അസ്‌മാറായിലെ ഇറ്റാലിയൻ സംസ്‌കാരത്തോട് ഞങ്ങൾ 74-ൽ യാത്രപറഞ്ഞു പോയത്. എത്യോപ്യയുടെ തലസ്‌ഥാനമായ ആഡിസ് അബാബയിലേക്കാണ്.
സോളമന്റെ രാജവംശവും അല്‌പം ചരിത്രവും
ചരിത്രാതീത കാലത്ത് ബുദ്ധിമാനായ സോളമൻ ചക്രവർത്തിയെ സന്ദർശിക്കുവാനായി എത്യോപ്യായിലെ രാജ്ഞിയും, സുരസുന്ദരിയുമായ ഷീബാ രാജ്ഞി ഇസ്രായേലിൽ എത്തി. രാജാവിന്റെ സാമർത്ഥ്യത്തിൽ മയങ്ങിയ ഷീബാരാജ്ഞി പക്ഷേ സോളമന്റെ വിവാഹാഭ്യർത്ഥന പാടേ നിരസിച്ചു.
വിവാഹത്തിൽ ഉപ്പിന്റെ പങ്ക്
നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടാകാം. ഇല്ലേ? പക്ഷേ ഉപ്പിന്റെ സാമർത്യവിശേഷം കൊണ്ടാണ് ഈ സന്ദർശനം മെനലിക്ക് (MENELIK) എന്ന രാജകുമാരന്റെ ജന്മത്തിനിടം കൊടുത്തത്. വിവാഹാഭ്യർത്ഥന നിരസിച്ച ഷീബാരാജ്ഞിയോട് സോളമൻ ഒരു “കല്‌പന” പുറപ്പെടുവിച്ചു. അദ്ദേഹം പറഞ്ഞു. “രാജ്ഞി എന്റെ പ്രേമാഭ്യർത്ഥന നിരസിച്ചു. സാരമില്ല.” എന്നാൽ എന്റെ കൊട്ടാരത്തിൽ നിന്നും എന്റെ അനുവാദം കൂടാതെ യാതൊരു വസ്‌തുവും എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.“ പുഛരസത്തോടെ ഈ കല്‌പനയെ നേരിട്ടു. രാജ്ഞിയ്‌ക്കു അന്നു രാത്രി വളരെ ഗംഭീരമായ ഒരത്താഴവിരുന്ന് ചക്രവർത്തി നൽകി. രാജ്ഞിക്ക് കൊടുത്ത എല്ലാ ആഹാരസാധനങ്ങളിലും ലേശം ഉപ്പ് കൂട്ടി ഇടാൻ ചക്രവർത്തി കല്‌പിച്ചിരുന്നു. രുചിയേറിയ ആഹാരസാധനങ്ങൾ രാജ്ഞി സന്തോഷത്തോടെ കഴിച്ചു.
രാത്രിയിൽ ഉറങ്ങാൻ കിടന്ന ഷീബ രാജ്ഞി പലതവണ ദാഹം കൊണ്ട് എഴുന്നേറ്റു. സമർത്ഥനായ സോളമൻ രാജാവ് മേശയിൽ ഒരുജാർ നിറയെ വെള്ളവും ഗ്ലാസ്സും വച്ചിരുന്നു. രാജ്ഞിയും സമർത്ഥയായിരുന്നല്ലോ. അവർ ആ വെള്ളത്തിൽ അത്യാഗ്രഹത്തോടെ നോക്കുകയല്ലാതെ കുടിക്കുവാൻ മുതിർന്നില്ല. എന്തെന്നാൽ കൊട്ടാരത്തിൽ നിന്നും ഒന്നും എടുക്കാനോ ഉപയോഗിക്കുവാനോ രാജ്ഞിയ്‌ക്ക് സോളമന്റെ സമ്മതം വേണ്ടിയിരുന്നല്ലോ.
