എന്റെ സിന്ദൂരച്ചെപ്പ്‌

ഡെസ്സി പട്ടണം കഴിഞ്ഞാൽ വടക്കൻ എത്യോപ്യയിലുള്ള അടുത്ത നഗരം മക്കലെ ആണ്‌. കിഴുക്കാംത്തൂക്കായ താഴ്‌വരകളിൽക്കൂടിയുള്ള യാത്ര സത്യത്തിൽ ഭീതിദമാണ്‌. പർവ്വതനിരകളിൽ കൂടി യാത്രപോകുമ്പോൾ നമ്മുടെ വാഹനത്തിൽ നിന്നു താഴോട്ടുനോക്കിയാൽ യഥാർത്ഥത്തിൽ നമ്മൾ നടുങ്ങിപ്പോകും. അത്രമാത്രം താഴ്‌ചയുള്ള അടിത്തട്ടുകളും മറുവശം ഉയരത്തിലുള്ള പർവ്വതശിഖരങ്ങളും.

യാത്ര

ഡെസിയിൽ നിന്നും മക്കലെ വരെയുള്ള മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ നമ്മിൽ കൗതുകം ജനിപ്പിക്കുക തന്നെ ചെയ്യും. ഇത്രമാത്രം ഇടതൂർന്നപച്ചപ്പ്‌ കേരളത്തിൽ മാത്രമേ നമുക്കു കാണാൻ സാധിക്കുകയുള്ളൂ. വെറുതെയല്ലല്ലോ എത്യോപ്യയെ ആഫ്രിക്കയിലെ സ്വിറ്റ്‌സർലാണ്ട്‌(Switzerland of Africa) എന്നുവിളിക്കുന്നത്‌.

മക്കലെ(Makelle)

എത്യോപ്യയിൽ സംസാരിക്കപ്പെടുന്ന പ്രധാനപ്പെട്ട രണ്ട്‌ ഭാഷകളാണ്‌ തെക്കൻ എത്യോപ്യായിലെ അമാറിഞ്ഞയും (Amaharic) വടക്കൻ സംസ്‌ഥാനങ്ങളിലെ തിഗ്രീഞ്ഞയും(Tigreeninja) ജനങ്ങൾ തമ്മിൽ രൂപ സാദൃശ്യമുണ്ടെങ്കിലും വിവിധ വർഗ്ഗങ്ങളിൽപെട്ടവരായതിനാൽ വിദ്വേഷമെന്ന വികാരമാണ്‌ കൂടുതലായുള്ളത്‌. ഈ വൈരാഗ്യമാണ്‌ 1971-72 കളിൽ നടന്ന ആഭ്യന്തരകലഹങ്ങളിലേക്ക്‌ രാജ്യത്തെ വലിച്ചിഴച്ചതും ഭീകരമായ മനുഷ്യക്കുരുതികൾക്ക്‌ കാരണമായതും. വടക്കൻപ്രവിശ്യകളുടെ തലസ്‌ഥാനമാണ്‌ മനോഹരമായ അസ്‌മാറാ (Asmara) പട്ടണം ഇറ്റലിക്കാർ നിർമ്മിച്ച ചേതോഹരമായ ഈ നഗരം 1940 കളിൽ നിർമ്മിക്കപ്പെട്ടതാണ്‌. വൃത്തിയുള്ള ഈ നഗരമാണ്‌ ഇപ്പോഴും എത്യോപ്യയുടെ ഏറ്റവും മനോഹരനഗരം. വൃത്തിയുള്ള വിശാലമായ രാജവീഥികൾ, രണ്ടുവശവും വച്ചുപിടിപ്പിച്ചിട്ടുള്ള അറേബ്യൻ ഈന്തപ്പനകൾ, 40 കളിൽ നിർമ്മിക്കപ്പെട്ട പോസ്‌റ്റാഫീസ്‌, സർക്കാർ മണിമന്ദിരങ്ങൾ, ഇറ്റാലിയൻ, നാമങ്ങൾ പേറുന്ന ആകർഷകമായ ബാറുകൾ, ഹോട്ടലുകൾ തുടങ്ങി അനവധി കാഴ്‌ചകൾ അസ്‌മാറയെ ആകർഷകമാക്കുന്നു.

നഗരമദ്ധ്യത്തിലുള്ള അതിമനോഹരമായ ക്രിസ്‌ത്യൻ ദേവാലയം ഇറ്റാലിയൻ മിഷണറിമാരാൽ സംരക്ഷിക്കപ്പെടുന്നു. അത്യന്തം അപകടാവസ്‌ഥകളിൽ പള്ളിയിൽ നിന്നുള്ള ഭീമമായ മണിനാദം ആളുകൾക്ക്‌ മുന്നറിയിപ്പ്‌ നൽകാറുണ്ട്‌.

ഞങ്ങൾ അവിടെ ഏകദേശം 3 കൊല്ലം ജീവിച്ചു. അത്യന്തം വിനയമുള്ള മനുഷ്യർ, നമുക്ക്‌ സന്തോഷപ്രദമായ കാര്യങ്ങൾ മാത്രമേ നല്ലവരായ ഇവർ സംസാരിക്കാറുള്ളൂ.

