക്കൂബ് ഗവാൻ
പട്ടാളത്തലവന്മാരുടെയിടയിൽ മിടുക്കനായ ഒരു നേതാവായിരുന്നു ജനറൽ യാക്കൂബ് ഗവാൻ (Yakub Gawan). പക്ഷേ കൈക്കൂലിയുടേയും, കെടുകാര്യസ്‌ഥതയുടേയും ആൾരൂപങ്ങളായിരുന്നു മറ്റുള്ള പട്ടാളനേതാക്കൾ.
1978
നൈജീരിയായുടെ ചരിത്രത്തിലെ ഒരു സുവർണ്ണകാലമായിരുന്നു 1978വരെയുള്ള 18 വർഷക്കാലം. (1960-1978) പെട്രോളിന്റെ ശക്തികൊണ്ട് രാജ്യമാകെ മുന്നേറി. ധാരാളം സ്‌കൂളുകൾ ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. കൂടെ യൂണിവേഴ്‌സിറ്റികളും.
വിദ്യാഭ്യാസയോഗ്യതയുള്ള മിടുക്കന്മാരായ ധാരാളം നൈജീരിയൻ അദ്ധ്യാപകർ യൂണിവേഴ്‌സിറ്റികളിൽ പഠിപ്പിച്ചിരുന്നു.
അഹമ്മദ് ബെല്ലോ (Ahmed Bello) യൂണിവേഴ്‌സിറ്റി, സാറിയ (ZARIA) വടക്കൻ നൈജീരിയായിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. സാറിയായിൽ ഉണ്ടായിരുന്ന അഹമ്മദ് ബെല്ലോ യൂണിവേഴ്‌സിറ്റി പ്രശസ്‌തനായ പഴയ പ്രസിഡന്റ് അഹമ്മദ് ബെല്ലോയുടെ പേരിൽ അനേകം സ്‌ഥാപനങ്ങൾ വടക്കൻ നൈജീരിയായിൽ ഉണ്ട്. യൂണിവേഴ്‌സിറ്റിക്ക് പുറമെയുള്ള അഹമ്മദ് ബെല്ലോ ആശുപത്രി, കഡുണ നഗരത്തിന്റെ തിലകക്കുറിയായിരുന്നു. ഈ നഗരത്തിൽ തന്നെയുള്ള അഹമ്മദ് ബെല്ലോ സ്‌റ്റേഡിയം ടൂർണമെന്റുകളുടെ ഒരു ഈറ്റില്ലമായിരുന്നു.
ധാരാളം നൈജീരിയൻ ഡോക്‌ടർമാർ, അദ്ധ്യാപകർ, മാധ്യമ പ്രവർത്തകർ ഇവ നൈജീരിയായെ എത്യോപ്യയിൽ നിന്നും വ്യത്യസ്‌തമാക്കി. ഉറപ്പുള്ള ഒരു ഭരണഘടനയും, നാടിനെ നയിക്കാൻ സ്വഭാവശുദ്ധിയുള്ള ഒരു കൂട്ടം നേതാക്കളും ഉണ്ടെങ്കിൽ തീർച്ചയായും നൈജീരിയായ്‌ക്ക് ഇനിയും ഒരു സുവർണ്ണഭാവി ഉറപ്പാണ്.
Generated from archived content: ormakalude14.html Author: thomasmathew_parakkal
Click this button or press Ctrl+G to toggle between Malayalam and English