ഒടുവിൽ ദാഹം സഹിക്കാൻ പറ്റാതായപ്പോൾ ഷീബാരാജ്ഞി ഗ്ലാസ്സിൽ വെള്ളമെടുത്തു കുടിച്ചു. കർട്ടൻ കൊണ്ടു മറച്ചിരുന്ന അടുത്ത ശയ്യയിൽ ഉറക്കമില്ലാതെയിരുന്ന സോളമൻ രാജാവ് രാജ്ഞിയുടെ കരംഗ്രഹിച്ച് ശാസിക്കുകയും, തെറ്റുമനസ്സിലാക്കിയ രാജ്ഞി അവസാനം സോളമന്റെ ഇംഗിതത്തിന് വശംവദയാവുകയും ചെയ്‌തു. ഈ പ്രേമസുരഭിലമായ ബന്ധത്തിൽ നിന്നും പിറന്ന രാജകുമാരനാണ് മെനലിക് 1 എന്ന് എത്യോപ്യയിലെ സേനന്റെ രാജവംശ സ്‌ഥാപകൻ.
(Solomonic dynasty) എത്യോപ്യൻ രാജവശവും, കലയും
ഈ വംശത്തിലെ എല്ലാ രാജക്കന്മാരും ഒരു രാജ്ഞിയും കലാതല്‌പരരായിരുന്നു. ആഡിസ് അബാബാ കൂടാതെ ഗോണ്ടാർ (Gondar) ആക്‌സം (AXUM) എന്നീ സ്‌ഥലങ്ങളിൽ ഇവർ നിർമ്മിച്ചിരിക്കുന്ന യുദ്ധസ്‌മാരകങ്ങൾ (OBELISKS) കാണേണ്ടതുതന്നെയാണ്. ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന കൈസൃതവ ദേവാലയങ്ങൾ ലോകമൊട്ടുക്ക് പ്രശസ്‌തിയാർജ്ജിച്ചവയാണ്. ഈ ഒറ്റക്കൽ പള്ളികൾ (Monolithic Churches) അവയുടെ നിർമ്മാണത്തിലുള്ള സവിശേഷതകൊണ്ട് ചരിത്രകാരൻമാരുടെ നിരന്തരശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്.
ഈ കാലഘട്ടത്തിലെ പ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായിരുന്നു തെയ്‌ത്തു രാജ്ഞി(Empress Taitu). ആ രാജ്ഞിയുടെ കാലത്ത് നിർമ്മിക്കപ്പെട്ട പല പള്ളികളും വളരെ പ്രിസദ്ധങ്ങളാണ്. ബഹർഡാർ തടിനി (Bahrdar Lake) ബഹർദാർലേക്ക്.
സുന്ദരമായ ഈ തടിനിയിലെ വെള്ള സ്‌പടിക സമാനമാണ്. സമുദ്രം പോലെ വിശാലമായികിടക്കുന്ന Bahardar lake ൽ (അഥവാ ബഹർദാർ തടാകം) ബോട്ടുയാത്ര വളരെ ഹൃദ്യമായ അനുഭവംതരുന്ന ഒന്നാണ്. ലേക്കിന്റെ അക്കരയെത്തികഴിയുമ്പോൾ വളരെ പുരാതനമായ ഒരു പള്ളികാണുവാൻ പറ്റും. ഇലച്ചാറുകളും മറ്റുമുപയോഗിച്ചു വരച്ചിട്ടുള്ള അനവധി ചുവർ ചിത്രങ്ങൾ ഈ പള്ളിയുടെ അകത്തുണ്ട്. അടുത്തുള്ള ടൗൺ ബഹർദാർ എന്നറിയപ്പെടുന്ന കൊച്ചുപട്ടണമാണ്. ഇവിടെയുള്ള പോളീടെക്‌നിക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് (Polytechnic Institute) വളരെ പ്രശസ്‌തമാണ്. 1970 കളിൽ വളരെയധികം ഇന്ത്യൻ അദ്ധ്യാപകർ ഇവിടെ ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന ഈ സ്‌ഥാപനത്തിന്റെ ഡയറക്‌ടർ മുലാത്തേസലേഷി എന്ന സമർത്ഥനായ എത്യോപ്യൻ വിദ്യാഭ്യാസ വിദഗ്ദനായിരുന്നു. ഇന്ത്യൻ അദ്ധ്യാപകരെ അദ്ദേഹത്തിന് വളരെ താല്‌പര്യമായിരുന്നു. അന്നവിടെ അദ്ധ്യാപകരായിരുന്നു അന്തരിച്ച സി.കെ. ആന്റണി, രാജശേഖരപിളള എന്നിവർ വിദ്യാർത്ഥികളുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റിയ മലയാളി അദ്ധ്യാപകരായിരുന്നു.