ഹോട്ടലുകൾ, ബാറുകൾ

തലസ്‌ഥാനമായ ആഡിസ്‌ അബാബയിൽ നിന്നും 2000 മൈൽ അകലത്തിലുള്ള അസ്‌മാറായിലെ സംസ്‌ക്കാരവും ഒട്ടും തന്നെ വ്യത്യസ്‌തമല്ല. മദ്യപാനം ജീവിതത്തിന്റെ ഒരവിഭാജ്യഘടകം തന്നെയാണിവർക്ക്‌. 24 മണിക്കൂറും മദ്യപിക്കുന്ന ഈ നാട്ടുകാർ രാത്രി സമയം പകുതിയും ബാറുകളിൽ ആടിയും, പാടിയും ഉല്ലസിക്കുന്നു. ഭാവിയെപറ്റി വലിയ സ്വപ്‌നങ്ങളൊന്നും തന്നെ ഇല്ലാത്ത എത്യോപ്യക്കാർ ആനന്ദം തേടിനടക്കുന്ന, ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടുന്ന ഒരു കൂട്ടം ജനങ്ങളാണ്‌.

അസ്‌മാറായുടെ ഭൂപ്രകൃതിയും അതീവമനോഹരം തന്നെ. ഏകദേശം 6000 അടിയിൽ നിലക്കുന്ന സ്‌ഥലങ്ങളാണധികവും. അതീവശൈത്യമില്ലാത്ത നല്ല തെളിഞ്ഞ കാലാവസ്‌ഥയാണ്‌.

വിദ്യാസങ്കേതങ്ങൾ

ഹെയിലിസലാസി ഹൈസ്‌ക്കൂൾ, പ്രിൻസ്‌ മക്കോണൻ ഹൈസ്‌കൂൾ ഇവ നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകളാണ്‌. കൂടാതെ ഇറ്റലിക്കാരുടെ ഒരു യൂണിവേഴ്‌സിറ്റി Santa Maria വിദ്യാഭ്യാസരംഗത്ത്‌ സേവനം ചെയ്യുന്നു. എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഇന്ത്യക്കാർ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌.

1971-72 വിപ്ലവം

ഈ വിപ്ലവം തുടങ്ങുന്നത്‌ അസ്‌മാറാനഗരത്തിലായിരുന്നു. ഇറിട്രിയൻ ലിബറേഷൻ ഫ്രണ്ട്‌ എന്ന ഭീകരസംഘടനയായിരുന്നു ഇതിന്റെ പിന്നിൽ. എത്യോപ്യായിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുക എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ഇറിട്രിയ എന്ന സംസ്‌ഥാനത്തിന്റെ തലസ്‌ഥാനമായ അസ്‌മാറായിലാണ്‌ വിപ്ലവം ആരംഭിച്ചത്‌. അവരുടെ സ്വാതന്ത്ര്യദാഹം ഉദാത്തമായിരുന്നു. ഈ സംഘടനയ്‌ക്ക്‌ എല്ലാ വിധത്തിലുള്ള സഹായവും അയൽ രാഷ്‌ട്രമായ സുഡാൻ ചെയ്‌തു കൊടുത്തു. ആയുധങ്ങളും, ആധുനിക ബോംബുകളും സിറിയയും കൊടുത്തു. ഇറിട്രിയയിൽ ഭൂരിഭാഗം ജനങ്ങളും ഇസ്ലാം മതാനുയായികളായിരുന്നു. വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ ജനങ്ങളുടെ ഇടയിൽ മതം വിഷവിത്തുകൾ വിതറി. അനന്തരഫലം ഭീകരമായിരുന്നു.

സ്‌കൂളുകൾ അടഞ്ഞു. ആയിരക്കണക്കിന്‌ വിദ്യാർത്ഥികളും, ജനങ്ങളും കൊല്ലപ്പെട്ടു. റോഡുകൾ യുദ്ധക്കളമായിമാറി. ഈ കാലഘട്ടത്തിൽ ഏകദേശം ഒരു മാസം അവിടെ ജീവിക്കേണ്ട ഒരു ദുര്യോഗം ഈ ലേഖകനുണ്ടായി. പകലും രാത്രിയും ഭീതിയിലാണ്ടു ജീവിച്ചു. ഭീകരന്മാർ വൈദ്യുതി താറുമാറാക്കി. കുടിവെള്ളം തടസ്സപ്പെടുത്തി. പൈപ്പുകൾ നശിപ്പിച്ചു.

എംബസി ഇടപെട്ടു.

ഇംഗ്ലണ്ട്‌ തുടങ്ങി പലരാജ്യങ്ങളിൽ നിന്നുമുണ്ടായിരുന്ന ഉദ്യോഗസ്‌ഥരെ അവരുടെ എംബസികൾ സൗജന്യമായി എത്യോപ്യയുടെ തലസ്‌ഥാനമായ ആഡിസിലേക്ക്‌ വിമാനമാർഗ്ഗമെത്തിച്ചു.