ബഹർദാർ വെള്ളച്ചാട്ടം (Bahr Dar Falls)
പ്രസിദ്ധമായ ഈ വെള്ളച്ചാട്ടത്തിന് ഏകദേശം അരകിലോ മീറ്റർ മുമ്പുതന്നെ ജലകണികകൾ വൃക്ഷത്തലപ്പുകളിൽ കൂടി താഴേയ്‌ക്ക് പതിച്ചുകൊണ്ടിരുന്നു. മഞ്ഞുകണികകൾ പോലെ താഴോട്ടു പതിക്കുന്ന ഈ ജലധൂളികളിൽ സൂര്യരശ്‌മിതട്ടി വരുന്ന കാഴ്‌ച കാണേണ്ടതുതന്നെയാണ്. ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ ഈ വെള്ളച്ചാട്ടം വനത്തിന്റെ മദ്ധ്യത്തിലായതുകൊണ്ട് ഇതിന്റെ സമീപത്തേക്കുള്ള നമ്മുടെ യാത്ര വളരെദുഷ്‌ക്കരമാണ്.
പക്ഷേ ഈ കാഴ്‌ചകാണുവാൻ ഞങ്ങൾ തീരുമാനമെടുത്തിരുന്നു. അമ്പലപ്പുഴക്കാരൻ ജോസഫ് കടമ്പും കരി, കോട്ടയം സ്വദേശി അന്തരിച്ച ഇ.സി. വർഗീസ് എന്നിവർ ചേർന്നാണ് ഞങ്ങൾ എത്യോപ്യായുടെ ഈ ഭാഗം സന്ദർശിച്ചത്. ബഹർദാർ പട്ടണവും താടകവും സുന്ദരവും എന്നാൽ അതേസമയം ഭീതിദവുമായ വെള്ളച്ചാട്ടവും (Bahrdar falls) ദീപ്‌തമായ ഓർമ്മകൾ നൽകുന്നു. ഇത്രമാത്രം ശുദ്ധമായ കാലാവസ്‌ഥയും പ്രകൃതിലാവണ്യവും ഒത്തുചേർന്ന വളരെയേറെ സ്‌ഥലങ്ങളൊന്നും ഈ ഭൂലോകത്തിലുണ്ടാവില്ല. മനുഷ്യൻ തള്ളുന്ന മാലിന്യങ്ങളോ പരിസ്‌ഥിതിയെ തകരാറിലാക്കുന്ന വമ്പൻ ഫാക്‌ടറികളോ ഒന്നും അവിടെയില്ല. ശാലീനമായ പ്രകൃതി, പൂക്കളുടെ സുഗന്ധം തങ്ങിനിൽക്കുന്ന പരിശുദ്ധമായ അന്തരീക്ഷം ഇവ ബഹർദാർ പട്ടണത്തെ ചേതോഹരമാക്കുന്നു.
നിശാക്ലബ്ബുകൾ
Gondar, Bahr dar ഇവ ചെറുപട്ടണങ്ങളെങ്കിലും നൂറുകണക്കിന് Night club കൾ പാതിരാത്രിവരെ തുറന്നിരിക്കും. ”സന്തോഷിക്കാൻ“ വരുന്ന യുവാക്കളുടെ ഒരു വലിയ നിരതന്നെ നമുക്കവിടെ ദർശിക്കാൻ സാധിക്കും. എല്ലാ ക്ലബ്ബുകളിലും അനവധി എത്യോപ്യൻ സുന്ദരികളെ കാണുവാൻ കഴിഞ്ഞു.
ഇവിടെയും ജനങ്ങൾ നല്ലവരും, സൽക്കാരപ്രിയരുമാണ്. അവിടെ അന്നുണ്ടായിരുന്ന രണ്ട് സിനിമാശാലകളിൽ ദിനംപ്രതി ഹിന്ദിചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നത്. രാജ്‌കപ്പൂർ, ദിലീപ്‌കുമാർ, നർഗീസ് തുടങ്ങിയവരായിരുന്നു ആ നാട്ടുകാരുടെ ഇഷ്‌ടതാരങ്ങൾ.
Generated from archived content: ormakalude13.html Author: thomasmathew_parakkal
Click this button or press Ctrl+G to toggle between Malayalam and English