ഇന്ത്യക്കാരുടെ നിസ്സഹായാവസ്‌ഥ

നമ്മുടെ എംബസി യാതൊരു ദയയുമില്ലാതെയാണ്‌ ഇന്ത്യൻ ജോലിക്കാരെ (ഭൂരിഭാഗവും അദ്ധ്യാപകർ) നേരിട്ടത്‌. എത്യോപ്യയിൽ നിന്നും കൊച്ചി (ഇന്ത്യ) വരെയുള്ള വിമാനക്കൂലികൊടുക്കുവാൻ ഞങ്ങളെ എംബസി നിർബന്ധിച്ചു. മറ്റൊരു പരിഷ്‌കൃതരാജ്യവും ചെയ്യാത്ത കടുംകൈ ആയിരുന്നു ഇത്‌. അവസാനം ഇന്ത്യൻ അദ്ധ്യാപകരെ തലസ്‌ഥാനത്തേയ്‌ക്ക്‌ രണ്ട്‌ ചെറിയ വിമാനങ്ങളിൽ കൊണ്ടുപോയി. അവിടെ അശരണരായി, അനാഥരായി 2 മാസം പല ഹോട്ടലുകളിലും ബന്ധുഗൃഹങ്ങളിലും (കൂട്ടുകാരുടെ) ആയി അഗതികളെപോലെ കഴിഞ്ഞുകൂടി. ഈ സമയത്തെല്ലാം ഞങ്ങളെ ഇന്ത്യൻ എംബസിയിൽ വിളിച്ചു പണം ചോദിച്ചുകൊണ്ടിരുന്നു. ഒരു ഇന്ത്യാക്കാരനായി ജനിച്ചതിൽ അഭിമാനംകൊണ്ടിരുന്ന എനിക്ക്‌ വളരെയധികം നിരാശതോന്നി.

പ്രവാസി ഇന്ത്യക്കാരോട്‌ നമ്മുടെ സർക്കാരിന്റെ നയം വഴിപിഴച്ചതായിരുന്നു, ആരംഭം മുതൽക്കേ ഞങ്ങൾ ഇന്ത്യക്കാർ വളരെയധികം കഷ്‌ടപ്പെട്ട നാളുകളായിരുന്നു. (1972-73).

സ്വന്തം കുടുംബവുമായി ആഡിസ്‌ അബാബയുടെ തെരുവീഥികളിൽ അലഞ്ഞ ഞങ്ങൾ ആദ്യമായി പ്രവാസികളുടെ ദുഃഖം അനുഭവിച്ചറിഞ്ഞു. ഇതുതന്നെയാണ്‌ പാവപ്പെട്ട ഗൾഫ്‌ജോലിക്കാരും ഇപ്പോൾ അനുഭവിക്കുന്നത്‌. ചോര നീരാക്കി ഗൾഫ്‌ രാജ്യങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ കഥയും ഇതിൽനിന്നും ഒട്ടും വ്യത്യസ്‌തമല്ല.

വിപ്ലവം പടരുന്നു

1972-74 കളിൽ വിപ്ലവത്തിന്റെ നാമ്പുകൾ എത്യോപ്യാമുഴുവനും വ്യാപിച്ചു. ആയിരക്കണക്കിന്‌ ജനങ്ങൾ കൊല്ലപ്പെട്ടു. വഴികളിൽ ശവശരീരങ്ങൾ കുന്നുകൂടി. ഇതിനിടയിൽ മിലിട്ടറി ഗവൺമെന്റ്‌ അധികാരത്തിൽ വന്നു. ഭീകരമായ ഒരന്തരീക്ഷത്തിൽ ഞങ്ങൾ മരിച്ച്‌ ജീവിച്ചു. ഭാഗ്യാതിരേകത്താൽ ഞങ്ങൾ കൊല്ലപ്പെടാതെ രക്ഷപ്പെട്ടു.

ഹെയിലി സലാസിയുടെ മരണം

ഒരു ചികിത്സയുടെ ഭാഗമായുള്ള ഓപ്പറേഷനിൽ ചക്രവർത്തികൊല്ലപ്പെട്ടു. ഇതിനുമുമ്പുതന്നെ ചക്രവർത്തി പക്ഷക്കാരെ മുഴുവനും വകവരുത്തിയിരുന്നതുകൊണ്ട്‌ പ്രതി വിപ്ലവം ഒന്നുമുണ്ടായില്ല.

കമ്മ്യൂണിസ്‌റ്റ്‌ മാതൃകയിൽ തുടക്കമിട്ട സർക്കാർ ഒരു തികഞ്ഞ പരാജയമായിരുന്നു. പട്ടിണി മാറ്റുന്നതിൽ നീണ്ട 5 കൊല്ലങ്ങൾക്കുശേഷവും ഗവൺമെന്റ്‌ പരാജയപ്പെട്ടു. ഇപ്പോഴും നിത്യദാരിദ്രത്തിൽ കഴിയുന്ന ഒരു നിർഭാഗ്യരാജ്യമാണ്‌ ഈ “ആഫ്രിക്കായിലെ സ്വിറ്റ്‌സർലാൻഡ്‌”!!

Generated from archived content: ormakalude11.html Author: thomasmathew_parakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here